കത്തോലിക്കാ സഭയുടെ വിശ്വാസ ജീവിതത്തിനു ആധുനിക മുഖം നൽകിയ സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും ദൈവശാസ്ത്രജ്ഞനും എമരിറ്റസ് പാപ്പായുമായ ബെനടിക്ട് പതിനാറാമന് ആദരാഞ്ജലികൾ! ക്രൈസ്തവ വിശ്വാസത്തെ ആധുനിക ലോകത്തിനു പരിചയപ്പെടുത്തി അദ്ദേഹം രചിച്ച ‘ഇൻട്രോഡക്ഷൻ ടു ക്രിസ്ത്യാനിറ്റി’ യിലൂടെയാണ് ഞാൻ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തയുടെ ലോകം മനസിലാക്കിതുടങ്ങിയത്. അത്ഭുതത്തോടും ആവേശത്തോടുംകൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ഗൗരവമാർന്ന വായനയുടെ ഒരു കവാടം അതു തുറക്കുന്നു. മലയാളത്തിൽ അതിന്റെ മനോഹാരിത അല്പവും ചോർന്നുപോകാതെ, ജോസ് മാണിപ്പറമ്പിൽ അച്ചൻ ‘ക്രിസ്തു ധർമ്മ പ്രവേശിക’ എന്ന പേരിൽ അതു വിവർത്തനം ചെയ്തിട്ടുണ്ട്.
സുവിശേഷത്തിലെ യേശുവിനെ പരിചയപ്പെടുത്തുന്ന ‘നാത്സറെത്തിലെ യേശു’ എന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും മൂന്നും വാല്യങ്ങളും ജോസ് മാണിപ്പറമ്പിൽ അച്ചൻ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളികൾ ഒരു പക്ഷേ, ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള ബനഡിക്ട് പത്തിനാറാമന്റെ ഗ്രന്ഥങ്ങൾ ഇവ രണ്ടും ആയിരിക്കും എന്നു ഞാൻ കരുതുന്നു. ‘ട്രൂത് ആൻഡ് ടോളെറൻസ്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ധവും, ദൈവം സ്നേഹമാകുന്നു, പ്രത്യാശയിൽ രക്ഷ, സത്യത്തിൽ സ്നേഹം, ഫ്രാൻസിസ് പാപ്പായുമായി ചേർന്നെഴുതിയ ‘വിശ്വാസ വെളിച്ചം’ എന്നീ ചാക്രിക ലേഖനങ്ങളും, അനേകം ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അപോസ്‌തോലിക ആഹ്വാനങ്ങളും മറ്റ് തുരുവെഴുത്തുക്കളും അടക്കം 65 ലധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ആധുനികതയുടെ കുത്തൊഴുക്കിൽ വിശ്വാസം നഷ്ടപ്പെട്ട് ഊഷരമാകുന്ന ജീവിതങ്ങളിൽ പ്രത്യാശയുടെയും സ്നേഹത്തിന്റെയും മഴ പെയ്യിച്ചു വിശ്വാസത്തെ ബലപ്പെടുത്തി മനുഷ്യ ജീവിതത്തിനു ദിശാബോധം നൽകിയ ദാർശനികനാണ് നിത്യതയിലേക്ക് കടന്നു പോകുന്നത്! മനുഷ്യ ഹൃദയങ്ങളുടെ മരുഭൂമിവൽക്കരണത്തെപ്പറ്റി വ്യാകുലപ്പെട്ട പരിശുദ്ധ പിതാവ്, സമൃദ്ധവും നിത്യവുമായ ജീവനിലേക്കു പ്രവേശിക്കട്ടെ! ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്