ഒരിക്കലും മറക്കാനാവാത്ത
അനുഭവമാണത്.
ഒരു ഹോട്ടലിൽ ഭക്ഷണത്തിനു പോയതായിരുന്നു.
രുചികരമായ ഭക്ഷണമാണ് വിളമ്പിയത്.
പണം അടക്കുന്ന സമയത്ത്
ഞാനിക്കാര്യം ഹോട്ടലുടമയോട്
സൂചിപ്പിച്ചു. എനിക്ക് നന്ദി പറഞ്ഞ ശേഷം അദ്ദേഹം അപേക്ഷിച്ചു :
“വിരോധമില്ലെങ്കിൽ ഇക്കാര്യം
ഇവിടെ ഭക്ഷണം പാചകം
ചെയ്യുന്നവരോട് പറയാമോ?
അവർക്ക് വലിയ സന്തോഷമാകും.
സത്യത്തിൽ ഭക്ഷണം നന്നായതിൻ്റെ
ക്രെഡിറ്റ് അവർക്കുള്ളതാണ്.”
മാനേജർ പറഞ്ഞതനുസരിച്ച്
മധ്യവയസ്കരായ സ്ത്രീയും പുരുഷനും
മുമ്പിൽ വന്നു.
അവരുടെ മുഖത്തേയ്ക്ക് നോക്കി
ഞാൻ പറഞ്ഞു:
“ഭക്ഷണം വളരെ നന്നായിരിക്കുന്നു!
നിങ്ങളോടിത് നേരിട്ട് പറയണമെന്ന് മാനേജരുടെ ആഗ്രഹമായിരുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!”
വലിയ ചാരിതാർത്ഥ്യത്തോടെ
അവർ പറഞ്ഞു:
“ഞങ്ങളുടെ മാനേജർ വളരെ നല്ലവനാണ്. അല്ലെങ്കിൽ ഞങ്ങളെ ഇങ്ങോട്ട്
വിളിപ്പിക്കേണ്ട കാര്യമില്ലായിരുന്നല്ലോ?”
മിഴികൾ തുടച്ചു കൊണ്ട് അടുക്കളയിലെ ചൂടിലേക്ക് അവർ നടന്നുനീങ്ങുന്ന
രംഗം ഇപ്പോഴും മനസിൽ
നിറഞ്ഞു നിൽക്കുന്നു.
പിന്നീട് മാനേജർ
പറഞ്ഞതിങ്ങനെയാണ്:
”അവർ ഭാര്യയും ഭർത്താവുമാണ്.
അവരുടെ അധ്വാനമാണ്
ഈ ഹോട്ടലിൻ്റെ വിജയം.
പണം വാങ്ങിക്കുന്ന പണി അത്യാവശ്യം കണക്കറിയുന്ന ആർക്കും ചെയ്യാം.
എന്നാൽ അങ്ങനെയല്ല, പാചകം.
അതിന് ആത്മാർത്ഥതയും ക്ഷമയും കഠിനാധ്വാനവും വേണം….”
മടക്കയാത്രയിൽ ഞാൻ ചിന്തിച്ചത്
നമ്മുടെ അമ്മമാരെക്കുറിച്ചാണ്.
ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും അടുക്കളയിലാണ് അവർ ചിലവഴിക്കുന്നത്.
പുറത്ത് ജോലിക്കു പോകുന്ന
അമ്മമാരാണെങ്കിൽ എത്ര നേരത്തെയാണ് അവർ എഴുന്നേൽക്കുന്നത്!
ജോലികഴിഞ്ഞു തിരിച്ചു വന്നാലോ…..
വീണ്ടും അടുക്കളയും മക്കളും….
ഇന്നും അങ്ങനെ ഒരു സ്ത്രീയെ കണ്ടതേയുള്ളൂ. അവൾക്കുവേണ്ടി സംസാരിച്ചത്
അവളുടെ കൂടെ വന്ന ഭർത്താവായിരുന്നു:
”അച്ചാ, ഞങ്ങൾ രണ്ടു പേരും
ജോലിക്കു പോകുന്നവരാണ്.
മക്കളുടെ കാര്യം,
വൃദ്ധരായ മാതാപിതാക്കളുടെ കാര്യം,
എല്ലാം നോക്കണം.
ഇതിനിടയിൽ എൻ്റെ അമ്മാമ്മ
വയ്യാതെ കിടപ്പിലായി.
98 വയസുണ്ട്. ഇവൾ ചെന്നിട്ടു വേണം, കുളിപ്പിക്കാനും കാര്യങ്ങൾ ചെയ്യാനും. പരാതിയൊന്നുമില്ലച്ചാ.
അച്ചൻ ചോദിച്ചില്ലെ
‘ഇവൾ എന്താണ്
ക്ഷീണിച്ചിരിക്കുന്നതെന്ന്.’
അതുകൊണ്ട് പറഞ്ഞതാണ്.
അച്ചൻ പ്രാർത്ഥിക്കണേ….”
എത്രയെത്ര നന്മ മുഖങ്ങളാണ്
നമുക്കു ചുറ്റുമുള്ളത്?
അവയിൽ നാം കാണാതെ പോകുന്നവരും കണ്ടിട്ടും ഒരു നല്ലവാക്കു പറയാത്തവരും ധാരാളമില്ലേ?
യോഹന്നാനെ ക്രിസ്തുവായ്
കണ്ടവരുടെ നടുവിലേയ്ക്കാണ്
യഥാർത്ഥ ക്രിസ്തു നടന്നടുക്കുന്നത്.
അവനെ നോക്കി സ്നാപകൻ
വിളിച്ചു പറയുന്നു:
“ഇതാ, ലോകത്തിന്റെ പാപം
നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
എന്റെ പിന്നാലെ വരുന്നവന്‍
എന്നെക്കാള്‍ വലിയവനാണെന്നു
ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്.
കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു”
(യോഹ 1 : 29-30).
നമ്മുടെ ഭവനങ്ങളിലും
ജോലി സ്ഥലത്തും
യാത്രകളിലുമെല്ലാം
നന്മകൾ കാണാനും
അഭിനന്ദിക്കാനും ശ്രമിക്കുമ്പോൾ,
നമ്മിലും അവരിലുമുള്ള
യഥാർത്ഥ ക്രിസ്തു
ലോകത്തിന് വെളിപ്പെടും.
ഫാദർ ജെൻസൺ ലാസലെറ്റ്