ആലുവ. മുൻ റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കലിന് ഊഷ്മളമായ യാത്രയയയ്പു നല്കി കാർമൽഗിരി സെമിനാരി. ഇരുപത്തേഴു വർഷം ആത്മീയ പിതാവ്, ആനിമേറ്റർ, അധ്യാപകൻ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട്, പ്രൊക്കുറേറ്റർ, ലൈബ്രേറിയൻ, റെക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ വൈദികപരിശീലനതപസ്യ പൂർത്തിയാക്കിയതിനു ശേഷമാണ് ചാക്കോച്ചൻ ഈ വൈദികകലാലയം വിടുന്നത്.

നൂറോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം മലയാളത്തിൽ ആദ്യമായി പുതിയ നിയമത്തിൻ്റെ ബൈബിൾ പദകോശവും ഇൻ്റർ ലിനെയാർ ബൈബിളും സൂചികാബൈബിളും തയ്യാറാക്കിയ ബൈബിൾ പണ്ഡിതനാണ്. സെലസ്റ്റ്യൽ പബ്ലിക്കേഷൻസ് എന്ന തൻ്റെ പ്രസാധന സംരംഭത്തിലൂടെയും കെആർഎൽസിസിക്കു വേണ്ടി രൂപം കൊടുത്ത അയിൻ പബ്ലിക്കേഷൻസിലൂടെയും അമ്പതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിഡൻ്റായിരിക്കേ, അല്മായർക്കായുള്ള ദൈവശാസ്ത്ര പഠനപദ്ധതിയുടെ ഭാഗമായി മുപ്പത്തഞ്ചോളം പുസ്തകങ്ങൾ പുറത്തിറക്കുന്നതിന് മുൻകൈയെടുത്തതും കാർമൽഗിരി റിസർച്ച് സെൻ്റർ പുറത്തിറക്കിയ ഇരുപത്തഞ്ച് ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന ലത്തീൻസഭാ വിജ്ഞാനകോശം വിഭാവനം ചെയ്തതും അദ്ദേഹമാണ്. കാർമൽഗിരി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാർമൽഗിരി മ്യൂസിയം, ആർച്ചുബിഷപ്പ് ദാനിയേൽ അച്ചാരുപറമ്പിൽ സ്മാരക ലൈബ്രറി എന്നിവ അദ്ദേഹത്തിൻ്റെ മാനസസന്തതികളാണ്.

നൂറുകണക്കിന് വൈദിക വിദ്യാർത്ഥികളെ അവരുടെ താലന്തുകൾ തിരിച്ചറിഞ്ഞ് വ്യക്തിപരമായി പ്രോത്സാഹിപ്പിക്കാനും വളർത്താനും നിതാന്തശ്രദ്ധ പുലർത്തിയ നലം തികഞ്ഞ പരിശീലകനും വിജയപുരം രൂപതാംഗവുമായ ഫാ. ചാക്കോ പുത്തൻപുരയ്ക്കൽ തെള്ളകം ഇടവക വികാരിയായിട്ടാണ് നിയമിതനായിരിക്കുന്നത്. വിശ്വാസീസമൂഹത്തിന് സമഗ്രപുരോഗതി സമ്മാനിക്കാൻ കഴിവുള്ള ഇടയനാണ് ചാക്കോച്ചൻ. അച്ചന് എല്ലാ വിജയാശംസകളും നേരുന്നു.