പ്രിയപ്പെട്ട മാതാപിതാക്കളുടെയും അനുജത്തിയുടെയും കുഞ്ഞനുജന്റെയും മൃതശരീരങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ ബ്രദര്‍ പ്രസാദ് വാഴയ്ക്കാപ്പാറയുടെ ഹൃദയത്തില്‍ നൊമ്പരങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നുറക്കെ കരയാന്‍പോലും കഴിയുമായിരുന്നില്ല. കാരണം അരികില്‍ കരഞ്ഞു തളര്‍ന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഏക കൂടപ്പിറപ്പ്. 21-കാരിയായ മോന്‍സി. അവള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് മഠത്തില്‍ ചേര്‍ന്നിട്ട് ഒരു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ക്കുമുമ്പ് സന്തോഷത്തോടെ തന്നെ കൈവീശി യാത്രയാക്കിയവരുടെ വേര്‍പാട് താങ്ങാന്‍ അവള്‍ക്ക് കരുത്തില്ലെന്ന് പ്രസാദിന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വേദന കടിച്ചമര്‍ത്തി അവന്‍ സഹോദരിയെ ആശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഹൃദയം പിളരുന്ന വേദനയുടെ നടുവിലും ബ്ര. പ്രസാദ് ദൈവിക നീതിയെ ചോദ്യം ചെയ്തില്ല. നിനക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടും എന്റെ പ്രിയപ്പെട്ടവരെ എന്തിനാണ് കൊണ്ടുപോയതെന്ന് ചോദിച്ച് ദൈവത്തോട് പരിഭവം പറഞ്ഞില്ല. ബ്ര. പ്രസാദ് ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നിട്ട് അപ്പോള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. നാഗ്പൂരില്‍ തിയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ പൗരോഹിത്യ സ്വീകരണം സ്വപ്‌നംകണ്ട് പ്രാര്‍ത്ഥിച്ച മാതാപിതാക്കളും അന്നത്തെ ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്ത് തുള്ളിച്ചാടിയ സഹോദരങ്ങളുമാണ് ഒരു രാത്രികൊണ്ട് മറഞ്ഞത്. വരിവരിയായി കിടത്തിയിരിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവനറ്റ ശരീരങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ വേദന താങ്ങാന്‍ കഴിയാതെ തന്റെ ഉള്ള് പിളരുമോ എന്നുപോലും അവന് തോന്നി.
എന്നാല്‍ വേദനയുടെ നടുവില്‍നില്ക്കുമ്പോള്‍ അസാധാരണമായ ശാന്തത ദൈവിക സാന്നിധ്യംപോലെതന്നെ പൊതിയുന്നത് ബ്ര. പ്രസാദ് തിരിച്ചറിഞ്ഞു. ആ നിമിഷം മുതല്‍ തന്നെയും സഹോദരിയും ദൈവം പ്രത്യേകമായി ചേര്‍ത്തുപിടിക്കാന്‍ ആരംഭിച്ചുവെന്ന് ഫാ. പ്രസാദ് പറയുന്നു. ദൈവത്തിന് അറിയാമായിരുന്നു ഇനി അവര്‍ക്ക് തോള്‍ ചായിക്കാന്‍ താന്‍ മാത്രമേ ഉള്ളൂവെന്ന്. പിന്നീടുള്ള ജീവിതത്തിലുടനീളം ദൈവത്തിന്റെ താങ്ങുന്ന കരം തന്റെ കൂടെ ഉണ്ടെന്ന് ഫാ. പ്രസാദിന് ഉറപ്പുണ്ട്.
അഞ്ചുപേരാണ് അപകടത്തില്‍ പെട്ടതെങ്കിലും ഒമ്പതുവയസുകാരി ജാന്‍സിയുടെ ശരീരം ആര്‍ത്തലച്ചു വന്ന മണ്ണിനും മരങ്ങള്‍ക്കും ഇടയില്‍ എവിടെയോ മറഞ്ഞിരുന്നു. അവളുടെ മുഖം അവസാനമായി ഒന്ന് കാണാന്‍പോലും കഴിഞ്ഞില്ലെന്നത് മറ്റൊരു വേദനയായി. ദിവസങ്ങളോളം തേടിയിട്ടും ആ കുരുന്നു ശരീരം കണ്ടെടുക്കാനായില്ല. അവസാനം രക്ഷാപ്രവര്‍ത്തകര്‍ക്ക് വേദനയോടെ ദൗത്യം അവസാനിപ്പിക്കേണ്ടിവന്നു.
പ്രസാദ് സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമായിരുന്നു ജാന്‍സിയുടെ ജനനം. ഓരോ അവധി കഴിഞ്ഞ് മടങ്ങുമ്പോഴും കാഴ്ചയില്‍നിന്നു മറയുവോളം വിടര്‍ന്ന ചിരിയോടെ കൈവീശിക്കാണിക്കുന്ന അവളുടെ നിഷ്‌കളങ്ക മുഖം അല്ലെങ്കിലും ആര്‍ക്കാണ് മറക്കാനാവുക? അവരുടെ തറവാട് കാഞ്ഞിരപ്പള്ളി, കാരികുളം സെന്റ് മേരീസ് ഇടവകയിലായിരുന്നു. പിതാവിന്റെ ജേഷ്ഠന്‍ വി.ടി തോമസ് ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. ആ ഇടവക സെമിത്തേരിയില്‍ ഒരു കുഴിയില്‍ നാല് പേരെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്.
നാടിനെ മുഴുവന്‍ കരയിപ്പിച്ച അപകടം
വാഴയ്ക്കാപ്പാറ കുടുംബത്തിനുണ്ടായ ദുഃഖം നാടിന്റെ മുഴുവന്‍ നൊമ്പരമായി മാറി. കുറഞ്ഞകാലംകൊണ്ട് ആ കുടുംബം നാട്ടുകാരുടെ പ്രിയപ്പെട്ടവരായിത്തീര്‍ന്നിരുന്നു. ആശ്വസിപ്പിക്കുവാനും സാന്ത്വനിപ്പിക്കുവാനും ബന്ധുക്കളും സുഹൃത്തുക്കളും സഭാധികാരികളും ഭരണനേതൃത്വവും പ്രദേശവാസികളും ഒറ്റക്കെട്ടായി കൂടെയുണ്ടായിരുന്നു. എല്ലാവരും ഒപ്പം ഉണ്ടായിരുന്നെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ആശ്രയംകണ്ടത് പ്രാര്‍ത്ഥനയിലായിരുന്നു എന്ന് ഫാ. പ്രസാദ് പറയുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ മാനുഷികമായ ഒന്നിലും ആശ്രയിക്കാതെ ദൈവത്തില്‍ മാത്രം ശരണപ്പെടുന്ന സ്വഭാവം യഥാര്‍ത്ഥത്തില്‍ നാമ്പെടുത്തത് അവിടെ നിന്നായിരുന്നു. തുടര്‍ന്ന് ആ ശീലം ഫാ. പ്രസാദില്‍ രൂഢമൂലമായി.
പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ദൈവസന്നിധിയില്‍ എത്തിയത് മുതല്‍ ദൈവം തന്നെ പ്രത്യേകമായി കരുതാന്‍ തുടങ്ങിയെന്ന് ഈ വൈദികന് ഉറപ്പുണ്ട്. പ്രിയപ്പെട്ടവരുടെ വേര്‍പാടിന് മുമ്പില്‍ തളര്‍ന്നുപോയ മോന്‍സി എന്ന 21-കാരി ഇപ്പോള്‍ സിസ്റ്റര്‍ റോസ്മിന്‍ ജോര്‍ജാണ്. ഡോട്ടേഴ്‌സ് ഓഫ് മേരി (ഡിഎം) സഭാംഗമായ സിസ്റ്റര്‍ റോസ്മിന്‍ ജര്‍മനിയിലെ ഓക്‌സംബര്‍ഗില്‍ വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കുന്ന ഒരു സെന്ററില്‍ ശുശ്രൂഷ ചെയ്യുകയാണ്. മാതാപിതാക്കളുടെ സ്ഥാനത്ത് അവളെ ചേര്‍ത്തുപിടിക്കാനും അവള്‍ക്ക് ചേര്‍ത്തുപിടിക്കാനും ദൈവം ഒരുപാടുപേരെ നല്‍കിയിരിക്കുന്നു. അവരില്‍ തന്റെ മാതാപിതാക്കളുടെ മുഖങ്ങള്‍ കാണുന്നതുകൊണ്ടാകാം ജീവിതാന്ത്യത്തിലെത്തിയ അനേകര്‍ക്ക് സിസ്റ്റര്‍ റോസ്മിന്‍ മകളായി മാറിയിരിക്കുന്നതും. മക്കളാല്‍ തിരസ്‌ക്കപ്പെട്ടതിന്റെ വേദനപോലും പലരും മറന്നുതുടങ്ങിയിരിക്കുന്നു.
സാമ്യത നിറഞ്ഞ രണ്ട് പ്രകൃതി ദുരന്തങ്ങള്‍
1987-ലാണ് 45-കാരനായ വാഴയ്ക്കാറ വര്‍ക്കിച്ചന്‍ കട്ടപ്പനയ്ക്കടുത്തുള്ള കുന്തളംപാറയില്‍ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയത്. താമസിയാതെ ഭാര്യ അന്നമ്മ (40), മക്കളായ ലാലി (22), മോന്‍സി (19, ഇപ്പോള്‍ സിസ്റ്റര്‍ റോസ്മിന്‍), ജിന്‍സ് (10), ജാന്‍സി (7) എന്നിവരുമായി അവിടെ താമസം ആരംഭിച്ചു. കോട്ടയം ജില്ലയിലെ ഏന്തയാറില്‍നിന്നായിരുന്നു അവര്‍ കുന്തളംപാറയില്‍ എത്തിയത്. മൂത്തമകന്‍ പ്രസാദ് സെമിനാരിയില്‍ ചേര്‍ന്നിട്ടപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. തരിശു കിടന്നിരുന്ന സ്ഥലം രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ആരുകണ്ടാലും നോക്കിനില്ക്കുന്ന രീതിയില്‍ മനോഹരമായ കൃഷിന്തോട്ടമായി മാറി. ആ കാര്‍ഷിക ഉദ്യാനത്തില്‍ കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകള്‍ വളര്‍ന്നുപൊങ്ങി. 2018 കേരളത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലും പ്രകൃതി ദുരന്തങ്ങളും നമ്മുടെ മനസുകളില്‍നിന്നും മറയാന്‍ സമയം ആയിട്ടില്ലല്ലോ. അതിനു സമാനമായ സാഹചര്യമായിരുന്നു 1989 ജൂലൈ മാസത്തില്‍ ഇടുക്കി ജില്ലയില്‍ ഉണ്ടായത്. മഴയും മണ്ണിടിച്ചിലും ഏറെ നാശനഷ്ടങ്ങള്‍ വിതച്ചു. ദൃശ്യമാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയകളുടെയും കാലമല്ലാതിരുന്നതിനാല്‍ സംഭവങ്ങള്‍ പൂര്‍ണ തോതില്‍ പുറത്തേക്ക് എത്തിയില്ലെന്നുമാത്രം.
അപകടം ഉണ്ടായതിന്റെ തലേദിവസം അവരുടെ വീടിനു മുകളിലേക്ക് ഒരു മരം ഒടിഞ്ഞുവീണ് കുറെ ഓടുകള്‍ പൊട്ടിയിരുന്നു. അയല്‍ക്കാരുടെ സഹകരണത്തോടെ ഉടനെതന്നെ മരം വെട്ടി മാറ്റി ഓടുകള്‍ മാറിയിടുകയും ചെയ്തു. ജൂലൈ 24 ന് വെളുപ്പിന് രണ്ടുമണിയോടെ വലിയ ശബ്ദം അയല്‍വാസികള്‍ പലരും കേട്ടിരുന്നു. കനത്ത മഴയും കൂരിരുട്ടുമായതിനാല്‍ ആരും പുറത്തിറങ്ങിയില്ല. മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിരുന്നു. അതൊരു അപകടമേഖല അല്ലാതിരുന്നതിനാല്‍ മറ്റൊരു വിധത്തിലുള്ള അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല.
വീടിന്റെ സ്ഥാനത്ത് മണ്‍കൂന
പിറ്റേന്ന് രാവിലെ അയല്‍വാസികള്‍ നോക്കുമ്പോള്‍ വാഴയ്ക്കാപ്പാറക്കാരുടെ വീട് കാണാനില്ല. വീടിന്റെ സ്ഥാനത്ത് മണ്‍കൂന. കാര്‍ഷിക വിളകള്‍ തലയുയര്‍ത്തി നിന്നിരുന്ന കൃഷിയിടവും ഉണ്ടായിരുന്നില്ല. ആദ്യത്തെ ഞെട്ടലിന് ശേഷം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പരിസരവാസികളില്‍ പലര്‍ക്കും ഒന്നുറക്കെ കരയാന്‍പോലും കഴിയാതെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. സ്ഥലത്തിന്റെ മധ്യഭാഗത്തായിരുന്നു അവരുടെ വീട്. ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി മുകള്‍ഭാഗത്തുനിന്നും നിരങ്ങിനീങ്ങിവന്ന മണ്ണും മരങ്ങളും വെള്ളവുമെല്ലാം ചേര്‍ന്ന് വീടും താഴെയുള്ള കൃഷിഭൂമിയും ഒലിപ്പിച്ചുകൊണ്ടുപോയിരുന്നു.
ബ്ര. പ്രസാദിന് മൂന്നാംവര്‍ഷ തിയോളജി ക്ലാസ് ആരംഭിച്ചതേ ഉണ്ടായിരുള്ളൂ. പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ആരോ ആണ് കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ കാര്യം പറഞ്ഞത്. വാര്‍ത്തയില്‍നിന്നായിരുന്നു അവര്‍ വിവരം അറിഞ്ഞത്. കോട്ടയത്തിനടുത്തുള്ള കട്ടപ്പനയില്‍ അപകടമുണ്ടായി എന്നായിരുന്നു വാര്‍ത്ത. കട്ടപ്പനയാണെങ്കിലും ഞങ്ങളുടെ വീടിരിക്കുന്നതിന് അടുത്തൊന്നും അപകട സാധ്യതയില്ലെന്ന് മറുപടിയായി സുഹൃത്തുക്കളോട് പറയുകയും ചെയ്തു. തന്റെ കുടുംബം അപകടത്തില്‍പ്പെട്ട കാര്യം പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് പ്രസാദ് അറിഞ്ഞത്. മഴയിലും കാറ്റിലും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ അപകട വിവരം പുറംലോകത്തേക്ക് എത്താന്‍ കാലതാമസം നേരിട്ടു.
എങ്ങനെ നാട്ടില്‍ എത്തുമെന്നത് വലിയൊരു ചോദ്യചിഹ്നമായി. ആ ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ ആയിരുന്നതിനാല്‍ അവിടെനിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് നാഗ്പൂരില്‍നിന്നും ജീപ്പില്‍ ഹൈദരാബാദിലെത്തി. അവിടെനിന്നും കേരളത്തിലേക്ക് വിമാനം ലഭിച്ചു. ബ്ര. പ്രസാദ് നാട്ടിലെത്തിയപ്പോള്‍ പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങള്‍ അവനെയും കാത്ത് കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായിരുന്നു.
എങ്ങനെ ആ വേദനയെ ഉള്‍ക്കൊള്ളാനായെന്ന് ഇന്നും കൃത്യമായി പറയാന്‍ വാക്കുകളില്ലെന്ന് ഫാ. പ്രസാദ് പറയുന്നു. ഹൃദയം നുറുങ്ങുന്ന വേദനയെ സ്വീകരിക്കാന്‍ ദൈവം തന്റെ മനസിനെ പാകപ്പെടുത്തുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സഹായിക്കാന്‍ ദൈവദൂതന്മാരെപോലെ പലരെയും തന്റെ ഇടവും വലവും അവിടുന്ന് നിര്‍ത്തി എന്നതാണ് ഫാ. പ്രസാദിന്റെ അനുഭവം.
മകന്റെ ആഗ്രഹം മാതാപിതാക്കള്‍ ഏറ്റെടുക്കുന്നു
വൈദികനാകാനുള്ള ആഗ്രഹം വീട്ടിലറിയിച്ചപ്പോള്‍, ഇളയ കുട്ടികള്‍ വളരെ ചെറുതാണ്, മൂത്തവന്‍ ഒപ്പം ഉണ്ടെങ്കില്‍ കുടുംബത്തിനതൊരു താങ്ങാകുമല്ലോ എന്നവര്‍ ചിന്തിച്ചില്ല. പകരം മാതാപിതാക്കള്‍ പൂര്‍ണമനസോടെ അവന്റെ സ്വപ്‌നത്തിനൊപ്പം നിന്നു. അല്ല, അവന്റെ സ്വപ്‌നം അവര്‍ ഏറ്റെടുത്തു. തങ്ങളുടെ മകനെ ദൈവം വിളിച്ചതില്‍ അഭിമാനിച്ചു. അല്ലെങ്കിലും ദൈവവിളികള്‍കൊണ്ട് സമ്പന്നമായിരുന്നു അവരുടെ കുടുംബം. പിതാവിന്റെ സഹോദരി കന്യാസ്ത്രീയായിരുന്നു. അമ്മയുടെ അനുജത്തി കന്യാസ്ത്രീയായിരുന്നു. അമ്മാവന്റെ മകന്‍ വൈദികനും. മൂത്തമകനെ ദൈവവേലക്ക് സമര്‍പ്പിച്ചപ്പോള്‍ വീണ്ടും മക്കളെ നല്‍കി കുടുംബത്തെ ദൈവം അനുഗ്രഹിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇളയ മകള്‍ ജാന്‍സി ജനിച്ചു.
തന്റെ പൗരോഹിത്യ ജീവിതത്തെ മുഴുവന്‍ മാറ്റിമറിച്ച ഒന്നായിട്ടാണ് ഫാ. പ്രസാദ് തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാടിനെ കാണുന്നത്. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ അവരുടെ ചിരികള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഉരുകുന്ന മനസ് കാണാന്‍ കഴിയുന്നു. അവരുടെ നൊമ്പരങ്ങളുടെ ആഴം ഹൃദയത്തിലാണ് പതിക്കുന്നത്. ഡൊമിനിക്കന്‍ വൈദികന്‍ എന്ന നിലയില്‍ ധ്യാനങ്ങള്‍ കാരിസത്തിന്റെ ഭാഗമാണ്. അതിനാല്‍ത്തന്നെ തകര്‍ന്ന മനസും വിങ്ങുന്ന ഹൃദയവുമായി വന്ന അനേകര്‍ക്ക് ആശ്വാസം പകരാന്‍ ദൈവം തന്നെ ഉപകരണമാക്കിയിട്ടുണ്ടെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍നിന്ന് ഫാ. പ്രസാദ് പറയുന്നു.
കരുത്തു നല്‍കുന്ന ഓര്‍മകള്‍
തന്റെ ആത്മീയ ജീവിതത്തിന്റെ കരുത്ത് സ്വര്‍ഗത്തിലുള്ള പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണെന്ന് ഫാ. പ്രസാദ് അടിവരയിടുന്നു. 31 വര്‍ഷങ്ങള്‍ക്കുമുമ്പ് മാതാപിതാക്കളും സഹോദരങ്ങളും ഭൗതികമായി വിട്ടുപിരിഞ്ഞെങ്കിലും ആത്മീയമായി അവര്‍ കൂടെയുണ്ട്. എല്ലാ ദിവസത്തെയും വിശുദ്ധ കുര്‍ബാനയില്‍ അവരെ അനുസ്മരിക്കും. ജീവിതാവസാനം അവരോടൊപ്പം ചേരാമല്ലോ എന്ന ചിന്ത ഇപ്പോള്‍ കൂടുതല്‍ പ്രബലമാകുകയാണെന്നും ഫാ. പ്രസാദ് പറയുന്നു. സംഭവിക്കുന്നതെല്ലാം ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആത്മീയത രൂപപ്പെടുത്താന്‍ കഴിയുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഈ വൈദികന്റെ കാഴ്ചപ്പാട.് അങ്ങനെ ചെയ്യുമ്പോള്‍ അതിനാനുപാതികമായി ദൈവകൃപ ലഭിക്കും. പ്രിയപ്പെട്ടവരുടെ വേര്‍പാട് അന്ന് ഹൃദയം പിളര്‍ക്കുന്ന അനുഭവമായിരുന്നെങ്കിലും ഇപ്പോഴത് അനുഗ്രഹമായി മാറികഴിഞ്ഞിരിക്കുന്നു എന്ന് ഫാ. പ്രസാദ് പറയുന്നു.
1991 കാഞ്ഞിരപ്പള്ളി രൂപതയിലെ കാരികുളം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. മാതാപിതാക്കളും സഹോദരങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത് ആ ദൈവലായ സെമിത്തേരിയിലാണ്. തിരുപ്പട്ടത്തിന് രണ്ടുവര്‍ഷം മാത്രം ഉള്ളപ്പോഴായിരുന്നു മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേര്‍പാട്. മാതാപിതാക്കള്‍ക്ക് സ്തുതിചൊല്ലിയാണ് പൗരോഹിത്യ സ്വീകരണത്തിന് ഇറങ്ങുക. ആ സമയത്ത് പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ തന്നെ തളര്‍ത്താതിരിക്കാന്‍ മുന്‍കൂട്ടി മനസിനെ പാകപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സ്തുതികൊടുക്കുന്ന ചടങ്ങ് പൂര്‍ണമായി ഒഴിവാക്കി. തനിക്ക് ഒരുനിമിഷം നിയന്ത്രണം നഷ്ടമായാല്‍ അവിടെ ഒത്തുകൂടുന്ന ബന്ധുക്കളെയും അതു സ്വാധീനിക്കുന്നമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
അത്ഭുതം അനുജന്റെ രൂപത്തില്‍
ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഫാ. പ്രസാദിന്റെ സെമിനാരി പ്രവേശനം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എത്തുമ്പോള്‍ കുട്ടികള്‍ ഭാവിയെ ക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നത് പതിവാണ്. പ്രത്യേകിച്ച് സമര്‍പ്പിതജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ സ്വപ്‌നം മറ്റുള്ളവരില്‍നിന്നും ഒളിച്ചുവയ്ക്കാനാണ് പ്രസാദ് എന്ന കൗമാരക്കാരന്‍ ശ്രമിച്ചത്. അതിന് തക്കതായ കാരണവുമുണ്ടായിരുന്നു. വൈദികനാകാനുള്ള ആഗ്രഹം രണ്ടുമൂന്ന് പേരോട് അവന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അവര്‍ അവനെ നിരുത്സാഹപ്പെടുത്തി. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നമെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ പറയാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു. അപ്പോളവര്‍ മൂന്ന് മക്കളായിരുന്നു. പ്രസാദിന് താഴെയുള്ളത് രണ്ടും പെണ്‍കുട്ടികള്‍. അക്കാലത്ത് ഏകമകനാണെങ്കില്‍ പൊതുവെ സെമിനാരികളില്‍ സ്വീകരിച്ചിരുന്നില്ല.
എന്നാല്‍ തനിക്ക് വൈദികന്‍ ആകണമെന്ന് അവന്‍ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. പ്രാര്‍ത്ഥിച്ചാല്‍ എന്തും ലഭിക്കുമെന്ന ബോധ്യമായിരുന്നു ആ കുഞ്ഞുമനസുനിറയെ. വിശ്വാസികളുടെ പിതാവായ അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയുമൊക്കെ കഥകള്‍ കേട്ടുവളര്‍ന്ന അവനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് ഒന്നും അസാധ്യമായിരുന്നില്ല. പ്രാര്‍ത്ഥനാന്തരീക്ഷം തളംകെട്ടിനിന്നിരുന്ന വീട്ടില്‍ പ്രാര്‍ത്ഥി ച്ചാല്‍ എന്തും ലഭിക്കുമെന്ന ബോധ്യമായിരുന്നു നിറഞ്ഞുനിന്നിരുന്നതും. മറ്റുള്ളവര്‍ പറയുന്നത് സത്യമാണെങ്കിലും ദൈവം തനിക്കുവേണ്ടി ഒരത്ഭുതം പ്രവര്‍ത്തിക്കുമെന്ന് അവന്‍ ഉറച്ചു വിശ്വസിച്ചു. ആ കുഞ്ഞുമനസ് അതിനായി ദാഹിച്ചു.
ദൈവം പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യം. സെമിനാരി പ്രവേശനത്തിനുള്ള നിയമങ്ങളില്‍ പൊളിച്ച് നടത്തിയല്ല എന്നുമാത്രം. അവന്‍ ഒമ്പതാം ക്ലാസില്‍ എത്തിയപ്പോഴേക്കും അവന് ഒരു അനുജന്‍ ജനിച്ചു. അങ്ങനെ സെമിനാരി പ്രവേശനത്തിനുള്ള തടസം ഇല്ലാതായി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍ അമ്മയുടെ അനുജത്തിയോടാണ് സെമിനാരിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചത്. ആന്റി പരിചയക്കാരനായ ഡൊമിനിക്കന്‍ വൈദികനെ ഇക്കാര്യം ഇക്കാര്യം അറിയിച്ചു. അങ്ങനെയാണ് ഡൊമിനിക്കന്‍ സഭയിലേക്കുള്ള വഴിതുറന്നത്.
ഒരു അസാധാരണ സ്വപ്‌നം
പൗരോഹിത്യ സ്വീകരണത്തിനുശേഷം മധ്യപ്രദേശിലെ പച്ച്മാടിയിലേക്കായിരുന്നു സഭ നിയോഗിച്ചത്. മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം ഉന്നതപഠനത്തിനായി റോമിലേക്ക് അയച്ചു. ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് ചെയ്തു. പഠനത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ മംഗലാപുരം സെമിനാരിയില്‍ പോസ്റ്റുലന്റ് മാസ്റ്ററായിട്ടായിരുന്നു ആദ്യ നിയോഗം. അതുകഴിഞ്ഞ് അവിടുത്തെ സുപ്പീരിയറായി നിയമിതനായി. തുടര്‍ന്ന് നാഗ്പൂര്‍ മേജര്‍ സെമിനാരി വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് മാസ്റ്ററായി. അതിനുശേഷം അസമിലെ ഡിഫൂ രൂപതയില്‍ ഇടവക വൈദികനായി. അവിടെനിന്ന് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ സെന്റ് ഡൊമിനിക് ഇടവക വികാരിയായിട്ടാണ് നിയോഗിക്കപ്പെട്ടത്. ആ ശുശ്രൂഷ നിര്‍വഹിക്കുമ്പോഴാണ് ഡൊമിനിക്കന്‍ സഭയുടെ ഇന്ത്യയിലെ പ്രൊവിന്‍ഷ്യലായി തെരഞ്ഞെടുക്കപ്പെടുന്നത്. സെമിനാരികളിലും ഇടവകകളിലും ആയിരിക്കുമ്പോള്‍ അനേകരെ ആശ്വസിപ്പിക്കാനും നേര്‍വഴിയിലേക്ക് ആനയിക്കാനും സാധിച്ചിട്ടുണ്ടെന്ന് ഫാ. പ്രസാദ് പറയുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ കാണാന്‍ കഴിയുന്ന ഹൃദയം രൂപപ്പെട്ടതിന്റെ പിന്നില്‍ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമാണെന്നും ഈ വൈദികന്‍ പറയുന്നു.
പ്രിയപ്പെട്ടവരുടെ വേര്‍പാടിനെ ദൈവകരങ്ങളില്‍ സ്വീകരിക്കാനായെങ്കിലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു വിങ്ങല്‍പോലെ മനസിനെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂര്‍ണമായ വിടുതല്‍ ലഭിച്ചത്. അതിന്റെ പിന്നില്‍ ഒരു ദൈവിക ഇടപെടല്‍ ഉണ്ടായിരുന്നു. സ്വപ്‌നത്തിലൂടെയാണ് ദൈവം സംസാരിച്ചതെന്നുമാത്രം. സ്വപ്‌നങ്ങളിലൂടെ ദൈവം തന്റെ പ്രിയപ്പെട്ടവരോട് സംസാരിച്ച നിരവധി സംഭവങ്ങള്‍ ബൈബിളിലുണ്ട്. സ്വപ്‌നങ്ങള്‍ കാണുന്നത് സാധാരണമാണെങ്കിലും ചില സ്വപ്‌നങ്ങളെ അസാധാരണമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു അനുഭവം ഫാ. പ്രസാദിനുണ്ടായി. ഒരു രാത്രിയില്‍ അദ്ദേഹത്തിന്റെ പിതാവ് സ്വപ്‌നത്തില്‍ വന്നു പറഞ്ഞു, ”നീ പേടിക്കേണ്ട ഞാന്‍ കൂടെയുണ്ട്.” ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ സ്വപ്‌നത്തിന്റെ മാധുര്യം കുറഞ്ഞില്ലെന്നു മാത്രമല്ല പുതിയ കരുത്തു പകരുന്ന അനുഭവമായി വളരാനും തുടങ്ങി. മനസിനെ ഭാരപ്പെടുത്തിയിരുന്ന ഓര്‍മകളില്‍നിന്നും പൂര്‍ണ വിടുതല്‍ ലഭിച്ചതായും ഫാ. പ്രസാദ് തിരിച്ചറിഞ്ഞു. സ്വപ്‌നത്തിലൂടെ ദൈവം തന്നോട് സംസാരിക്കുകയായിരുന്നു എന്നാണ് ഫാ. പ്രസാദ് വിശ്വസിക്കുന്നത്.
ഇത് പറയുമ്പോള്‍ ഫാ. പ്രസാദിന്റെ മുഖഭാവം വായിച്ചെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഒന്നുറപ്പിക്കാം, ആ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നത് സ്വര്‍ഗത്തിലെ പിതാവിനെ മുഖത്താണ്. കനല്‍വഴികള്‍ താണ്ടിയ ഈ വൈദികന്റെ അനുഭവങ്ങള്‍ വിശ്വാസിയെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുമ്പോള്‍ അവിശ്വാസിയുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ മുളപ്പിക്കുമെന്നതില്‍ സംശയമില്ല.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഓര്‍മകളുറങ്ങുന്ന ആ ഭൂമി വേലികെട്ടിത്തിരിച്ച് സ്മൃതിമണ്ഡപം കണക്കെ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ എല്ലാ വര്‍ഷവും ഫാ. പ്രസാദ് അവിടേക്ക് പോകും. സഹോദരങ്ങളുടെ കളിചിരികളും മാതാപിതാക്കളുടെ വിയര്‍പ്പും വീണ ആ മണ്ണില്‍ നില്‍ക്കുമ്പോള്‍ വലിയ കരുത്ത് അനുഭവപ്പെടും. ഒരിക്കല്‍ അവിടെനിന്ന് ഉയര്‍ന്നിരുന്ന പ്രാര്‍ത്ഥനകളുടെ സുഗന്ധമാകാം ആ അന്തരീക്ഷത്തിന് ഇപ്പോഴും കുളിര്‍മപകരുന്നത്.
ജോസഫ് മൈക്കിള്‍
josephmichael71@gmail.com
കടപ്പാട് ;സൺഡേ ശാലോം