എന്താണ് ആരാധന?
ദിവ്യകാരുണ്യ ആരാധന എന്നാൽ വൈദികർ ദിവ്യകാരുണ്യത്തിനു മുമ്പിൽ നടത്തുന്ന വചനപ്രഘോഷണമോ, പ്രസംഗമോ, പാട്ടുകാരന്റെ വിവിധ രീതിയിലുള്ള ഗാനാലാപനമോ, എല്ലാ വെളിച്ചവും അണച്ചതിനുശേഷം അരുളിക്കയുടെ പുറകിൽ സ്ഥാപിക്കുന്ന ലൈറ്റിൽ കൂടി കടന്നുവരുന്ന പ്രകാശം കണ്ടു അത് ദിവ്യ പ്രകാശമാണ് എന്നുള്ള തെറ്റിദ്ധരിക്കലോ, ഭൗതികമായ ആഗ്രഹങ്ങൾ സാധിച്ചു തരണമേ എന്നുള്ള അപേക്ഷയോ അല്ല. എന്റെ പ്രിയനും ഞാനുമായുള്ള നിശബ്ദതയിൽ ഉള്ള സംഭാഷണമാണത്.
സ്നേഹം പങ്കുവെക്കലാണ്. അവിടുത്തെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യലാണ്. അവിടുന്നും ഞാനും ആയുള്ള ഇഴുകിച്ചേരലും ഒന്നാകലും ആണ്. സമൂഹമായുള്ള ദിവ്യകാരുണ്യ ആരാധനയിൽ നമുക്ക് ഇതൊന്നും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മൾ വെറും ഒരു കാഴ്ചക്കാരനായി നിലകൊള്ളുന്നു. കാര്യങ്ങളൊക്കെ വൈദികനും പാട്ടുകാരനും ചെയ്തുകൊള്ളും. ഇടക്ക് വല്ലപ്പോഴും എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും എന്നുമാത്രം പറയാം.
നമ്മൾ ആരാധിക്കാൻ പോകുന്നുണ്ടെങ്കിൽ നമ്മളിൽ നിന്ന് ആരാധനയുടെ പ്രവർത്തികൾ പുറപ്പെടാൻ നമ്മൾ സ്വയം അനുവദിക്കണം. ഹൃദയവും ശരീരവും ആത്മാവും ദൈവതിരുമുൻപിലേക്ക് ഉയർത്തണം. സമൂഹം ഒന്നിച്ചുള്ള ആരാധനയിൽ പങ്കെടുക്കുമ്പോൾ നമ്മളുടെ സജീവ പങ്കാളിത്തം അവിടെ ഉണ്ടാവണം.
അരുളിക്കയുടെ തിളക്കവും തിരുവോസ്തിയുടെ പുറകിൽ കത്തിച്ചു വച്ചിരിക്കുന്ന ലൈറ്റിൽ നിന്ന് വരുന്ന പ്രകാശവും ഒരു ദിവ്യാനുഭൂതി ബാഹ്യ രൂപത്തിൽ നമുക്ക് നൽകുന്നു എന്നത് സത്യമാണ്. ഹൃദയത്തിലോ ആത്മാവിലോ അത് യാതൊരു പരിവർത്തനവും വരുത്തുന്നില്ല.
ആത്മാവിലും സത്യത്തിലും നിശബ്ദതയിൽ അവിടുത്തെ ആരാധിക്കാൻ നമുക്ക് ഉത്സുകരായിരിക്കാം. എന്റെ യേശുവായുടെ മുമ്പിൽ അവാച്യമായ നെടുവീർപ്പുകളാൽ പ്രാർത്ഥിക്കാനും ആരാധിക്കാനും നമുക്ക് കഴിയട്ടെ.
എല്ലാറ്റിനുമുപരിയായി അവിടുത്തെ സ്നേഹിക്കാനും ചുറ്റുമുള്ളതൊന്നും ശ്രദ്ധയിൽ വരാതെ നമ്മുടെ മിഴികളും ഹൃദയവും ആത്മാവും അവിടുന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് കഴിയട്ടെ. ഒച്ചപ്പാടുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും അർത്ഥമില്ലാത്ത ഗാനാലാപനത്തിൽനിന്നും ഒക്കെ വിട്ടു മാറി യഥാർത്ഥ ആരാധനയിൽ നമുക്ക് ആയിരിക്കാം.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ഓർക്കാം. “ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”
ആമേൻ ഹാലേലു യാഹ് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.