തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്, കെ.രാധാകൃഷ്ണന് എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പാക്കി. എം.ബി. രാജേഷ് പുതിയ സ്പീക്കറാകും. പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്, വി.ശിവന്‍കുട്ടി, ആര്.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന് എന്നിവരും മന്ത്രിമാരാകും.
മുന്‍മന്ത്രി കെ.കെ.ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.
പിബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ.ബേബി എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്.
മലപ്പുറത്ത് നിന്ന് നേരത്തെ പറഞ്ഞുകേട്ട പേര് പൊന്നാനിയില്‍ നിന്നുള്ള നന്ദകുമാറിന്റെ പേരായിരുന്നു. എന്നാല്‍ ഇപ്പോള്‍ താനൂരില്‍ നിന്നു വിജയിച്ച വി.അബ്ദുറഹിമാനാണ് മന്ത്രിയാകുക. അതേ സമയം കെ.ടി ജലീലിനെ ഇത്തവണ പരിഗണിച്ചിട്ടില്ല.
സി.പി.ഐ മന്ത്രിമാരുടെ പേരുകളും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രഖ്യാപിച്ചു. നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. ഇ. ചന്ദ്രശേഖരന് സി.പി.ഐയുടെ നിയമസഭാകക്ഷി നേതാവ്.
കെ.രാജന്, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആര് അനില്‍ എന്നിവരാണ് പുതിയ മന്ത്രിമാരെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഇവര്‍ക്കുള്ള വകുപ്പുകള്‍ സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.