സർപ്രൈസ് ഗിഫ്റ്റ്
കഴിഞ്ഞ ദിവസം കണ്ട മനോഹരമായ ഒരു വീഡിയോ ഉണ്ട്.ഒരു ഭർത്താവ് ഭാര്യയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ് രംഗം.ഭാര്യ സ്വന്തമാക്കാൻ മോഹിച്ചിരുന്ന ഒരു വില്ലയുടെ താക്കോലാണ് ഭർത്താവ് അപ്രതീക്ഷിതമായി കൈമാറുന്നത്.അതിനായി ഏറെനാൾ കഷ്ടപ്പെട്ടാണ് അയാൾ പണം സ്വരൂപിച്ചത്.ഒരിക്കലും സാധിക്കില്ലെന്നു കരുതിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആഹ്ളാദവും അമ്പരപ്പും കണ്ണീരുമൊക്കെ ആ സ്ത്രീയുടെ മുഖത്ത് കാണാം…കോടിക്കണക്കിനാളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്.
സർപ്രൈസുകൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്.അത് ഹൃദയങ്ങൾക്കിടയിലുള്ള അകലം കുറയ്ക്കും.ദാമ്പത്യജീവിതത്തിൽ ഇടയ്ക്കുണ്ടാകുന്ന വിരസതകളെ കുടഞ്ഞെറിയുവാൻ ചെറിയ സമ്മാനങ്ങൾക്ക് വലിയ പങ്കുണ്ട്.പങ്കാളിയോടുള്ള നമ്മുടെ സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമാണത്. സർപ്രൈസിന്റെ പ്രൈസാകില്ല പലപ്പോഴും അതിന്റെ മൂല്യം.
എന്റെ ഭാര്യയ്ക്ക് നൽകിയ നിരവധി സർപ്രൈസുകളിൽ അവൾ ഇപ്പോഴും കൊതിയോടെ പറയുന്നത് ഇളയമകനെ ഗർഭിണിയായിരുന്ന കാലത്ത് ഞാൻ വാങ്ങിനൽകിയ ചെത്തുമാങ്ങ ഉപ്പിലിട്ടതിനേക്കുറിച്ചാണ്.അത്രയ്ക്ക് രുചിയായിരുന്നത്രേ അതിന്…
.ഒരിക്കൽ പിറന്നാൾ ദിനത്തിൽ സാരിസമ്മാനിച്ചതും അവൾ എടുത്തുപറയും.അവൾക്കിഷ്ടപ്പെട്ട വയലറ്റ് നിറത്തിലുള്ള സാരിയുടെ സർപ്രൈസ് അതിന്റെ ബ്ലൗസായിരുന്നു.സ്ഥിരം തയ്ക്കുന്ന കടയിൽ അവളറിയാതെ നൽകി ഞാനത് തയ്ച്ചുവാങ്ങി…ഭാഗ്യത്തിന് അളവെല്ലാം കൃത്യമായിരുന്നു…
ജന്മദിനവും വിവാഹദിനവുമൊക്കെ ഓർത്തുവെയ്ക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും ബന്ധങ്ങൾ ഊഷ്മളമാക്കും.ഇത്തരം സർപ്രൈസുകൾ സ്വീകരിക്കുന്നത് കുറച്ച് സ്നേഹത്തോടെ വേണം താനും.
എന്റെ സുഹൃത്ത് ഭാര്യയ്ക്ക് പിറന്നാൾ ദിനത്തിൽ അവൾ ആഗ്രഹിച്ച കാറാണ് വാങ്ങി നൽകിയത്.എന്നാൽ അവളുടെ പ്രതികരണം അതിനേക്കാൾ വലിയ സർപ്രൈസായി.തന്നേക്കൂട്ടാതെ പോയി വാങ്ങിയ കാർ തനിക്കുവേണ്ട എന്നായിരുന്നു പ്രഖ്യാപനം.ഒടുവിൽ ഏറെ പണിപ്പെട്ടാണ് താക്കോൽ കൈയ്യിൽ പിടിപ്പിച്ചത്.
ഒരു കൂട്ടുകാരി ഭർത്താവിന് ഷർട്ട് സമ്മാനിച്ചതും ഇതുപോലെ ദുഖപര്യവസായി ആയി മാറി.അതിന്റെ കളർ ശരിയല്ലെന്നും പറഞ്ഞ് ഷർട്ട് ധരിക്കാൻ അയാൾ തയ്യാറായില്ല.അതിനേച്ചൊല്ലിയുണ്ടായ കലഹത്തിനൊടുവിൽ പുതിയ ഷർട്ട് അടുപ്പിലിരുന്നു പുകഞ്ഞു.കുടുംബത്തിലുണ്ടായ പുകച്ചിൽ മാറാൻ ദിവസം കുറേവേണ്ടി വന്നു.
നമ്മളോടുള്ള സ്നേഹവും കരുതലുമൊക്കെയാണ് സർപ്രൈസുകളിലുടെ പ്രഖ്യാപിക്കുന്നത്.അത് നമുക്ക് അത്ര ബോധിച്ചില്ലെങ്കിലും, തന്ന വ്യക്തിയുടെ മനസ്സിനെ മുറിവേല്പിക്കാതെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയണം.
പിന്നെ സർപ്രൈസും സമ്മാനവുമെല്ലാം വൺവേ ആയി മാറരുത്.ഇങ്ങോട്ട് സ്വീകരിക്കുന്നതുപോലെ അങ്ങോട്ട് കൊടുക്കാനും മനസുവെക്കണം.
സർപ്രൈസ് എന്നത് പണച്ചിലവുള്ള കാര്യമാകണമെന്നുമില്ല. അപ്രതീക്ഷിതമായുള്ള ഒരു ചുംബനവും ചേർത്തുപിടുത്തവുമൊക്കെ വലിയ ഗിഫ്റ്റുകളാണ്.അപ്രതീക്ഷിതം പക്ഷേ അനവസരത്തിലാകരുതെന്നുമാത്രം.
ജിജോ സിറിയക്