പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു.
സംഭവബഹുലമായ ചാലിൽ അച്ഛന്റെ ജീവിതകഥ സിനിമ കഥകളെ വെല്ലുന്നതാണ്. ജനനം മുതൽ ജീവിതത്തിന്റെ അവസാന കാലഘട്ടം വരെ അച്ഛൻ നേരിട്ട പ്രശ്നങ്ങൾ, പ്രതിസന്ധികൾ, സാഹസികമായ യാത്രകൾ എല്ലാം ആരെയും അമ്പരപ്പിക്കുന്നതാണ് മലബാർ കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ മലബാറിലേക്കുള്ള യാത്രയിൽ ആരംഭിച്ച പ്രതിസന്ധികൾ അവസാനം വരെ തുടർന്നു.
മനസ്സിൽ കനൽ എരിയുമ്പോഴും, പ്രതിസന്ധികളുടെ നടുവിൽ മനസ്സും ശരീരവും തളർന്നു നിൽക്കുമ്പോഴും മനോഹരമായ ചിരിക്കാൻ ചാലിൽ അച്ഛന് മാത്രമേ കഴിയൂ അച്ഛന്റെ കഠിനമായ വേദനകളും കഷ്ടപ്പാടുകളുംആരോടും പങ്കുവെച്ചില്ല.അതെല്ലാം ഉള്ളിലൊതുക്കി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുമ്പോഴും ചിരിക്കാൻ മാത്രമേ കഴിയൂ. താൻ ഏറ്റെടുത്ത ഓരോ കാര്യങ്ങളിലും കഠിനമായി അധ്വാനിക്കുമ്പോഴും കഠിനമായ വിമർശനങ്ങൾ ഉയരുമ്പോഴും എതിർക്കുന്നവരോടും വിമർശിക്കുന്നവരോടും യാതൊരു വെറുപ്പുമില്ലാതെ സ്നേഹത്തോടെ പെരുമാറാൻ ചാലിൽ അച്ഛന് മാത്രമേ കഴിയൂ.
ഒരു വൈദികന് വഹിക്കാൻ കഴിയുന്ന എല്ലാ സുപ്രധാനമായ ചുമതലകളിലും അച്ഛൻ പ്രവർത്തിച്ചിട്ടുണ്ട് കോർപ്പറേറ്റ് മാനേജർ, എൻജിനീ എൻജിനീയറിങ് കോളേജിന്റെ സ്ഥാപക ചെയർമാൻ, ദീപികയുടെ സിഎംഡി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അച്ഛൻ നിയമിച്ച ജീവനക്കാരുടെ എണ്ണം വളരെ വലുതാണ്.
എന്നാൽ ആരോടും ഒരു രൂപ പോലും വാങ്ങാതെയാണ് നിയമനം എന്നത് നമ്മളെ അത്ഭുതപ്പെടുത്തും.
അച്ഛന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പുസ്തകം തയ്യാറാക്കുന്നതിന് വേണ്ടി അച്ഛനുമായി ദീർഘമായി സംസാരിക്കുന്നതുവരെ അച്ഛന്റെ കയ്യിൽ ഒരുപാട് പണം നിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ പോലും കരുതി.
എന്നാൽ കാര്യമായ നിക്ഷേപം ഒന്നുമില്ലാതെ വെറും കയ്യോടെയാണ് ഈ മഹദ് വ്യക്തി ജീവിതത്തോട് വിട പറഞ്ഞത് എന്ന് ഓർക്കുമ്പോൾ നമുക്ക് വീണ്ടും ആശ്ചര്യം ഉണ്ടാകും. അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ .
അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു. എപ്പോഴും 100% പെർഫെക്ഷൻ ഇഷ്ടപ്പെട്ടിരുന്ന ചാലിച്ചന് പുസ്തകം പലതവണ തിരുത്തി കാണിക്കേണ്ടി വന്നു.
“മലബാറിന്റെ കർമ്മയോഗി ” എന്ന പുസ്തകം എല്ലാം തിരുത്തി പ്രസിദ്ധീകരിക്കാനുള്ള അവസാന തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ.
DP Jose Devasathil
Former Deputy General Manager at Deepika