എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഓണാശംസകൾ !
ഓണസദ്യയും പായസവും പലഹാരങ്ങളും നിങ്ങൾ ആവോളം ആസ്വദിച്ചു എന്നെനിക്കറിയാം. തീർച്ചയായും നാം ഓണം സമൃദ്ധമായി ആഘോഷിക്കണം. വർഷത്തിൽ ഒരുപ്രാവശ്യം വന്നണയുന്ന അസുലഭ അവസരമല്ലേ.
എന്നാൽ ഈ ദിവസം സന്തോഷപൂർവം ആഘോഷിക്കാൻ പറ്റാത്ത ഒട്ടേറെപ്പേരുണ്ട് നമുക്കിടയിൽ; രോഗികൾ, പരിത്യക്തരായ വയോധികർ, അനാഥർ, ദാരിദ്ര്യമനുഭവിക്കുന്നവർ. അതെ ഇന്ത്യയിലെ സമ്പന്നമെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലും വിശപ്പടക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ടെന്നു നാം മനസ്സിലാക്കണം. ഇക്കൂട്ടരോടുള്ള ആത്മാർഥമായ സഹവർത്തിത്വവും കരുതലുമാണ് നാം ഈ അവസരത്തിൽ കാണിക്കേണ്ടത്.
എല്ലാവരും സുന്ദരമായ ഓണപ്പൂക്കളം പ്രദർശിപ്പിക്കുമ്പോൾ, ഓണച്ചിലവിനായി കുറച്ചു പച്ചക്കറി വിൽക്കാൻ റോഡരുകിലിരിക്കുന്ന ഒരു ദാരിദ്ര്യ ബാലന്റെ ചിത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഈ അവസരത്തിൽ നിങ്ങൾക്കത് അരോചകമായി തോന്നാം; കാരണം ഓണദിവസം സുന്ദരമായതു മാത്രമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. വിറ്റുപോകാത്ത വാടിയ പച്ചക്കറിക്കരികെ തളർന്നു ഉറങ്ങുന്ന ഒരു പാവം ബാലൻ. ഇത് വിറ്റുപോയില്ലെങ്കിൽ ഒരുപക്ഷെ അവന്റെ ഓണസദ്യ മുടങ്ങാം.
പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നവരിൽ ജീവന്റെ സ്പന്ദനം ഇനിയുമുണ്ടോ എന്ന് ആരായാൻ വൈമുഖ്യം കാട്ടുന്നവരാണ് നമ്മൾ. മതിമറക്കുന്ന സുഖലോലുപതയിൽ മറ്റുള്ളവരുടെ ദുഃഖം കാണാൻ നാം മെനക്കെടാറില്ല. ഒരുപോലെ പങ്കിട്ടുജീവിക്കാൻ ദൈവം നൽകിയ സമ്പത്തു ശക്തിയുള്ളവൻ പിടിച്ചുപറിച്ചെടുക്കുമ്പോൾ ഒന്നുമില്ലാത്തവനായി പാർശ്വവത്കരിക്കപ്പട്ടു പോകുന്നത് അശരണരാന്. അവരുടെ ദുഃഖം കാണാൻ ആർക്കും സമയമില്ല. തത്വശാശ്ത്രം പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കാനല്ല ഞാനിതെഴുതുന്നത് . ഇടംവലം നോക്കാതെയുള്ള ജീവിതക്കുതിപ്പിൽ നാം സൗകര്യപൂർവം മറന്നുപോകുന്ന പലതുമുണ്ട്, ചെയ്യേണ്ടവയും മറന്നുപോകരുതാത്തതും. അതേപ്പറ്റിയുള്ള ഓർമപുതുക്കൽ മാത്രം.
നിങ്ങൾക്ക് നന്മ വരട്ടേ
സ്വന്തം ഡോ ജോർജ് തയ്യിൽ