“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ”
(അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്)
കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്. ഇത് വിചിത്രമായ ഒരു വാദമാണ് .
കാരണം,കത്തോലിക്കാ കൂട്ടായ്മ എന്നത് സ്വതന്ത്രമായതോ തന്നിഷ്ടം കാണിക്കാവുന്നതോ ആയ ഒരു സംവിധാനമല്ല. ഒരു സ്വയാധികാരസഭയിൽ അംഗമാകുന്നതിലൂടെയാണ് ഒരു വിശ്വാസി സാർവത്രിക കത്തോലിക്കാ കൂട്ടായ്മയിൽ പ്രവേശിക്കുന്നത് എന്നാണ് സഭ പഠിപ്പിക്കുന്നത്. അതായത്, സീറോ മലബാർ സഭ എന്ന സ്വയാധികാരസഭയിലൂടെയാണ് ഒരു വിശ്വാസി കത്തോലിക്കാ കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നത്.ഇപ്രകാരംസീറോ മലബാർ, ലത്തീൻ, സീറോ മലങ്കര എന്നീ സ്വയാധികാരസഭകളുൾപ്പെടെ കത്തോലിക്കാ കൂട്ടായ്മയിൽ പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 സ്വയാധികാര സഭകളിൽ ഏതെങ്കിലും ഒന്നിലൂടെയാണ് ഒരു വിശ്വാസി സാർവത്രിക കത്തോലിക്കാ കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നത്.1992 ൽ ഒരു സ്വയാധികാര സഭയായി പരിശുദ്ധ സിംഹാസനം സീറോ മലബാർ സഭയെ ഉയർത്തിയപ്പോൾ “സീറോ മലബാർ സഭയുടെ” ആസ്ഥാനം എന്ന പദവിയാണ് എറണാകുളം അതിരൂപതയ്ക്ക് ലഭിച്ചത്.
അതിനാൽ, സ്വന്തം മാതൃസഭയെ തള്ളിപ്പറഞ്ഞു കൊണ്ട് കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി കിനാവ് കാണുന്നവർ ഏതോ മൂഢസ്വർഗ്ഗത്തിലാണ് വസിക്കുന്നത്!
എ. ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അപ്പസ്തോലിക പിതാവായ അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ് കത്തോലിക്കാ കൂട്ടായ്മയുടെ അർത്ഥം തന്റെ കൃതികളിൽ വിശദീകരിക്കുന്നുണ്ട് . എ.ഡി ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ജീവിച്ചിരുന്ന ക്രൈസ്തവ സാഹിത്യകാരന്മാരെയാണ് അപ്പസ്തോലിക പിതാക്കന്മാർ എന്ന് വിളിക്കുന്നത്. വിശുദ്ധശ്ലീഹന്മാരുടെ പ്രബോധന രീതികളോട് അവരുടെ ഉപദേശങ്ങൾക്ക് വളരെ സാമ്യമുണ്ട്. അന്ത്യോഖ്യയിലെ മൂന്നാമത്തെ മെത്രാനായിരുന്നു വി. ഇഗ്നേഷ്യസ്.ട്രാജൻ ചക്രവർത്തിയുടെ മതമർദ്ദനകാലത്ത് (എ. ഡി 98-117) രക്തസാക്ഷിത്വം വരിച്ച വി. ഇഗ്നേഷ്യസ് സിറിയയിൽനിന്ന് റോമിലേക്കുള്ള യാത്രാമധ്യേ എഫേസോസ്, മഗ്നേഷ്യ, ത്രാള്ളിയ, ഫിലാഡെൽഫിയ, സ്മിർണ തുടങ്ങിയ സഭാ സമൂഹങ്ങൾക്കായി എഴുതിയ ഏഴു കത്തുകൾ വളരെ പ്രശസ്തമാണ്.ആ കത്തുകളിലൂടെ അക്കാലത്ത് നിലവിലിരുന്ന പാഷണ്ഡതകൾക്കെതിരെ യും തെറ്റായ പ്രബോധനങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി.സഭയെയും വിശുദ്ധ കുർബാനയേയും കുറിച്ചുള്ള ആധികാരികമായ പ്രബോധനങ്ങൾ തന്റെ കത്തുകളിലൂടെ അദ്ദേഹം നൽകി.
സഭയോടുള്ള കൂട്ടായ്മ നിലനിർത്തിക്കൊണ്ട് വിശ്വാസം സംരക്ഷിക്കാൻ തന്റെ കത്തുകളിലൂടെ വി. ഇഗ്നേഷ്യസ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ സഭയെ ആദ്യമായി “കത്തോലിക്കാ സഭ” എന്ന് വിളിച്ചത് വി.ഇഗ്നേഷ്യസ് ആണ്. അദ്ദേഹം ഇപ്രകാരം പറയുന്നു: “ഈശോമിശിഹാ ഉള്ളിടത്ത് കത്തോലിക്കാസഭയുണ്ട്. അതുപോലെ മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ”. മെത്രാൻമാർക്ക് സഭയിലുള്ള സ്ഥാനത്തെക്കുറിച്ച് വ്യക്തമായി അദ്ദേഹം പറയുന്നുണ്ട് :“മെത്രാൻ ദൈവത്തെ പ്രതിനിധീകരിക്കുന്നു. വൈദികർ ശ്ലീഹന്മാരെയും. ശെമ്മാശന്മാർ ക്രിസ്തുവിന്റെ ശുശ്രൂഷകരാണ്. മെത്രാന് ചുറ്റും ഒരു സമൂഹമായി അവർ ഒന്നിച്ചു കൂടുന്നു. ജനങ്ങളെ പഠിപ്പിക്കാനുള്ള ചുമതല മെത്രാനുള്ളതാണ്”.
ആരാധനയുടെ പ്രധാനാചാര്യനും ദൈവിക രഹസ്യങ്ങളുടെ കാര്യവിചാരകനും മെത്രാനാണെന്ന് വി.ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു. “മെത്രാന്റെ മേൽനോട്ടം കൂടാതെ സ്നാനമോ സ്നേഹ ഭോജനമോ അനുവദനീയമല്ല. മറിച്ച് അദ്ദേഹം അംഗീകരിക്കുന്നവയെല്ലാം ദൈവത്തിന് പ്രീതികരമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നതെന്തും സാധുവും സുരക്ഷിതവും ആയിരിക്കും. മെത്രാന്റെ അംഗീകാരം കൂടാതെ സഭയെ സംബന്ധിക്കുന്നതൊന്നും ആരും ചെയ്യരുത്. മെത്രാനാലോ അദ്ദേഹം നിയോഗിക്കുന്നവരാലോ അർപ്പിക്കപ്പെടുന്ന കുർബാന മാത്രം സാധുവായി കണക്കാക്കണം”.
“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” എന്ന വിശുദ്ധ ഇഗ്നേഷ്യസിന്‍റെ പ്രസ്താവന സമകാലിക സീറോ മലബാർ സഭയിൽ ദൈവശാസ്ത്രപരമായി ഏറെ പ്രസക്തിയുള്ളതാണ്. മെത്രാന്മാരുടെ സംഘമായ സീറോ മലബാർ സഭയുടെ സിനഡിനെ പരസ്യമായി തള്ളിപ്പറയുകയും സിനഡിന്റെ നിർദ്ദേശങ്ങളോട് മറുതലിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയും അതേസമയം കത്തോലിക്ക കൂട്ടായ്മയെപ്പറ്റി വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകതയാണ് ഇന്ന് പലയിടങ്ങളിലും കാണുന്നത്! ഇപ്രകാരം അനുസരണക്കേടിനെ അലങ്കാരമാക്കി മാതൃസഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്നവർ സഭയുടെ “വിശ്വാസ നിക്ഷേപത്തെ”(Deposit of Faith) നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു പാത്രം പായസത്തിന് വേണ്ടി കടിഞ്ഞൂലവകാശം വിൽക്കുന്നതിന് തുല്യമാണിത്!
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വ്യക്തമായി വിശ്വാസികളെ ഇപ്രകാരം പഠിപ്പിക്കുന്നു: “വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും ഉൾക്കൊള്ളുന്ന ‘വിശ്വാസ നിക്ഷേപത്തെ’ അപ്പസ്തോലന്മാർ സമസ്ത സഭയെയും ആണ് ഭരമേൽപ്പിച്ചിരിക്കുന്നത്. ഈ ‘വിശ്വാസ നിക്ഷേപം’ മുറുകെപ്പിടിച്ചുകൊണ്ട് വിശുദ്ധ ജനം മുഴുവനും തങ്ങളുടെ ഇടയന്മാരോട് ചേർന്ന് അപ്പസ്തോലികപ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും പ്രാർത്ഥനകളിലും സദാ വിശ്വസ്തരായി വർത്തിക്കുന്നു. അങ്ങനെ കൈമാറപ്പെട്ട വിശ്വാസത്തിന്റെ പാലനത്തിലും പരിശീലനത്തിലും പ്രഘോഷണത്തിലും മെത്രാൻമാർക്കും വിശ്വാസികൾക്കുമിടയിൽ നിർണായകമായ ഒരു യോജിപ്പ് സംജാതമാകണം”. ഇന്ന് പലതരത്തിലുള്ള വ്യാജപ്രവാചകന്മാരും അബദ്ധപ്രബോധനങ്ങളും ചുറ്റും പെരുകുമ്പോൾ “തെറ്റിനും അബദ്ധത്തിനും അതീതരായിരിക്കാൻ എളുപ്പമാർഗം മെത്രാനുമായി ചേർന്നിരിക്കുകയാണ്” എന്ന വി. ഇഗ്നേഷ്യസിന്റെ വാക്കുകൾ ഓരോ വിശ്വാസിക്കും മാർഗദീപമായിരിക്കട്ടെ .
ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.