കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ അവർ ആൻഡ്രൂസ് പിതാവിൻ്റെ സത്യസന്ധമായ പ്രസ്താവനയെ കടിച്ചു പറിച്ചു.
മാർ ആൻഡ്രൂസ് താഴത്ത് വസ്തുനിഷ്ടമായി പറഞ്ഞ കാര്യം ഇതാണ്.
*18 വർഷമായി ഞാൻ തൃശ്ശൂർ രൂപതയുടെ മെത്രാനായിട്ട്,*18 വർഷത്തിനുള്ളിൽ രൂപതയിൽ 50,000 പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്. * 35 വയസു കഴിഞ്ഞിട്ടും 15,000-ഓളം പേർ അവിവാഹിതരായി നിൽക്കുന്നു. * മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടുന്നു* വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു.* പെൺകുട്ടികളടക്കമുള്ള യുവജനത സ്വതന്ത്ര ചിന്തകരായി നിരീശ്വര പ്രസ്ഥാനങ്ങളിലേക്ക് പോകുന്നു* ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ സഭയ്ക്ക് ലോകത്തെ രക്ഷിക്കാൻ കഴിയില്ല.
ഇത്രയും വിശദമായി മാർ ആൻഡ്രൂസ് താഴത്ത് സംസാരിച്ചിട്ടും കേരളത്തിലെ മാധ്യമരംഗത്തെ കഴുതപ്പുലികൾ കേട്ടത് ഒരു കാര്യം മാത്രം. “തൃശ്ശൂർ അതിരൂപതയിൽ നിന്നും 50,000 ഓളം പേർ നിരീശ്വരവാദികളായി മാറി” പറയണോ പൂരം! അന്തിച്ചർച്ച, മാധ്യമ വിചാരണ… !
കഴിഞ്ഞ 2,000 കൊല്ലമായി ഈ ഭൂമുഖത്ത് “ലോകത്തിൻ്റെ രക്ഷ” എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് സഭ നിലനിൽക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പൗരബോധം, മതേതരത്വം, വികസനം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയിൽ കാലാനുസൃതമായ മാറ്റവും പുരോഗതിയും കുടുംബങ്ങളിലൂടെയേ സാധ്യമാകൂ എന്ന ദൈവദത്തമായ പ്രത്യയശാസ്ത്രത്തിൻ്റെ വക്താവായിട്ടാണ് സഭ നിലകൊള്ളുന്നത്. ലോകത്തിലുള്ള എല്ലാ വികസിത രാജ്യങ്ങളും ഈ നിലയിൽ എത്തിയത് ക്രൈസ്തവ ബോധ്യത്തിൽ അടിയുറച്ച ശക്തമായ കുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്താണ്. ഇന്ന് ഈ രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധിയും കുടുംബങ്ങളുടെ തകർച്ചയുടെ ഫലമായി സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ്. അതിനാൽ കടുംബങ്ങളുടെ തകർച്ചയിൽ വേദനിക്കുന്ന ഒരു ഹൃദയം സഭയ്ക്കുണ്ട്; ഇതൊരു യാഥാർത്ഥ്യമാണ്. മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കായത് ഈ യാഥാർത്യമാണ്.
സ്വതന്ത്ര ചിന്തകർ എന്ന പേരിൽ യുവജനങ്ങൾ മത, ഈശ്വര വിശ്വാസം ഉപേക്ഷിക്കുന്ന പ്രവണത ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉണ്ട്. ദൈവത്തെ നിരസിക്കുവാനും നിഷേധിക്കുവാനും ശ്രമിക്കുന്ന നാസ്തികനെ പോലും അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന് വസ്തുത സഭ അംഗീകരിക്കുന്നു.
ക്രൈസ്തവ വിശ്വാസം എന്നത് മനുഷ്യവംശത്തിനു ലഭ്യമായ ഏറ്റവും വലിയ സ്വതന്ത്രചിന്തയാണ്. ഏറ്റവും സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തി എന്നാണ് “ക്രിസ്ത്യാനി” എന്ന വാക്കിൻ്റെ അർത്ഥം. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നവരോട് സഹതാപം മാത്രമേയുള്ളൂ. സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നതെല്ലാം ഒരു നവീന കാഴ്ചപ്പാടായി 21-ാം നൂറ്റാണ്ടിലാണ് കേരള സമൂഹത്തിൽ ചർച്ചയാകുന്നതെങ്കിൽ, AD -1-ാം നൂറ്റാണ്ടു മുതൽ ഇതാണ് ക്രൈസ്തവ വിശ്വാസം. അതിനാൽ ക്രൈസ്തവ സഭയേക്കാൾ ഉന്നതമായ സ്വന്തന്ത്രചിന്ത വച്ചു പുലർത്താൻ കഴിയുന്ന മറ്റൊരു വ്യവസ്ഥിതി ഉണ്ടെന്ന യുവ ജനതയുടെ ധാരണ ഭൂലോക വിഡ്ഡിത്തരമാണെന്ന് അവർ തിരിച്ചറിഞ്ഞുകൊള്ളും.
മത, ഈശ്വരവിശ്വാസം ഉപേക്ഷിക്കുന്ന വ്യക്തിയെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുന്ന പ്രാകൃത ഗോത്രബോധം ക്രൈസ്തവികതയിൽ ഇല്ല. അതിനാൽ ഇതൊരു സാമൂഹിക, ക്രമസമാധാന പ്രശ്നമായി സമൂഹത്തെ ബാധിക്കില്ല.
മനുഷ്യനിർമ്മിതമായ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ബന്ധനത്തിൽ നിന്നും ഭയത്തിൽ നിന്നും വിമോചിതരായി സ്വാതന്ത്ര്യബോധത്തിൻ്റെ പരകോടിയിൽ ഈ ഭൂമുഖത്ത് ജീവിക്കാനുള്ള എല്ലാ അവകാശവും ഏതൊരു മനുഷ്യനുണ്ട് എന്ന അടിയുറച്ച മനുഷ്യാവകാശബോധം ക്രൈസ്തവികതയുടെ മുഖമുദ്രയാണ്. അതിനാൽ ക്രൈസ്തവ വിശ്വാസം ലോകത്തിൽ ഏതൊരു രാജ്യത്തു വളർന്നാലും അത് മനുഷ്യാവകാശങ്ങൾക്കോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു വിധത്തിലും ഭീഷണിയല്ല. ലോകത്തെ മുഴുവൻ ഒരു ആഗോള ക്രൈസ്തവ സാമ്രാജ്യത്തിൻ കീഴിൽ കൊണ്ടുവന്ന് ഒരു ആഗോള ഭരണക്രമം ഉണ്ടാക്കുക എന്ന ഹിഡൻ അജണ്ട ക്രിസ്ത്യൻ ആത്മീയതയിലോ തത്വചിന്തയിലോ ഇല്ല. നീതിയുടെയും സത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വക്താവായി “ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവും” മനുഷ്യവംശത്തോടൊത്ത് എക്കാലത്തും നിലകൊള്ളുക എന്നതാണ് സഭയുടെ വിളിയും ദൗത്യവും.
ലോകത്തില്‍ ഏതൊരു രാജ്യത്തും അവിടുത്തെ സര്‍ക്കാരും ഭരണാധികാരികളും ദൈവത്താല്‍ നിയോഗിതരാണ് എന്ന അടിസ്ഥാന വിശ്വാസമാണ് ക്രൈസ്തവസഭ ഉയർത്തിപ്പിടിക്കുന്നത്. ലോകചരിത്രത്തില്‍ ഏറെ ക്രൂരമായ രീതിയില്‍ ക്രൈസ്തവരോട് പെരുമാറിയിട്ടുള്ള നീറോ ക്ലോഡിയസ് ചക്രവർത്തി റോമില്‍ ഭരണാധികാരിയായിരിക്കുമ്പോൾ സെൻ്റ് പോൾ എഴുതി “ഭരണാധികാരിയെയും രാഷ്ട്രത്തെയും ധിക്കരിക്കുന്നവന് ദൈവിക വ്യവസ്ഥിതിയോടാണ് മത്സരിക്കുന്നത്.” ഈ തത്വമായിരുന്നു എക്കാലത്തും രാഷ്ട്രത്തോടും രാഷ്ട്രീയത്തോടുമുള്ള ബന്ധത്തിൽ ക്രൈസ്തവ സമൂഹം പിൻപറ്റിയത്.
കോണ്സ്റ്റന്റൈന് ഒന്നാമന്റെ ഉപദേശകനായിരുന്ന ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് ലാക്റ്റാന്റിയസ് (എഡി 250-325) മുതൽ ചരിത്രത്തിൽ അറിയപ്പെടുന്ന പ്രമുഖ ക്രൈസ്തവ നേതാക്കന്മാരെല്ലാം ഈ ബോധ്യത്തോടെ പ്രവര്‍ത്തിച്ചവരായിരുന്നു. റോമൻ രാജകുടുംബാംഗങ്ങളെ ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് പരിശീലിപ്പിക്കുവാനായി ലാക്റ്റാന്റിയസിന് അവസരം ലഭിച്ചപ്പോള്‍ “എങ്ങനെ ജനങ്ങളെ ഭരിക്കണം” എന്നല്ല അദ്ദേഹം പഠിപ്പിച്ചത്, എപ്രകാരം ദൈവത്തോടും സഹജീവികളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റി രാജ്യധര്‍മ്മത്തില്‍ പങ്കാളികളാകാം എന്നായിരുന്നു അദ്ദേഹം അവരെ ഉത്ബോധിപ്പിച്ചത്. രാജ്യഭരണത്തിൻ്റെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചിട്ടും ക്രൈസ്തവ സമൂഹം പ്രബലശക്തി ആയിത്തീർന്നിട്ടും അവരെ സംഘടിപ്പിച്ച് സ്റ്റേറ്റിനെതിരേ പടനയിച്ച് വ്യവസ്ഥിതികളെ തകിടംമറിച്ച് അധികാരം കൈക്കലാക്കി “ക്രൈസ്തവരാജ്യം സ്ഥാപിക്കുക” എന്ന ലക്ഷ്യത്തോടെ ഒരുകാലത്തും ക്രൈസ്തവ സഭകള്‍ പ്രവർത്തിയിരുന്നില്ല.
ക്രൈസ്തവസഭ വളരുമ്പോൾ ലോകത്തിന് കൂടുതൽ പ്രകാശം ലഭിക്കും; ഭൂമി കൂടുതൽ ജനവാസ യോഗ്യമായിരിക്കും. സഭയുടെ തളർച്ച ശുഭലക്ഷണമായി ആരും കരുതുന്നില്ല, ഈ യാഥാർത്ഥ്യം അതിൻ്റെ പരിപൂർണ്ണതയിൽ മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ 2000 കൊല്ലത്തെ ചരിത്രത്തിൽ നിന്ന് ക്രൈസ്തവ സഭയെ എടുത്തു മാറ്റി ലോക ചരിത്രത്തെ പരിശോധിച്ചു നോക്കുക, എന്നിട്ട് ഇവിടെ അവശേഷിക്കുന്നത് എന്തൊക്കെയെന്ന് വിലയിരുത്തുക. ആ വസ്തുതകളെ സത്യസന്നായി അവതരിപിക്കാൻ മാധ്യമങ്ങൾക്കും “സ്വതന്ത്ര ചിന്തകർക്കും” ധൈര്യമുണ്ടോ ? ആൻഡ്രൂസ് പിതാവിനെപ്പോലെ വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ആർജ്ജവമുണ്ടോ നിങ്ങൾക്ക് ?
മാത്യൂ ചെമ്പുകണ്ടത്തിൽ