*ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്*
എന്റെ നിമ്മിക്ക്,മുപ്പത്തിയൊന്നു വർഷമായി മനസ്സും ശരീരവുമായി നീയെന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. ഇന്ന് മനസ്സ് മാത്രമായി, അദൃശ്യയായി നീ പ്രണയിച്ചുകൊണ്ടേയിരി ക്കുന്നു.
നിനക്ക് ഏറ്റവും ഇഷ്ടമുള്ള, ഏറ്റവും രസകരമാവണം എന്ന് ചിന്തിച്ചിരുന്ന ഒരു ദിവസം ആണ് ഇന്ന്. നിന്റെ ജന്മദിനം.
ഓരോ ജന്മദിനത്തിലും സ്നേഹ പ്രണയത്തിന്റെ ഓരോ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് നമ്മുടെ രാത്രികൾ കടന്നുപോയിരുന്നത്.
ഈ ജന്മദിനത്തിൽ ഞാൻ ഒറ്റയ്ക്കാണ്. നിന്റെ കള്ള ചിരിയും, കുസൃതിയും, മൃദു സ്പർശവും, മണവും എല്ലാം എന്റെ ഓർമ്മ്കളിലായിരിക്കുന്നു.
ഈ കത്ത് നിനക്ക് അല്ല, നമുക്കാണ്. ഏറെ കൗതുകത്തോടെ നമ്മൾ ഒരുമിച്ചിരുന്നു വായിക്കുമ്പോഴാണ് ഓരോ വാക്കുകൾക്കും സൗന്ദര്യമേറുന്നത്.
നീ ഇവിടെ ഉള്ളത് പോലെ തന്നെയാണ് ഞാൻ മക്കളോട് ദിവസവും സംസാരിക്കുന്നത്, ചെടികളെ പരിപാലിക്കുന്നതും, വീടും പരിസരവും വൃത്തിയാക്കി ഇടുന്നതും, പക്ഷേ നിന്റെ ചിരി ഇല്ലാത്ത പ്രഭാതങ്ങളും പ്രണയ നിമിഷങ്ങളിൽ എന്റെ പത്രവായനക്കിടയൽ നീ വന്നു മടിയിലിരിക്കുന്നതും നിനക്ക് ഏറ്റവും ഇഷ്ടമുള്ള വെള്ള ഓർക്കിഡുകളുടെ വിഷാദം നിറഞ്ഞ നോട്ടവും, എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു നീ യാത്രയായെന്ന്, ഞാൻ ഒറ്റയ്ക്കാണെന്ന്.
അടുക്കളയുടെ ചുവരുകളാണ് എന്റെ ഏകാന്തതയ്ക്കും, നൊമ്പരങ്ങൾക്കും, ആക്കം കൂട്ടുന്ന മറ്റൊരിടം. പരസ്പരം സഹായിച്ച് തന്നെ മുന്നോട്ടു പോയിരുന്ന നമ്മുടെ പാചക സ്നേഹത്തിന്റെ പുത്തൻ രുചികളിൽ, എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന ഉപ്പുമാവ് ഏറെ ഇഷ്ടത്തോടെ നീ വിളമ്പിയിരുന്നതും ഞാൻ കഴിച്ചിരുന്നതും, പ്രണയത്തിന്റെ എളുപ്പ മാർഗ്ഗങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയിരുന്നു. ഇന്നിപ്പോ ഏറ്റവും എളുപ്പത്തിൽ, ഉണ്ടാക്കുന്ന ഒരു ഭക്ഷണം മാത്രമായി പല ദിവസങ്ങളിലും ഉപ്പുമാവ് പാത്രത്തിൽ നിറയുമ്പോൾ, ഓർമ്മകളിൽ നീ തന്നെയാണ്..
ഞായറാഴ്ചകളിലെ സായാഹ്നങ്ങളിൽ നമ്മൾ ഏറെ ആസ്വദിച്ചിരുന്ന നടത്തം നീ കൂടെ നടന്നിരുന്നപ്പോൾ കിട്ടിയിരുന്ന പ്രസരിപ്പും, ഊർജ്ജവും, പ്രണയവും കിട്ടുകയില്ല എന്ന് ബോധ്യം എന്റെ ചിന്തകളിൽ കടന്നു വന്നപ്പോൾ കാലടികളിൽ മരവിപ്പ് അനുഭവപ്പെടുന്നു അതുകൊണ്ട് ഞാൻ നടക്കാൻ പോകുന്നില്ല നിമ്മി.
കഴിഞ്ഞ രാത്രിമഴയിൽ ജനലിലൂടെ നോക്കി ഇരുന്നപ്പോൾ എല്ലാ വർഷവും ഒരു ദിവസമെങ്കിലും നടത്തിയിരുന്ന നമ്മുടെ “മഴയാത്ര” ഓർമ്മിപ്പിച്ചുകൊണ്ട് ഇടതുവശത്തേക്ക് “ഹാൻഡിൽ” ചരിച്ചു പിടിച്ച് നമ്മുടെ സ്കൂട്ടറും എന്തോ പറയുന്നുണ്ടായിരുന്നു. മഴ നനഞ്ഞിരുന്ന ആ രാത്രി യാത്രകൾ…..
അങ്ങനെയങ്ങനെ നമ്മുടെ കൊച്ചുകൊച്ചു കിറുക്കത്തരങ്ങൾ ആയിരുന്നു നമ്മുടെ പ്രണയം.
നിന്നെ എനിക്ക് നഷ്ടപ്പെട്ടതുപോലെ മഹാമാരിയുടെ ആക്രമണത്തിൽ പങ്കാളികളെ നഷ്ടപ്പെട്ട ചിലരെ ഞാൻ പോയി കണ്ടിരുന്നു. ഞാൻ എന്നോട് സംസാരിക്കുന്നത് പോലെ അവർക്ക് ആശ്വാസവാക്കുകൾ നൽകി ഞാൻ തിരിച്ചു പോരുമ്പോൾ കാറിന്റെ സൈഡ് സീറ്റിൽ നീയിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു, ഡെന്നിയ്ക്ക് ഇനിയും എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു എന്റെ തോളിലേക്കു ചാരുന്നുണ്ടായിരുന്നു.
നീ ഒരിക്കലും മറക്കാത്ത ജന്മദിനമാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ കോവിഡ് പോരാളികളെ നിന്റെ പേരിൽ ആദരിക്കുകയും ഏറ്റവും നല്ല ആരോഗ്യ പ്രവർത്തകയ്ക്കു ക്യാഷ് അവാർഡും നൽകുകയാണ്. നീ സന്തോഷത്തിൽ ആകുമെന്ന് എനിക്കറിയാം. പക്ഷെ ഞാൻ?
എഴുതാൻ ഏറെയുണ്ട്..
..ചോദ്യങ്ങൾ ഇപ്പോഴും ബാക്കി ആണ് ________
എന്തിനാണ് നീ എന്നെ ഒറ്റയ്ക്കാക്കി പോയത്?നീ കൂടെ ഉണ്ട് എന്ന ആത്‍മവിശ്വാസത്തിൽ..
ഞാൻ യാത്ര തുടരുകയാണ്…….
Denny Thomas