ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും ദൈവ വചനങ്ങൾക്കുമൊന്നും വഴങ്ങാത്തത്ര കഠിനമായിപ്പോയി നമ്മുടെ ഹൃദയങ്ങൾ. സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ അന്യമായിത്തീർന്നിരിക്കുന്നു.
താണവർക്ക് ഉയർച്ചയും വിശക്കുന്നവർക്ക് ഭക്ഷണവും നഗ്നർക്ക് വസ്ത്രവും രോഗികൾക്ക് ചികിത്സയും തലചായ്ക്കാൻ ഇടവും ലഭ്യമാക്കുന്നത് ദൈവത്തിന്റെ കരുണ മാത്രമാണ്. യാക്കോബ് 2 : 13 ൽ പറയുന്നു കാരുണ്യം കാണിക്കാത്തവന്റെ മേല് കാരുണ്യരഹിതമായ വിധിയുണ്ടാകും. കൃപയും സത്യവുമായി നമ്മുടെയിടയിൽ പാർത്ത ദൈവത്തിന്റെ തേജസ് കാണുക, ദൈവമഹത്വം രുചിച്ചറിയുക എന്നാണ് യേശുവിന്റെ ജഡാവതാരം പഠിപ്പിക്കുന്നത്. ദൈവികസാന്നിധ്യത്തിന്റെ സാന്ത്വനങ്ങൾ വരുമ്പോഴാണ് ഹൃദയശുദ്ധിയും സൽമനസും ഉണ്ടാകുന്നത്. നാം ദൈവത്തിന് എത്രമാത്രം അമൂല്യരായിരിക്കുന്നുവോ അതുപോലെ സഹജീവികളും നമുക്ക് അമൂല്യമായിരിക്കണം.
സ്നേഹം തഴച്ചുവളരുന്നത് ദൈവസാന്നിധ്യത്തിന്റെ ഉറവയിൽനിന്നാണ്. എന്ത് നൽകിയാലും വിലയ്ക്ക് വാങ്ങുവാൻ സാധിക്കാത്ത ഒന്നാണ് ദൈവസാന്നിധ്യം. ഇതിന് ഒരേയൊരു വഴിയേയുള്ളൂ. ക്രിസ്തുതന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അനുഭവം ഉണ്ടാകണം. യേശുവിന്റെ കരുണയും കരുതലുമാണ് നമ്മുടെ ജീവിതത്തെ വഴിനടത്തുന്നതെന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിനായി ദാഹിക്കുന്ന മനുഷ്യന് സ്നേഹവും, കരുണയും, വിനയവും, ഹ്യദയൈക്യവും പകർന്നു കൊടുത്താൽ മാത്രമേ നാം ക്രിസ്തുമക്കളാകുകയുള്ളൂ. നല്ല സമരിയാക്കാരനെപ്പോലെ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദൈവരാജ്യശുശ്രൂഷകളിലും കൂടുതൽ സജീവമാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ