“മരിച്ചവരുടെ ഇടയിൽനിന്ന് തിരിച്ചുവരുകയും തൻ്റെ പ്രശാന്തമായ പ്രകാശം മനുഷ്യവംശം മുഴുവൻ്റെയുംമേൽ ചൊരിയുകയും ചെയ്ത നിൻ്റെ പുത്രനായ ക്രിസ്തു എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്നു, ആമേൻ” (Roman Missal, Easter Vigil, Exsultet)
ബൈസൻ്റയിൻ ലിറ്റർജിയിലെ Troparion of Easter-ൽ പറയുന്നു ”ക്രിസ്തു മരിച്ചവരിൽ നിന്നുയിർത്തു, തൻ്റെ മരണത്തിലൂടെ മരണത്തെ കീഴടക്കി, മരിച്ചവർക്ക് അവിടുന്ന് ജീവൻ നൽകി”*ക്രിസ്തുവിൻ്റെ പുനഃരുത്ഥാനം ഭൗതീകക്രമത്തിനു പുറത്തുള്ള ഒന്നായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യമല്ല, അതൊരു ചരിത്ര സംഭവമായി ആർക്കും അംഗീകരിക്കാതിരിക്കാനും കഴിയുകയില്ല. തങ്ങളുടെ ഗുരുവായ അവിടുന്ന് മുൻകൂട്ടി അറിയിച്ചിരുന്നതു പോലെ പീഡസഹിക്കുകയും കുരിശിൽ മരിക്കുകയും ചെയ്തപ്പോൾ ശിഷ്യന്മാരുടെ വിശ്വാസം കഠിനമായി പരീക്ഷിക്കപ്പെട്ടു. പീഡാസഹനം ഉളവാക്കിയ ഞെട്ടലിൽ ശിഷ്യന്മാരിൽ ചിലരെങ്കിലും പുനഃരുത്ഥാനത്തിൻ്റെ വാർത്തയേ പെട്ടെന്നു വിശ്വസിക്കാതിരിക്കത്തക്കവിധം അത് അത്ര വലുതായിരുന്നു.

അതീന്ദ്രിയ അനുഭൂതികളുടെ പിടിയിലമർന്ന ശിഷ്യസമൂഹത്തേയല്ല സുവിശേഷങ്ങൾ നമുക്ക് കാണിച്ചു തരുന്നത്. ശിഷ്യന്മാർ ധൈര്യം നഷ്ടപ്പെട്ടവരും സംഭീതരുമായിട്ടാണ് കാണപ്പെടുന്നത്. കബറിടത്തിൽ നിന്നു വന്ന ഭക്തസ്ത്രീകളേ അവർ വിശ്വസിച്ചില്ല. അവരുടെ വാക്കുകളേ വെറും കെട്ടുകഥയായി അവർ കരുതുകയും ചെയ്തു. ഉയിർപ്പുനാളിലേ സായാഹ്നത്തിൽ ഈശോ തന്നെത്തന്നെ പതിനൊന്നു പേർക്ക് വെളിപ്പെടുത്തുമ്പോൾ, തന്നെ കണ്ടവരേ അവിശ്വസിച്ച അവരുടെ വിശ്വാസരാഹിത്യത്തേ യേശു കുറ്റപ്പെടുത്തുന്നത് മർക്കോസ് 16:14 ൽ വായിക്കുന്നു.

ഉത്ഥിതനായ യേശു എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പോലും ശിഷ്യന്മാർ സംശയാലുക്കളായിരുന്നു. അത് അത്ര അസംഭാവ്യമായി അവർക്കു തോന്നി. സംശയത്തിൻ്റെ പരീക്ഷണം തോമായും പ്രകടിപ്പിക്കുന്നു. യേശു ഗലീലിയിൽ വച്ചു പ്രത്യക്ഷപ്പെട്ടപ്പോഴും ചിലർ സംശയിച്ചു എന്ന് മത്തായി സുവിശേഷത്തിൽ എഴുതി. അതിനാൽ പുനഃരുത്ഥാനം എന്നത് കണ്ണടച്ച് എന്തും വിശ്വസിക്കുന്ന അപ്പസ്തോലന്മാരുടെ സ്വഭാവത്തിൽ നിന്നും രൂപപ്പെട്ടതാണ് എന്ന വാദത്തിനു നിലനിൽപ്പില്ല.

നേരേ മറിച്ച് പുനഃരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസം, ദൈവകൃപയുടെ പ്രവർത്തനത്താൽ ഉത്ഥിതനായ യേശു എന്ന യാഥാർഥ്യതത്തെ നേരിട്ട് അനുഭവിച്ചതിലൂടെ ഉരുത്തിരിഞ്ഞതാണ്. **

“യേശുക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം”1 കൊറി 15:14
എല്ലാവർക്കം ഉയിർപ്പുതിരുനാൾ ആശംസകൾ!……

.* CCC 643, 644** CCC 638 മുതൽ 658 വരെ ഈശോ മശിഹായുടെ പുനഃരുത്ഥാനം എന്ന വിഷയമാണ് വിവരിക്കുന്നത്.
മാത്യൂ ചെമ്പുകണ്ടത്തിൽ