ഓർമ്മകളിൽ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത ഒരു പകലായിരുന്നു അത്. കിഴക്ക് വെള്ള കീറിയപ്പോൾ പോയ പോക്കാണ് തിരുവല്ലയ്ക്ക്. മടങ്ങിയെത്തിയപ്പോൾ ഇരുട്ടു വീണു കഴിഞ്ഞിരുന്നു. തലേദിനങ്ങളിലെ തിരക്കുകളുടെ തുടർച്ചയെന്നവണ്ണം സംഭവിച്ച ആ നീണ്ടയാത്ര ശരീരത്തെ അത്രമേൽ ദുർബലമാക്കിയിരുന്നെങ്കിലും ആ രാത്രിയിൽ ഉറക്കം എന്നോടു പിണങ്ങിയും പിരിഞ്ഞും നിന്നു. കനംതൂങ്ങിയ കൺപോളകൾ ബലമായടച്ചിട്ടും മുന്നിലെ കാഴ്ചകൾ മായുന്നുണ്ടായിരുന്നില്ല. കാതുകൾ ബലമായി പൂട്ടിയിട്ടും കേട്ടുകൊണ്ടിരുന്ന ചില നിലവിളികൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല.

തിരുവല്ലായിലെ കുന്നന്താനമെന്നൊരു നാട്ടിൻപുറത്തേക്കായിരുന്നു അന്നത്തെ യാത്ര. ‘ദൈവപരിപാലനയുടെ സഹോദരിമാർ’ എന്നു പേരുള്ള ഒരു കൂട്ടം ക്രിസ്തുവിന്റെ മണവാട്ടിമാരുടെ വീട്ടിലേക്ക്. ‘ദൈവപരിപാലനാ ഭവൻ’ എന്നു പേരിട്ട ആ വീട്ടിൽ ജീവിതത്തിലൊരിക്കലെങ്കിലും നിങ്ങൾ ഒന്നു പോകണം. ദൈവസ്നേഹം ചില മനുഷ്യരെ ചിലതൊക്കെ ചെയ്യാൻ നിർബന്ധിക്കുന്നത് നിങ്ങൾക്കവിടെ കാണാം! ഞാനുറപ്പു തരുന്നു, നിങ്ങൾ മടങ്ങിപ്പോകുന്നത് കുറച്ചു കൂടി മെച്ചപ്പെട്ട ഒരു മനുഷ്യനായിട്ടായിരിക്കും.ശരീരത്തിനും മനസ്സിനും ബാധിച്ച ചില ദൗർബല്യങ്ങളുടെ പേരിൽ, ഈ മണ്ണിന്റെ ചില ആനന്ദങ്ങളും അവകാശങ്ങളും പരിഗണനയും സ്നേഹവും പ്രിയപ്പെട്ടവരാൽ നിഷേധിക്കപ്പെട്ട ഇരുനൂറോളം മനുഷ്യാത്മാക്കൾ വീടാണത്! ജീവിക്കുന്ന വിശുദ്ധരായ ആ മനുഷ്യർ, തങ്ങളുടെ ജീവിതം പരാതികളും പരിഭവങ്ങളുമില്ലാതെ ആഘോഷിക്കുന്നത് കൺനിറയെ നിങ്ങൾക്കവിടെ കാണാം!

യഥാർത്ഥ ആനന്ദം കൈക്കുടന്ന നിറയെ കോരിയെടുത്ത് ഹൃദയത്തോട് ചേർത്തു വയ്ക്കാനാവുന്ന സ്വർഗ്ഗരാജ്യത്തിന്റെ ഒരേട്! ആകാശങ്ങളിൽ നിന്ന് ഭൂമിയിലേക്ക് അടർന്നു വീണ ഒരു നുള്ളു സ്വർഗ്ഗം!പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുള്ള, ഭിന്നശേഷിക്കാരും മാനസിക ബലം കുറഞ്ഞവരുമായ, ഇരുനൂറോളം ജീവിതങ്ങൾ ഒരു കൂട്ടം സന്യാസിനീ സഹോദരിമാരുടെ സ്നേഹവാത്സല്യങ്ങളുടെ തണലിൽ സന്തോഷത്തോടെ കഴിയുന്ന ദൈവപരിപാലനയുടെ ആ ഭവനത്തിലാണ് ഞാൻ ഗ്രേസിയെ ആദ്യമായി കണ്ടത്. “ഗ്രേസീ… ഇതാരൊക്കെയാ വന്നിരിക്കുന്നേന്ന് നോക്ക്.” പരിപാലനാ ഭവനത്തിലെ അമ്മയായ മേരി ലിറ്റി, ഗ്രേസിയെ തൊട്ടുവിളിച്ചു.ഗ്രേസി തലയുയർത്തി നോക്കി. വന്നിരിക്കുന്നത് അച്ചൻമാരാണെന്ന് തന്റെ പരിമിതമായ ബുദ്ധിയിൽ കണക്കുകൂട്ടിയെടുത്തപ്പോൾ അവൾ പുഞ്ചിരിച്ചു. ആ മിഴികൾ സന്തോഷം കൊണ്ടു വിടർന്നു.

“ഈ…ശോ… മി…ശി…ഹാ…യ്ക്ക്… സ്…തു…തി…യാ…യി…രി…ക്ക…ട്ടെ.” തന്റെ എല്ലാ ദൗർബല്യങ്ങളും അതിജീവിച്ച് അവൾ പറയാൻ ശ്രമിച്ച അഭിവാദനം ചില ശബ്ദങ്ങളിൽ മാത്രമായി കുരുങ്ങി നിന്നു. “സ്വന്തം സഹോദരൻ അവളെ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിച്ചിടത്തു നിന്നാണ് ഗ്രേസിയെ ഞങ്ങൾക്കു കിട്ടിയത്.” മദർ മേരി ലിറ്റി ഗ്രേസിയുടെ ദുരന്തകഥ ഒറ്റ വാചകത്തിൽ പറഞ്ഞു നിർത്തി.”ഗ്രേസീ… അച്ചൻമാർക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കാവോ?” മദർ ചോദിച്ചു തീരും മുമ്പേ അവൾ ഒരു പ്രാർത്ഥന ചൊല്ലിത്തുടങ്ങി. ഞാനന്നു വരെ കേട്ടിട്ടില്ലാത്ത ഒരു പ്രാർത്ഥന!അവൾക്കറിയാവുന്ന രീതിയിൽ കരങ്ങൾ കൂപ്പി, ഉച്ചത്തിൽ അവൾ ചൊല്ലിത്തുടങ്ങി. വാക്കുകളോ വ്യാകരണമോ വഴി മുടക്കാത്ത, ഈണമോ താളമോ അതിരിടാത്ത, അവ്യക്തമായ കുറെ ചിലമ്പിച്ച ശബ്ദങ്ങളുടെ നേരുള്ള സമർപ്പണമായിരുന്നു ആ പ്രാർത്ഥന. ഈ ഭൂമിയിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ, ഹൃദയം കീറിമുറിച്ച ഒരാത്മരോദനം!

ഞങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ലെങ്കിലും അവൾക്കും ദൈവത്തിനും മാത്രമറിയാവുന്ന ഏതൊക്കെയോ ശബ്ദങ്ങളിൽ, മാലാഖമാരുടേതെന്ന പോലെ ഏതോ ഭാഷയിൽ, ഉച്ചത്തിൽ അവൾ ദൈവത്തിന്റെ ഹൃദയത്തെ ഉണർത്തിക്കൊണ്ടിരുന്നു. മുറിയിലുണ്ടായിരുന്ന അവളുടെ കൂട്ടുകാരെല്ലാം എഴുനേറ്റുനിന്നും കൈവിരിച്ചു പിടിച്ചും കണ്ണുകളടച്ചും ആ പ്രാർത്ഥനയോടു ചേർന്നു.നിഷ്ക്കളങ്കമായ ആ കൂട്ടനിലവിളിയുടെ പ്രതിരോധിക്കാനാവാത്ത ശക്തിയിൽ സ്വർഗ്ഗം ചായിച്ച് ദൈവം ഭൂമിയിലേക്കിറങ്ങി വരുന്നത് ഞാൻ കണ്ടു. സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു താണു കിടന്ന ഗോവണിയിലൂടെ മാലാഖമാർ മനുഷ്യപുത്രരുടെ മേൽ തിടുക്കത്തിൽ ഇറങ്ങി വരുന്നതും ഞാൻ കണ്ടു.സ്വർഗ്ഗം കുന്നന്താനത്തെ ഒരു കൊച്ചുവീടിനോടും മനസ്സുറയ്ക്കാത്ത ഒരു കൊച്ചു പെൺകുട്ടിയുടെ ആത്മാർത്ഥതയുള്ള ഹൃദയ ദൗർബല്യങ്ങളോടും അലിവോടെ തോറ്റു കൊടുത്ത നിമിഷങ്ങൾ!

അധികനേരം ആ മന്ത്രണം കേട്ടു നിൽക്കാൻ എനിക്കായില്ല. ഹൃദയം വല്ലാതെ ഭാരപ്പെടുന്നതും കൈകാലുകൾ വിറയ്ക്കുന്നതും ഞാനറിഞ്ഞു. എന്നും ബുദ്ധികൊണ്ടു മാത്രം ദൈവത്തോടുള്ള ബന്ധത്തിന്റെ ആഴമളക്കാൻ ശ്രമിച്ചിട്ടുള്ള എന്റെ ഭോഷത്തങ്ങളെയോർത്തു പരിതപിച്ച്, വാക്കുകൾ കിട്ടാതെ ഞാൻ നിന്നു. പെയ്യാൻ വെമ്പുന്ന ഒരാകാശം പോലെ ഹൃദയം ഒരു കണ്ണീർപ്പെയ്ത്തിനു കാത്തുനിന്നു.രണ്ടു മൂന്നു മിനിറ്റിൽ ആ പ്രാർത്ഥന അവസാനിച്ചെങ്കിലും ഒരായുഷ്കാലം മുഴുവൻ ആത്മാവിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന ചൈതന്യമായി ആ ഓർമകൾ ഉള്ളിലേക്കു ചേക്കേറി. എന്തൊരു പ്രാർത്ഥനയായിരുന്നു അത്! ഒരുപക്ഷേ ഇതായിരിക്കുമോ ദൈവത്തിന്റെ ഭാഷ!

ദൈവത്തിന്റെ മടിയിലിരിക്കുന്ന പൈതലിന്റേതെന്ന പോലെ കൃപ നിറയുന്ന പുഞ്ചിരിയോടെ, പ്രാർത്ഥന കഴിഞ്ഞ് സ്തുതി നൽകാൻ അവൾ കരങ്ങൾ നീട്ടി. ദൈവത്തെ തൊട്ട അവളുടെ വിരലുകളിൽ തൊടാൻ സത്യമായും എനിക്കു ഭയം തോന്നി. ഉള്ളിലടക്കിപ്പിടിച്ച ഒരു തേങ്ങലോടെ യാത്ര പറഞ്ഞ് പുറത്തേക്കു നടക്കുമ്പോൾ വീണ്ടും വരില്ലേയെന്ന മിഴി നിറഞ്ഞ ചോദ്യവുമായി പിന്നിൽ അവർ കരങ്ങൾ വീശി. പ്രതീക്ഷ നിറയുന്ന കണ്ണുകളുമായി ഗ്രേസിയും കൂട്ടുകാരും അവരുടെ കന്യാസ്ത്രീയമ്മമാരും പുഞ്ചിരിച്ചു നിൽക്കുന്ന ആ വീടിന്റെ പൂമുഖത്തേക്ക് ഒരിക്കൽ കൂടി നോക്കാൻ എനിക്കു ധൈര്യമുണ്ടായില്ല! നോക്കിയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ വാവിട്ടു കരഞ്ഞേനേ!

NB: ഗ്രേസിയെ ഗ്രേസിയാക്കിയത് അവിടെയുള്ള സന്യാസിനിയമ്മമാരാണ്. ഗ്രേസിയെ മാത്രമല്ല, ഇതുപോലെ എണ്ണിയാൽ തീരാത്ത മനുഷ്യരെ! ദൈവസ്നേഹത്താൽ നിർബന്ധിക്കപ്പെട്ട്, ഒരായുസ്സിന്റെ നല്ല കാലം മുഴുവൻ ഇങ്ങനെയുള്ള മനുഷ്യർക്കു വേണ്ടി എരിഞ്ഞു തീരാൻ ജീവിതം കൊടുത്ത ആയിരക്കണക്കിനു സന്യാസിനിമാരുള്ള നാടാണിത്! സമൂഹം വലിച്ചെറിഞ്ഞു കളഞ്ഞ നിരാലംബരായ എത്രയോ മനുഷ്യരെയാണ് ദുർഗന്ധം വമിക്കുന്ന അഴുക്കു ചാലുകളിൽ നിന്ന്, സ്നേഹം കൊണ്ടു കഴുകി അവർ വാരിയെടുത്തിട്ടുള്ളത്! മനുഷ്യന്റെ അന്തസ്സിൽ ജീവിക്കാനും മരിക്കാനും പ്രാപ്തരാക്കിയത്! ഒരു നന്ദിയും പറയേണ്ടതില്ല. ഒന്നും ആഗ്രഹിക്കുന്നുമില്ല. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നുകൂടേ. പൊതു സമൂഹത്തിൽ അവർ ആത്മാഭിമാനത്തോടെ ജീവിക്കട്ടെ. പൊതുനിരത്തുകളിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കട്ടെ! ബോധ്യങ്ങൾക്കനുസരിച്ച് അവർ അവരുടെ ജീവിതം ജീവിക്കട്ടെ! എന്തിനാണു നിങ്ങൾ അവരെ ഭയക്കുന്നത്? ഇത്ര കെട്ടുപോയ ഒരു സംസ്കാരമാണോ ഭാരത ജനത അർഹിക്കുന്നത്!

Sheen Palakkuzhy

Catholic Priest