തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജോസ് കാച്ചപ്പിളളി 2021 ജൂൺ 9 രാവിലെ 10 മണിക്ക് അന്തരിച്ചു. മൃതസംസ്‌കാരം 2021 ജൂൺ 11 വെള്ളി ഉച്ചത്തിരിഞ്ഞ് 2.30ന് തെക്കൻ താണിശ്ശേരി പള്ളിയിൽ വെച്ച് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. 2021 ജൂൺ 11 വെള്ളി രാവിലെ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലെ വി. കുർബാനയ്ക്കുശേഷം അച്ചന്റെ മൃതദേഹം തെക്കൻ താണിശേരിയിലെ പിതൃസഹോദര പുത്രൻ ആന്റുവിന്റെ വസതിയിൽ രാവിലെ 10 മണി മുതൽ പൊതുദർശനത്തിനു വെയ്ക്കുന്നു. ഉച്ചത്തിരിഞ്ഞ് 1.45ന് മൃതസംസ്ക്കാര ശുശ്രൂഷയുടെ ആദ്യഭാ​ഗം പിതൃസഹോദര പുത്രൻ ആന്റുവിന്റെ വസതിയിൽ നിന്ന് ആരംഭിക്കുന്നു.

ഇരിഞ്ഞാലക്കുട രൂപത തെക്കൻ താണിശ്ശേരി ഇടവകയിലെ കാച്ചപ്പിള്ളി പരേതരായ അന്തോണി-റോസ ദമ്പതികളുടെ ഏക മകനായി 1947മെയ് 15ന് ജനിച്ചു. തൃശൂർ രൂപതയ്ക്കുവേണ്ടി ദൈവവിളി സ്വീകരിച്ച് 1964 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1972 ഡിസംബർ 18ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പാലയൂർ പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. പാലയൂരിൽ സഹവികാരിയായും, അയ്യന്തോൾ ആക്ടിങ്ങ് വികാരിയായും, നിർമ്മലപുരത്തു സഹായിയായും, എറവ്, മനകൊടി, മായന്നൂർ, ഇളനാട്, പഴയന്നൂർ, തിരുവില്ലാമല, വല്ലചിറ, പല്ലിശേരി, ഏങ്ങണ്ടിയൂർ, ചിറയ്ക്കൽ, മുണ്ടത്തിക്കോട്, അഞ്ഞൂർ, ആറ്റത്തറ, പങ്ങാരപ്പിള്ളി എന്നിവിടങ്ങളിൽ വികാരിയായും ലൂർദ്ദ് കത്തിഡ്രൽ, പെരിങ്ങണ്ടിയൂർ പീസ് ഹോം എന്നിവിടങ്ങളിൽ റെസിഡന്റ് പ്രീസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ഫാദർ പ്രീഫ്ട്റ്റ്, ആദ്ധ്യാത്മിക പിതാവ്, പ്രൊകുറേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഏങ്ങണ്ടിയൂർ, എറവ്, ആറ്റത്തറ, മായന്നൂർ എന്നിവിടങ്ങിൽ സ്ക്കൂൾ മാനേജറായും അധ്യാപകനായും നിസ്തുല സേവനം ചെയ്തിട്ടുണ്ട്. മന്നാനം ട്രെയിനിം​ഗ് കോളേജിൽ നിന്ന് ഇം​ഗ്ലീഷിൽ ബിരുദാന്തര ബിരുദ്ധവും കരസ്ഥമാക്കിയ അച്ചൻ മലയാളം വിധ്വാൻ, ബി.എഡ് എന്നീ ഡി​ഗ്രികൾ സ്വന്തമാക്കിയിട്ടുണ്ട്. 2021 ഫെബ്രുവരി മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച് സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട കാച്ചപ്പിള്ളി ബഹു. ജോസ് അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്