Press Release 23-01-2025
EKM/PRO/2025/03
തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ
ചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും
കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായരെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളുമായും കണ്ട് ചർച്ചകൾ നടത്തിവരികയാണ്. അഭിവന്ദ്യ പിതാവുമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും താല്പര്യമുള്ളവർക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുൻകൂട്ടി സമയം ചോദിക്കാവുന്നതാണ്.
കഴിഞ്ഞ ദിവങ്ങളിൽ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി നടത്തിയ ചർച്ചകൾക്കു-ശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണ പരത്തുന്നവിധം ചിലവിഷയങ്ങളിൽ ധാരണയായെന്നു പ്രസ്താവി¬ക്കുക¬യുണ്ടായി. ഇപ്പോൾ നടക്കുന്ന ചർച്ചകൾ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുന്നതിനും പരസ്പരവിശ്വാസം വളർത്തുന്നതിനും മുറിവുകൾ ഉണക്കുന്നതിനും വേണ്ടിയാണ്. ചർച്ചകളുടെ വെളിച്ചത്തിൽ ആവശ്യമായ തീരുമാനങ്ങൾ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പുമായി ആലോചിച്ചതിനുശേഷം മാത്രം അറിയിക്കുന്നതാണ് എന്ന നിലപാട് അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തുടക്കംമുതൽ എല്ലാവരേയും അറിയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇത്തരം പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണപരത്തുന്നതിനും ചർച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിക്കുന്നത് നിലപാടുകളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
വിവിധതലങ്ങളിലെ ചർച്ചകൾക്കുശേഷം അതിരൂപതയ്ക്കു നന്മയാകുന്ന തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്നതിനാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കാതെ അനവസരത്തിലുള്ള പത്രപ്രസ്താവനകളോ പത്രസമ്മേളനങ്ങളോ സോഷ്യൽ മീഡിയവഴിയുള്ള പ്രചരണങ്ങളോ ആരും നടത്തരുത്. അതിരൂപതാ പി.ആർ.ഒ. നല്കുന്നതായിരിക്കും അതിരൂപതയുടെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും.
കൂരിയ ഉൾപ്പെടെ കാനോനികസമിതികളുടെ പുനഃസംഘടന സമയബന്ധിതമായി നടത്തും എന്ന പിതാവിന്റെ അറിയിപ്പ് തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം ചിലർ ഉപയോഗിച്ചിട്ടുണ്ട്. മേജർ ആർച്ചുബിഷപ്പിന്റെ സുചിന്തിതമായ സമ്മതം ആവശ്യമുള്ള ഇത്തരം കാര്യങ്ങൾ ഉചിതമായ വേദികളിൽ ചർച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കു¬ന്നതാണ്.
അതിരൂപതയിലെ ഏതാനും വൈദികർക്കെതിരെ സ്വീകരിച്ചിട്ടുള്ള കാനോനിക നടപടികളുടെ സ്വഭാവവും സാഹചര്യവും പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പിതാവ് ഇക്കാര്യത്തിൽ അറിയിച്ചിട്ടുള്ളത്. ഒരു നടപടിയും പിൻവലിച്ചതായി പിതാവ് അറിയിച്ചിട്ടില്ല. ഇതിനോടകം കാനോനികനടപടികൾ ആരംഭിച്ചവരുടെ കാര്യത്തിൽ, അവർക്കു നല്കിയിട്ടുള്ള ഉത്തരവിലും കാരണം കാണിക്കൽ നോട്ടീസിലും ആവശ്യപ്പെട്ടിട്ടുള്ള പ്രകാരം ബന്ധപ്പെട്ടവർ പ്രവർത്തിക്കേണ്ടതാണ്. ഇതുവരെ മറുപടി അയച്ചിട്ടില്ലാത്തവർ ഇന്നുമുതൽ ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടിനല്കേണ്ടതാണെന്ന് അഭിവന്ദ്യ പിതാവ് അറിയിക്കുന്നു.
പ്രസ്തുത വൈദികരുടെ സഹകരണത്തോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചതിനുശേഷംമാത്രമേ ശിക്ഷണനടപടികളിൽ ഒഴിവുനല്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ കഴിയൂ. വൈദികരുടെ പൂർണസഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. ശിക്ഷണനടപടികൾക്ക് വിധേയരായിട്ടുള്ള വൈദികർ തെറ്റിന്റെ ഗൗരവം വർധിപ്പിക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുർബാനയർപ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാനുകരണങ്ങളും പരികർമംചെയ്യുന്നതിനോ മുതിരരുത്.
സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു സഭാസംവിധാനങ്ങളും അതിരൂപതാസ്ഥാപനങ്ങളും ഉപയോഗിക്കരുത് എന്ന് നേരത്തെതന്നെ നല്കിയിട്ടുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് വൈദികർ ഉറപ്പാക്കേണ്ടതാണ്.
വൈദികർക്കും സമർപ്പിതർക്കും അത്മായർക്കും ഔദ്യോഗികാവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും അരമനയിൽ വരുന്നതിനും ഓഫീസ് സംബന്ധമായ കാര്യങ്ങൾ നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കും. പിതാവിനെ കാണണമെന്നുള്ളവർ സമയം മുൻകൂട്ടി സെക്രട്ടറി അച്ചന്റെ പക്കൽനിന്ന് വാങ്ങാവുന്നതാണ്.
അതിരൂപതക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ നിർദേശപ്രകാരം ബന്ധപ്പെട്ട എല്ലാവരുടേയും അറിവിലേക്കായി നൽകുന്നത്.
ഫാ. ജോഷി പുതുവ
പബ്ലിക് റിലേഷന്‍സ് ഓഫീസർ,
എറണാകുളം-അങ്കമാലി അതിരൂപത