മത്സരങ്ങളുടെ ലോകത്തെ ചിന്തിപ്പിക്കുന്ന മാർ ജേക്കബ് മുരിക്കൻ

ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാവും പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനമൊഴിഞ്ഞ മുരിക്കൻ പിതാവിനെക്കുറിച്ചും വരും തലമുറ കരുതുകയെന്ന് ഇപ്പോൾ തന്നെ പറയാനാകും.

മത്സരങ്ങളുടെ ഈ ലോകത്ത് ലഭിച്ച പദവി ത്യാഗം ചെയ്തു പ്രാർത്ഥനയ്ക്കായി ജീവിതം മാറ്റിവച്ച മാർ ജേക്കബ് മുരിക്കൻ്റെ ജീവിതം വരും തലമുറകൾ അത്ഭുതത്തോടെ പഠിക്കും. ഒട്ടേറെ നല്ല ചിന്തകൾക്കു തുടക്കമിട്ടു കൊണ്ടാണ് അദ്ദേഹത്തിൻ്റെ സ്ഥാനത്യാഗം. അത് ഒട്ടേറെപേർക്കു പ്രചോദനം നൽകുമെന്ന് പറയാൻ സാധിക്കും.

ഉന്നത സ്ഥാനീയരടക്കം നിരവധിയാളുകൾ നിരവധി തവണ നിരുത്സാഹപ്പെടുത്തിയിട്ടും തന്നെ തീരുമാനത്തിൽ അചഞ്ചലമായി ഉറച്ചു നിൽക്കാൻ മുരിക്കൻ പിതാവിനു സാധിച്ചുവെന്നത് തീർത്തും ചെറിയ കാര്യമല്ല. തൻ്റെ തീരുമാനത്തിന് സഭയുടെ അംഗീകാരം ലഭിക്കാൻ വർഷങ്ങൾ കാത്തിരുന്നു. പലരും അദ്ദേഹം കലഹിച്ചു പുറത്തു പോകുന്നുവെന്നൊക്കെ പ്രചരിപ്പിച്ചു. ഇത്തരം പ്രചാരണങ്ങളൊക്കെ പലപ്പോഴും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നതു പലർക്കും അത്ഭുതമായി തോന്നാം. എന്നാൽ സ്മാർട്ട് ഫോണൊന്നും അദ്ദേഹത്തിന് ഇല്ലായെന്നതിനാലാണ് ഇതെന്നു മനസിലാക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ ലാളിത്യത്തിന് മഹത്വമേറുന്നത്. അത്യാവശ്യകാര്യങ്ങൾക്കായി ഒരു സാധാരണ നോക്കിയ ഫോൺ മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്ന തെറ്റായ കാര്യങ്ങൾ ഏറെക്കഴിഞ്ഞാവും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുക. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടത് അറിയുമ്പോൾ ഏറെ വേദനച്ചിട്ടുണ്ട് പലപ്പോഴും. വ്യാജ പ്രചാരണത്തെക്കുറിച്ചു അറിയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്. എങ്കിലും പ്രചരിപ്പിച്ചവർക്കെതിരെ അദ്ദേഹത്തിന് പിണക്കമൊന്നും ഉണ്ടായിട്ടില്ല. യഥാർത്ഥ കാര്യം അവർക്കു ലഭിക്കാത്തതുകൊണ്ടാവും കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുത്തതാകും എന്നു നിഷ്കളങ്കമായ പുഞ്ചിരിയോടെ അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും ശുദ്ധമനസായിരുന്നു മുരിക്കൻ പിതാവിൻ്റേത്.

പാലാ രൂപതയുടെ സഹായമെത്രാൻ പദവിയിൽ നിന്നും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പിതാവ് സ്ഥാനത്യാഗം ചെയ്ത വിവരം മെത്രാൻ സിനഡ് ഔദ്യോഗികമായി അറിയിച്ചു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ബിഷപ്പ് പ്രാർത്ഥനാ നിയോഗത്തിനായി സ്ഥാനത്യാഗം ചെയ്യുന്നത്. പ്രാർത്ഥനാ നിയോഗത്തിനായി ജീവിതം നീക്കിവയ്ക്കാനുള്ള മുരിക്കൻ പിതാവിൻ്റെ തീരുമാനത്തിനു ഇന്നലെയാണ് കേരള കത്തോലിക്ക മെത്രാൻ സിനഡ് അനുമതി നൽകിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും അനുവാദത്തോടു കൂടിയായിരുന്നു അദ്ദേഹം സ്ഥാനത്യാഗ കാര്യം മെത്രാൻ സിനഡിനെ അറിയിച്ചത്.

പാലായെ സംബന്ധിച്ചു മുരിക്കൻ പിതാവിൻ്റെ തീരുമാനം വേദനാജനകമാണ്. ഏവരും ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുരിക്കൻ പിതാവിൻ്റെ സജീവ സാന്നിദ്ധ്യം പാലായ്ക്കു ഉണ്ടാവില്ലെന്ന സത്യമാണ് ഇതിനു കാരണം. ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര.

വാക്കുകൾക്കൊപ്പം പ്രവർത്തിയിലൂടെയും മാതൃക കാണിച്ചു തരാൻ നു എപ്പോഴും സാധിച്ചിരുന്നു. തൻ്റെ കിഡ്നി ദാനമായി നൽകികൊണ്ട് മാതൃകയായ അദ്ദേഹം രക്തദാനത്തിനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.കെ സി ബി സി യുടെ എസ് സി / എസ് ടി / ബി സി കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ആ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ച വ്യക്തിയായിരുന്നു മുരിക്കൻ പിതാവ്.

ഗാന്ധിയൻ ആദർശങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന അദ്ദേഹം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ഏറ്റവും അടുത്ത അഭ്യുദയകാംക്ഷി ആണ്. ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്കു പ്രോൽസാഹനവും പിന്തുണയും നിരന്തരം നൽകിയിരുന്നു. അതിനിയും ലഭിക്കുമെന്ന് മുരിക്കൻ പിതാവ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിൻ്റെ പുസ്തക ശേഖരത്തിൽ നിന്നും നാനൂറോളം പുസ്തകങ്ങളാണ് അദ്ദേഹം ഫൗണ്ടേഷന് സമ്മാനമായി കൈമാറിയത്. ഈടുറ്റ ഈ പുസ്തകങ്ങൾ ഫൗണ്ടേഷനു നൽകിയതിൽ അദ്ദേഹത്തോടുള്ള അളവറ്റ നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണ്. ആദരണീയ വ്യക്തിത്വമായ മുരിക്കൻ പിതാവിൽ നിന്നും അവ ഏറ്റുവാങ്ങാനുള്ള അനുഗ്രഹവും ലഭിക്കുകയുണ്ടായി.

മുരിക്കൻ പിതാവിൻ്റെ പുതിയ നിയോഗത്തിന് മംഗളാശംസകൾ നേരുന്നു.

എബി ജെ ജോസ്ചെയർമാൻമഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻപാലാ – 686575