ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർഅനുസരണവും അടിമത്തവും (മത്താ 21: 28 – 32)
രണ്ടു പുത്രന്മാർ. ഒരാൾ പിതാവിനോട് ചെയ്യാമെന്ന് പറഞ്ഞു എന്നിട്ട് ചെയ്യുന്നില്ല. മറ്റൊരാൾ ചെയ്യില്ല എന്ന് പറഞ്ഞിട്ടു ചെയ്യുന്നു. വൈരുദ്ധ്യമനോഭാവത്തിന്റെ, വിഭജിത ഹൃദയത്തിന്റെ പ്രതീകങ്ങൾ. പൗലോസപ്പസ്തലന്റെ ആകുലത പോലെയാണ് ഈ പ്രതീകങ്ങൾ: “ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍…, ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്”(റോമാ 7 : 15,19).
ഇവിടെ നിന്നാണ് ഉപമ തുടങ്ങുന്നത്. ഹൃദയനൈർമ്മല്യത്തിലേക്കാണ് ആ യാത്ര. സങ്കീർത്തനം 86 ലെ ദാവീദിന്റെ പ്രാർത്ഥനയും അവിഭജിതമായ ഒരു ഹൃദയത്തിനു വേണ്ടിയാണ്. “അങ്ങയുടെ നാമത്തെ ഭയപ്പെടാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ” എന്നാണ് അവൻ പ്രാർത്ഥിക്കുന്നത്. ഏകാഗ്രമാക്കുക എന്നർത്ഥം വരുന്ന “യഹദ്” (יַחֵ֥ד) എന്ന പദത്തിന് ഒന്നിപ്പിക്കുകയെന്നും അർത്ഥമുണ്ട്. അതായത് വിഭജിതമല്ലാത്ത ഹൃദയം എന്നാണർത്ഥം. ജ്ഞാനത്തിന്റെ ഗ്രന്ഥകർത്താവും ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്: “ആത്മാർത്ഥഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുവിൻ” (ജ്ഞാനം 1:1). കപട സദാചാരത്തിന്റെ നേർവിപരീതമാണ് ഏകാഗ്രമായ ഹൃദയം, ആത്മാർത്ഥമായ ഹൃദയം എന്നീ വിശുദ്ധഗ്രന്ഥ സങ്കല്പങ്ങൾ. ഒരു നിഗൂഢ ലക്ഷ്യവുമില്ലാത്ത ഒരു ജീവിതം. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തെ ഒരു പടയാളിയുടെ വീറോടെ അംഗീകരിക്കുന്ന ആത്മവിശ്വാസമാണത്.
നമ്മുടെയും പ്രാർത്ഥനകൾ തുടങ്ങേണ്ടത് ഇവിടെ നിന്നാണ്. കർത്താവേ, നിർമ്മലമായ ഒരു ഹൃദയം എനിക്ക് നൽകേണമേ. കാരണം, പരസ്പരം പോരടിക്കുന്ന രണ്ട് അഭിലാഷങ്ങളുടെ മധ്യേയാണ് ഞാനും എന്റെ ജീവിതവും.
എസെക്കിയേൽ പ്രവാചകനും ആവശ്യപ്പെടുന്നത് കപടതയില്ലാത്ത ഒരു ജീവിതത്തെയാണ്. നന്മയാണെന്ന് ബോധ്യമുണ്ടെങ്കിൽ അതിൽതന്നെ പിടിച്ചുനിൽക്കുവാനാണ് പ്രവാചകൻ പറയുന്നത് (എസെ 18: 25-28). നന്മ ചെയ്യുന്നവന് നന്മയുടെ ഫലം ലഭിക്കും. തിന്മ ചെയ്യുന്നവന് തിന്മയുടേതും എന്ന ലളിതയുക്തിയാണ് പ്രവാചകൻ മുന്നോട്ട് വയ്ക്കുന്നത്. ഇതുതന്നെയാണ് സുഭാഷിതങ്ങളും പറയുന്നത്: “നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽനിന്നാണൊഴുകുന്നത്” (സുഭാ 4:23). നമ്മുടെ ജീവിതത്തിനോടും വേണം സൂക്ഷ്മമായ ചില നിലപാടുകൾ. അതിൽ ശരിയും തെറ്റും തിരിച്ചറിയുകയെന്നതല്ല ധാർമികത, ശരിയോട് ചേർന്നുനിൽക്കുക എന്നതാണ്.
ഉപമ പറയുന്നു, രണ്ടാമത്തവൻ പശ്ചാത്തപിച്ച് മുന്തിരിത്തോട്ടത്തിലേക്ക് പോയെന്ന്. എന്തിനെ ഓർത്താണ് അവൻ പശ്ചാത്തപിച്ചത്?
പിതാവിനോട് പോകില്ല എന്ന് പറഞ്ഞതുകൊണ്ടാണോ?
അതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും പറയുന്നില്ല. പശ്ചാത്തപിച്ചു എന്ന് മാത്രമാണ് പറയുന്നത്. അതിന് “മെറ്റാനോയിയ” എന്ന പദമല്ല, മറിച്ച് “മെറ്റാമെലോമായി” എന്ന പദമാണ് സുവിശേഷകൻ ഉപയോഗിച്ചിരിക്കുന്നത്. ശക്തമായ കുറ്റബോധമാണത്. അതിനെ ആ മകൻ പുതിയൊരു കാഴ്ചപ്പാടാക്കി മാറ്റി എന്നതിലാണ് അവന്റെ സ്വഭാവ ലാവണ്യം. അവൻ മുന്തിരിത്തോട്ടത്തെയും പിതാവിനെയും അനുസരണത്തെയും വാക്കുകൾക്കതീതമായ ഒരു തലത്തിലേക്ക് ചേർത്തുവയ്ക്കുന്നു. പുതിയ ബോധ്യമാണ് അത് അവന് സമ്മാനിച്ചത്. മുന്തിരിത്തോട്ടം പിതാവിന്റേതല്ല, നമ്മുടേതാണെന്ന ബോധ്യം. എപ്പോഴും കീഴ്പെട്ടു നിൽക്കേണ്ട യജമാനനല്ല പിതാവ്, കുടുംബത്തിനായി കഷ്ടപ്പെടുന്ന സംരക്ഷകനാണവനെന്ന ചിന്ത. ഇപ്പോൾ അവന്റെ ഹൃദയം വിഭജിതമല്ല. അത് ഏകാഗ്രവും ആത്മാർത്ഥവുമായി മാറിക്കഴിഞ്ഞു.
ഒരു കാര്യം ഇവിടെ ശ്രദ്ധിക്കണം. പിതാവ് തന്റെ മക്കളിൽ അനുസരണം അടിച്ചേൽപ്പിക്കുകയല്ല, ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. കാരണം, ആ പിതാവിനറിയാം അടിച്ചേൽപ്പിക്കുന്ന അനുസരണം അടിമത്തമാണെന്ന കാര്യം.
സ്നേഹമുണ്ടെങ്കിൽ അനുസരണം തനിയെ വന്നുകൊള്ളും. ഭയവും കടവും ഉള്ളിടത്ത് അനുസരണം അടിമത്തമാകും. നമ്മുടെ സഭയും കുടുംബവുമൊക്കെ ചിന്തിക്കേണ്ട ഒരു വിഷയമാണിത്. എങ്ങനെയാണ് നമ്മൾ മറ്റുള്ളവരോട് അനുസരണം ആവശ്യപ്പെടുന്നത്?
മുഖത്തുനോക്കി “അതേ” എന്നും “അല്ല” എന്നും പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഇടങ്ങളിലുണ്ടോ? “ഇല്ല” എന്ന് പറയുന്നവൻ പശ്ചാത്തപിച്ചാൽ അവനെ ചേർത്തുനിർത്താൻ നമുക്ക് സാധിക്കുന്നുണ്ടോ?
ഉപമയുടെ കാതൽ യേശുവിന്റെ ചോദ്യമാണ്:
“ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?”
ഒരു ചോദ്യം നമുക്കും ചോദിക്കാം. എന്താണ് ഈ പിതാവിന്റെ ഇഷ്ടം?
തന്റെ ഭവനത്തിൽ ആദരണീയരും അനുസരണയുള്ളവരും മാത്രം മതി എന്നതാണോ?
അല്ല. സ്വാതന്ത്ര്യമനുഭവിക്കുന്നവരെയും, പക്വമതികളെയുമാണ് അവന് വേണ്ടത്. കൺമുന്നിൽ നിന്നുകൊണ്ട് എപ്പോഴും “അതേ” പറയുന്നവർ സ്വാതന്ത്ര്യമനുഭവിക്കുന്നവരാകണമെന്നില്ല. അവർ അടിമമനോഭാവമുള്ള പുത്രന്മാരായിരിക്കാം. അങ്ങനെയുള്ള അടിമകളെ പിതാവിന് ആവശ്യമില്ല.
സ്വാതന്ത്ര്യമനുഭവിക്കുന്നവർക്ക് മാത്രമേ ഭൂമിയുടെ ഫലപ്രാപ്തിക്കും സഭയുടെ നന്മയ്ക്കുമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കൂ. അല്ലാത്തവർ വിനീതവിധേയരായി കപടസദാചാരത്തിന്റെ കൽക്കൂടാരങ്ങളിൽ ജീവിച്ചുതീർക്കും.
/// ഫാ .മാർട്ടിൻ N ആന്റണി ///