ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിർമ്മാതാക്കൾ ആശുപത്രിയുമായുണ്ടാക്കിയ കരാർ ലംഘിച്ചെന്ന് സി‌എം‌ഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി.

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തിൽ ഒപ്പുവച്ച ആനന്ദവിഷൻ കരാറിനു ഘടകവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ നിർമാണ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട സി‌എം‌ഐ നേതൃത്വം നിയമനടപടിയിലേക്ക് നീങ്ങുകയാണ്.

ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കുന്ന ജീവന്റെ മൂല്യങ്ങൾക്കെതിരെയുള്ള സിനിമയുടെ ചിത്രീകരണം നടന്നത് സിഎംഐ സഭയുടെ തന്നെ രാജഗിരി ആശുപത്രിയിൽവെച്ചായിരിന്നു. എന്നാൽ ഷൂട്ടിംഗിന് മുൻപ് തന്നെ തയാറാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവൻ ദൈവത്തിന്റെ ദാനമാണെന്നു ഗർഭനിരോധനം, അഥവ ഗർഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും മനസിലാക്കുന്നുവെന്നും അതിനാൽ ഇവ തങ്ങളുടെ സിനിമയിൽ ഉണ്ടാകില്ലെന്നുമാണ് ആനന്ദ് വിഷൻ രാജഗിരിയ്ക്ക് കരാറിൽ എഴുതി നൽകിയ ഉറപ്പ്.

എന്നാൽ സിനിമ പുറത്തു വന്നതോടെയാണ് ചലച്ചിത്രത്തിലെ ഗർഭഛിദ്ര അനുകൂല നിലപാട് വിവാദമായത്. ഷൂട്ടിംഗിന് സഭയുടെ കീഴിലുള്ള ആശുപത്രിയോ സ്ഥാപനങ്ങളോ വിട്ടുകൊടുക്കുന്നതിന് മുൻപ് സിനിമയെ കുറിച്ച് സഭാധികാരികൾ മനസിലാക്കണമെന്നും വിശ്വാസികൾ അഭിപ്രായപ്പെട്ടിരിന്നു.. ഇതിനിടെയാണ് കരാർ ലംഘനം നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം രാജഗിരി ഹോസ്പിറ്റൽ ഉയർത്തിയിരിക്കുന്നത്. ആശുപത്രി അധികൃതർ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ ലംഘനം സംബന്ധിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനാണ് രാജഗിരി ഹോസ്പിറ്റലിന്റെയും സി‌എം‌ഐ സഭയുടെയും തീരുമാനം.

Thomas Btv

നിങ്ങൾ വിട്ടുപോയത്