ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം.
ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയുമാണ്.
ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947 നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍.
എലിസബത്ത് ഈ വർഷം രാജ്ഞിപദവിയിൽ ഏഴു പതിറ്റാണ്ട് പിന്നിട്ടിരുന്നു. 1952-ൽ അവരുടെ പിതാവ് ജോർജ് ആറാമന്റെ പിൻഗാമിയായി എത്തിയ എലിസബത്ത് പ്ലാറ്റിനം ജൂബിലി വർഷത്തിലാണ്. റിക്കാർഡ് ഭേദിച്ച നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി നാല് ദിവസത്തെ പൊതു പരിപാടികൾ ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു.
അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ രാജ്ഞി കൂടുതൽ ചുമതലകൾ മകൻ ചാൾസ് രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും കൈമാറി. യുകെ കൂടാതെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 14 കോമൺവെൽത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനാണ്.
56 രാജ്യങ്ങൾ അടങ്ങുന്ന കോമൺവെൽത്ത് ഗ്രൂപ്പിന്റെ നേതാവും എലിസബത്ത് രാജ്ഞിയാണ്. നിലവിൽ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉൾക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങൾ. രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയിൽ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്കാരത്തിൽ അനശ്വരമാക്കുകയും ചെയ്ത ഒരേയൊരു നേതാവാണ് എലിസബത്ത് രാജ്ഞി.
ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിനു പിന്നാലെ മൂത്ത മകന് ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. കിംഗ് ചാള്‍സ് III എന്ന പേരിലാണ് ഇനി അദ്ദേഹം അറിയപ്പെടുക.
ബ്രിട്ടന്റെ രാജപദവിയിലേയ്ക്ക് അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നേട്ടം ഇനി ചാൾസിനു സ്വന്തമാകും. സ്ഥാനാരോഹണ തീയതി നിശ്ചയിച്ചിട്ടില്ല.
ചാള്‍സ് രാജകുമാരന് ബ്രിട്ടനിലെ രാജാവാകുന്നതിനൊപ്പം തന്നെ അദേഹത്തിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ തന്നെ പറഞ്ഞിരുന്നു.
രാജ്ഞിയുടെ എഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലായിരുന്നു കാമിലയുടെ പദവിയെക്കുറിച്ച് അറിയിച്ചത്. ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ക്വീന്‍ കൊന്‍സൊറ്റ്(രാജപത്നി) എന്ന പദവി സമ്മാനിച്ചാണ് എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് സ്കോട്ട്ലന്‍ഡിലെ ബാല്‍മോറലിലുള്ള അവധിക്കാല വസതിയില്‍വച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.
അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതോടെ രാജ്ഞി കൂടുതല്‍ ചുമതലകള്‍ മകന് ചാള്‍സ് രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കൈമാറിയിരുന്നു. യുകെ കൂടാതെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനായിരുന്നു.