വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലെ ജനങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിയൂർ , മലബാർ വന്യജീവി സങ്കേതങ്ങളുടെ തുടർച്ചയായി വയനാട് വന്യജീവിസങ്കേതം കൂടി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ വയനാടൻ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിത്തീരുകയാണ് ചെയ്യുന്നത്. ജനദ്രോഹപരമായ ഈ പ്രഖ്യാപനത്തിനെതിരെ വയനാടൻ ജനത കക്ഷിരാഷ്ട്രീയത്തിനും മതചിന്തകൾക്കും അതീതമായി ഒന്നിച്ച് പ്രതികരിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് രൂപത പി.ആര്‍.ഓ ഫാ. ജോസ് കൊച്ചറക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.