മണ്ഡ്യ: 2022 ഏപ്രിൽ 3ന് ആരംഭിച്ച് 2023 ഈസ്റ്റർ ഞായറാഴ്ച വരെയുള്ള വർഷം മണ്ഡ്യ രൂപത, വിശപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഇടയലേഖനത്തിലൂടെ അറിയിച്ചു. വലിയൊരു നഗരവും ധാരാളം ഗ്രാമപ്രദേശങ്ങളും ഉൾക്കൊളളുന്ന മണ്ഡ്യ രൂപതയിൽ, വിശപ്പിന്റെ കരാളഹസ്തങ്ങൾ മനുഷ്യജീവിതങ്ങളെ കാർന്നുതിന്നുന്നു എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വർഷം ആചരിക്കുവാൻ ഉൾവെളിച്ചമേകിയത്.

ഏപ്രിൽ 3ന് ഞായറാഴ്ച മണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും ദിവ്യകാരുണ്യസെന്ററുകളിലും മിഷൻ സെന്ററുകളിലും വിശപ്പിന്റെ വർഷം വി. കുർബാനയോടനുബന്ധിച്ച് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഇടയലേഖനത്തിൽ മണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പിതാവ് അറിയിച്ചു. ചൊല്ലേണ്ട പ്രാർത്ഥനയും, ആലപിക്കേണ്ട ഗാനവും, ലോഗോ ഉൾക്കൊളളുന്ന ബാനറും രൂപതാകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും. വിശപ്പിന്റെ വർഷം രൂപതാ തലത്തിൽ ഔദ്യോഗികമായി ബാംഗ്ലൂരിലെ ഹുളിമാവ് സാന്തോം പള്ളിയിൽ വച്ച് വലിയ തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യപ്പെടും. യുവജനങ്ങളുടെ നേതൃത്വത്തിൽ ഈ മെഗാ കാൻഡിൽ ഏപ്രിൽ 10 മുതൽ ഓരോ ഇടവകകളിലേക്കും ആഘോഷമായി കൊണ്ടുപോകും. ഞായറാഴ്ചകളിലെ പ്രധാന വി. കുർബാന മധ്യേ ഈ മെഗാ കാൻഡിൽ പ്രദക്ഷിണമായി പള്ളിയിലേക്കു കൊണ്ടു വരികയും പ്രാർത്ഥനയോടെ ഒരാഴ്ചക്കാലം ആ പള്ളിയിൽ വച്ചതിനു ശേഷം അടുത്ത ഞായറാഴ്ച അടുത്ത പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു പോവുകയും ചെയ്യും.



ഈ വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത് ആചരിക്കേണ്ട രീതിയെക്കുറിച്ചും വികാരിയച്ചനും സമർപ്പിതസമൂഹത്തിലെ സുപ്പീരിയേഴ്സും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കേണ്ടതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് നല്കിയ ഇടയലേഖനത്തിൽ അറിയിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ സമൂഹത്തിന്റെ ചാലകശക്തി എന്നു പറയുന്നത്, വിശക്കുന്നവന് അന്നം വിളമ്പുവാനുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് സെബാസ്റ്റ്യൻ പിതാവ് ഇടയലേഖനത്തിൽ സൂചിപ്പിച്ചു. ഒരു വർഷം നീണ്ടുനില്ക്കുന്ന വിശപ്പിന്റെ വർഷത്തിൽ ക്രിയാത്മകമായ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ആവശ്യമായ നിർദേശങ്ങളും ചർച്ചചെയ്യേണ്ട മേഖലകളും ഇടയലേഖനത്തിലൂടെ പിതാവ് നിർദ്ദേശിച്ചിട്ടുണ്ട്.

https://www.facebook.com/watch/?v=332966072147418&ref=sharing
കടപ്പാട്
