ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും:
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന ഓഗസ്റ്റ് 10-ാം തീയതി ഭാരത കത്തോലിക്കാസഭ ‘ദേശീയ വിലാപദിന’ (‘Day of Mourning) മായി പ്രഖ്യാപിച്ചു.
കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം.
.ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകള് ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസിസമൂഹത്തിനും നല്‍കിയിട്ടുണ്ട്. അന്നേദിവസം നടത്തേണ്ട പ്രത്യേക പരിപാടികളെക്കുറിച്ചും അദ്ദേഹം കത്തില്‍ വിവരിക്കുന്നു.
കേരളസഭയുടെ ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്റെയും പോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജോർജ്ജ് എഫ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകും. കേരളസഭയിലെ 13 രൂപതകളിലെയും കുടുംബ പ്രേഷിത വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ 14 റീജിയനുകളിലായുള്ള ലെയ്റ്റി റീജിയണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ചുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നത്. 2015-ല്‍ മാത്രം 15.6 ദശലക്ഷം ശിശുക്കളാണ് കൊല്ലപ്പെട്ടത്. ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കുന്നതിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ലെയ്റ്റി കൗണ്‍സില്‍ കൂടുതല്‍ സജീവമാക്കുമെന്നും അല്മായ സമൂഹം ഇത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ആഗസ്റ്റ് 15 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാദിനങ്ങളായിരിക്കും. രൂപതകൾ ആഗസ്റ്റ് 8 മുതൽ പ്രാർത്ഥനാവാരം ആചരിക്കും വ്യക്തികളും കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപവാസ പ്രാർത്ഥനയ്ക്കായി വിനിയോഗിക്കും.
രൂപത ഫോറോന ഇടവക തലങ്ങളിൽ ഭ്രൂണഹത്യയ്ക്ക് എതിരെ ജീവന്റെ സംസ്കാരം സ ജിവമാക്കുവാനുള്ള പ്രചാരണങ്ങൾ കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബത്തെ പിന്തുണയ്ക്കുന്ന നയം കർമ്മപരിപാടികൾ എന്നിവ നിലവിൽ എല്ലാ രൂപതകളിലും ഉണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യും. ജീവൻ, കുടുംബം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും വ്യാപകമാക്കുവാൻ ശ്രമിക്കും.
വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം ഇടവക രൂപത തലങ്ങളിൽ തുടരും. വിവിധ വിഭാഗം ജനങ്ങൾക്കായി പ്രോലൈഫ് വെബിനാർ നടത്തും. സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി “ജീവസമൃദ്ധി “എന്ന പേരിൽ ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കിവരുന്നുണ്ടെന്നും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കെസിബിസി കമ്മീഷന് പ്രസ്താവനയില്‍ അറിയിച്ചു.
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .