ഒരു പുരോഹിതന്റെ കാവലും കരുതലും

ഒരു കാലത്ത് “കടന്നാൽ കുടുങ്ങി” എന്ന് വിശേഷിപ്പിച്ചിരുന്ന കടമക്കുടി ദ്വീപസമൂഹങ്ങളിൽ ന്നൊയ പിഴലയിൽ നിന്ന് ഉത്തര മലബാറിൽ മിഷനറിയായി അര ശതാബ്ദം സേവനം ചെയ്ത ചരിത്രമാണ് മോൺ. ദേവസി ഈരത്തറ എന്ന പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ.
പിറന്ന നാടിന്റെ ക്ലേശങ്ങൾ ബാല്യകാലം മുതൽ ജീവിതത്തിൽ ഒപ്പിയെടുത്തതിനാൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്നു ആ വൈദികൻ.
84-ാം വയസ്സു വരെ ആ നിലപാടിൽ തന്നെ ഉറച്ചുനിന്നു.
അതുകൊണ്ടു തന്നെ ഒരു ഒളിവുജീവിതവും അദ്ദേഹത്തിന് ഉണ്ടായി.
ഏഴുവർഷം മുൻപാണ് സംഭവം. ആയിക്കര മാപ്പിളബേ ഹാർബറിനു സമീപം കടലിൽ രൂപം കൊള്ളുന്ന മണൽത്തിട്ടയിൽ തട്ടി തകരുന്ന മത്സ്യബന്ധന ബോട്ടുകളും പൊലിയുന്ന തൊഴിലാളി ജീവനുകളും നീറി പുകയുന്ന പ്രശ്നമാണ്.
25 മത്സ്യബന്ധന ബോട്ടുകൾ,16 ഇൻബോർഡു വള്ളങ്ങൾ, 200ൽ പരം ചെറുവള്ളങ്ങൾ എന്നിവ എത്തുന്ന മാപ്പിളബേയിൽ ഡ്രഡ്ജിംഗ് നടത്തി ഹാർബറിനു സമീപമുള്ള മണൽത്തിട്ട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനും സമരം ചെയ്യാനും രൂപികരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ മോൺ. ദേവസി ഈരത്തറയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കീഴിലുള്ള മത്സ്യതൊഴിലാളി സംഘടനകളാണ് ആക്ഷൻ കൗൺസിലിൽ പങ്കാളികളായത്.

മണൽത്തിട്ടയിൽ ഇടിച്ച് വീണ്ടും ബോട്ടു തകർന്ന സംഭവം ഉണ്ടായപ്പോൾ ജനരോഷം ഇരമ്പി. പ്രതിഷേധ ജാഥയായി അവർ ഹാർബറിലെ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചു ചെയ്തു. രണ്ടായിരത്തിലധികം ജനങ്ങൾ. അവരെ മുന്നിൽ നിന്ന് മോൺ. ദേവസി നയിച്ചു. മാർച്ചിൽ കടന്നുകൂടിയ ചില സാമൂഹ്യ വിരുദ്ധർ ഫിഷറീസ് ഓഫീസിലേക്ക് തള്ളിക്കയറി കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഓഫീസിൽ നാശനഷ്ടങ്ങൾ വരുത്തി. പോലീസിന് കാര്യങ്ങൾ എളുപ്പമായി. പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു. ആദ്യപ്രതികളിൽ ഒരാളായി മോൺ ദേവസിയെയും ചേർത്തു. ജാമ്യം കിട്ടാത്ത വകുപ്പുകൾ. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതുവരെ അദ്ദേഹത്തിന് ഒളിവിൽ കഴിയേണ്ടി വന്നു.

1963ൽ വൈദികപട്ടം സ്വീകരിച്ച ഫാ. ദേവസിയുടെ ആദ്യനിയമനം കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ബിഷപ് പത്രോണിയുടെ സെക്രട്ടറിയായിട്ടായിരുന്നു. കടൽ കടന്നെത്തിയ മെത്രാന്റെ മിഷനറി സ്പിരിറ്റ് ഒട്ടും ചോർന്നുപോകാതെ തുടർന്നുളള ജീവിതത്തിൽ അദ്ദേഹവും സ്വീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള വിവിധ ക്ഷേമ പദ്ധതികൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ സ്കോളർഷിപ്പുകൾ, അമ്പതിലധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ച തയ്യിലിലെ മദർ തെരേസ കോളനി, തൊഴിലാളികൾക്കുവേണ്ടി പലിശരഹിത വായ്പാപദ്ധതി, മതസൗഹാർദത്തിനായി ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മത വിശ്വാസികളെ ചേർത്ത് തയ്യിലിൽ സൗഹൃദവേദി എന്നിവ അദ്ദേഹം ആവിഷ്ക്കരിച്ചു. മത്സ്യത്തൊഴിലാളി കോ ഓഡിനേഷൻ കമിറ്റി ചെയർമാനായിരുന്ന അദ്ദേഹം കണ്ണൂർ ചിരി ക്ലബിലെ സജീവാംഗമായിരുന്നുവെന്നത് ആ പുരോഹിതന്റെ ഹൃദയ വിശുദ്ധിയുടെ തെളിവാണ്.

മിഷനറി ചൈതന്യം ജീവിതത്തിലാകമാനം പ്രസരിപ്പിച്ച ഒരു വൈദികനെയാണ് മോൺ. ദേവസി ഈരത്തറയുടെ നിര്യാണത്തിലൂടെ കേരള സഭയ്ക്ക് നഷ്ടമാകുന്നത്.
സ്നേഹപ്രണാമം.

ഷാജി ജോർജ്