അതീവ ജാഗ്രത പുലർത്തണം
കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ സർക്കാരിനോ പൊതുസമൂഹത്തിനോ സംശയവും ഇല്ല. കത്തോലിക്കാ വിശ്വാസികൾ ഇതിനു ഇരയാകുന്നതിനാൽ ഇതിൽ ജാഗ്രത പുലർത്തണം എന്ന് ഒരു കത്തോലിക്ക മെത്രാൻ വിശ്വാസികളോട് ആവിശ്യപെട്ടപ്പോൾ നടന്ന പൊതു പ്രതികരണം ഏറെ ഭയം ജനിപ്പിക്കുന്നതാണ്.
ജിഹാദികൾ യഥാർത്ഥ ഇസ്ലാം മത വിശ്വാസികൾ അല്ല എന്നും അവരെ തീവ്രവാദികളായി കണ്ടു മാറ്റി നിർത്തണം എന്നും ഇസ്ലാം വിശ്വാസം ജീവിക്കുന്ന നല്ലവരായ ഇസ്ലാം സഹോദരങ്ങൾ പറയാറുണ്ട്. ഏതു മതം ആണെങ്കിലും മതതീവ്രവാദം ആദ്യം നശിപ്പിക്കുന്നത് തങ്ങളുടെ മതത്തെ തന്നെയാണ്. കേരളത്തിൽ ഇസ്ലാം വിശ്വാസം ജീവിക്കുന്നവർ ആണ് ആദ്യം ജിഹാദി പ്രവർത്തനങ്ങൾക്ക് എതിരെ നിലകൊള്ളേണ്ടത്. മതം ശരിയായവിധം പഠിക്കാത്തതും പഠിപ്പിക്കാത്തതും ആണ് തീവ്രവാദ നിലപാടിലേക്ക് വിശ്വാസികൾ നീങ്ങുന്നതിന്റെ പ്രധാന കാരണം. അത് മതത്തിന്റെ ഉള്ളിലെ അപജയമാണ്.
കേരളത്തിലെ കത്തോലിക്ക സഭ മത സൗഹാർദ്ദം നിലനിർത്താൻ മുൻകൈയെടുക്കുകയും നിലപാടിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്ന സമൂഹമാണ്. ഒരിക്കലും സ്നേഹത്തിനു വിരുദ്ധമായ ഒരു സമീപനം സഭ എടുത്തിട്ടില്ല. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി സഭ അസ്വസ്ഥമാണ്. നിരന്തരമായി സഭാവിശ്വാസികൾ ജിഹാദി പ്രവർത്തനങ്ങൾക്ക് ഇരയാകുന്നു എന്ന് മനസിലാക്കി നിലനിൽപ്പിനു വേണ്ടി നടത്തുന്ന പ്രതികരണ ശബ്ദങ്ങൾ മാത്രമാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്ന് മുഴങ്ങി കേൾക്കുന്നത്. മത സൗഹാർദ്ദം നഷ്ടപെടുത്തണം എന്ന ഉദ്ദേശം സഭയ്ക്കില്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകൾ സഭ കൈക്കൊണ്ടില്ലെങ്കിൽ ഭാവിയിൽ നമ്മുടെ പൊതുസമൂഹം തന്നെ വലിയ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്നതിൽ സംശയം ഇല്ല.
കേരളത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജിഹാദി പ്രവർത്തനങ്ങളെ കത്തോലിക്ക സഭ ചൂണ്ടികാണിച്ചതിനു ശേഷവും ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഒറ്റകെട്ടായി അതിനെ നിരാകരിക്കുന്നതിൽ ദുരൂഹത ഉണ്ട്.
ഉത്തരവാദിത്വപ്പെട്ട ഒരു സഭയിലെ മേലദ്ധ്യക്ഷൻ പഠനങ്ങൾക്ക് ഒടുവിൽ ജാഗ്രത പുലർത്തണം എന്ന് പറഞ്ഞപ്പോൾ അതിനെ നിക്ഷ്പക്ഷമായി വിലയിരുത്താൻ പോലും കേരളത്തിലെ മാധ്യമങ്ങൾക്കു കഴിയുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും ആരെയോ ഭയപ്പെടുന്നു. സഭയ്ക്ക് ഉള്ളിൽ തന്നെ പലരും അസ്വസ്ഥരാകുന്നു. ഇതിനെല്ലാം ഒരു അർത്ഥമേ ഉള്ളു. ജിഹാദി പ്രവർത്തകർ സമസ്ത മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. ഇവർക്ക് ഇത്രെയും ശക്തിയുണ്ടെന്ന് തെളിയിക്കാൻ സഭ മേലധ്യക്ഷന്റെ പ്രസ്താവന മൂലം കഴിഞ്ഞു.
ജിഹാദി പ്രവർത്തനങ്ങൾക്ക് എതിരെ കത്തോലിക്ക സഭ എടുക്കുന്ന നിലപാടുകൾ ഇസ്ലാം മതത്തിനു എതിരെ എടുക്കുന്ന നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നവർക്കു ദുരുദ്ദേശം ഉണ്ട്. മത സ്പർദ്ധ വളർത്തി വസ്തുതകളിൽ നിന്ന് ശ്രദ്ധ മാറ്റുക എന്ന നയം അവർ സ്വീകരിക്കുന്നു.
മറ്റുള്ളവരെ സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും വ്യത്യസ്തതകൾ അംഗീകരിക്കാനും ശേഷിയുള്ള യഥാർത്ഥ മതപഠനങ്ങൾ നമ്മുടെ സമൂഹത്തിൽ സജീവമാകണം. സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.
ജോർജ് പനന്തോട്ടം