വിശുദ്ധരിലും കുറവുകളും പോരായ്മകളും നോക്കുന്നവരാണോ നിങ്ങൾ?
അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു,
അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളിൽ ഒരാളായി. ജീവിച്ച 80 കൊല്ലത്തിൽ നാൽപ്പതും ചിലവഴിച്ചത് ഏകാന്തതയിലും പ്രാർത്ഥനയിൽ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും. തന്റെ കുറവുകൾക്ക് ക്രൂശിതനായ കർത്താവിനോടും, സത്യത്തിനും നന്മക്കും വേണ്ടി നിൽക്കുന്നതിനിടയിൽ തന്റെ തീക്ഷ്ണതയാൽ മുറിവേറ്റവരോടും, താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു.
കഠിനപ്രലോഭനങ്ങളാൽ ബുദ്ധിമുട്ടുമ്പോൾ ഓർക്കാറുണ്ടോ എന്നെപ്പോലെ വേറൊരാൾ ഉണ്ടോ എന്ന്? എങ്കിൽ അതേ പ്രശ്നത്താൽ മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോൾ, സിറിയയിൽ, തെക്കുകിഴക്കൻ അന്ത്യോക്യയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാൻ നോക്കിയ ആളെപ്പറ്റി കേട്ടോളു.അവിടെ പോലും..അദ്ദേഹം പറയുന്ന കേൾക്കൂ…”വന്യമായ ആ മരുഭൂമിയുടെ വിദൂരഭാഗത്ത്, ഉഗ്രതാപത്താൽ സന്യാസികളെ പോലും ഭയപ്പെടുത്തിയിരുന്ന സുര്യന്റെ ചൂടിൽ കത്തിക്കരിഞ്ഞ് ജീവിക്കുമ്പോഴും, റോമിലെ ജനക്കൂട്ടത്തിനിടയിലും അവിടത്തെ സന്തോഷങ്ങൾക്കിടയിലും ആയിരിക്കുന്ന പോലെ തോന്നി..ഉപവാസത്താൽ എന്റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു…മരണത്തിന് മുൻപേ മരിച്ച പോലെ തണുത്ത എന്റെ ശരീരത്തിലും ഉണങ്ങിപ്പോയ മാസത്തിലും വികാരങ്ങൾക്ക് അപ്പോഴും ജീവിക്കാൻ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാൻ, ആത്മാവിൽ എന്നെത്തന്നെ യേശുവിന്റെ കാൽക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്റെ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങളെ നനച്ച്, ശരീരത്തെ കടിഞ്ഞാണിട്ട്, ഉപവാസത്തിൽ അനേകം ആഴ്ചകൾ കഴിഞ്ഞു..”. സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതു വരെ വിശുദ്ധ ജെറോം തന്റെ തന്റെ നെഞ്ചിൽ കല്ല് കൊണ്ട് ഇടിച്ചിരുന്നു.
സാഹിത്യത്തിൽ ശരിക്കും പ്രതിഭാശാലിയായ വിശുദ്ധനെ ആണ് ആണോ അന്വേഷിക്കുന്നത് ?
ശരി,വിശുദ്ധ ജെറോമിൽ കത്തോലിക്കാസഭയിലെ വേദപാരംഗതരിൽ ഏറ്റവും അറിവുള്ള ആളെ നിങ്ങൾ കണ്ടെത്തും. ലാറ്റിൻ, ഗ്രീക്ക്, ഹീബ്രുഭാഷകളിൽ ഇത്രയും പാണ്ഡിത്യമുള്ള വേറൊരാൾ ഉണ്ടായിരുന്നില്ല, കാരണം അത്രയധികം വർഷങ്ങളാണ് ഈ ഭാഷകൾ പഠിക്കുന്നതിന് വേണ്ടി അദ്ദേഹം ചിലവഴിച്ചത്. ഉത്തമസാഹിത്യകൃതികൾ വായിക്കാൻ വളരെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം, ഒരു രാത്രിയിൽ വിചിത്രമായ ഒരു സ്വപ്നമുണ്ടാകുന്നത് വരെ പ്ലോട്ടസിന്റെയും വെർജിലിന്റെയും സിസേറോയുടെയും പുസ്തകങ്ങൾ ഏറെ വായിച്ചുകൂട്ടി.
ആ സ്വപ്നം ഇങ്ങനെയായിരുന്നു.” സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഞാൻ നിത്യനായ വിധികർത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാർന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് ഞാൻ തലയുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ല.”ആരാണ് നീ?” ക്രിസ്തു ചോദിച്ചു”ജെറോം, ഒരു ക്രിസ്ത്യാനി ” ഞാൻ പറഞ്ഞു.”നീ നുണ പറയുന്നു”. മുഖമടച്ചു ഒരടി കിട്ടിയ പോലെ എനിക്ക് തോന്നി.”ഞാൻ ക്രിസ്ത്യാനിയാണ് ” ഞാൻ വിളിച്ചുപറഞ്ഞു.” നീ സിസെറോയുടെ ആളാണ്.നീ ക്രിസ്ത്യാനിയല്ല”!
അത്ര മാത്രം മതിയായിരുന്നു വിശുദ്ധ ജെറോമിന് തനിക്ക് പ്രിയപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ അടച്ചുവെച്ച് പിന്നെയുള്ള കാലം തിരുവചനങ്ങൾ മാത്രം ധ്യാനിക്കുവാൻ. ഗ്രീക്ക് ഭാഷയിലും ഹീബ്രു എഴുത്തിലും ആയിരുന്ന ബൈബിളിനെ ലാറ്റിനിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തു. ക്ഷമയോടെയും ബുദ്ധിമുട്ടേറിയതുമായ ആ ജോലിക്ക് മുപ്പതിൽ അധികം വർഷങ്ങൾ വേണ്ടി വന്നു. ട്രെന്റ് സൂനഹദോസിൽ അദ്ദേഹത്തിന്റെ തർജ്ജമ ‘ vulgate ‘ ( വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ) ആയി അറിയപ്പെടുകയും കത്തോലിക്കാസഭയുടെ ആധികാരികമായ ലാറ്റിൻ ബൈബിളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തിരുവചനങ്ങളുടെ അത്യുജ്ജ്വലമായ വ്യാഖ്യാനങ്ങളാണ് വിശുദ്ധ ജെറോം അവശേഷിപ്പിച്ചിട്ടുള്ളത് എന്നുമാത്രമല്ല എക്കാലത്തെയും മികച്ച ബൈബിൾപണ്ഡിതരിൽ ഒരാളാണ് അദ്ദേഹം.
യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്റെ യഥാർത്ഥപേര്. 340ൽ വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. ഡാൽമാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ ചിത്രങ്ങളിൽ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട് കാരണം തന്റെ വിശ്വാസതീക്ഷ്ണത കൊണ്ട് ”ഡാൽമാത്തിയയിലെ സിംഹം’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.സമ്പന്നനും ഉത്തമക്രിസ്ത്യാനിയുമായ പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം തന്നെ ലഭിക്കാനിടയാക്കി. പ്രസിദ്ധരായ ഗുരുക്കന്മാരായിരുന്നു അധ്യാപകർ. ലാറ്റിനും ഗ്രീക്കും നന്നായിതന്നെ പഠിച്ചു, നിർഭാഗ്യവശാൽ, ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലോകത്തിന്റെതായ രീതിയും. 360ൽ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നൽകിയത്.
ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. പിന്നീട് നാലുകൊല്ലം മരുഭൂമിയിൽ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചിലവഴിച്ചു. ഒരു ജൂതസന്യാസിയിൽ നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു.
അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380 ൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയിൽ നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വർഷം കഴിഞ്ഞപ്പോൾ പോപ്പ് ഡമാസസ് റോമിൽ നടന്നിരുന്ന ഒരു സൂനഹദോസിൽ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാൻ അദ്ദേഹത്തെ ഏല്പിച്ചു.
അദ്ദേഹത്തിന്റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണർത്തുന്ന എഴുത്തുകളും അനേകം അനുയായികളെ ഉണ്ടാക്കി, അതിൽ റോമിലെ ധാരാളം ക്രിസ്ത്യൻ വനിതകളും ഉൾപ്പെട്ടിരുന്നു.അവരിൽ ഏറെപ്പേർ വിശുദ്ധരായി എണ്ണപ്പെട്ടു.
പോപ്പ് ഡമാസസ് 384 ൽ കാലംചെയ്തുകഴിഞ്ഞപ്പോൾ അടുത്ത വർഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമിൽ ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാർക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങൾക്കായി ഭവനങ്ങളും പണിതു. രക്ഷകന്റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയിൽ അദ്ദേഹം പോയി പാർത്തു. തീർത്ഥാടകർക്കായി ഒരു വിദ്യാലയവും ഒരു സത്രവും അദ്ദേഹം പണിതു. സത്രം എന്തിനാണെന്ന് വെച്ചാൽ പൗള പറഞ്ഞ പോലെ, ‘ജോസഫും മേരിയും ഒരിക്കൽ കൂടി ബേദ്ലഹേം സന്ദർശിച്ചാൽ അവർക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ്’..
മുപ്പതുകൊല്ലം ജെറോം പഴയനിയമം വിവർത്തനം ചെയ്യാനായി ചിലവഴിച്ചു, മുൻപ് ഹീബ്രുഭാഷയിൽ ആയിരുന്ന സങ്കീർത്തനങ്ങൾ അടക്കം. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം , ബൈബിളിൽ പരാമർശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളിൽ പോയിട്ടുള്ള അനുഭവങ്ങൾ, പരന്ന യാത്രകൾ, പ്രായശ്ചിത്തജീവിതം.. എല്ലാം തിരുവചനങ്ങൾ ഏറ്റവും നന്നായി വിവർത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു. ‘തിരുവചനങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന്’ അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്.
പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടർന്ന് 420, സെപ്റ്റംബർ 30 ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേദ്ലഹേമിലെ ബസിലിക്കയിൽ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ റോമിലേക്ക് അദ്ദേഹത്തിന്റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജർ ബസിലിക്കയിലുണ്ട്.
വിശുദ്ധ ജെറോം വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രാർത്ഥന :
ദൈവമേ അങ്ങയുടെ കരുണ എന്നിൽ ചൊരിയണമേ,എന്റെ ഹൃദയം സന്തോഷിക്കട്ടെ.ജെറീക്കോയിലേക്ക് പോയിക്കൊണ്ടിരുന്നവനെ പോലെയാണ് ഞാൻ..കവർച്ചക്കാരാൽ മുറിവേറ്റിരിക്കുന്നു, നല്ല സമരിയക്കാരാ, എന്നെ സഹായിക്കാൻ വരണമേ. വഴിതെറ്റിപ്പോയ ആടിനെപ്പോലെയാണ് ഞാൻ,നല്ലിടയാ, എന്നെ അന്വേഷിച്ചു വരിക,സുരക്ഷിതമായി ഭവനത്തിലേക്ക് നയിക്ക,ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കട്ടെ,എന്നേക്കും അങ്ങയെ പാടിപ്പുകഴ്ത്തട്ടെ.ആമേൻ.
വേദപാരംഗതനായ വിശുദ്ധ ജെറോമിന്റെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്