നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പാപഹേതു ആകുന്നുണ്ടെങ്കിൽ നമ്മുടെ വിധി പാപിയുടേതിനെക്കാൾ മോശമായിരിക്കുമെന്നു യേശു നമുക്ക് മുന്നറിയിപ്പ് തരുന്നു. എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ പാപഹേതുവാക്കി മാറ്റുന്നത്? മറ്റുള്ളവരുടെ ബലഹീനതകളെ മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും നമ്മെ പാപഹേതു ആക്കുന്നു. നമ്മുടെ നേട്ടങ്ങളുപയോഗിച്ചു മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുമ്പോൾ, അല്ലെങ്കിൽ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞു പൊങ്ങച്ചത്തിലൂടെ മറ്റുള്ളവരുടെ മുൻപിൽ ആളാകുമ്പോൾ ഒക്കെ നാം മുതലെടുക്കുന്നത്‌ മറ്റുള്ളവരുടെ അപകർഷതാബോധം, ആത്മനിന്ദ തുടങ്ങിയ പല കുറവുകളെയുമാണ്.

നമ്മുടെ ഏതെങ്കിലുമൊരു അവയവത്തിന് മാരകമായ ഒരു അസുഖം വന്നാൽ, അതുമൂലം നമുക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന ഒരവസ്ഥ ഉണ്ടായാൽ, സമർത്ഥരായ ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി രോഗം പിടിപെട്ട അവയവം മുറിച്ചു മാറ്റാറുണ്ട്. അവയവം മുറിച്ചു മാറ്റുന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണെങ്കിലും, ആ പ്രവർത്തിയിലെ നന്മ നമ്മൾ മനസ്സിലാക്കുന്നത്‌ അതുമൂലം ഒരു ജീവൻ രക്ഷപെട്ടു എന്ന് തിരിച്ചറിയുമ്പോഴാണ്. ഇതുപോലെ തന്നെ, പ്രഥമ ദൃഷ്ടിയിൽ വളരെ ഭയാനകമായ ഒരു നിർദേശമാണ് യേശുവും മുമ്പോട്ട്‌ വയ്കുന്നത് – നമ്മിൽ മറ്റുള്ളവർക്ക് ദുഷ് പ്രേരണയ് ക്ക് കാരണമാകുന്ന എന്തെങ്കിലുമുണ്ടെങ്കിൽ, അത് എന്ത് തന്നെ ആയിരുന്നാലും, നമുക്ക് എത്ര അത്യാവശ്യമുള്ള കാര്യമായിരുന്നാലും, അതിനെ നമ്മിൽനിന്ന് പിഴുതെറിയാനാണ് ഈശോ ആവശ്യപ്പെടുന്നത്.

പലപ്പോഴും നമ്മുടെ വരുമാന മാർഗമായിരിക്കാം മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്നത്. ദൈവവചനം പാലിച്ച് പാപമാർഗത്തിൽനിന്ന് പിന്തിരിഞ്ഞാൽ കുടുംബം പട്ടിണിയാകും എന്ന ഭയമാകാം നമ്മെ നയിക്കുന്നത്. അതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്, ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം പിന്നീടൊന്നുമില്ല എന്ന തെറ്റായ ബോധ്യമാണ്. പാപം ചെയ്യാത്തതു മൂലം അല്ലെങ്കിൽ പാപഹേതു ആവില്ലയെന്നു തീരുമാനിക്കുന്നതുമൂലം ഉണ്ടാകുന്ന ക്ലേശങ്ങളും കഷ്ടതകളും കാര്യമാക്കേണ്ടതില്ലെന്നാണ് യേശു പറയുന്നത്. എല്ലാ സമ്പന്നതയോടുംകൂടി നിത്യനരകാഗ്നിയിൽ എറിയപ്പെടുന്നതിലും നല്ലത് എല്ലാ അപര്യാപ്തതകളോടുംകൂടി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതാണ്. കാരണം, ശൂന്യതയിൽനിന്നും എല്ലാം സൃഷ്ടിച്ച ദൈവത്തിന് നമ്മുടെ എല്ലാ ഇല്ലായ് മകളെയും മിച്ചമാക്കി മാറ്റാൻ കഴിയും. അതുപോലെതന്നെ, ദൈവത്തിൽനിന്നു അകന്ന് നമ്മൾ നേടുന്ന ഒന്നിനും സംതൃപ്തി തരാനും സാധിക്കില്ല. നാം ഓരോരുത്തർക്കും പാപ ഹേതുവാകുന്ന എല്ലാ പ്രവർത്തികളിൽ നിന്ന് അകന്ന് നിൽക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343