*തനിയെ…*

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്. നീ ഒരുപാട് ദൂരെ

സന്തോഷവും, സങ്കടങ്ങളും, വിരഹവും, ആരോടും പറയാനാവാതെ സ്നേഹം മാത്രം നിറഞ്ഞ ആത്‌മകണമായി നീ ആകാശത്തു നിൽക്കുമ്പോൾ എങ്ങിനെയാണ് ഈ ‘വിവാഹ വാർഷികം ‘ ഞാൻ നേരിടുക. നീ കേൾക്കും എന്ന വിശ്വാസത്തിൽ ഞാൻ പറയുകയാണ്

7മാസങ്ങൾക്ക് മുൻപ് മെയ്‌ മൂന്നാം തീയതി, C. T. സ്കാനിങ്ങിന് നിന്നെ കൊണ്ട് പോയപ്പോൾ. അത് എന്റെ അടുക്കലേക്ക് ഒരിക്കലും തിരിച്ചു വരാത്ത യാത്രയാണെന്ന് ഞാൻ കരുതിയില്ല. എന്നും എപ്പോഴും എന്റെകൂടെ യുണ്ടായിരുന്നു നീ,24 ദിനങ്ങൾ വെന്റിലേറ്ററിൽ കിടന്നിരുന്നപ്പോൾ, എനിക്ക് കാണാൻ അനുവദിച്ചിരുന്ന സമയം 5 മിനിറ്റ് മാത്രമായിരുന്നു.

ഒടുവിൽ ഓർമ്മ പോകുംമുമ്പ് നീ പറഞ്ഞതും ഞാനോർക്കുന്നു ” ഇവിടെ കിടന്ന് മടുത്തു, എന്നെ വീട്ടിൽ കൊണ്ടുപോകൂ, എന്നായിരുന്നു അത്. എന്റെ ആകുലതകൾ മറച്ചുവെച്ച് ഞാൻ നിനക്ക് വാക്കു നൽകി, ” ഉറപ്പല്ലേ “എന്ന് നീ മറുചോദ്യം ചോദിക്കുബോൾ എന്റെ കണ്ണുകളിലെ ഭാവം ഒളിപ്പിക്കാൻ ഞാൻ പാടുപ്പെടുന്നുണ്ടായിരുന്നു. കൈകളിലെ മുറുക്കപ്പിടുത്തം, സ്നേഹത്തിന്റെ ആധി നിറഞ്ഞതായിരുന്നു.

പ്രണയിച്ചു തീരാത്ത നമ്മുടെ ജീവിതത്തിന്റെ പ്രതീകമായിരുന്നു. ഡോക്ടർ അന്ന് നിന്റെ കൈവിടുവിച്ചപ്പോൾ,നമ്മളറിഞ്ഞിരുന്നൊ “നിമ്മി” ദൈവാലയത്തിൽ നമ്മൾ ചേർത്തുവെച്ച കൈകൾ വിട്ടു പോകുകയാണെന്ന് ഒടുവിൽ ഇരുപത്തിയാറാം തീയതി നിന്നെ കാണാൻ ഞാൻ വന്നപ്പോൾ,നിന്റെ കഷ്ടതകൾ എന്നെ തകർത്തുകളയുകയായിരുന്നു.

നിന്റെ കണ്ണുകളിൽ ആദ്യമായി പേടി കണ്ടു ‘നമ്മളിനിയില്ല’ എന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള കുഴിയിലേക്കു വീണ നിന്റെ കണ്ണുകൾ നോക്കി, എല്ലാ സങ്കടങ്ങളേയും ചേർത്ത് ഞാൻ മാറി നിന്ന് ഉറക്കെ നിലവിളിച്ചു് പ്രാർത്ഥിച്ചു ദൈവമേ, ഇനിയും നിമ്മിയെ വേദനിപ്പിക്കരുത് എന്ന്. 20 മിനിറ്റ് കഴിഞ്ഞു നിന്റെ മിഴിയടഞ്ഞു.

31 വർഷത്തോളം പ്രണയപൂർവ്വം നോക്കിയിരുന്ന കണ്ണുകൾ അടഞ്ഞുപോയത് എനിക്കിപ്പോഴും വിശ്വസിക്കാനാവുനില്ല നിന്നിൽ നിന്ന് ‘ഡെന്നി ‘എന്ന വിളി കേൾക്കാനും നിന്നെ ആലിംഗനം ചെയ്യാനും, പള്ളിയിൽ നിന്ന് വരുമ്പോൾ,നീ ആഗ്രഹിച്ചിരുന്ന പ്രഭാതചുംബനം നൽകുമ്പോൾ നിന്റെ നാണം കാണുവാനും, നിമ്മി ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്.

ഞാനുറങ്ങാൻ വേണ്ടി നീ സന്ധ്യ ആയതും,ഞാൻ ഉണരാൻ വേണ്ടി നീ പ്രഭാതമായതും ഓർമ്മകളായി അവശേഷിക്കുകയാണ്…

നീ മറഞ്ഞിരിക്കാൻ തുടങ്ങിയിട്ട് 227 ദിവസങ്ങളാകുന്നു. ഈ ദിവസങ്ങളൊക്കെയും നീയില്ലാതെ കടന്നു പോയിട്ടില്ല-നിന്റെ ഓർമ്മകളില്ലാതെ എനിക്കൊരു ജീവിതമില്ലല്ലോ.

എല്ലാ ഓർമ്മകളും നന്മ നിറഞ്ഞതായിരുന്നു എന്നിടത്താണ് നീ വ്യത്യസ്ത ആകുന്നത്. എല്ലാവരും പറയുന്നു ഞാൻ നോർമലായി എന്ന് നിനക്ക് അങ്ങനെ തോന്നുനുണ്ടോ.

ഒരു കാര്യംക്കൂടി, നിന്റെ വലിയ ആഗ്രഹം സഫലമാകാൻ പോകുന്നു നമ്മുടെ മകൻ tom- ന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു. നമ്മൾ നടത്തേണ്ടതായിരുന്നു. നീ അടുത്ത് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അത് “നമ്മൾ തന്നെ നടത്തും ”

യാത്രകൾ തുടരുകയാണ് ലക്ഷ്യമാണ് പ്രധാനം എന്ന് വിചാരിച്ചിരൂന്നിടത്ത്, കൂട്ടും, അടുത്തിരിക്കലുമാണ് യാത്രയുടെ ഏറ്റവും മനോഹരിതയെന്നു ഞാൻ മനസിലാക്കുന്നു. അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും നിമ്മി.

Denny Thomas