ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ: ചാന്ദാ മിഷനിലിലെ ഏതാനും സ്ക്കൂളുകളിലെ ടീച്ചർമാർക്ക് ഓറിയൻറേഷൻ പ്രോഗ്രാം കൊടുക്കാമോയെന്ന് ചോദിച്ച് കൊണ്ട് അവിടെയുള്ള അച്ചന്മാർ നേരിട്ട് വന്ന് ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പോയി. കൂടെ ജോസഫ് കുസുമാലയം അച്ചനും കൂടി. എന്താണ് ചാന്ദാ മിഷനെന്ന് അറിയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു മുഖ്യലക്ഷ്യം.


മഹാരാഷ്ട്രയിലെ വിദർഭാ മേഖലയിലെ നാലു വിശാലമായ ജില്ലകൾ ഉൾപ്പെടുന്നതാണ് ചാന്ദാ മിഷൻ. അതിലൊരു ജില്ല ആദിവാസി ജില്ലയാണ്. ഹിന്ദിയല്ല മറാത്തയാണ് ഭാഷ. പക്ഷെ ഹിന്ദി ചൽത്താ ഹെ. 1950 കളിൽ അവിടെയെത്തിയ നമ്മുടെ അച്ചന്മാരും സിസ്റ്റേഴ്സും അൽഭുതങ്ങളാണ് വിരചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, ആതുരാലയ, സാമൂഹ്യ സേവന മേഖലകളിലൂടെ അവിടുത്തെ ജനത്തെ, പ്രത്യേകിച്ച് ആദിവാസി, അധ:കൃത ജനതതിയെ സമുദ്ധരിക്കാൻ അവർ ചെയ്തിരിക്കുന്ന, ചെയ്ത് കൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

നാഗ്പൂരിലെ സി എം ഐ സ്കൂളിൽ കണ്ട ഏറ്റം നല്ലകാര്യം അവിടുത്തെ ഏറ്റം മിടുക്കിയായ, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്ന ചെറുപ്പക്കാരിയായ ടീച്ചറാണ് – ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിൽ നിന്നും ചാന്ദായിലേക്ക് മിഷനറിമാർ പറിച്ച് നട്ട കുടുംബത്തിൽ നിന്നുമൊരാൾ! ആദിവാസി സമൂഹത്തിൽ നിന്നും ഒരാൾ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നഅവസരത്തിൽ, ഇത്തരം ചെറിയ അത്ഭുതങ്ങളും ചേർത്ത് വയ്ക്കണം

ഭരണഘടനയുടെ പിതാവായ അംബേദ്കർ, തന്റെ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതത്തിലേക്ക് ചേർന്ന ദീക്ഷഭൂമിയാണ് നാഗ്പൂരെന്നത്, മനസ് നിറയ്ക്കുന്ന അറിവായിരുന്നു. ആശ്രമത്തിലെ അടുക്കളക്കാരി പെൺകുട്ടി ബുദ്ധമതസ്ഥയാണ്. അവളിപ്പോൾ എം എയ്ക്ക് പഠിച്ച് കൊണ്ടിരിക്കുന്നു. അച്ചന്മാർ തന്നെയാണ് പഠനസഹായം നൽകുന്നതും.

ഗാന്ധിജിയുടെ സേവാഗ്രാം ഒന്നര മണിക്കൂർ യാത്രയ്ക്കപ്പുറം വാർദ്ധയിലാണ്. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൻറെ കടിഞ്ഞാൺ അവിടായിരുന്നു, ഗാന്ധിചിന്തയുടെ പരീക്ഷണശാലയും. സേവാഗ്രാമിലെ ‘ബാപ്പുകുട്ടി’യിൽ (ബാപ്പുവിന്റെ കുടിൽ) ബ്രിട്ടീഷ് സർക്കാർ വച്ച് കൊടുത്ത ഒരു ഫോൺ ഇപ്പോഴുമുണ്ട്, വൈസ്രോയിക്ക് ബിപ്പുവിനെ വിളിക്കാനുള്ള ഹോട്ട്ലൈനാണത്!! വിനോബയുടെ ആശ്രമവും തൊട്ടടുത്ത്. ഭാരത-ഗാന്ധിയൻ ചിന്തകളുടെ സംഗമഭൂമികയായത് കൊണ്ടായിരിക്കണം സി എം ഐ സഭയുടെ തത്വശാസ്ത്ര പഠനകേന്ദ്രം വാർദ്ധയിലാണ്. അവിടുത്തെ റെക്ടറച്ചനും ശെമ്മാശന്മാരുമായും മറ്റച്ചന്മാരുമായും ചെറിയൊരു താത്വിക അവലോകനം തന്നെ നടത്തി. സഭയിലും സമൂഹത്തിലും പിടിമുറുക്കുന്ന മൗലികവാദങ്ങൾ ചർച്ചയായി.

ഏതാണ്ട് 250 കിലോമീറ്ററുകൾക്കപ്പുറമുള്ള ഗട്ചിരോളി ഒരു ആദിവാസി ജില്ലയാണ്. ഗട്ചിരോളി ഉൾപ്പെടെ ആ ജില്ലയിലെ മൂന്ന് സ്ക്കൂളുകളിലെ അദ്ധ്യാപകർ ഒരുമിച്ച് കൂടിയിരുന്നു. അവരുടെ സമർപ്പണ മനോഭാവവും, അവരെ നയിക്കുന്ന അച്ചന്മാരുടെയും സിസ്റ്റേഴ്സിൻറെയും ത്യാഗമനസ്ഥിതിയും നമ്മുടെ ഹൃദയം കവരും. അതിലൊരു ആരാധന മഠത്തിലെ സിസ്റ്റർ അവിടുത്ത്കാരി തന്നെയാണ് – മറാഠി. അവിടൊരു ഹോസ്റ്റലുമുണ്ട്, പെൺകുട്ടികൾക്ക് വേണ്ടി, പൂർണ്ണമായും സൗജന്യമായി. ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെയും, ആദിവാസി ഊരുകളിലെയും പെൺകുട്ടികളാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ.



ചന്ദ്രപ്പൂർ എന്ന ചാന്ദായിലെ സി എം ഐ സ്ക്കൂൾ ഒരുപക്ഷെ സഭയിലെ തന്നെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നായിരിക്കാം – 4000 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.

ചാന്ദായുടെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതിയായിരുന്നു തിരിച്ച് നാഗ്പൂർ അംബേദ്കർ എയർപോർട്ടിൽ നിന്നും വിമാനം കയറുമ്പോൾ. നന്ദി പറയാനുള്ളത് ജിൽസൻ അച്ചനും, ജിനേഷച്ചനും, ഐൻസ്റ്റിൻ അച്ചനും, ചാന്ദാമിഷനും; ആതിഥ്യത്തിനും, നിങ്ങൾ ചെയ്യുന്ന സവിശേഷ സേവനങ്ങൾക്കും. വിളഞ്ഞ് പാകമായി കിടക്കുന്ന വയലുകളിലേക്ക് വേലക്കാരെ കാത്ത് കിടക്കുന്ന ചാന്ദാ, കൂടുതൽ മിഷനറിമാരെ ആകർഷിക്കട്ടെയെന്ന് മാത്രം പ്രാർത്ഥന.
Jaison Mulerikkal

A Carmelite of Mary Immaculate.