പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പേരിനര്‍ഹയായ ഫ്രഞ്ച് കന്യാസ്ത്രീ കൊറോണ മഹാമാരിയെ തോല്‍പ്പിച്ചതിന് പിന്നാലെ തന്റെ 117-മത് ജന്മദിനമാഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 11-ന് 117 വയസ്സ് തികയുന്ന ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രിയാണ് പ്രായത്തെ മാത്രമല്ല കൊറോണ മഹാമാരിയെയും തോല്‍പ്പിച്ചു കൊണ്ട് ലോകത്തിനു അത്ഭുതമാകുന്നത്. 1904 ഫെബ്രുവരി 11-ന് ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രി, ജെറൊന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ (ജി.ആര്‍.ജി) വേള്‍ഡ് സൂപ്പര്‍സെന്റേറിയന്‍ റാങ്കിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്. ജനുവരി 2-ന് 118 തികഞ്ഞ ജപ്പാനിലെ കാനെ തനാകയാണ് ഒന്നാമത്.

ഇക്കഴിഞ്ഞ ജനുവരി 16ന് തെക്കന്‍ ഫ്രാന്‍സിലെ ടൂലോണിന് സമീപമുള്ള സെയിന്റെ-കാതറിന്‍ ലബോറെ ഹോമില്‍ വെച്ചായിരുന്നു സിസ്റ്റര്‍ ആന്‍ഡ്രിയ്ക്കു കൊറോണ പോസിറ്റീവ് ആയത്. രോഗബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ സിസ്റ്ററിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിന്നു. മരിക്കാന്‍ തനിക്ക് ഭയമില്ലാത്തതിനാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ താന്‍ പേടിച്ചിട്ടില്ല എന്നാണ്, കൊറോണയെ പേടിയുണ്ടോ എന്ന ചോദ്യത്തിനുത്തരമായി ഫ്രാന്‍സിലെ ബി.എഫ്.എം ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രി പറഞ്ഞത്.

സിസ്റ്റര്‍ ആന്‍ഡ്രിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന്‍ സെയിന്റെ-കാതറിന്‍ ലബോറെ ഹോമിന്റെ ഔദ്യോഗിക വക്താവായ ഡേവിഡ് ടാവെല്ല പറഞ്ഞു. കാഴ്ചശക്തിയില്ലെങ്കിലും വളരെയേറെ ആത്മീയത നിറഞ്ഞ വ്യക്തിയാണ് സിസ്റ്റര്‍ ആന്‍ഡ്രിയെന്നാണ് ടാവെല്ല പറയുന്നത്. വീല്‍ ചെയറില്‍ ആയിരിക്കുന്ന അവര്‍ വളരെ ശാന്തയാണെന്നും തന്റെ ജന്മദിനത്തിനായി കാത്തിരിക്കുകയാണെന്നും, കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവിനു വിപരീതമായി അന്തേവാസികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സിസ്റ്ററിന്റെ ജന്മദിനം ആഘോഷിക്കുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും പ്രായം കൂടിയ 20 പേരുടെ ജി.ആര്‍.ജിയുടെ പട്ടികയിലെ 20 പേരും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.