രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും.

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.

ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.