ചങ്ങനാശേരി അതിരൂപതയുടെ മറ്റൊരു കാരുണ്യസംരംഭത്തിനു അതിരംപുഴയിൽ തുടക്കമായി. ‘മദർ തെരേസ കെയർ ഹോം”. കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളായി എത്തുന്നവർക്ക് കുടുംബസമേതം സൗജന്യ താമസം ഇവിടെ ക്രമീകരിക്കുന്നു. 12 ഫ്ളാറ്റുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. 2014 ഇൽ ബഹു. മാണി പുതിയിടം അച്ചന്റെ നേതൃത്വത്തിൽ പണിതുയർത്തിയ കാവുകാട്ട് ഹൌസിങ് സമുച്ചയത്തിലാണിത് ഇപ്പോഴത്തെ വികാരി ബഹു. ജോസഫ് മുണ്ടകത്തിൽ അച്ചന്റെ പരിശ്രമഫലമായി യാഥാർഥ്യമാക്കിയിരിക്കുന്നത്. ഇതേറ്റെടുത്തു നടത്തുന്നത് നെടുംകുന്നം മദർ തെരേസ ഹോമിന്റെ ഡയറക്ടർ ബഹു. പഴയമഠം അച്ചനാണ്. അവർക്കെല്ലാം കൃതജ്ഞതയും അഭിനന്ദനങ്ങളും.
ചങ്ങനാശ്ശേരി അതിരൂപത അതിർത്തിയിൽപെടുന്ന മൂന്നു സർക്കാർ മെഡിക്കൽ കോളേജുകളോട് ചേർന്ന് നമുക്ക് കാരുണ്യഭവനങ്ങളുണ്ട്. തിരുവനന്തപുരത്തു കാൻസർ രോഗികൾക്കുവേണ്ടിയുള്ള ലൂർദ് മാതാ കാൻസർ കെയർ ഹോം, കോട്ടയത്ത് മുടിയൂർക്കര പള്ളിയോടു ചേർന്നു കാൻസർ ഡയാലിസിസ് രോഗികൾക്കുവേണ്ടിയുള്ള കരുണാലയവും, ഇപ്പോൾ അതിരംപുഴയിലെ ‘മദർ തെരേസ ഹോമും’, ആലപ്പുഴ മെഡിക്കൽ കോളേജ്നോട് ചേർന്ന് രോഗികൾക്ക് സൗജന്യ താമസവും പ്രഭാത ഭക്ഷണവും ഒരുക്കുന്ന ‘മദർ തെരേസ ഹോം’. കാരുണ്യം പുഴ പോലെ ഒഴുകട്ടെ.