ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറിയാണ് സമുദ്രനിരപ്പിൽനിന്നും 386.7 മീറ്റർ ഉയരത്തിൽ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.
മാർതോമാശ്ലീഹാ സുവിശേഷം അറിയിച്ചുകൊണ്ട് ഏഴ് വിശ്വാസസമൂഹങ്ങൾ സ്ഥാപിച്ചതിനുശേഷം പാണ്ട്യരാജ്യത്തിലേക്ക് പോയി ,തിരികെ മലയാളത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയെ അദ്ദേഹം ക്രിസ്തുവർഷം അറുപത്തിരണ്ടിൽ മലയാറ്റൂർകരയിൽ എത്തി.അക്കാലത്തു മലയുടെ ചുവട്ടിലുള്ള മണപ്പാട്ടുചിറയുടെ തീരം(വാണിഭ തടം) പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. രണ്ടുമാസം അവിടെത്താമസിച്ചുകൊണ്ടു സുവിശേഷം അറിയിക്കുകയും ഇരുനൂറ്റി ഇരുപതില്പരംപേരെ മാമ്മോദീസായും മുക്കി അരപ്പള്ളി സ്ഥാപിച്ചുകൊണ്ട് ഒരു ക്രൈസ്തവസമൂഹത്തിനു അവിടെ രൂപംകൊടുത്തു.ഇക്കാര്യങ്ങൾ പുരാതന ഈരടികളായ റമ്പാൻ പാട്ടിന്റെ വരികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനാൽ തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളും അക്രൈസ്തവ സമൂഹങ്ങളും ഈ പ്രദേശത്തെ ഒരു വിശുദ്ധ സ്ഥലമായി കരുതിപ്പോരുന്നു.
ധ്യാനത്തിനായി ശ്ലീഹ തിരഞ്ഞെടുത്ത മലമുകളിലെ പാറയിൽ കുരിശ് മുദ്രവരച്ചു അവിടെ പ്രാർത്ഥനയിൽ മുഴുകിയപ്പോൾ കുരിശടയായാളം രക്തംവിയർത്തുവെന്നും ,പരിശുദ്ധ മറിയം അദ്ദേഹത്തിന് ദർശനം നൽകിയെന്നും വാമൊഴിയായി വിശ്വസിച്ചുപോരുന്നു.ആ സ്ഥാനത്താണ് ഇന്നുകാണുന്ന പൊൻകുരിശു സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ഈ പ്രദേശം കുരിശുമുടി എന്നറിയപ്പെടുകയും സർക്കാർ രേഖകളിൽ അങ്ങനെ എഴുതുവാനും ആരംഭിച്ചു. മലമുകളിൽ വിശുദ്ധന്റെ കാലിന്റെ അടയാളം പതിഞ്ഞതായും കരുതിപ്പോരുന്നു, അതിനാൽ കുരിശുമുടിയുടെ അടുത്തപട്ടണം ‘കാലടി’ എന്നനാമത്തിലും ഈ രണ്ട് പ്രദേശങ്ങൾക്ക് ഇടയിലുള്ളതായ മലയും ആറും ചേരുന്നഇടം മലയാറ്റൂർ എന്നും അറിയപ്പെട്ടു.മലമുകളിൽ വിശുദ്ധൻ സ്വന്തം കൈകൊണ്ട് നിർമിച്ചതെന്ന് വിശ്വസിക്കുന്ന ഒരു ഉറവയും സംരക്ഷിച്ചുപോരുന്നു.
മലമുകളിൽ ആനകുത്തിയപള്ളി ,വലിയപള്ളി എന്നീ രണ്ട് ദൈവാലയങ്ങൾ സ്ഥിതിചെയ്യുന്നു.കൂടാതെ മാർത്തോമാ മണ്ഡപം ,പൊന്നുംകുരിശു മണ്ഡപം ,കാൽപാടുകൾ കണ്ടയിടത്തെ കപ്പേള എന്നിവയും സംരക്ഷിച്ചുപോരുന്നു. സാധുക്കൾക്ക് ധർമ്മം കൊടുക്കലും ,എള്ളും ,കുരുമുളകുമാണ് പ്രധാന വഴിപാട്. മലമുകളിൽ വനത്തിനാൽ ചുറ്റപ്പെട്ടിരുന്നതിനാൽ ക്രിസ്തുവർഷം 900ൽ പെരിയാറിന്റെകരയിൽ ഒരുദൈവാലയം സ്ഥാപിച്ചു. വലിയ നൊയമ്പുകാലം തീർത്ഥാടനമായി ,പുതുഞായർ തിരുനാൾ പ്രധാനത്തിരുനാളായികൂടാതെ ദനഹാ ,ദുക്റാന ,ശ്ലീവായുടെ പുകഴ്ച എന്നിവയാണ് മറ്റ് തിരുനാളുകൾ.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് മലയാറ്റൂർ.