*ഉള്ളു നിറഞ്ഞൊരു സിനിമ*

കറി & സയനൈഡ് എന്നുള്ള ഒരൊറ്റ ഡോക്യുമെൻററികൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംരംഭമാണ് ‘ഉള്ളൊഴുക്ക്’.

തികച്ചും കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ട് കുടുംബങ്ങളുടെ, അതിലുപരി രണ്ട് സ്ത്രീകളുടെ ജീവിതങ്ങളെ, അവരുടെ മാനസിക സംഘർഷങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന ഒരു ചെറിയ ചിത്രം. 2018ൽ ‘സിനിസ്ഥാൻ’, ഓൾ ഇന്ത്യ തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ തിരക്കഥ എന്നുള്ള വിശേഷണം ശരിവക്കുന്ന രീതിയിലുള്ള കഥാരചനയും ഒപ്പം

ആർട്ട് വർക്കും, എഡിറ്റിങ്ങും, പശ്ചാത്തല സംഗീതവും എല്ലാം ഒന്നിനൊന്ന് മികച്ചതായി നിൽക്കുമ്പോൾ തന്നെ ഈ ചിത്രം പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത് അതിലെ കഥാപാത്രങ്ങളുടെ അഭിനയമുഹൂർത്തങ്ങളുടെ മികവു കൊണ്ടു തന്നെയാണ്. അഭിനയേതാക്കൾ ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന റോൾ ഭാഗിയായി കൈകാര്യം ചെയ്യുമ്പോൾ തന്നെ അമ്മയായ ലീലാമ്മയായി ഊർവശിയും മരുമകളായ അഞ്ചുവായി പാർവതി തിരോവത്തും കാഴ്ച്ച വയ്ക്കുന്ന പ്രകടനം എടുത്തു പറയേണ്ടതാണ്. അവർ ഇരുവരും മത്സരിച്ചു അഭിനയിക്കുന്നുവെങ്കിലും അതിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ എക്കാലത്തെയും ആ പ്രിയ നടി തന്നെയാണ് എന്ന് നിസംശയം പറയാം. സ്ത്രീ മനസിലെ എത്ര വ്യത്യസ്തമായ ഭാവങ്ങളാണ് തികഞ്ഞ തന്മയത്തോടെ ഊർവശി കൈകാര്യം ചെയ്യുന്നത്..!!!

സവിശേഷതകളേറെയുണ്ടെകിലും സിനിമ പങ്കുവെക്കുന്ന ഇമോഷൻസാണ് എന്നെപോലെയുള്ള പ്രേക്ഷകരെ സിനിമയുമായി connected ആക്കുന്നത്.

കുടുംബങ്ങൾക്കുള്ളിലെ രഹസ്യങ്ങളും ,

ബന്ധങ്ങളിലെ സ്വാർത്ഥതയും,

ഒറ്റപ്പെടലിന്റെ സങ്കടങ്ങളും ,

രോഗത്തിന്റെ കാഠിന്യവും, പ്രണയത്തിന്റെ തീവ്രതയും , ഒപ്പം മനുഷ്യമനസ്സുകളിലുള്ള നന്മയും തിന്മയുമൊക്കെ വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ ചിത്രം വിജയിക്കുന്നുണ്ട്.

പടം കണ്ടിറങ്ങുമ്പോൾ ഇതിൽ ആരാണ് ശരി ആരാണ് തെറ്റ് എന്ന് തീർച്ചപ്പെടുത്താൻ ആകാത്തവിധം ആരുടെയും പക്ഷം ചേരാനാകാതെ നിൽക്കേണ്ടി വരുന്നിടത്താണ് ചിത്രത്തിന്റെ തിരക്കഥ യുടെ കരുത്ത് നാം കാണുന്നത്. അഥവാ ശരി ആര് , തെറ്റ് ആര് എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ഇതിൽ ഏതു കഥാപാത്രത്തിന്റെ കണ്ണിലൂടെ ഈ ചിത്രത്തെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

തങ്ങളുടെ തീരുമാനങ്ങളെ , അത് ശരിയായാലും തെറ്റായാലും അതിനെ ന്യായീകരിക്കുന്ന വാദഗതികൾ ചിത്രത്തിലെ ഒരോ കഥാപാത്രവും ഉയർത്തുമ്പോൾ ഇതിൽ ആരുടെ പക്ഷം പിടിക്കണം എന്നറിയാതെ പ്രേക്ഷകർ കുഴങ്ങുന്നു എന്നതാണ് സത്യം.

മനുഷ്യന്റെ വ്യത്യസ്ത തീരുമാനങ്ങൾ , ആ തീരുമാനങ്ങൾ എടുക്കാൻ അവരെ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ , വ്യക്തി ബന്ധങ്ങളിലെ സ്വാർത്ഥത, വ്യർത്ഥമായ കുടുംബ മഹിമ, മറ്റുള്ളവർക്ക് മുന്നിൽ മറച്ചു പിടിക്കേണ്ടി വരുന്ന പൊയ് മുഖങ്ങൾ , പ്രകൃതിക്ക് മുൻപിലുള്ള മനുഷ്യൻറെ നിസ്സഹായത എന്നിങ്ങനെ മനുഷ്യന്റെ വ്യത്യസ്തമായ ജീവിത സ്വഭാവ സാഹചര്യങ്ങളെല്ലാം തന്നെ സംവിധായകൻ വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്..

ഒരുതരത്തിൽ പറഞ്ഞാൽ രണ്ട് സ്ത്രീകൾ പരസ്പരം നടത്തുന്ന ചതിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും അവരുടെ

തീരുമാനങ്ങളുടെ പിന്നിലുള്ള നിസ്സഹായതയും അത് പരസ്പരം ഏറ്റുപറയുമ്പോൾ ഉണ്ടാകുന്ന മാനസിക സ്വാതന്ത്ര്യവും ഒടുവിൽ പരസ്പരം ക്ഷമിക്കാൻ കാണിക്കുന്ന ഹൃദയ വിശാലതയും സിനിമയെ ഹൃദയസ്പർശിയാക്കി മാറ്റുന്നു .

കഥാപാത്രങ്ങൾ ഓരോരുത്തർക്കും നല്ലതും ചീത്തയുമായ ഒരു ഷെയ്ഡ് കൊണ്ടുവരുവാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട് . അതിലെനിക്ക് ഏറെ പ്രിയം തോന്നിയത് സിസ്റ്റർ ആന്റിയുടെ കഥാപാത്രം തന്നെയാണ്. ഏറെ കാലത്തിനുശേഷം ക്രൈസ്തവ സന്യാസത്തെ കുറെ കൂടി ഭംഗിയായിട്ട് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നൊരു സന്തോഷവും മനസിലുണ്ട്. കുടുംബം ഉള്ളവരും ഇല്ലാത്തവരും അടിസ്ഥാനപരമായി ഒറ്റയ്ക്കാണ് എന്ന് ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വക്കുന്നത് ആ ജീവിതത്തിന്റെ മേന്മ തന്നെയാണ് അതു സൂചിപ്പിക്കുന്നത്.

“ഞാൻ പൊറത്തു….. എന്നോടും പൊറുക്കണം…” എന്ന് ചെവിയിൽ മന്ത്രിച്ചു കൊണ്ടാണ് അഞ്ചു, തോമസിന്റെ ദേഹത്തിന് മുത്തം കൊടുക്കുന്നത്. പരസ്പരം പൊറുക്കാനും ക്ഷമിക്കാനും വിട്ടുകൊടുക്കാനും പഠിക്കുമ്പോഴാണ് നമ്മളൊക്കെ യഥാർത്ഥ മനുഷ്യരായി മാറുന്നത് എന്ന സത്യം കൂടിചിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്….

ഫാ. നൗജിൻ വിതയത്തിൽ

ഇരിങ്ങാലക്കുട രൂപത

നിങ്ങൾ വിട്ടുപോയത്