മനുഷ്യഹൃദയങ്ങളിൽ ദൈവസ്നേഹം നിറക്കാനായി, അവനെ സൃഷ്ടിച്ച ദൈവം തന്നെത്തന്നെ ശൂന്യനാക്കി. അത്രക്കുമധികം തന്റെ സൃഷ്ടികളെ സ്നേഹിച്ച സൃഷ്ടാവിനോടടുക്കാൻ നമ്മൾ
കുഞ്ഞുങ്ങളെപ്പോലെയാകണം ; മനുഷ്യരോടടുക്കാൻ ദൈവം കുഞ്ഞായതുപോലെ…ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രായം കൂടുമ്പോൾ അറിവ് കൂടുന്നു. പക്ഷെ ജ്ഞാനസൂര്യൻ ഭൂമിയിലേക്ക് വന്നത് ബലഹീനനായ ഒരു പൈതലായിട്ടായിരുന്നു.
ലോകത്തിന്റെ ബുദ്ധി ഉപയോഗിച്ചപ്പോൾ ജ്ഞാനികൾക്ക് വഴിതെറ്റിപ്പോയി. അവർ കുഞ്ഞുങ്ങളെപ്പോലെ ആയിക്കൊണ്ട് ജ്ഞാനത്തിലേക്ക് വീണ്ടും ചുവടുവെച്ചു. മനുഷ്യനായി അവതരിച്ച ദൈവത്തെ അവർ കൺകുളിർക്കെ കണ്ടു. അറിവുള്ളവനായിരുന്ന നിക്കോദേമോസിനോട് പറഞ്ഞ് ഞെട്ടിച്ചത് അവനിതാ നമ്മളോട് വീണ്ടും പറയുന്നു ‘വീണ്ടും ജനിക്കാൻ’ തന്നെ.
ദാവീദിന്റെ വംശത്തിൽ അവതരിക്കാൻ പോകുന്ന രക്ഷകൻറെ ആഗമനം ഒരു കാലിത്തൊഴുത്തിലാകും എന്ന് ആരറിഞ്ഞു. തലചായ്ക്കാൻ ഒരു സത്രം പോലും കിട്ടാതിരുന്നിട്ടും മൃദുലമേനിയിൽ കുത്തിക്കയറുന്ന വൈക്കോൽമെത്തയിൽ കിടത്തേണ്ടിവന്നിട്ടും തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ ഒന്നും ലഭ്യമല്ലാതിരുന്നിട്ടും ആ കൈകാലിളക്കി കളിക്കുന്ന കുഞ്ഞ് സർവ്വശക്തനായ സൃഷ്ടാവാണെന്ന് ആദ്യം മേരിയും യൗസേപ്പുപിതാവും പിന്നീട് ആട്ടിടയരും ജ്ഞാനികളുമെല്ലാം വിശ്വസിച്ചു.
ഇന്ന് പാതിരാനേരത്ത് മന്ദഹാസം പൊഴിച്ചുകൊണ്ട് ഉണ്ണീശോ ആയിരിക്കേണ്ടത് മനോഹരമായി അലങ്കരിച്ച പുൽക്കൂട്ടിൽ അല്ല,നമ്മുടെ ഹൃദയങ്ങളിലാണ്. ബാഹ്യമായ ഒരുക്കം തകൃതിയായി നടക്കുമ്പോൾ ഒന്ന് നോക്കാം നമ്മുടെ ഹൃദയം ഈശോയെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ടോ എന്ന്. നമ്മുടെ പാപങ്ങൾ, ഹൃദയമാകുന്ന തൊഴുത്തിൽ ദുർഗന്ധമുണ്ടാക്കുന്നുണ്ടോ ? എരിയുന്ന സ്നേഹച്ചൂടുണ്ടോ അവൻറെ തണുപ്പ് മാറ്റി ചൂടേകാനായി? കാലിത്തൊഴുത്തിനെ ദൈവപുത്രന് പിറക്കാനായി ഏറ്റവും നന്നായി ഒരുക്കിയ പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും നമുക്ക് യാചിക്കാം ..
‘ഞങ്ങളുടെ ഒരുക്കം അപൂർണ്ണമാണ്. ഈശോയ്ക്കിഷ്ടപ്പെടും പോലെ നിങ്ങൾ തന്നെ സഹായിക്കണേ, ഞങ്ങളുടെ ഹൃദയമൊരുക്കാൻ. ഉണ്ണീശോയോട് മാധ്യസ്ഥം ചോദിക്കണേ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ഞങ്ങൾക്ക് ലഭിക്കാൻ. എന്നെന്നും ചൂടുള്ള ഒരു വാസസ്ഥലം അവനായി ഞങ്ങളിൽ ഉണ്ടായിരിക്കാൻ’
വളരെയധികം ശുദ്ധീകരണാത്മാക്കൾക്ക് മോചനം കിട്ടുന്ന ദിവസമാണ് ഉണ്ണീശോയുടെ പിറവിതിരുന്നാൾ ദിവസം. അവരെ നമുക്ക് പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കാം.
നിങ്ങളെല്ലാവർക്കും ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും പ്രത്യാശയും സ്നേഹത്തോടെ നേരുന്നു.
Oh come let us adore Him
Oh come let us adore Him
Oh come let us adore Him
Christ the Lord