അത് കിഴക്കൻ സഭകളിലും ഇല്ലേ ?
ഈസ്റ്റേൺ സഭകളിലെ പല വിശ്വാസികളും ഇന്ന് പുതു ഞായർ ആചരിക്കുകയാണ്. പല വിശ്വാസികളും പുതു ഞായറിന്റെ പ്രസക്തി നഷ്ടപ്പെടുത്തരുത് എന്ന നിർദേശം ഉൾക്കൊണ്ടു തന്നെ സഭാധികാരികളോട് ചേർന്ന് ഒരേ സമയം ദൈവ കരുണയുടെ തിരുനാളും കൊണ്ടാടുന്നു. അതിനിടയിൽ ഇതര സഭാ സ്വാധീന വലയത്തിൽ പെട്ടുപോകുന്ന ചിലർ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കാനായി കൃത്യമായ അവസരം നോക്കി തൊടുത്തുവിട്ട ഒരു കുറിപ്പ് ദൃഷ്ടിയിൽ പെട്ടു. പുതു ഞായറിനോടുള്ള സ്നേഹമല്ല പകരം ദൈവ കരുണ അന്വേഷിക്കുന്ന കത്തോലിക്കാരോടുള്ള ആശയപരമായ ഭിന്നത വെളിപ്പെടുത്താനായിരുന്നു ആ കുറിപ്പ് എന്ന് പെട്ടെന്ന് മനസിലാക്കാൻ പറ്റി.
ദൈവ കരുണ തേടൽ വെറും പടിഞ്ഞാറിന്റെ ആത്മീയതയോ ?
അതി വിശുദ്ധമായ ജീവിതം നയിച്ച കിഴക്കിന്റെ സന്യാസിമാരിൽ ഒരാൾ എഴുതിയ ഒരു പുസ്തകമുണ്ട്. ആദ്യ നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ആ പുസ്തകം കിഴക്കൻ സന്യാസിമാരിയുടെ ആത്മീയതയെ മനോഹരമായി വിവരിക്കുന്നു. ഒരു സാധകന്റെ സഞ്ചാരം എന്നാണ് ആ പുസ്തകത്തിന്റെ പേര്. പുതിയ നിയമത്തിൽ നിന്നുള്ള “യേശുവേ ദാവീദിന്റെ പുത്രാ പാപിയായ എന്റെമേൽ കരുണയായിരിക്കണമേ ” എന്ന പ്രാർത്ഥനാ വചനം ആയിരക്കണക്കിന് തവണ ദിവസവും ഉരുവിട്ട് വിശുദ്ധനായി തീർന്ന ഒരു കിഴക്കൻ സന്യാസിയുടെ കഥയാണ് ആ പുസ്തകം വിവരിക്കുന്നത്.
കരുണയുടെ ജപമാലയിൽ ഉപയോഗിക്കുന്ന പരിശുദ്ധനായ ദൈവമേ എന്ന പ്രാർത്ഥന കിഴക്കിന്റെ മഹത്തായ പാരമ്പര്യം ഏറെ വിലമതിച്ച പ്രാർത്ഥനയാണ്. ട്രീസാഗിയോൻ (Thrice Holy ) എന്നറിയപ്പെടുന്ന ആ പ്രാർത്ഥന Hágios Ho Theós, Hágios Iskhūrós, Hágios āthánatos, eléēson Hēmâs. എന്നാണ് ഗ്രീക്കിൽ ചൊല്ലുക.
കോൺസ്റ്റാന്റിനോപ്പിളിൽ ഒരു ഭൂകമ്പമുണ്ടായപ്പോൾ ഒരു വിശുദ്ധ ബാലൻ മുകളിലേക്ക് ഉയർത്തപ്പെടും സ്വയം പ്രേരിതമായി ഈ പ്രാർത്ഥന പ്രാർത്ഥിച്ച ശേഷം താഴേക്ക് പതിക്കുകയും സ്വർഗത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്തു എന്നൊരു പാരമ്പര്യമുണ്ട്. യേശുവിനെ മരിച്ചടക്കുമ്പോൾ അരമതിയാക്കാരൻ ജോസേഫിനോടൊപ്പം ഉണ്ടായിരുന്ന നിക്കൊദേമൂസിനു ഒരു വെളിപാടുണ്ടായെന്നും അപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞതാണ് ഈ പ്രാർത്ഥന എന്നും വിശ്വസിക്കുന്ന കിഴക്കൻ സഭകൾ ഉണ്ട്.
വിശുദ്ധ ഗ്രൻഥത്തിൽ അധിഷ്ഠിതവും കിഴക്കും പടിഞ്ഞാറുമുള്ള സന്യാസി വര്യന്മാർ ആദിമ നൂറ്റാണ്ടിൽ ഏറെ ഉപയോഗിച്ച് വിശുദ്ധിയിൽ വളർന്നതുമായ ദൈവ കരുണയുടെ ഭക്തി വീണ്ടെടുത്ത് നമ്മുടെ ശ്രദ്ധയിൽ പെടുത്താനാണ് ഫൗസ്തീനാമ്മയെ ദൈവം ഉപയോഗിച്ചത് എന്ന് വേണം നമ്മൾ മനസിലാക്കാൻ.
പുതിയ നിയമത്തിലെ ദൈവ കരുണ
ഒരു വിശ്വാസിയായാൽ എന്നെന്നേക്കുമായി കരുണ കിട്ടി ജീവിതത്തിൽ പിന്നെ എന്ത് ചെയ്താലും കരുണ തേടേണ്ട എന്നൊക്കെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നവർ കല്ലുകൾ അപ്പമാക്കാൻ പറഞ്ഞവന്റെ വചന ഭാഷ്യം സ്വീകരിക്കുന്നു. ശുദ്ധീകരണ സ്ഥലം പോലുള്ള ദൈവ ശാസ്ത്രങ്ങളിൽ വിശ്വാസമില്ലാത്തവർക്കു മാത്രമേ ഇതൊക്കെ വാദിക്കാൻ തോന്നുകയുള്ളൂ. സത്പ്രവർത്തി കൂടാതെ സ്വർഗത്തിൽ പോകാം എന്ന് പരിശുദ്ധാത്മാവിനെതിരായ പാപം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഇങ്ങനെ വാദിക്കാൻ തോന്നും.
ഒരു വിശ്വാസി ആയതുകൊണ്ട് മാത്രം നിസാരമായി കരുണ തേടി എത്തുമെങ്കിൽ കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും എന്ന് (മത്തായി 5 / 7 ) യേശു പഠിപ്പിച്ചത് എന്തിനാണ് ? ദൈവ കരുണ ലഭിക്കാനുള്ള സ്വർഗ്ഗത്തിന്റെ പ്രധാനപ്പെട്ട വഴി യേശു തന്നെ പഠിപ്പിക്കുമ്പോൾ ദൈവത്തിന്റെ കരുണ ലഭിക്കാൻ ഒന്നും ചെയ്യേണ്ടതില്ല എന്ന് പറയുന്നവർ ആരെ പ്രഘോഷിക്കുന്നു ?
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സഭയുടെ ശത്രുക്കളെയും നമ്മെ പീഡിപ്പിക്കുന്നവരെയും ഉൾപ്പെടുത്തുന്നതാണ് കരുണയുടെ ജപമാലയിൽ ലോകം എന്ന വാക്ക്. നമ്മെ പീഡിപ്പിക്കുന്നവർക്കു വേണ്ടി അവർക്കു കരുണ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുവിൻ എന്ന് തന്നെ ക്രൂശിച്ചവർക്കു വേണ്ടി പ്രാർത്ഥച്ചവൻ നമ്മോടു പറഞ്ഞത് കരുണയുള്ളവരായി തീർന്നു ദൈവത്തിന്റെ കരുണ നേടുവാൻ വേണ്ടിയല്ലേ ?
പുതിയ നിയമം മനസിരുത്തി വായിച്ച ഒരാൾ “അതിനാൽ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം ” (ഹെബ്രാ 4 / 17 ) എന്ന വചനം കാണാതെ പോകുമോ ? ഈ വചനം കാണുന്നവർ കരുണയ്ക്കു വേണ്ടി ദൈവത്തിന്റെ സിംഹാസനത്തെ സമീപിക്കേണ്ടതുണ്ട് എന്ന ബോധ്യമില്ലാതെ ജീവിക്കുമോ ? കിഴക്കിന്റെ മഹത്തായ വിശുദ്ധ സന്യാസിമാരെ അനുകരിച്ചു ആൾക്കൂട്ടത്തിനിടയിൽ യേശുവിനെ പിടിച്ചു നിർത്തിയ അന്ധ യാചകനെപ്പോലെ നിരന്തരം നിർത്താതെ കരുണയ്ക്കായി നിലവിളിക്കാതിരിക്കുമോ ?
പ്രിയ സഹോദരങ്ങളെ, നിങ്ങൾ അറിയുക. ഏറെ പഠനങ്ങൾക്കും നടപടികൾക്കും ശേഷം വിശുദ്ധ ഗ്രൻഥത്തോടും ആദിമ സഭ പാരമ്പര്യത്തോടും ചേർന്നുപോകുന്നതും എന്ന് തിരിച്ചറിഞ്ഞ ശേഷമാണു ഒരു സ്വകാര്യ വെളിപാടിന്റെ സഭ അംഗീകരിക്കുക. ഇന്ന് ലത്തീൻ സഭയിൽ ഉള്ളതിനേക്കാൾ കൂടുതൽ മനുഷ്യർ കിഴക്കൻ റീത്തുകളിൽ നിന്നും ദൈവ കരുണയുടെ ഭക്തിയെ പുൽകാൻ കാരണം ദൈവ കരുണ തേടുന്ന കിഴക്കിന്റെ മഹത്തായ വിശുദ്ധ പാരമ്പര്യതിന്റെ സ്വാധീനം ഉള്ളതുകൊണ്ടാകണം.
പുതു ഞായറിന്റെ പ്രസക്തി നഷ്ടപ്പെടുത്താതെ മറ്റു തിരുനാളുകൾ ആചരിക്കണം എന്ന് മാത്രമേ സഭാധികാരികൾ സ്വന്തം റീത്തിൽ ഉള്ളവരോട് പറഞ്ഞിട്ടുള്ളു. തിരുനാൾ ദിവസത്തെക്കുറിച്ചു മാത്രമേ നിർദേശങ്ങളുള്ളൂ. ദൈവ കരുണയിൽ ആശ്രയിക്കുന്നതിനെ എതിർത്തിട്ടില്ല. അതിനിടയിൽ കയറി ദൈവ കരുണ തേടണമെന്ന് ബൈബിളിൽ ഇല്ല, കിഴക്കിന്റെ പാരമ്പര്യത്തിലെ ഇല്ല എന്നൊക്കെ പഠിപ്പിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ
ജോസഫ് ദാസൻ