പണിതുയര്‍ത്തുന്ന പുല്‍ക്കൂടുകളില്‍
ഉണ്ണികള്‍ക്കിടമുണ്ടോ?
ക്രിസ്തുമസ്! മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം. ഏശയ്യായുടെ പ്രവചനം പോലെ ‘ഇരുളിലും മരണനിഴലിലും നടന്നിരുന്നവര്‍ കണ്ട വെളിച്ചമാണ് ഈ ശിശു’ (9:2). ലോകം തിരുപ്പിറവിക്കുള്ള ഒരുക്കത്തിലാണ്. ആഡംബരത്തിന്റെയും നിര്‍മിതബുദ്ധിയുടെയും വരെ പുല്‍ക്കൂടുകള്‍ എല്ലായിടത്തും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, അതില്‍ പിറക്കാന്‍ ഉണ്ണികളുണ്ടോ എന്നത് മാനവരാശിയെയും സമൂഹത്തെയും സമുദായത്തെയും ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്. ആളൊഴിഞ്ഞ വീടുകളും സൗധങ്ങളും പെരുകുന്ന നമ്മുടെ നാടിന്റെ സ്ഥിതിയും പഠനവിധേയമാക്കേണ്ടതുണ്ട് ഈ ക്രിസ്തുമസ് സീസണില്‍.
ഒരുവശത്ത് സന്തോഷവും രക്ഷയും പ്രതീക്ഷയും നല്‍കുന്ന ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കപ്പെടുന്നു. മറുവശത്ത് സമൂഹത്തിന്റെതന്നെ ഭാവിയായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള താല്പര്യവും സമര്‍പ്പണവും നഷ്ടപ്പെടുന്നു. ഇന്നു നമ്മള്‍ നേരിടുന്ന ‘സന്താന പ്രതിസന്ധി’ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ കുട്ടികളുടെ ജനനവും അവരുടെ പ്രാധാന്യവും സമൂഹഭാവി രൂപപ്പെടുത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കും കണക്കിലെടുത്തേ മതിയാകൂ.
ഒരു രാജ്യത്തിന്റെ ജനസംഖ്യാനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു മനസ്സിലാക്കുന്നത് ആ രാജ്യത്തെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ഠഎഞ (പ്രത്യുല്‍പ്പാദന നിരക്ക്) കണക്കാക്കിയാണ്. സാമൂഹികശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ആണെങ്കില്‍ മാത്രമേ ആ രാജ്യത്തെ ജനസംഖ്യ അതേ നിരക്കില്‍ നില്‍ക്കുകയുള്ളൂ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആഗോള ജനസംഖ്യാവളര്‍ച്ചാ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്. തായ്‌വാന്‍ (1.1), സൗത്ത് കൊറിയ (1.12), സിംഗപ്പൂര്‍ (1.17 ), ഉക്രെയ്ന്‍ (1.22), ഹോങ്കോങ് (1.24), ഇറ്റലി (1.26), സ്‌പെയ്ന്‍ (1.3) എന്നീ രാജ്യങ്ങളിലെ ഫെര്‍ട്ടിലിറ്റി നിരക്കുകള്‍ ആശങ്കാജനകമാണ്. റോബോട്ടുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും പല രാജ്യങ്ങളും മാനവശേഷിക്കുറവിനാല്‍ ഇതിനോടകം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന യാഥാര്‍ഥ്യവും വിസ്മരിച്ചുകൂടാ.
കുടുംബാസൂത്രണത്തിനു മുന്‍കൈയെടുത്ത ചൈനപോലും മനുഷ്യശേഷിയുടെ (മാന്‍പവര്‍ ) പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ ‘ഒറ്റക്കുട്ടി നയം’ വിവേകപൂര്‍വം തിരുത്തിക്കഴിഞ്ഞു.
ഇന്ത്യയുടെ പ്രത്യുല്‍പ്പാദന നിരക്കിലെ അനുപാതവും വ്യത്യസ്തമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജനനിരക്ക് 20% കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 1971 ല്‍ 5.28 ആയിരുന്ന ഫെര്‍ട്ടിലിറ്റി നിരക്ക് 2020 ല്‍ 2.3 ആയി കുറഞ്ഞു. 2011-ല്‍ 60 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരുടെയും അനുപാതം 8.6 ആയിരുന്നെങ്കില്‍ 2050 ആകുമ്പോഴേക്കും അത് 19.4 ആയി ഉയരുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ പോയാല്‍ പ്രായമായവരെ വേണ്ടവിധം പരിചരിക്കാനുള്ള ആളുകള്‍ ഇല്ലാതാവുന്ന അവസ്ഥയും സംജാതമാകും. തൊഴില്‍ശേഷിയിലെ ഗണ്യമായ മാറ്റവും കണക്കിലെടുക്കേണ്ടതാണ്. അധ്വാനിക്കുന്നവരുടെ പ്രായത്തിലുള്ള ഇന്ത്യന്‍ ജനസംഖ്യ 2020 ല്‍ 62.5 ശതമാനം ആയിരുന്നത് 2050 ആകുന്നതോടെ 55.6 ശതമാനം ആയി കുറയുമെന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. 2050 ഓടെ ഇന്ത്യയിലെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 1.29 മാത്രമായിരിക്കുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് ജനസംഖ്യ കൂടിയെങ്കിലും ജനനനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.8 ആയിക്കഴിഞ്ഞു. 1992-1993 ല്‍ ഇത് 2.0 ആയിരുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേപ്രകാരം നമ്മുടെ യുവജനങ്ങള്‍ക്കിടയിലെ കുറയുന്ന വിവാഹനിരക്കും ആശങ്കാജനകമാണ്.
സാമൂഹികമാനദണ്ഡങ്ങളിലും മൂല്യശ്രേണിയിലും വന്നുകൊണ്ടിരിക്കുന്ന അതിവേഗമാറ്റങ്ങള്‍ നമ്മുടെ യുവജനങ്ങളിലും പ്രകടമാണ്. കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വിവാഹം വൈകുന്ന പ്രവണതയും നല്ല പ്രായത്തിലല്ലാത്ത ഗര്‍ഭധാരണങ്ങളും സമൂഹത്തിനു കാര്യമായ പ്രത്യാഘാതങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കണമെങ്കില്‍ സ്ത്രീ-പുരുഷ ജൈവസാധ്യതകളുടെ യോജിച്ച സമയത്തുതന്നെ അതുണ്ടാകണം. അല്ലെങ്കില്‍, അത് തലമുറകളുടെ പ്രതിരോധശക്തിക്കുറവിനും അതിജീവനശേഷിക്കുറവിനും കാരണമാകും.
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള വൈമനസ്യം, ദീര്‍ഘകാല പ്രതിബദ്ധതയോടുള്ള മരവിപ്പ്, സ്വയം പര്യാപ്തത, സാമ്പത്തിക കെട്ടുറപ്പ്, വ്യക്തിസ്വാതന്ത്ര്യം, വ്യക്തിവാദങ്ങള്‍,സോഷ്യല്‍ മീഡിയ അടിമത്തം പരമ്പരാഗത ലിംഗപരമായ കാഴ്ചപ്പാടില്‍ വന്നുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍, ധാര്‍മിക അടിത്തറയെക്കുറിച്ചുള്ള പൊളിച്ചെഴുതല്‍ പ്രവണതകള്‍, ആഡംബരഭ്രമം, മാനസികാരോഗ്യത്തകര്‍ച്ച, അടിപൊളി സംസ്‌കാരം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കേരളത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാതണുപ്പിനു (റലാീഴൃമുവശര ംശിലേൃ) കാരണമാകുന്നത്.
പ്രായമാകുന്ന ജനസംഖ്യ, കുറയുന്ന തൊഴില്‍ സാധ്യത, സാമൂഹ്യസുരക്ഷാസംവിധാനങ്ങളുടെ പാളിച്ചകള്‍ എന്നിവയും ജനസംഖ്യാപരമായ ഭാവിയുടെ പ്രത്യാഘാതങ്ങളാണ്. ജനസംഖ്യയിലുള്ള കുറവ് ഭാഷയ്ക്കും സംസ്‌കാരത്തിനും കാര്യമായ സ്വാധീനം ചെലുത്തുമെന്നതിന് ചരിത്രം സാക്ഷി. ജനസംഖ്യ താഴുന്നതിനനുസരിച്ച് ഭാഷ സംസാരിക്കുകയും കൈകാര്യം ചെയ്യുന്നവരുടെയും എണ്ണം ക്രമാതീതമായി കുറയും. ഭാഷകളുടെ വൈവിധ്യവും അതിന്റെ ജൈവസാധ്യതയും താരതമ്യേന താഴേക്കു പോകും. ആള്‍ബലമില്ലാതെ വരുമ്പോള്‍ സ്വാഭാവികമായി കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷകളിലേക്ക് ആളുകള്‍ മാറേണ്ടിവരും. അങ്ങനെ ഭാഷ ഇല്ലാതാവുകയോ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയോ ചെയ്‌തേക്കാം. ഭാഷകള്‍ അപ്രത്യക്ഷമാകുമ്പോള്‍ ഭാഷയോടു ബന്ധപ്പെട്ട സംസ്‌കാരവും പാരമ്പര്യവും അതിലൂടെ നഷ്ടമാകും. സാംസ്‌കാരികമായ സമ്പ്രദായങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കലാരൂപങ്ങളും വൈവിധ്യങ്ങളും നാട്ടാചാരങ്ങളും നാട്ടറിവുകളും അതിനെ സംരക്ഷിക്കുന്ന തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍ മറ്റു സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയും ക്രമേണ ഇല്ലാതാവും. അങ്ങനെ പല സമുദായങ്ങളും രാജ്യങ്ങളും ഭൂലോകത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായേക്കാം.
എല്ലാവരും ഒത്തുചേര്‍ന്നുകൊണ്ട് നേരിടേണ്ട ഒരു സാമൂഹിക പ്രതിസന്ധിയാണ് ജനസംഖ്യാനിരക്കിലെ കുറവ്. നയങ്ങളും സംരംഭങ്ങളും ബോധവത്ക്കരണവും ക്ഷേമപദ്ധതികളും സാമ്പത്തിക സഹായവും തൊഴില്‍ സാധ്യതകളും നല്‍കി, ഈ സങ്കീര്‍ണപ്രശ്‌നത്തെ മുന്നില്‍ കണ്ടുകൊണ്ട് കാലോചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സമൂഹത്തിനു കഴിയണം.
കുട്ടികള്‍ കൂടുതലുള്ള കുടുംബങ്ങള്‍ പങ്കുവയ്ക്കലിനും വിട്ടുവീഴ്ചാ മനോഭാവത്തിനും പാരസ്പര്യത്തിനും ഉത്തരവാദിത്വബോധത്തിനും വിളനിലങ്ങളാകും. അവിടെ സാമൂഹികപ്രതിബദ്ധതയും രാജ്യസ്‌നേഹവും സ്വാഭാവികമായി ഉണ്ടാകുകയും ചെയ്യും. കൂടുതല്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സാമുദായിക സംരംഭങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണ്. വിദ്യാഭ്യാസവും സാമ്പത്തികവും വൈദ്യസഹായവും തൊഴില്‍സാധ്യതയും നല്‍കിക്കൊണ്ട് ജീവനെ ബഹുമാനിക്കുകയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും കെട്ടുറപ്പായി മാറുമെന്നതില്‍ സംശയമില്ല.
‘ജനങ്ങളുടെ പ്രതീക്ഷയുടെ ആദ്യ സൂചിക ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ്. കുട്ടികളും യുവാക്കളും ഇല്ലെങ്കില്‍ രാജ്യത്തിന് അതിന്റെ ഭാവിയെക്കുറിച്ചുള്ള ആഗ്രഹം തന്നെയാണ് നഷ്ടപ്പെടുന്നത്’ (ഫ്രാന്‍സിസ് പാപ്പാ). പുതുതലമുറ ജനിക്കാത്തത് വംശത്തിന്റെയും സംസ്‌കാരത്തിന്റെയും മരണമണി തന്നെയാണെന്നു നാം തിരിച്ചറിയണം.
കരോള്‍ഗാനങ്ങള്‍ ആലപിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തുകൊണ്ട് നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസിന്റെ യഥാര്‍ഥ അര്‍ഥം മറക്കരുത്. കുടുംബത്തിന്റെയും അതില്‍ ജീവന്റെ സാധ്യതയുടെയും സംരക്ഷണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന ആഘോഷമായി അതിനെ മാറ്റണം. ലോകത്തിന്റെ ഭാവിയും പ്രത്യാശയുടെ തിരിനാളങ്ങളുമായ ഉണ്ണികള്‍ നമ്മുടെ ഹൃദയമാകുന്ന, കുടുംബമാകുന്ന, സമൂഹമാകുന്ന പുല്‍ത്തൊട്ടികളില്‍ പിറവി കൊള്ളട്ടെ. മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനുവേണ്ടി നമുക്കു പ്രതിജ്ഞാബദ്ധരാകാം.

ഫാ. ജോയി ചെഞ്ചേരില്‍
fr-joy-DEC-14