യുവതിയെ അപമാനിച്ചത് മനോരമ ന്യൂസിൻ്റെ തൽസമയ പരാതി പരിഹാര പരിപാടിക്കിടെ ! ഭർത്താവ് ഉപദ്രവിക്കുന്നുവെന്നു പരാതി പറഞ്ഞ യുവതിയോട് രോഷം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. വനിതാ കമ്മീഷനിൽ വേണേൽ പരാതി നൽകിക്കോയെന്നും കമ്മീഷൻ അധ്യക്ഷ ! ജോസഫൈനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

കൊച്ചി: ഭർതൃപീഡനത്തെ പറ്റി പരാതി പറഞ്ഞ യുവതിയെ അധിക്ഷേപിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടയാളെ വനിതാ കമ്മീഷൻ അപമാനിച്ചതാണ് വിവാദമാകുന്നത്. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റമുണ്ടായത്.

ഇന്നലെയായിരുന്നു സംഭവം. തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്. ഫോൺ വന്നതുമുതൽ ഇവരുടെ അസ്വസ്ഥത ദൃശ്യമാണ്.

2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്നായി ജോഫൈൻ്റെ ചോദ്യം.

എന്നാൽ ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എംസി ജോസഫൈൻ പ്രതികരിച്ചത്. ഏറെ നിസഹായതോടെ വിളിച്ച ഒരു യുവതിയോടായിരുന്നു ജോസഫൈൻ്റെ ഈ നിലപാട്.

തുടർന്ന് കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് ജോസഫൈന്‍ യുവതിയെ ഉപദേശിച്ചു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആ യുവതി വിളിച്ച സാഹചര്യമൊ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ മനസിലാക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെതെന്നാണ് വിമർശനം.