ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി.

വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി.

പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത് പ്രിൻസിപ്പാലിനോട് പറയുകയും അങ്ങനെ അദ്ദേഹത്തിന്റെ ജോലി നഷ്ടമാവുകയും ചെയ്തു.

വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു ദുഖിച്ചിരുന്നു. എന്നാൽ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു “ചിലർക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനുള്ള കഴിവ് കുറവായിരിക്കും. അതിന്നാൽ സങ്കടപ്പെടേണ്ട….. നിങ്ങൾക്ക് വേണ്ടി വേറെ നല്ലൊരു ജോലി കാത്തിരിക്കുന്നുണ്ട് “.

അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വേറൊരു ജോലി കിട്ടി. പക്ഷേ അദ്ദേഹത്തിന്റെ ജോലിയിലുള്ള സാവധാനം കാരണം അവിടത്തെ മേലധികാരി അദ്ദേഹത്തെ പിരിച്ചുവിട്ടു.

ഇത്തവണ വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഇത്തവണയും ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു ” ഇവിടെ ധാരാളം കഴിവുള്ളവരും കഴിവ് കുറഞ്ഞവരും ഉണ്ട്. ചിലർക്ക് വർഷങ്ങളുടെ പരിചയസമ്പത്ത് അവരുടെ ജോലിയിലുണ്ട്. പക്ഷേ ഇത്ര ചുരുങ്ങിയ നാളുകൾ കൊണ്ട് നിങ്ങൾക്കെങ്ങിനെ പരിചയസമ്പത്തുള്ള ആൾക്കാരെപ്പോലെ ജോലിചെയ്യാൻ കഴിയും “.

ആ ഭർത്താവ് ഒരിക്കലും തളർന്നുപോകാൻ ഭാര്യ അനുവദിച്ചില്ല.അങ്ങനെ അദ്ദേഹം ധാരാളം പുതിയ ജോലികൾ കണ്ടുപിടിച്ചു. പക്ഷേ അവിടെയൊന്നും സ്ഥിരമായി നിൽക്കാൻ പറ്റിയിരുന്നില്ല. എന്നാൽ എല്ലാപ്രാവശ്യവും ജോലി നഷ്ടപ്പെടുമ്പോൾ അദ്ദേഹം നിരാശപ്പെട്ട് വീട്ടിൽ എത്തുമെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ വിഷമം പറയുകയോ ചെയ്യാതെ തന്റെ ഭർത്താവിൽ പൂർണവിശ്വാസം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ധൈര്യപ്പെടുത്തികൊണ്ടിരുന്നു.

അങ്ങനെ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ മികവ് കാണിച്ചു. അങ്ങനെ അദ്ദേഹം ഒരു കൗൺസിലറായി – സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടികളുള്ള സ്കൂളിൽ. അധികം താമസിയാതെ അദ്ദേഹം വൈകല്യം ബാധിച്ച കുട്ടികൾക്ക് വേണ്ടി സ്വന്തമായി ഒരു സ്കൂൾ തുടങ്ങി.പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ആ നഗരം ഉൾപ്പെടെ പല നഗരങ്ങളിലും വൈകല്യം ഉള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ വിൽക്കുന്ന ധാരാളം കടകൾ തുടങ്ങി. അങ്ങനെ ബിസിനസ്‌ വർദ്ധിക്കുകയും അതുവഴി ഒരു സമ്പന്നനായി മാറുകയും ചെയ്തു.

അങ്ങനെ ഒരിക്കൽ അദ്ദേഹം തന്റെ ഭാര്യയോട് ചോദിച്ചു ” ഞാൻ പല ജോലികൾ ചെയ്ത് പരാജയപ്പെട്ടു… ഭാവിയെക്കുറിച്ച് വ്യാകുലപ്പെട്ടിരുന്നപ്പോൾ നീ എങ്ങനെയാണ് എന്നിൽ പൂർണ വിശ്വാസം അർപ്പിച്ചത് ? ”

അപ്പോൾ ആ ഭാര്യ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ” ഒരു വയൽ ഗോതമ്പ് കൃഷിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു ധാന്യം വിതയ്ക്കുക. ആ ധാന്യവും വളരുന്നില്ലെങ്കിൽ പകരം പഴങ്ങളോ പച്ചക്കറികളോ നടുക. ഇങ്ങനെ പലതും നട്ടുനോക്കുമ്പോൾ ഏതെങ്കിലും ഒന്ന് ശരിയായി വളരുന്നതുകാണാം. അതിന്റ അർത്ഥം ആ വയലിന് ചേരുന്ന കൃഷിയാണ് അവിടെ വളരുന്നത് എന്നാണ്.

ഒരു കൃഷിയും വളരാത്ത ഒരു വയലുമില്ല. അനുയോജ്യം ഏതാണെന്ന് കണ്ടുപിടിക്കണം എന്നതാണ് വാസ്തവം.അതുപോലെയാണ് മനുഷ്യരും. ഒരു കഴിവും ഇല്ലാത്ത മനുഷ്യർ ആരും തന്നെ ഈ ലോകത്തില്ല.

എന്നാൽ അവർക്ക് വളരാൻ പറ്റുന്ന സ്ഥലത്ത് എത്തിപ്പെടാൻ ശ്രമിക്കുകയാണ് വേണ്ടത്. നിങ്ങളിലുള്ള കഴിവ് കൊണ്ട് എവിടെയെങ്കിലും വിജയിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അതിന്നാൽ നിരാശപ്പെട്ട് ഇരിക്കാതെ മുന്നോട്ട് പോകാൻ നിങ്ങളെ ഞാൻ പ്രോത്സാൽഹിപ്പിച്ചു. അവസാനം നിങ്ങൾ വിജയിക്കുകയും ചെയ്തു “.

ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക….

വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.ആരും ഒരു കഴിവും ഇല്ലാത്തവരല്ലല്ലോ. അതിന്നാൽ പരസ്പരം പിന്തുണ നൽകി മുന്നോട്ട് പോയാൽ വിജയം സുനിശ്ചിതം.

KnanayaNews.com