സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ
ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ
ബിഷപ്പ് ജോസ് പൊരുന്നേടം
(മാനന്തവാടി രൂപതയുടെ മെത്രാൻ)
ആമുഖം
സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണരീതിയിൽ ദിർഘകാലമായി നിലവിലിരിക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് 1999 ൽ സിനഡ് അംഗീകരിച്ച ഏകീകൃതരീതി ഉടനടി നടപ്പാക്കാനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകണം എന്ന് ഉപദേശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2020 ജുലൈ 3 ന് സീറോ മലബാർ സഭയിലെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അത്മായർ എന്നിവരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തും തുടർന്നുണ്ടായ സിനഡ് തീരുമാനവും സഭയിലും സമൂഹത്തിലും വലിയ ചർച്ചക്കും തർക്ക വിതർക്കങ്ങൾക്കും ഇടവരുത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെപ്പറ്റി ചില വിശദീകരണങ്ങൾ അത്യന്താപേക്ഷിതമാണ് എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ പഠനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഈ വിഷയസംബന്ധമായ പലരേഖകളും ചർച്ചകളും കൈകാര്യം ചെയ്യുകയും ഔദ്യോഗിക കത്തിടപാടുകളിൽ സജീവമായ ഭാഗഭാഗിത്വം വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിലുള്ള അനുഭവപരിജ്ഞാനം ഈ പഠനത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
മറ്റൊരു സഭയിലും ഇല്ലാത്ത വണ്ണം സീറോ മലബാർ സഭയിൽ വി. കുർബാനയർപ്പണത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ കാരണം കൂടുതലും ചരിത്രപരമാണ്.പാശ്ചാത്യസഭയിൽ ഒരു നൂറ്റാണ്ടിലേറെ കാലം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി വരുത്തിയ മാറ്റങ്ങൾ നമ്മുടെസഭയിൽ ഏതാനും വർഷങ്ങൾകൊണ്ട് നടത്തിയപ്പോൾ ഉണ്ടായ ഒരു അനിവാര്യതയാണ് ഇത് എന്ന് പറയാം.ഒരു സമുദായത്തിന്റെ അല്ലെങ്കിൽ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിൽ അനധികൃതവും അനാശാശ്യാസവും ആയ ഇടപെടലുകൾ, അത് ആരിൽ നിന്നായാലും, ഉണ്ടാകുമ്പോൾ എന്ന് സംഭവിക്കും എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് നമ്മുടെ സഭയിലെ ഈ പ്രതിഭാസം. എന്നാൽ ഈ സഭയിലെ അംഗങ്ങളായ നമ്മെ സംബന്ധിച്ചിടത്തോളം ഇനി ചെയ്യാനുള്ളത് വ്യക്തികളെയോ സാഹചര്യങ്ങളെയോ കുറ്റം വിധിക്കാതെ ഭാവിയിലേക്ക് നോക്കി അതിനെ യുക്തിഭദ്രമായി ധൈര്യപൂർവം അഭിമുഖീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനുള്ള തുടക്കമാണ് പരിശുദ്ധപിതാവ് അദ്ദേഹത്തിന്റെ കത്തിലൂടെ ഇട്ടിരിക്കുന്നത്.
- പൊതുതലവനും ഭരണസംവിധാനവും
കത്തോലിക്കാ കൂട്ടായ്മയിൽ പൗരസ്ത്യ സഭകൾ ഉൾപ്പെടെ എല്ലാ സ്വയാധികാര സഭകളുടെയും പരമോന്നത തലവൻ റോമാ മാർപ്പാപ്പയാണെങ്കിലും, പാത്രിയാർക്കീസ് അല്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പ് തുടങ്ങിയ സ്ഥാനപ്പേരുള്ള ഒരു പൊതുതലവനും നിയമനിർമ്മാണത്തിനുൾപ്പെടെ അധികാരമുള്ള ഒരു മെത്രാൻ സിനഡും അവയിൽ ഉണ്ടായിരിക്കണം എന്നതാണ് പാരമ്പര്യവും സഭാനിയമവും. 1599 ലെ ഉദയമ്പേരൂർ സൂനഹദോസ് വരെ നമ്മുടെ സഭയും അങ്ങനെ തന്നെയായിരുന്നു. നമ്മുടെ തലവൻ കൽദായ സഭയുടെ പാത്രിയാർക്കീസ് ആയിരുന്നു എന്ന് മാത്രം. അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ മേൽ അടിച്ചേല്പ്പിച്ചതല്ല, പ്രത്യുത നമ്മൾ സ്വമനസ്സാ സ്വീകരിച്ചതാണ് എന്ന് കരുതുന്നതാണ് ചരിത്രപരമായി യുക്തിഭദ്രം. എന്നാൽ ഉദയമ്പേരൂർ സൂനഹദോസോടുകൂടികാര്യങ്ങൾ മാറിമറിഞ്ഞു.
- വിഭാഗീയതയുടെ തുടക്കം: പദ്രൊവാദൊ കരാറും പോർട്ടുഗീസ് അധീശത്വവും
കത്തോലിക്കാ രാജ്യമായിരുന്ന പോട്ടുഗലും പരിശുദ്ധ സിംഹാസനവും തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ ഉണ്ടാക്കിയ പദ്രൊവാദൊ (Padroado) എന്ന പേരിൽ ഉണ്ടാക്കിയ ഒരു കരാറനുസരിച്ച് പോട്ടുഗീസ് രാജാവിന് അദ്ദേഹം കോളനിവത്ക്കരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ആളുകളെ ക്രൈസ്തവമതത്തിൽ ചേർക്കുന്നതിനും അവർക്കായി രൂപതകൾ സ്ഥാപിച്ച് മെത്രാന്മാരെ നിയമിക്കുന്നതിനും മറ്റുമുള്ള അധികാരം ലഭിച്ചു. അങ്ങനെയാണ് അവർ ഇൻഡ്യയിൽ എത്തിയതും അധികാരം പിടിച്ചെടുത്ത് ഇവിടെ കോളനികൾ സ്ഥാപിച്ചതും അവരുടെ നേതൃത്വത്തിൽ ആളുകളെ ക്രൈസ്തവമതത്തിൽ ചേർത്ത് അവർക്ക് വേണ്ടി രൂപതകൾ ഉണ്ടാക്കിയതും. അങ്ങനെ സ്ഥാപിക്കപ്പെട്ട ഇൻഡ്യയിലെ ആദ്യത്തെ രൂപതയാണ് ഗോവ. ലത്തീൻ റീത്ത്കാരായിരുന്ന പോർട്ടുഗീസുകാർ സ്ഥാപിച്ച രൂപത സ്വാഭാവികമായും ലത്തീൻ രൂപത ആയിരുന്നു.
അതേ സമയം ഇൻഡ്യയിൽ ക്രിസ്തുവർഷത്തിന്റെ മദ്ധ്യം മുതൽ തന്നെ റോമ്മാ മെത്രാനോടൂം റോമ്മാ സഭയോടും കൂട്ടായ്മയിലുള്ള മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്. അവർക്ക് കൽദായ പാത്രിയാർക്കീസിൻ്റെ കീഴിൽ മെത്രാന്മാരും ഉണ്ടായിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ അദ്ദേഹത്തിൻ്റെ അധികാരം റോമ്മാ മാർപ്പാപ്പ അംഗീകരിച്ചതുമായിരുന്നു. എന്നാൽ ഇവിടുത്തെ സഭാഭരണസംവിധാനം ലത്തീൻ സഭയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു എന്നതും മനസ്സിലാക്കണം.
- പോട്ടുഗീസ് അധിനിവേശവും ഉദയമ്പേരൂർ സൂനഹദോസും
1599 ൽ ഗോവാ ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസ് മെത്രാപ്പോലീത്ത വിളിച്ചു ചേർത്ത ഉദയമ്പേരൂർ സൂനഹദോസിനെ തുടർന്ന് ഏതാണ്ട് 1300 വർഷത്തോളം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൊതുതലവനായിരുന്ന പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസിൻ്റെ അധികാരം അവസാനിപ്പിച്ച് പരിശുദ്ധ സിംഹാസനവും പോട്ടുഗീസ് രാജാവും തമ്മിലുണ്ടാക്കിയ പദ്രൊവാദൊ കരാറിൻ പ്രകാരം അന്ന് ഭാരതത്തിൽ അധികാരം സ്ഥാപിച്ചിരുന്ന ലത്തീൻ സഭയിലെ മെത്രാന്മാർക്ക് ഇവിടെയുണ്ടായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ അധികാരം കൊടുത്തു. അതോടെ നമ്മുടെ സഭയിലെ ആരാധനക്രമവും ഭരണക്രമവും പാശ്ചാത്യസഭയിലേതു പോലെയാക്കുകയും ചെയ്തു. അതോടെ പൊതുകാര്യങ്ങൾ തീരുമാനിച്ചിരുന്ന പാത്രിയാർക്കീസിനും അദ്ദേഹമയച്ചിരുന്ന മെത്രാനും മെത്രാൻ സിനഡിനും ഇവിടെ ഒന്നും ചെയ്യാൻ പറ്റാതായി. രാഷ്ട്രീയാധികാരം കയ്യാളിയിരുന്ന പോർട്ടുഗീസുകാർ തന്നെ സഭാകാര്യങ്ങളും നിയന്ത്രിക്കുന്നതായിരുന്നു പദ്രൊവാദോ കരാറിൻ്റെ അന്തഃസത്ത. കാലക്രമത്തിൽ പോർട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് കൊളോണിയൽ ശക്തികളുടെ അധികാര സ്ഥാപനത്തിന് വേണ്ടിയുള്ള യുദ്ധങ്ങളും കിടമൽസരങ്ങളും അതിൽ പരിശുദ്ധ സിംഹാസനവും വിവിധ സന്യാസസമൂഹങ്ങളും കൽദായ പാത്രിയാർക്കീസും നടത്തിയ ഇടപെടലുകളും എല്ലാം കാലകാലങ്ങളിൽ ഈ പ്രക്രിയയിൽ ഭാഗഭാക്കുകളായിട്ടുണ്ട്. അതിൻ്റെയെല്ലാം പരിണിത ഫലമാണ് ഇന്നത്തെ ഈ വിഭാഗീയത.
- പൊതുതലവന്റെ അഭാവം
ലത്തീൻ സഭയിൽ നിന്ന് വന്ന മെത്രാന്മാർ സ്വാഭാവികമായും അവരുടെ ആരാധനക്രമവും ഭരണക്രമവും ഇവിടെ നടപ്പാക്കി. അതിനവരെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം അവർക്ക് കിട്ടിയ പരിശീലനവും നിർദ്ദേശവും അന്നത്തെ മനോഭാവവു എല്ലാം അങ്ങനെയായിരുന്നു. എങ്കിലും മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും കൽദായ പാത്രിയാർക്കീസിന്റെയും സ്വന്തം റീത്തിൽ പെട്ട മെത്രാൻ്റെയും അധികാരത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അതിൻ്റെയെല്ലാം ഫലമാണ് കൂനൻകുരിശ് സത്യവും റോക്കോസ്-മേലൂസ് ശീശ്മകളും യാക്കോബായ ഓർത്തോഡോക്സ് മാർത്തോമ്മാ സഭകളുടെ ആവിർഭാവവും എല്ലാം. പരിശുദ്ധസിംഹാസനവും പോർട്ടുഗീസ് ഭരണാധികാരികളും തമ്മിലുള്ള തർക്കങ്ങളും മറ്റും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
പൊതുതലവന്റെ അഭാവത്തിൽ കത്തോലിക്കരായി നിലകൊണ്ടവരുടെ ഇടയിലും വിഭാഗീയത വർദ്ധിച്ചുകൊണ്ടിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദീർഘകാല ആവശ്യമായിരുന്ന സ്വദേശി മെത്രാനും സ്വയംഭരണവും എന്നത് 1887 ൽ ഭാഗികമായി അംഗീകരിച്ച് കിട്ടി. സ്വദേശി മെത്രാന്മാരുടെ നിയമനത്തോടെ 1896 ൽ അത് കുറച്ചുകൂടി പരിപുഷ്ടമായി. അപ്പോഴും പൊതുതലവൻ എന്ന ആശയം യാഥാർത്ഥ്യമായില്ല. പിന്നീട് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടപ്പോൾ പല ആശയഗതികളിൽ പെട്ട വൈദികർ മെത്രാന്മാരായി. അങ്ങനെ അവരുടെ രൂപതകളും വിഭിന്നാശയങ്ങൾ നടപ്പാക്കാൻ തുടങ്ങി.അവരെ നിയന്ത്രിക്കാൻ പൊതുതലവനോ സിനഡോ ഇല്ലാതിരുന്നതിനാൽ ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് മുന്നോട്ട് പോയി. മിഷൻ രൂപതകളും പ്രവാസിരൂപതകളും സ്ഥാപിക്കപ്പെട്ടതോടെ അഭിപ്രായ വ്യത്യാസങ്ങൾ അവയിലേക്കും വ്യാപിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലും നിന്നുള്ളവർ അവിടങ്ങളിലുണ്ടായിരുന്നു. തങ്ങളുടെ മാതൃരൂപതകളിൽ ഉള്ളതുപോലെ തന്നെ അവിടെയും വേണമെന്ന് കുറേപ്പേരെങ്കിലും ശഠിച്ചു. സ്വന്തമായി വൈദികർ ഇല്ലാതിരുന്ന ആ രൂപതകളിൽ ശുശ്രൂഷ ചെയ്യാൻ എത്തിയ വൈദികർ അവരവരുടെ മാതൃരൂപതകളിലെ പതിവുകൾ അവിടെയും നടപ്പാക്കാൻ തുടങ്ങി. ഏകീകൃതരൂപത്തിൻ്റെ അഭാവത്തിൽ ആ സ്ഥിതി ഇന്നും അങ്ങനെ തന്നെ തുടരുന്നു. സ്വന്തമായി രൂപതയും മെത്രാനും ഒന്നും ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിൽ ഉള്ള സീറോ മലബാർ കത്തോലിക്കരുടെ ഇടയിൽ സ്ഥിതി ഇതിലും രൂപക്ഷമാണ്. ഈ സ്ഥിതി 1992 ഡിസംബർ വരെ തുടർന്നു.
- പുതിയ കാനൻ നിയമസംഹിതയും പൊതുതലവന്റെ അനിവാര്യതയും
1990 ൽ പൗരസ്ത്യസഭകൾക്കായുള്ള കാനോനാ സംഹിത പ്രാബല്യത്തിൽ വന്നതോടെ പൊതുതലവനുംസിനഡും ഒന്നു മില്ലാത്ത സീറോ മലബാർ സഭയുടെ സ്ഥിതി അതീവ ദയനീയമായി. കാരണം അത്തരം ഒരു സഭയെ അതിൽ വിഭാവനം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഓരോ ചെറിയ കാര്യത്തിനും പരിശുദ്ധ സിംഹാസനത്തിൻ്റെ കോൺഫ്രൻസ് (എസ്. എം.ബി.സി.) എന്ന പേരിൽ ഒരു സമിതി ഉണ്ടായിരുന്നെകിലും ആ സമിതിക്ക് ആരാധനക്രമവിഷയങ്ങളിൽ തീരുമാനമെടുക്കാനോ സീറോ മലബാർ സഭക്ക് പൊതുവായി ബാധകമാകുന്ന നിയമങ്ങൾ നിർമ്മിക്കാനോ അധികാരമുണ്ടായിരുന്നില്ല. ആ സമിതിക്ക് ഒരു സ്ഥിരം ആസ്ഥാനവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല.
എന്നാൽ 1990 ലെ കാനൻ നിയമത്തിൽ അനുശാസിക്കുന്ന പ്രകാരം ഒരു പൊതുതലവനും പൊതുഭരണസംവിധാനവും വേണമോ എന്ന കാര്യത്തിലും ഇവിടെ വലിയ വിഭാഗീയത ഉടലെടുത്തു. അതിൻ്റെ കാരണവും ആരധനക്രമപരിഷകരണവുമായി ബന്ധപ്പെട്ടതായിരുന്നു. അതേത്തുടർന്ന് 1992 ൽ ആർച്ച്ബിഷപ്പ് തോമസ് വൈറ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷൻ പരിശുദ്ധസിംഹാസനത്തിൽ നിന്ന് നിയമിക്കപ്പെടുകയും കമ്മീഷൻ എല്ലാ രൂപതകളും സന്ദർശിച്ച് പഠിച്ച് നല്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി പ്രഖ്യാപിക്കുകയും ചെയ്തു.
സിനഡും പൊതുതലവനും ഉണ്ടായിട്ടും സഭാനിയമനുസരിച്ച് അവർക്ക് പ്രവർത്തിക്കാനുള്ള അവകാശവും അധികാരവും സ്വാതന്ത്ര്യവും കിട്ടിയത് പിന്നെയും ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടാണ്. സിനഡിൻ്റെ അധികാര പരിധിയിൽ പെട്ട മൂന്ന് കാര്യങ്ങളാണ് ആരാധനക്രമകാര്യങ്ങളിൽ തീരുമാനമെടുക്കുക, രൂപതകൾ സ്ഥാപിക്കുക, മെത്രാന്മാരെ തെരഞ്ഞെടുക്കുക എന്നിവ. അവ മൂന്നും,അവയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും, റോമ്മാ മാർപ്പാപ്പ പരിശുദ്ധ സിംഹാസനത്തിന് റിസർവ് ചെയ്തുകയാണുണ്ടായത്. അതായത് മേജർ ആർച്ച് ബിഷപ്പിനോ സിനഡിനോ കാരയ്മായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീറോ മലബാർ സഭയെ സംബന്ധിക്കുന്ന തീരുമാനങ്ങൾ, മേല്പ്പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടെ, പരിശുദ്ധ സിംഹാസനം ഇവിടെ നിയമിക്കപ്പെട്ട പൊന്റിഫിക്കൽ ഡെലഗേറ്റ് വഴി നടപ്പാക്കുകയാണുണ്ടായത്. മാത്രമല്ല അന്നത്തെ എറണാകുളം, ചങ്ങനാശ്ശേരി എന്നീ മെത്രാപ്പോലീത്തൻ പ്രവിശ്യകൾക്ക് പുറത്തുള്ള (ഉദാ: കല്യാൺ) മറ്റ് രൂപതകളുടെ പരിധി ഈ സംവിധാനത്തിൻ്റെ അധികാര പരിധിയിൽ പെടുത്തിയിരുന്നുമില്ല. അവ അതാത് സ്ഥലത്തെ ലത്തീൻ അതിരൂപതകളുടെ സാമന്തരൂപതകളായി തീരുമാനിക്കപ്പെടുകയാണുണ്ടായത്. നിലനിർത്തപ്പെട്ടു. അതിലൂടെ സിനഡിൻ്റെ തീരുമാനങ്ങൾ ആ രൂപതകളിൽ നടപ്പാക്കുന്നത് ഏറെ ക്ലേശകരമായി തീർന്നു. ആദ്യമുണ്ടായിരുന്ന വിഭാഗീയത കൂടുതൽ ആഴപ്പെടാൻ ആ അവസ്ഥ കാരണമായി. ഓരോ രൂപതയിലും ഇഷ്ടമുള്ള രീതിയിൽ രൂപതാ ഭരണസംവിധാവും വിശുദ്ധ കുർബാനയർപ്പണ രീതികളും എല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും പുതിയ സംവിധാനം നിലവിൽ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളിൽ ഐകരൂപ്യം വരുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നത് ചാരിതാർത്ഥ്യജനകമാണ്. പൂർണ്ണമായ രീതിയിൽ അത് സാധിക്കണമെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ എടുത്തേക്കാം. അതുകൊണ്ടാണ് സമയം കാലത്തേക്കാൾ വലുതാണ് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ എഴുതിയത്.
- രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പൗരസ്ത്യ സഭകളിൽ നഷ്ടപ്പെട്ടുപോയ പാരമ്പര്യങ്ങൾ തിരിച്ചെടുക്കാൻ തീവ്രമായ ശ്രമങ്ങൾ ഉണ്ടാകണം എന്ന് പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രിയിൽ പ്രബോധിപ്പിച്ചു. അതോടൊപ്പം ആവശ്യമായ പരിഷ്കരണങ്ങൾ ആവശ്യമാണ് എന്ന പ്രബോധനം ആരാധനാക്രമത്തെപ്പറ്റിയുള്ള ഡിക്രിയിലും ഉണ്ടായി. ഇവയിൽ ഏതിന് മുൻതൂക്കം കൊടുക്കണം എന്നതായിരുന്നു വിഭാഗീയത വർദ്ധിപ്പിച്ച ഒരു ഘടകം. പഴമക്കായി നിന്നവരും നവീകരണത്തിനായി നിന്നവരും തമ്മിലുള്ള വേർതിരിവ് പൊതുഭരണസംവിധാനത്തിന്റെ അഭാവത്തിൽ കൂടുതൽ ആഴപ്പെട്ടു.
- വൈദിക പരിശീലനകേന്ദ്രങ്ങളും വിഭാഗീയതയും
സീറോ മലബാർ സഭയുടെ പൊതു ഉടമസ്ഥതയിലുള്ള പരിശീലനകേന്ദ്രങ്ങളിൽ വ്യത്യസ്ത രൂപതകളിൽ നിന്നും സമർപ്പിതസമൂഹങ്ങളിൽ നിന്നും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവർ അദ്ധ്യാപകരായി ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് വലിയ ഉതപ്പിന് കാരണമാക്കിക്കൊണ്ട് അവിടങ്ങളിൽ അദ്ധ്യാപകരുടെ ഇടയിൽ വിഭാഗീയത ഉടലെടുത്തു. വിവിധ വൈദിക-സമർപ്പിത പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പരസ്പരം വിരുദ്ധങ്ങളായ ആശയങ്ങളിൽ രൂപീകരിക്കപ്പെട്ടു വന്ന വൈദികരും സമർപ്പിതരും അവർ ശീലിച്ചത് അവരവരുടെ ശുശ്രൂഷമേഖലകളിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ അല്മായ വിശ്വാസികളിലേക്കും വിഭാഗീയത കടന്നു വന്നു. വിവിധ പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വൈദികർ ഒരേ രൂപതയിലും സമർപ്പിതസമൂഹത്തിലും തന്നെ ഉണ്ടായിരുന്നതുകൊണ്ട് രൂപതകൾക്കുള്ളിലും സമർപ്പിതസമൂഹങ്ങൾക്കുള്ളിലും വിഭാഗീയത ഉണ്ടായി.
വിഭാഗീയത ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് വി. കുർബാനയർപ്പണത്തിൽ ആണെന്ന് മാത്രം. കാരണം പാരമ്പര്യങ്ങൾ, ലിറ്റർജി, സ്വയാധികാരസഭ, റീത്ത് തുടങ്ങിയ ആശയങ്ങൾക്ക് കൃത്യമായി ഒരു നിർവചനം 1990 ൽ പൗരസ്ത്യ സഭകളുടെ കാനൻ നിയമ സംഹിത പ്രാബല്യത്തിലാകുന്നതുവരെ ഇല്ലാതിരുന്നതുകൊണ്ട് പാരമ്പര്യത്തിന് വേണ്ടി നിലകൊണ്ടവർ അവയെ വി. കുർബാനയർപ്പണത്തിലേക്ക് ഒതുക്കി എന്നതാണ് വസ്തുത. അതുപോലെ നിർബന്ധമായും പാരമ്പര്യങ്ങളെ വീണ്ടെടുക്കണം എന്ന് സൂനഹദോസ് പ്രബോധിപ്പിച്ചതായും തെറ്റിദ്ധരിച്ചു. അതേ സമയം മറുഭാഗമാകട്ടെ നവീകരണത്തെപ്പറ്റി സൂനഹദോസ്പറഞ്ഞ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ഥിതികൾ ഇങ്ങനെ വഷളായപ്പോഴും ഏത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാൻ പൗരസ്ത്യസഭകൾക്ക് സഹജമായ അധികാരപ്പെട്ടവർ ഇല്ലാതെ നമുക്ക് വരുകയും ചെയ്തു. പൊന്തിഫിക്കൽ ഡെലഗേറ്റിൻ്റെ മരണവും റോമൻ സിനഡും 1992 ൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി പ്രഖ്യാപിച്ചപ്പോൾ ഈ സഭയിൽ നിലനിന്നിരുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തിൽ പുതിയതായി ലഭിച്ച കാനോനിക ചട്ടക്കൂടിൻ്റെ പ്രാഥമിക കാര്യങ്ങൾ ക്രമീകരിക്കാൻ റോമാ മാർപ്പാപ്പയുടെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട അഭിവന്ദ്യ അബ്രാഹം കാട്ടുമന മെത്രാപ്പോലീത്ത പൊടുന്നനവെ 1995 ൽ റോമിൽ വച്ച് നിര്യാതനായി. അതേ തുടർന്ന് 1996 ജനുവരി 8 മുതൽ 16 വരെ സീറോ മലബാർ മെത്രാന്മാരുടെ സിനഡിൻ്റെ ഒരു സമ്മേളനം പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം റോമിൽ വിളിച്ചു ചേർക്കുകയുണ്ടായി. ആ സമ്മേളനത്തിൽ പിന്നീട് ബെനഡിക്ട് പതിനാറാമൻ എന്ന പേരിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ, റോമിലെ ഓറിയെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് റെക്ടരും പ്രശസ്ത ആരാധനക്രമ പണ്ഡിതനുമായിരുന്ന യശ്ശഃശരീരനായ ഫാ.റോബർട്ട് ടാഫ്റ്റ്, മറ്റൊരു ആരാധനക്രമ പണ്ഡിതനും റോമിലെ റുമേനിയൻ കോളേജിൻ്റെ റെക്ടറുമായിരുന്ന ഫാ. ഒളിവിയേർ റക്കെസ്, പൗരസ്ത്യ സഭകളുടെ കാനോനകളുടെ സംഹിത തയ്യാറാക്കുന്ന കമ്മീഷന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ഫാ. ഈവാൻ ഷൂഷെക്ക് തുടങ്ങിയവർ നടത്തിയ പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ സഭയിൽ ആരാധനക്രമസംബന്ധമായി നിലനിക്കുന്ന വിഭാഗീയതയുടെ കാരണങ്ങളും പ്രതിവിധികളും മാർഗ്ഗങ്ങളും എല്ലാം അവർ പ്രതിപാദിക്കുന്നുണ്ട്. ഇപ്പറഞ്ഞ സിനഡ് സമ്മേളനത്തിന്റെ രേഖകൾ എല്ലാം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കാണുക Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, 1996).
ഒരു സഭാസമൂഹമെന്ന നിലയിലും സമുദായമെന്ന നിലയിലും ഈ സ്ഥിതി തുടരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന തിരിച്ചറിവാണ് ഏകീകൃതരീതി വേണം എന്ന ചിന്തയിലേക്ക് സിനഡിനെ നയിച്ചതും 1999 ൽ ഏകീകൃതരീതി നടപ്പാക്കാൻ തീരുമാനിച്ചതും. എന്നാൽ ആവശ്യമായ ബോധവത്ക്കരണത്തിന്റെ അഭാവം അത് നടപ്പാക്കുന്ന പ്രക്രിയ അതീവ ദുഷ്ക്കരമാക്കി എന്നതും വസ്തുതയാണ്. ബോധവത്ക്കാരണം നടത്താൻ ആവശ്യമായ പുസ്തകങ്ങളോ അദ്ധ്യാപനസഹായികളോ ഉണ്ടായിരുന്നില്ല. ഇപ്പോഴും ആ പ്രശ്നം പരിഹരിച്ചു എന്ന് ഇപ്പോഴും പറയാൻ കഴിയില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
- കൊറോണാക്കാലവും ഓൺലൈൻ വി. കുർബാനയർപ്പണവും
കൊറോണാ വൈറസ് വ്യാപന സമയത്ത് സർക്കാർ നടപ്പിലാക്കിയ അടച്ചിടൽ മൂലം പള്ളികളിൽ വി. കുർബാന അർപ്പിക്കാൻ തടസ്സമുണ്ടായിരുന്നതുകൊണ്ട് മിക്ക രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും ഓൺലൈനായി വി. കുർബാനയർപ്പണം
നടത്തുകയുണ്ടായി. അപ്പോഴാണ് ഓരോ രൂപതയിലും നിലവിലുള്ള വ്യത്യാസങ്ങളും അതു വഴിയുണ്ടാകുന്ന ഉതപ്പിന്റെ ആഴവും പരപ്പും ദുരന്തഫലങ്ങളും പരിശുദ്ധസിംഹാസനം ഉൾപ്പെടെയുള്ളവരുടെ സജീവശ്രദ്ധയിൽ പെട്ടത്. വിശ്വാസിസമൂഹത്തിൽ നിന്ന് പലരും ഇതുസംബന്ധമായി പരിശുദ്ധ സിംഹാസനത്തിലേക്ക് പരാതികൾ അയക്കുകയും എത്രയും വേഗം ഏകീകൃതരീതി എല്ലായിടത്തും നടപ്പാക്കാൻ സീറോ മലബാർ മെത്രാന്മാരോട് ആവശ്യപ്പെടണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതേത്തുടർന്നാണ് നമ്മുടെ സഭയിൽ വി. കുർബാനയർപ്പണത്തിൽ 1999 ൽ സിനഡ് എത്തിച്ചേർന്ന ധാരണ എത്രയും വേഗം നടപ്പാക്കണം എന്ന് ഒരു അസാധാരണ കത്ത് വഴി പരിശുദ്ധ പിതാവ് സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്.
- വി. കുർബാനയർപ്പണത്തിലെ ഏകീകൃതരീതി: ഏറ്റവും വലിയ തർക്കവിഷയം
പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ ലെയൊനാർദൊ സാന്ദ്രി ഈ വിഷയ സംബന്ധമായി അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പിന് അയച്ചകത്തിൽ ഇപ്രകാരം പറയുന്നു: ഇക്കാര്യത്തിലുള്ള ആശങ്കകളിൽ ഏറ്റവും ആദ്യത്തേത്, വി. കുർബാനയർപ്പണത്തിലെ വിവിധ നിമിഷങ്ങളിലെ ദിശയെ സംബന്ധിച്ചാണ്. വളരെ കാലമായി നിലനില്ക്കുന്നതും അതീവ ഗൗരവമുള്ളതുമായ ഈ വിഭാഗീയത കോവിഡ് മഹാമാരിയുടെ കാലത്ത് നടന്ന ടെലിവിഷൻ സംപ്രേഷണങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള തത്സമയ സ്ട്രീമിംഗിലൂടെയും കൂടുതൽ രൂക്ഷമായി. ഈ സാഹചര്യം, സംശയാതീതമായ അനുഷ്ഠാനവിധികൾ പ്രാബല്യത്തിലാക്കുന്നത്, ആവശ്യപ്പെടുന്നു. അതോടൊപ്പം അവയുടെ വിശ്വസ്തവും കൃത്യമായതുമായ അനുഷ്ഠാനവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഓരോ മെത്രാനും ഏറ്റെടുക്കണം. 1999 ൽ സിനഡിന്റെ ആധികാരികമായ തീരുമാനം അംഗീകരിച്ച് അറിയിച്ചുകൊണ്ട് നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാകണം അത് എന്ന് ഈ കാര്യാലയം ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ആരാധനക്രമപ്പുസ്തകത്തിൽ വ്യക്തമായ രീതിയിൽ
അനുഷ്ഠാനവിധികൾക്ക് നിർദ്ദേശങ്ങൾ ഉണ്ടാകണം എന്ന് ഈ അവസരത്തിൽ ഞാൻ ഊന്നിപ്പറയുന്നു. എന്നാൽ അത് മാത്രം പോരാ. പ്രത്യുത, സിനഡിൻ്റെ ഭാഗത്ത് നിന്ന് സംയോജിതമായും മെത്രാന്മാരുടെ ഭാഗത്ത് നിന്ന് വ്യക്തിപരമായും ഉള്ള ഒരു പ്രതിബദ്ധതയും ഉണ്ടാകണം. പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സിനഡ് അംഗങ്ങളുടെ വികാരങ്ങൾ മാനിച്ചില്ല എന്നും മറ്റുമുള്ള വാദഗതികൾ ഇപ്പറഞ്ഞതിൻ്റെ വെളിച്ചത്തിൽ അപ്രസക്തമാകുന്നു എന്ന് മനസ്സിലാക്കാം.
- ഏകീകൃതരൂപത്തിൽ നിന്നുള്ള ഇളവ്
1999 ൽ എടുത്ത തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് ചില രൂപതകളിൽ ഇളവുകൾ കൊടുത്തിരുന്നു. അത് പൗരസ്ത്യ സഭകൾക്കായുള്ള കനോനാ സംഹിതയുടെ കാനോൻ 1538 #1 അനുസരിച്ചാണെന്നായിരുന്നു അന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടത്. എന്നാൽ അത് ശരിയായിരുന്നില്ല എന്ന് കർദ്ദിനാൾ സാന്ദ്രി എഴുതുന്നു: ഇത്തരുണത്തിൽ പൗരസ്ത്യ സഭകളുടെ കാനോനാ സംഹിത കനോനാ 1538 #1 അനുസരിച്ച് ഇളവ് കൊടുക്കുന്നതിനെപ്പറ്റി കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. കാനോന സംഹിത പറയുന്നതുപോലെ ഒരു “പ്രത്യേക കാര്യത്തിൽ” “ആത്മീയ നന്മ” ലക്ഷ്യം വച്ച് മാത്രം ആ ഇളവുകൾ കൊടുക്കേണ്ടതാണ്. പൊതു നിയമങ്ങൾക്ക് വിരുദ്ധമായി നിയമാനുസൃതം അധികാരപ്പെടുത്താൻ പറ്റാത്ത ഏതെങ്കിലും കാര്യത്തിൽ കൊടുക്കുന്ന ഒരു പൊതു അനുവാദം പോലെ അത് കാണപ്പെടരുത്എ ന്നത് അതിൻ്റെ പ്രകൃതിയിൽ നിന്ന് തന്നെ വ്യക്തമാണ്. അതിനാൽ, കൃത്യമായി നിർവചിക്കപ്പെട്ട സമയത്തേക്കും പ്രത്യേക കാണങ്ങൾ മുലവും മാത്രമേ മെത്രാന്മാർ അത്തരം ഇളവുകൾ ഉപയോഗിക്കാവൂ (ഉദാ: ബേമ്മ സ്ഥാപിക്കാനുള്ള സമയം…). ഇതു വരെ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഇത്തവണ പരിശുദ്ധ പിതാവും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും തന്ന നിർദ്ദേശങ്ങളിൽ ഇളവ് കൊടുക്കാൻ പാടില്ല എന്ന് തന്നെയാണ്.
പരിശുദ്ധ പിതാവിന്റെ കത്ത് എങ്ങനെ മനസ്സിലാക്കണം?
“പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്, കല്പിക്കുകയല്ല”
പരിശുദ്ധപിതാവിന്റെ കത്ത് ഒരു ഉപദേശം മാത്രമാണ്, കല്പനയല്ല. അതുകൊണ്ട് അതിൽ പറയുന്ന കാര്യം ചെയ്യാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ല എന്ന് പല കോണുകളിൽ നിന്നും വാദം ഉയർന്നിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ല. പരിശുദ്ധ പിതാവ് കത്ത് എഴുതിയിരിക്കുന്നത് കല്പനയായിട്ടല്ല, പ്രത്യുത, ഉപദേശരൂപേണയാണ് എന്നത് സത്യമാണ്. എന്നാൽ, അത് അനുസരിക്കാൻ ആരും നിർബന്ധിക്കപ്പെടുന്നില്ല എന്ന വാദം ശരിയല്ല. ഈ കത്തിലെ മറ്റ് ചില സൂചനകളും നാം കാണാതെ പോകരുത്. വത്തിക്കാനിൽ വി. പത്രോസിന്റെ ബസിലിക്കായിൽ നിന്ന് എന്ന പതിവ് ശൈലി വിട്ട്, സെന്റ് ജോൺ ലാറ്ററനിൽ നിന്ന് എന്നാണ് കത്തിൽ സ്ഥലം വച്ചിരിക്കുന്നത്. ഒപ്പിട്ടിരിക്കുന്ന ആളിന്റെ പേര് ഫ്രാൻസിസ് എന്നു മാത്രമായി എഴുതിയിരിക്കുന്നു. പാപ്പ എന്ന വിശേഷണമൊന്നും ചേർത്തിട്ടില്ല. റോമാ മെത്രാൻ എന്നു പോലും അവിടെ എഴുതിയിട്ടില്ല. ഇതിൽ നിന്നെല്ലാം നമ്മൾ എന്തെങ്കിലും മനസ്സിലാക്കേണ്ടതുണ്ടോ? ധാരാളമുണ്ട് എന്നതാണ് സത്യം.
ഇത് മനസ്സിലാക്കാനുള്ള താക്കോൽ വാക്യം വി. പത്രോസിൻ്റെ ലേഖനത്തിലുണ്ട്. അതിപ്രകാരമാണ്: ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിൻ്റെ പങ്ക്കാരനും എന്ന നിലയിൽ ഞാൻ നിങ്ങളുടെ ഇടയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നു. (1 പത്രോസ് 2, 1) പരിശുദ്ധ പിതാവ് നമുക്കെഴുതിയത് കർത്താവിൻ്റെ സഭയെ നയിക്കാൻ അവിടുന്ന് ഭരമേല്പ്പിച്ച ശ്രേഷ്ഠന്മാരുടെ തലവൻ എന്ന നിലയിലാണ്. അഥവാ റോമാ സഭയുടെ അജപാലകൻ എന്ന നിലയിലാണ് അദ്ദേഹം മറ്റു സഭകളുടെ അജപാലകരെ ഉപദേശിക്കുന്നത്. ഇവിടെ ശ്രേഷ്ഠൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നേതൃത്വത്തിൽ ഉള്ളയാൾ എന്നാണ്. അതൊരു ദൈവശാസ്ത്ര തത്വമാണ്. കാനോനിക തത്വമല്ല. നമ്മുടെ നാട്ടിൽ ഗോത്രജനങ്ങൾക്ക് നാട്ടുമൂപ്പന്മാരുണ്ട്. ഉത്തര ഭാരതത്തിൽ ഗ്രാമമൂപ്പന്മാർ അല്ലെങ്കിൽ മുഖ്യന്മാരുണ്ട്. അവരുടെ വാക്കുകൾ ഗോത്രത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ഗ്രാമവാസികൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതാണ് പതിവ്. അതുപോലെ ഇസ്രായേലിൽ മൂപ്പന്മാരുണ്ടായിരുന്നു. ആ പതിവ് സഭയിലേക്കും കടന്ന് വന്നു.
കർത്താവ് പത്രോസിനോട് പറയുന്ന ഒരു ഭാഗവും ഇവിടെ പ്രസക്തമാണ്: ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പ് പോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ, നിൻ്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ച് വന്ന് നിൻ്റെ സഹോദരരെ ശക്തിപ്പെടുത്തണം (ലൂക്കാ 22,32). തന്റെ സഹോദരരെ ശക്തിപ്പെടുത്തുന്ന പത്രോസിനെയാണ് പരാമർശിതമായ കത്തിലൂടെ നാം കണ്ടു മുട്ടുന്നത്. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ഉറച്ച് നില്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹം തന്റെ സഭാസമൂഹത്തെ ഉപദേശിച്ചതിന് ശേഷം സൂചിപ്പിക്കുന്ന വചനഭാഗവും ഇവിടെ പ്രസക്തമാണ്: നിങ്ങൾ ഇക്കാര്യങ്ങൾ അറിയുകയും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സത്യത്തിൽ ഉറച്ച് നില്ക്കുകയും ചെയ്യുന്നെങ്കിലും അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാൻ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. ഞാൻ ഈ കൂടാരത്തിൽ ആയിരിക്കുന്നിടത്തോളം കാലം ഓർമ്മപ്പെടുത്തൽ വഴി നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്ന് കരുതുന്നു (2 പത്രോസ് 1: 12-13).
കത്തിൽ അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്ന മെത്രാന്മാരെപ്പോലെ തന്നെ പോലെ തന്നെ പരിശുദ്ധ പിതാവും ഒരു പ്രാദേശിക സഭയുടെ, റോമാ സഭയുടെ, അജപാലകനാണ്. ഒരു ക്രിസ്ത്യാനി അല്ലെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹം കത്തോലിക്കൻ അല്ലെങ്കിൽ കത്തോലിക്കം ആണെന്ന് പറയുന്നത് റോമാ മെത്രാനോടും റോമാ സഭയോടും കൂട്ടായ്മയിൽ ആയിരിക്കുമ്പോഴാണ്. അദ്ദേഹത്തിൻ്റെ ഉപദേശം ഭരണപരമായ ഒരു പ്രവൃത്തിയല്ല. പ്രത്യുത, അജപാലനപരമാണ്. അതുകൊണ്ടാണ് കല്പിക്കുന്നു, ഉത്തരവിടുന്നു എന്നൊന്നും എഴുതാത്തത്. അതിനർത്ഥം അത് സ്വീകരിക്കണ്ട എന്നല്ല. മാതാപിതാക്കൾ മക്കളോട് കല്പിക്കുന്നു, ഉത്തരവിടുന്നു എന്നൊന്നും പറയാറില്ല. അവർ ഉപദേശിക്കുകയാണ് ചെയ്യുന്നത്. അതിനർത്ഥം അവർ അത് മനസ്സുണ്ടെങ്കിൽ സ്വീകരിച്ചാൽ മതി എന്നല്ല.
റോമാ മെത്രാന്റെ ആസ്ഥാനം സെന്റ് ജോൺ ലാറ്ററൻ ആണ്. വത്തിക്കാൻ ആഗോളസഭയുടെ തലവൻ്റെ ആസ്ഥാനമാണ്. ഈ കത്തെഴുതുന്നതിന് വിശ്വാസപരവും ദൈവശസ്ത്രപരവുമായ ഒരു അർത്ഥമാണുള്ളത് എന്ന് സൂചിപ്പിച്ചല്ലൊ. അത് റോമ്മാ മെത്രാനും റോമാ സഭയുമായുള്ള കൂട്ടായ്മയുടെ പ്രശ്നമാണ്. അതുകൊണ്ടാണ് വത്തിക്കാനിൽ നിന്ന് എന്നെഴുതാത്തത് എന്നു വേണം മനസ്സിലാക്കാൻ. പത്രോസിന്‍റെ പിൻഗാമിയാണ് റോമാ സഭയുടെ തലവൻ. ആ നിലയിൽ എഴുതുന്നതുകൊണ്ടാണ് പാപ്പാ എന്ന് എഴുതാത്തത്. സെന്റ് ജോൺ ലാറ്ററൻ എന്ന് സ്ഥലപ്പേർ വച്ചിരിക്കുന്നതിലൂടെ താൻ എഴുതുന്നത് ആ നിലയിലാണെന്ന് പറയാതെ പറയുകയാണ് പരിശുദ്ധ പിതാവ് ചെയ്യുന്നത്. ഇപ്പോൾ തന്നിരിക്കുന്ന ഉപദേശം നമ്മുടെ കത്തോലിക്കതയുടെ അളവുകോലാണ് എന്ന് അപ്പസ്തോലിക്ക് ന്യുൻഷ്യോ താഴെ ഉദ്ധരിച്ചിട്ടുള്ള തന്റെ പ്രസംഗമദ്ധ്യേ സൂചിപ്പിച്ചതും അതുകൊണ്ടാണ്.
- മെത്രാന്മാരെയും വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും അഭിസംബോധന ചെയ്യാൻ കാരണം
1999 ലെ തീരുമാനം നടപ്പാക്കാൻ തടസ്സമായി നിന്ന കാരണങ്ങൾ നിലനില്ക്കുന്നതിനാൽ വീണ്ടും സിനഡിന് അക്കാര്യം നടപ്പാക്കുക എളുപ്പമായിരുന്നില്ല. മാത്രമല്ല, സഭാപ്രബോധനമനുസരിച്ച് പൗരസ്ത്യ സഭകളുടെ സിനഡ് എടുക്കുന്ന തീരുമാനങ്ങൾ സഭയിലെ പരമോന്നതാധികാരം അംഗീകരിക്കുന്നതോടെ ആ തീരുമാനങ്ങൾ ആ പരമോന്നത അധികാരിയുടേതായി മാറുകയും ചെയ്യുന്നു. അതുപോലെ സിനഡിന്റെ തീരുമാനം ആ അധികാരത്തിലുള്ള പങ്ക് പറ്റലും ആകുന്നു. ഇക്കാര്യം 1996 ലെ സിനഡിൽ ഫാ. ഈവാൻ ഷൂഷെക്ക് അവതരിപ്പിച്ച പരബന്ധത്തിൽ എടുത്ത് പറയുന്നുമുണ്ട്. അങ്ങനെയാണ് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുകളിലുള്ള അധികാരിയായ പരിശുദ്ധപിതാവ് നേരിട്ട് ഇടപെട്ടതും സിനഡിൻ്റെ തീരുമാനം ഉടനടി നടപ്പിൽ വരുത്തുന്ന പ്രക്രിയയുമായി മുന്നോട്ട് പോകാൻ ഉപദേശിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിൻ്റെ പതിവിൽ നിന്ന് അല്പം വിഭിന്നമായി തന്നെ അദ്ദേഹം നേരിട്ട് ഒരു കത്തിലൂടെ ആ കാര്യം മെത്രാന്മാരോടും വൈദികരോടും സമർപ്പിതരോടും അല്മായരോടും ആവശ്യപ്പെടുകയും ചെയ്തത്. അതിലൂടെ ഏകീകൃതരൂപം നടപ്പാക്കുന്നത് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ള ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുന്നു. അക്കാര്യത്തിൽ സിനഡ് അല്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പ് എന്ത് പറയുന്നു എന്നത് പ്രസക്തമല്ല. (കാണുക: Fr Ivan Zuzek S.J., “Functioning of Synods in Oriental Churches” in Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, 1996, pp. 59-60). മേജർ ആർച്ച്ബിഷപ്പും സിനഡും തീരുമാനിച്ച കാര്യം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇനി ആർക്കും യാതൊരു നീതീകരണവുമില്ല എന്നതാണതിനർത്ഥം. സഭയിൽ എല്ലാവരും നടപ്പാക്കിയാൽ ഞങ്ങളും നടപ്പാക്കാം എന്ന നിലപാടിനും സ്ഥാനമില്ല എന്നും ഇതുകൊണ്ട് പരിശുദ്ധ പിതാവ് അർത്ഥമാക്കുന്നു.
ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്റെ ഇൻഡ്യയിലെ സ്ഥാനപതി, ആർച്ച് ബിഷപ് ലെയോപ്പോൾഡൊ ജിറെല്ലി 2021 ഓഗസ്റ്റ് മാസം 16 മുതൽ 27 വരെ ഓൺലൈനായി നടത്തിയ സീറോ മലബാർ മെത്രാൻ സിനഡിൽ, നടത്തിയ പ്രസംഗമദ്ധ്യേ ഇപ്രകാരം പറഞ്ഞു: അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും കൂട്ടായ്മ നിലനിർത്തുന്നതിനും പരിശുദ്ധ പിതാവ് വളരെ വ്യക്തമായി അംഗീകരിച്ച, പരിശുദ്ധ സിനഡിൻ്റെ, ആരാധനക്രമത്തിലുള്ള ഐക്യം എന്ന തീരുമാനം, എളിമയോടു കൂടി സ്വീകരിക്കാൻ നിങ്ങളുടെ എല്ലാ വൈദികരേയും പ്രോൽസാഹിപ്പിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. സീറോ മലബാർ മെത്രാന്മാർ എത്രമാത്രം അവധാനതയോടെ ഏകീകൃത കുർബാനയർപ്പണം എന്ന തീരുമാനം തങ്ങളുടെ രൂപതകളിൽ നടപ്പാക്കാൻ ബാദ്ധ്യസ്ഥരായിരിക്കുന്നു എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. ഇക്കാര്യത്തിൽ മെത്രാന്മാർക്കും വൈദികർക്കും പ്രത്യേക ഉത്തരവാദിത്വമുണ്ട് എന്നതും അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണല്ലൊ.
- മെത്രാന്മാരുടെയും വൈദികരുടെയും പ്രത്യേക ഉത്തരവാദിത്വം
മെത്രാൻപട്ടവും പുരോഹിതപട്ടവും സ്വീകരിക്കുമ്പോൾ അർത്ഥികൾ നടത്തുന്ന സത്യപ്രതിജ്ഞയിൽ ഏറ്റുചൊല്ലുന്ന ഒരു വാചകം ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്: റോമിലെ മാർപ്പാപ്പയോ മെത്രാൻ സംഘമോ ഔദ്യോഗിക പ്രബോധനാധികാരം ഉപയോഗിച്ച് പഠിപ്പിക്കുന്നവ, അവർ അവയെ നിയതമായി നിർവചിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, അവയോടുള്ള വിശ്വാസപൂർവകമായ വിധേയത്വം പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടി ഞാൻ ഏറ്റു പറയുന്നു. പത്രോസിൻ്റെ പിൻഗാമിയും സാർവത്രിക സഭയുടെ തലവനുമായ മാർപ്പാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ച് കൊള്ളാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ …. മെത്രാപ്പോലീത്തായോട് സഭാനിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റു പറയുന്നു. എന്നാൽ പുരോഹിതാർത്ഥികൾ ഞങ്ങളുടെ മേലദ്ധ്യക്ഷനും പിതാവുമായ മാർ … മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടും കൂടി അനുസരിച്ച് കൊള്ളാമെന്നും അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കയില്ലെന്നും ഞാൻ ഏറ്റു പറയുന്നു എന്നു കൂടി പറയുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെ സമർപ്പിതസമൂഹങ്ങളിലെ അർത്ഥികളും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നുണ്ട്.
വിശുദ്ധ കുർബാനയർപ്പണത്തിനുള്ള ഏകീകൃതരീതി നടപ്പാക്കാനായി റോമാ മാർപ്പാപ്പയും മെത്രാൻ സിനഡും മേജർ ആർച്ച് ബിഷപ്പും തന്നിട്ടുള്ള നിർദ്ദേശങ്ങൾ ഏത് മനോഭാവത്തോടെ മെത്രാന്മാരും വൈദികരും സ്വീകരിക്കണം എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹെബ്രായർ ലേഖനവും ഈ കാര്യത്തിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നുണ്ട്: നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവർക്ക് വിധേയരായിരിക്കുകയും ചെയ്യുവിൻ. കണക്കേല്പ്പിക്കാൻ കടപ്പെട്ട മനുഷ്യരേപ്പോലെ അവർ നിങ്ങളുടെ ആത്മാക്കളുടെ മേൽനോട്ടം വഹിക്കുന്നു. അങ്ങനെ അവർ സന്തോഷപൂർവം സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കിൽ അത് നിങ്ങൾക്ക് പ്രയോജനരഹിതമായിരിക്കും (ഹെബ്രാ. 13: 17)
- പരിശുദ്ധ പിതാവിനോടുള്ള വിധേയത്വം: കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം
കത്തോലിക്കാ സഭയിലെ ഏറ്റവും അവസാനത്തെ വാക്ക് പറയുന്നത്, ഭൂമിയിൽ ഈശോ മിശിഹായുടെ പ്രതിനിധിയും ശ്ലീഹന്മാരുടെ തലവനായ വി. പത്രോസിൻ്റെ പിൻഗാമിയുമായ റോമാ മാർപ്പാപ്പയാണ്. ക്രൈസ്തവവ്യക്തികളും സമൂഹങ്ങളും കത്തോലിക്കാ കൂട്ടായ്മയിലാകുന്നത് അദ്ദേഹത്തോടും റോമാസഭയോടും കൂട്ടായ്മയിൽ ആയിരിക്കുമ്പോഴാണ് എന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ട് പരിശുദ്ധ സിംഹാസനത്തിൻ്റെ ഇൻഡ്യയിലെ സ്ഥാനപതി സിനഡംഗങ്ങളെ ഇപ്രകാരം ഓർമ്മപ്പെടുത്തി: “നാം പങ്ക് വയ്ക്കുന്ന പാത നമ്മളെ എങ്ങോട്ട് നയിച്ചാലും പത്രോസിനോടൊപ്പവും പത്രോസിന് വിധേയപ്പെട്ടും (cum Petro et sub Petro) നാം ആയിരിക്കുമ്പോൾ നമ്മൾ കർത്താവിൻ്റെ പരിപാലനയിലും തിന്മകളിൽ നിന്ന് സംരക്ഷിതരും ആണെന്നുള്ള ഉറപ്പുണ്ട്. പരിശുദ്ധ പിതാവിൻ്റെ അജപാലന ശുശ്രൂഷയും മാർഗ്ഗനിർദ്ദേശവും നാം അംഗീകരിക്കുന്നതാണ് നമ്മുടെ കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം.” അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് എന്ന് സാമുവൽ പ്രവാചകൻ സാവൂൾ രാജാവിനെ ഓർമ്മപ്പെടുത്തുന്നത് ഇത്തരുണത്തിൽ സ്മരണാർഹമാണ് (1 സാമു. 15:22). ഇക്കാര്യം അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് സഭാംഗങ്ങൾക്കയച്ച സിനഡനന്തര ഇടയലേഖനത്തിലും എടുത്തു പറയുന്നുണ്ട്.
- സഭയിലെ ഏറ്റവും ഉന്നതമായ പ്രബോധനാധികാരത്തിൽ നിന്നുള്ള ഉപദേശം
മേല്പറഞ്ഞ കത്ത് പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ അദ്ദേഹത്തിൻ്റെ സ്വന്തം ഔദ്യോഗിക മുദ്ര (Coat of Arms) യുള്ള ലെറ്റർ പാഡിലാണ് എഴുതിയിരിക്കുന്നത്. കത്തിൽ അദ്ദേഹം സ്വന്തം ഒപ്പും പതിച്ചിരിക്കുന്നു. സാധാരണ രീതിയിൽ പരിശുദ്ധ പിതാവ് അങ്ങനെ ചെയ്യാറില്ല. അതിനർത്ഥം ഈ കത്തിൽ ചെയ്യാനായി ആവശ്യപ്പെട്ടിരിക്കുന്ന കാര്യത്തിന്മേൽ മറിച്ചൊരു തീരുമാനമെടുക്കാൻ മറ്റാർക്കും അധികാരമോ അവകാശമോ ഇല്ല എന്നുള്ളതാണ്. അതിൽ ആവശ്യപ്പെട്ടിരിക്കുന്നത് നടപ്പാക്കുക മാത്രമേ ചെയ്യാനുള്ളു. ഏതൊരു പരിഷ്കൃതസമൂഹത്തിലും തർക്കവിഷയങ്ങൾ ഇങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്. കക്ഷികൾക്ക് പൂർണ്ണ തൃപ്തി ഇല്ലെങ്കിലും അവസാനത്തെ അധികാരിയുടെ വിധിപ്രസ്താവം നടപ്പാക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ദീർഘനാളായി ഈ വിഷയത്തിൽ എല്ലാ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ള അറിവുകൾ കൂലംകഷമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ശേഷമാണ് ഈ കത്ത് എഴുതിയിരിക്കുന്നത് എന്നതിനാൽ ഇതിന്മേൽ ഇനിയും ഒരു അപ്പീലിന് പ്രസക്തിയില്ല എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല എന്ന് ചുരുക്കം.
- കത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന മറ്റ് കാര്യങ്ങൾ
ഇനിയുമുണ്ട് പരിശുദ്ധ പിതാവ് എഴുതിയ കത്തിന് പ്രത്യേകതകൾ. കത്തിൻ്റെ ഉള്ളടക്കം പരിശുദ്ധ സിംഹാസനത്തിൻ്റെ ഔദ്യോഗികമായ രേഖകൾ നടപ്പിൽ വരുത്തുന്ന രീതിയിൽ വത്തിക്കാൻ റേഡിയോയിലൂടെ പ്രഖ്യാപിക്കുകയും പരിശുദ്ധ സിംഹാസനത്തിൻ്റെ രേഖകളും പ്രവർത്തനങ്ങളും പ്രസിദ്ധീകരിക്കുന്ന Acta Apostolicae Sedis – AAS എന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. മാത്രമല്ല കത്ത് ദിനംപ്രതിയുള്ള പത്രക്കുറിപ്പിലൂടെ മാദ്ധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്തു. അതായത് ഈ കത്തും അതിൻ്റെ മാറിക്കഴിഞ്ഞു. പരിശുദ്ധ പിതാവും അദ്ദേഹത്തിൻ്റെ കൂരിയായും നമ്മുടെ ആരാധനക്രമ വിഷയത്തിൽ എത്രമാത്രം ശ്രദ്ധ കൊടുക്കുന്നു എന്നും എത്ര ഗൗരവത്തോടെ പരിഗണിക്കുന്നു എന്നുമുള്ളതിൻ്റെ സൂചനകളാണ് ഇതെല്ലാം.
a. സമയം സ്ഥലത്തേക്കാൾ വലുതാണ് (Time is greater than space –Evangelii Gaudium, Nos. 222-225) – സംഘർഷത്തിനു മേൽ ഐക്യം നിലനില്ക്കുന്നു (Unity prevails over conflict – Nos. 226-230)
സമയം സ്ഥലത്തേക്കാൾ വലുതാണ് (Time is greater than space –Evangelii Gaudium, Nos. 222-225) എന്നും സംഘർഷത്തെ ഐക്യം കീഴടക്കുന്നു (Unity prevails over conflict – Nos. 226-230) എന്നും പരിശുദ്ധ പിതാവ് തൻ്റെ കത്തിൽ പറയുന്നുണ്ട്.
അതെപ്പറ്റിയും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. കാരണം, പരിശുദ്ധ പിതാവിൻ്റെ കത്ത് പരസ്യമായതു മുതൽ മനഃപൂർവമോ അല്ലാതെയോ വളരെയധികം ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ഭാഷാപ്രയോഗമാണത്. ഈ പ്രയോഗം അദ്ദേഹം സുവിശേഷത്തിൻ്റെ ആനന്ദം (Evangelii Gaudium) എന്ന തൻ്റെ ചാക്രികലേഖനത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ളതാണ്. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 1995 മെയ് 2 ന് എഴുതിയ കിഴക്കിന്റെ സൂര്യൻ (Orientale Lumen) എന്ന അപ്പസ്തോലിക ലേഖനത്തിലും ഇതേ ആശയം കാണാം (നമ്പർ 8). സമയം സ്ഥലത്തേക്കാൾ വലുതാണ് എന്നതുകൊണ്ട് ഫ്രാൻസീസ് പാപ്പ അർത്ഥമാക്കുന്നത് ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തിൻ്റെ പ്രവർത്തനത്തിന് നാം വിധേയപ്പെടുക എന്നാണ്. നമ്മുടെ സഭയിൽ എന്തെല്ലാം സംഭവിച്ചിട്ടുണ്ടൊ അവിടെയെല്ലാം ദൈവത്തിൻ്റെ അറിവും സമ്മതവും ഉണ്ടായിരുന്നു. അതിന് അവിടുത്തേക്ക് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് ഒരു കാര്യത്തിന് ഇത്ര സമയം കൊണ്ട് നമ്മളുദ്ദേശിക്കുന്ന ഫലം കിട്ടണം എന്ന് വാശി പിടിക്കാതെ കാര്യങ്ങൾ ചെയ്യാൻ ആരംഭിക്കുകയും കാലത്തിന്റെ പൂർണ്ണതയിൽ ദൈവത്തിൻ്റെ ഇടപെടൽ മൂലം ഫലം ഉളവാകാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയുടെ കാര്യത്തിലും ഇത് മറന്ന് പോകാതെ, ഇപ്പോൾ അദ്ദേഹം പറഞ്ഞതുപോലെ സിനഡ് തീരുമാനം നടപ്പാക്കാൻ ആരംഭിക്കുകയും കാലത്തിൻ്റെ തികവിൽ ആവശ്യമായ മാറ്റങ്ങളോടെ അത് പൂർണ്ണത പ്രാപിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കിഴക്കിന്റെ സൂര്യൻ എന്ന അപ്പസ്തോലിക ലേഖനത്തിൽ വി. ജോൺ പോൾ പാപ്പ എഴുതുന്നു: സമയം ദൈവത്തിന്റേതാണ്. സമയത്തിൻ്റെ മുമ്പോട്ടുള്ള ഗമനത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ ദൈവരാജ്യത്തിന്റെ പൂർണ്ണതയുമായി താദാത്മ്യപ്പെടുത്തരുത്. കാരണം ദൈവരാജ്യത്തിൻ്റെ പൂർണ്ണത ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് (നമ്പർ.8).
സഭയിലെ പാരമ്പര്യങ്ങളെപ്പറ്റി പറയുന്നിടത്താണ് പരിശുദ്ധ പിതാവ് ഈ പരാമർശം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു കാലഘട്ടത്തിൽ സഭയിൽ ചെയ്തിരുന്നതും സംഭവിച്ചതുമെല്ലാം പരമമായ സുവർണ്ണ നിയമവും പരമമായ സത്യവും ആയി ഗണിക്കാനുള്ള സഭകളുടെ പ്രലോഭനത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പും തരുന്നുണ്ട്. അതായത് ഇപ്പോൾ പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ തന്നിരിക്കുന്ന ഉപദേശം ഏതെങ്കിലും ഒരു കക്ഷിയുടെ വിജയമോ പരാജയമോ ആയി ആരും കാണരുത്. അങ്ങനെ ആരും ആഘോഷിക്കാനും പാടില്ല. കിഴക്കിന്റെ സൂര്യൻ എന്ന അപ്പസ്തോലിക ലേഖനത്തിൽ എന്താണ് പാരമ്പര്യം എന്നും എങ്ങിനെയാണ് നാം അതിനെ നമ്മുടെ വിശ്വാസജീവിതത്തിൽ പരിഗണിക്കേണ്ടത് എന്നും വളരെ സമ്യക്കായി വി. ജോൺ പോൾ പാപ്പ വിശദീകരിക്കുന്നുണ്ട്. തർക്കങ്ങൾ ഒഴിവാക്കി സമവായത്തിൽ എത്താൻ അത്തരം പ്രബോധനങ്ങൾ ശരിയായി മനസ്സിലാക്കേണ്ടത്അ ത്യന്താപേക്ഷിതമാണ്. പരിശുദ്ധ പിതാവ് തൻ്റെ കത്തിൽ വി. കുർബാനയർപ്പണത്തെപ്പറ്റിയുള്ള ദൈവശസ്ത്രപരമോ പാരമ്പര്യപരമായതോ ആയ ഒന്നും സൂചിപ്പിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പസ്തോലിക്ക് ന്യുൻഷ്യോ തൻ്റെ പ്രസംഗത്തിലും ഇക്കാര്യം പരാമർശിക്കുന്നില്ല. അതിനർത്ഥം ഇപ്പോൾ അത്തരം വിഷയങ്ങൾക്കല്ല, പ്രത്യുത സഭയിൽ ശാന്തിയും സമാധാനവും സാഹോദര്യവും കൂട്ടായ്മയും വർദ്ധിപ്പിക്കുന്നതാണ് പ്രധാനപ്പെട്ട നടപടി എന്നാണ്. മറ്റ് വാക്കുകളിൽ, പാരമ്പര്യങ്ങളുടെ പുനരുദ്ധാരണത്തെപ്പറ്റിയും നവീകരണത്തെപ്പറ്റിയും സാംസ്കാരികാനുരൂപണത്തെപ്പറ്റിയും മറ്റും ഉള്ള ചർച്ചകൾ ഇപ്പോൾ തന്നിട്ടുള്ള ഉപദേശം നടപ്പാക്കിയിട്ട് ആകാം എന്നർത്ഥം.
സംഘർഷത്തെ ഐക്യം കീഴടക്കുന്നു എന്നതുകൊണ്ട് പരിശുദ്ധ പിതാവ് അർത്ഥമാക്കുന്നത് തർക്ക വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെയും അവയെ കണ്ടില്ലെന്ന് നടിക്കാതെയും പരിഹാരത്തിനായി കുറുക്കു വഴികൾ തേടാതെയും അവയെ നേർക്കുനേർ നേരിട്ട് സമവായത്തിൽ എത്തിക്കുക എന്നതാണ്. അപ്പോൾ ആദ്യത്തേതിലും മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം വിവക്ഷിക്കുന്നു. തർക്ക വിഷയമായിരിക്കുന്ന ഏകീകൃത വിശുദ്ധ കുർബായർപ്പണ രീതിയ്ക്കും ഇത് ബാധകമാണ്. അതാണ് ഇപ്പോൾ അദ്ദേഹം തന്റെ കത്തിലൂടെ ചെയ്തിരിക്കുന്നത്. ഏകീകൃത വി. കുർബായർപ്പണത്തിനുള്ള തീരുമാനം നടപ്പാക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെയിടയിൽ സ്വരച്ചേർച്ചയും സാഹോദര്യവും ഐക്യവും വളർത്തും എന്ന് അദ്ദേഹം ആശംസിക്കുന്നത് അതുകൊണ്ടാണ്. കാരണം വി. പൗലോസ് ശ്ലീഹാ എഴുതുന്നു: സ്വർഗ്ഗരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (1 കൊറി. 14:17). എന്തെന്നാൽ, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിൻ്റെ ദൈവമാണ് (1 കൊറി. 14:33).
b. ദൈവജനത്തോടൊപ്പമുള്ള സഭാത്മക നടത്തം (Ecclesial walking together)
ദൈവജനത്തോടൊപ്പമുള്ള സഭാത്മകമായ നടത്തം (Ecclesial walking together with God’s People) എന്നത് പരിശുദ്ധ പിതാവ് തൻ്റെ കത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഭാഷാ പ്രയോഗമാണ്. ഇതും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തർക്കവിഷയമാകുകയും ചെയ്തു. ദൈവജനത്തോടൊപ്പമുള്ള സഭാത്മകമായ നടത്തം സ്ഥിരതയോടെ തുടരാനും അതിനെ ഉറപ്പിക്കാനും പരിശുദ്ധ പിതാവ് മെത്രാന്മാന്മാരെ ശക്തമായി ഉദ്ബോധിപ്പിക്കുന്നുമുണ്ട്. റോമിൽ നടന്ന സിനഡ് സമ്മേളനത്തിൽ കർദ്ദിനാൾ റാറ്റ്സിംഗർ അവതരിപ്പിച്ച പേപ്പറിനെപ്പറ്റി മുകളിൽ സൂചിപ്പിച്ചല്ലൊ. ആ പേപ്പറിൽ അദ്ദേഹം ഉപയോഗിച്ച ഒരു ഭാഷാപ്രയോഗമാണ് ഒരുമിച്ചുള്ള നടത്തം എന്നത്. ഗ്രീക്കു ഭാഷയിലെ സിനഡുവൊ എന്ന പദത്തിൽ നിന്നാണ് സിനഡ് എന്ന പ്രയോഗം ഉണ്ടായത്. ഒരേ വഴിയിലൂടെ സഞ്ചരിക്കുക, ഒരേ വഴിയിലൂടെ ഒരുമിച്ച് പോകുക എന്നൊക്കെയാണ് അതിനർത്ഥം. സിനൊഡിയ എന്നതിന് സഹയാത്രികരുടെ സംഘം എന്നാണർത്ഥം. അന്നദ്ദേഹം ഉദ്ദേശിച്ചത് മുഖ്യമായും സിനഡിലെ മെത്രാന്മാരുടെ ഒരുമിച്ചുള്ള യാത്രയെപ്പറ്റിയാണെങ്കിൽ ഇപ്പോൾ ഫ്രാൻസീസ് പാപ്പ ഉപയോഗിച്ചിരിക്കുന്നത് സഭാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഒരേ വഴിയിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിനെപ്പറ്റിയാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. എന്തുകൊണ്ട് സീറോ മലബാർ മെത്രാന്മാർ എല്ലാവരും പ്രബോധനത്തിന്റെയും ആരാധനാക്രമത്തിന്‍റെയും കാര്യത്തിൽ കൂട്ടായ്മയിൽ ആകണം എന്ന് തന്റെ പ്രഭാഷണത്തിൽ കർദ്ദിനാൾ റാറ്റ്സിംഗർ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. (കാണുക Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, (1996) pp. 50-58).
അതായത് സിനഡിന്റെ അംഗങ്ങൾ എല്ലാവരും ഒരേ ലക്ഷ്യത്തോടെ നടക്കണം. അവരോടൊപ്പം അവർ നേതൃത്വം കൊടുക്കുന്ന പ്രാദേശിക സഭകളായ രൂപതകളും, അതായത് വൈദികരും സമർപ്പിതരും എല്ലാം അടങ്ങുന്ന ദൈവജനം മുഴുവൻ ഉണ്ടാകണം. പരസ്പരം തർക്കിക്കുന്നവരെയും കലഹിക്കുന്നവരെയും ഒരുമിച്ച് കൊണ്ടു നടക്കുക എന്നതിലുപരി സഭയിൽ ദൈവേഷ്ടം വിവേചിച്ചറിഞ്ഞ് എല്ലാവരും ഒരേ ലക്ഷ്യത്തോടെ, ഒരേ സ്ഥലത്തേക്ക് നടക്കുക എന്നാണതിനർത്ഥം. അതിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമാണുത്. കാരണം അത് കത്തോലിക്കാ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ആ ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പരിശുദ്ധ പിതാവിൻ്റെ കത്തിലെ അഭിസംബോധന.
- ഏകകണ്ഠമായ തീരുമാനം എപ്പോഴും സാദ്ധ്യമല്ല
ഒരു സമൂഹത്തിൽ എല്ലാവരുടെയും ആശയങ്ങൾക്കനുസരിച്ച് ഒരുമിച്ചുള്ള നടത്തം സാദ്ധ്യമാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് യാഥാർത്ഥ്യബോധത്തിൽ അടിസ്ഥാനമില്ലാത്തതാണ് എന്ന് പറയാതെ നിവൃത്തിയില്ല. മാത്രമല്ല, 40 ലക്ഷത്തോളം അംഗങ്ങളുള്ള സീറോ മലബാർ സഭയിലെ എല്ലാവരോടും ആലോചിക്കുന്നതും പ്രായോഗികമല്ല. ഏറ്റവും ആദർശപരമായ ജനാധിപത്യത്തിൽ പോലും ജനങ്ങളുടെ പ്രതിനിധികളുമായി ആലോചിച്ച് അവരുടെ പൊതു അഭിപ്രായം കണക്കിലെടൂത്ത് തീരുമാനങ്ങൾ എടുക്കാനേ പ്രായോഗികമായി സാധിക്കുകയുള്ളു. അതേ സമയം വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും വിശ്വാസസത്യങ്ങളും എല്ലാം പലരും വ്യത്യസ്തരീതികളിൽ വ്യാഖ്യാനിക്കുമെങ്കിലും ആത്യന്തികമായി അവയെല്ലാം ഔദ്യോഗിക പ്രബോധനത്തിന് കീഴ്പ്പെടണം എന്നതാണല്ലൊ കത്തോലിക്കാ വിശ്വാസം. അതുകൊണ്ടാണ് ഏകീകൃതരീതിയെ എതിർത്തവർ പോലും പരമോന്നതാധികാരിയുടെ നിർദ്ദേശങ്ങൾക്ക് വിധേയപ്പെടണം എന്ന് പറയുന്നത്.
കക്ഷിതാത്പര്യങ്ങളും മുൻവിധികളും പലപ്പോഴും യാഥാർത്ഥ്യത്തെ കാണുന്നതിൽ നിന്ന് മനുഷ്യരെ തടയും എന്നത് കർത്താവിൻ്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കാം. നിരാശരായി എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കണ്ണുകൾ അവനെ തിരിച്ചറിയാൻ കഴിയാത്ത വിധം മൂടപ്പെട്ടിരുന്നു (ലൂക്കാ 24:16). അവിടുന്ന് വിശുദ്ധ ലിഖിതങ്ങൾ വിശദീകരിച്ച് കൊടുത്തപ്പോഴാണ് അവരുടെ ഹൃദയങ്ങൾ ജ്വലിച്ചതും കണ്ണുകൾ തുറന്നതും തിരിച്ച് മറ്റ് ശിഷ്യന്മാരുടെ കൂട്ടായ്മയിലേക്ക് മടങ്ങിപ്പോയതും. പരിശുദ്ധ പിതാവിൻ്റെ ഉപദേശത്തിൽ കർത്താവിന്റെ വചനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാലേ സീറോ മലബാർ സഭയിൽ ഒരു തിരിച്ച് നടത്തം സാദ്ധ്യമാകുകയുള്ളു.
- 1989 ലെ വാഗ്ദാനം
ഇപ്പോൾ നിലവിലിരിക്കുന്ന കുർബാനക്രമം അംഗീകരിച്ച് നടപ്പാക്കിക്കൊണ്ട് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് 1989 ഏപ്രിൽ മാസ 3 ന് പുറപ്പെടുവിച്ച ഡിക്രി (Prto, N. 655/65) പ്രകാരം ആ ഡിക്രി ഒപ്പു വയ്ക്കപ്പെട്ട 1985 ഡിസംബർ മാസം 19 മുതൽ അഞ്ച് വർഷത്തേക്ക് ആ കുർബാനക്രമത്തിൽ മാറ്റമൊന്നും വരുത്താൻ പാടില്ല എന്നും അതിന് ശേഷം സീറോ മലബാർ ബിഷപ്പ്സ് കോൺഫ്രൻസിന് (ഇപ്പോഴത്തെ സിനഡിന്) കുർബാന തക്സ സംബന്ധമായ പരിഷകരണങ്ങളും ഭേദഗതികളും ഐഛികമാക്കേണ്ട ഭാഗങ്ങളും കാര്യാലയത്തിന് സമർപ്പിക്കാവുന്നതാണ് എന്നും സൂചിപ്പിച്ചിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് 1994 ൽ എല്ലാ രൂപതകളിൽ നിന്നും വിവിധ സമിതികളിൽ ചർച്ച ചെയ്ത് ക്രോഡീകരിച്ച അഭിപ്രായങ്ങൾ അഭിവന്ദ്യ കാട്ടുമന പിതാവിന് അയക്കുകയും അദ്ദേഹം അത് പൗരസ്ത്യ കാര്യാലയത്തിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ അതേത്തുടർന്ന് അദ്ദേഹം പൊടുന്നനവെ മരിക്കുകയും കാര്യങ്ങൾ മുന്നോട്ട് നീങ്ങാതാവുകയും ചെയ്തു. എന്നാൽ ആ അഭിപ്രായങ്ങളുടെയും പിന്നീട് റോമിൽ നടന്ന സിനഡിലും മറ്റ് സിനഡൽ സമിതികളിലും അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെയും എല്ലാം വെളിച്ചത്തിലാണ് 1999 ൽ സിനഡ് തീരുമാനം എടുത്തതും അത് പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും.
പുനരുദ്ധാരണം, അനുരൂപണം, നവീകരണം എന്ന രീതിയിലുള്ള ഒരു സമീപനമാണ് പരിശുദ്ധസിംഹാസനം നമ്മുടെ ആരാധനക്രമവിഷയത്തിൽ സ്വീകരിച്ച നയം. ഇക്കാര്യം അഭിവന്ദ്യ കാട്ടുമന പിതാവിൻ്റെ നിയമന സമയത്ത് കൊടുത്തിരുന്ന നിർദ്ദേശങ്ങളിലും അക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ രൂപതകളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളിൽ തികച്ചും പുതിയ കുർബാനക്രമങ്ങൾ തന്നെ അവതരിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.അത്തരം ക്രമങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കപ്പെടുകയില്ല എന്ന് പറയേണ്ടതില്ലല്ലൊ. കാരണം അങ്ങനെ ഓരോരുത്തർക്കും ഇഷ്ടാനുസരണം നിർമ്മിച്ചെടുക്കാവുന്നല്ല ആരധനക്രമം. അത് എപ്പോഴും ഭൂതകാലവുമായി ബന്ധപ്പെട്ട് തന്നെ നില്ക്കുന്നതാണ്.
- സഭയുടെ അഭിപ്രായം എങ്ങനെ അറിയാം?
കൂട്ടായ പരിചിന്തനത്തിലൂടെ ദൈവജനത്തിൻ്റെ അഭിപ്രായം വിവേചിച്ചറിയുന്നതിന് സീറോ മലബാർ സഭയിൽ വ്യവസ്ഥാപിതമായ വേദികളുണ്ട്. ആ വേദികളിൽ ഏറ്റവും പ്രധാനപ്പെട്ടത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി തന്നെയാണ്. അതിൽ സഭാംഗങ്ങളുടെ എല്ലാ വിഭാഗങ്ങളും പ്രതിനിധീകരിക്കപ്പെടുന്നുണ്ട്. അവരുടെ സ്വരം ദൈവജനത്തിൻ്റെ സ്വരം തന്നെയാണ്. ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വി. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി. എല്ലാ രൂപതകളുടെയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെ യോഗത്തിലും ഇതേ ആവശ്യം തന്നെ ഉന്നയിക്കപ്പെടുകയുണ്ടായി. രണ്ട് രൂപതകളിൽ നിന്നുള്ളവർ മാത്രമാണ് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് എന്നതും എടുത്തു പറയേണ്ടതുണ്ട്.
- നടത്തത്തിന്റെ ലക്ഷ്യം മനസ്സിലാക്കുക
എന്താണ് ലക്ഷ്യം എന്ന് എല്ലാവരും ശരിയായി മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഒരുമിച്ചുള്ള നടത്തം പ്രയാസമാകും. മലയാറ്റൂരേക്കും മറ്റും ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകർ കാൽനടയായി പോകാറുണ്ടല്ലൊ. അങ്ങനെ പോകുന്നവർക്ക് ആശയപരമായുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും പരസ്പരം അറിയാത്തവരാണെങ്കിലും ഒരുമിച്ച് നടക്കുന്നതിന് പ്രയാസമില്ല. കാരണം അവർക്കെല്ലാം ഒരേ ഒരു ലക്ഷ്യമേയുള്ളു: മലയാറ്റുർ മലമുകളിലെത്തി പ്രാർത്ഥിച്ച് മടങ്ങുക. ഈശോയ്ക്ക് തന്റെ മനുഷ്യാവതാര ലക്ഷ്യം വളരെ വ്യക്തമായിരുന്നതുകൊണ്ടാണ്, പ്രലോഭനങ്ങളെ, പിതാവ് കൊടുത്ത കാസ കുടിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രലോഭനമടക്കമുള്ളവയെ, അതിജീവിക്കാൻ കഴിഞ്ഞത്. തൻ്റെ ശിഷ്യന്മാർ എല്ലാവരും തന്നെ വിട്ടുപേക്ഷിച്ചപ്പോഴും ലക്ഷ്യത്തിൽ നിന്ന് മാറാതെ നിലക്കാനുള്ള ശക്തി കിട്ടിയതും അതിൽ നിന്ന് തന്നെയാണ്.
- എതിർപ്പുകൾ എന്നും ഉണ്ടായിരുന്നു
ദൈവജനത്തിന്റെ ജീവിതത്തിൽ ദൈവം തെരഞ്ഞെടുത്ത നേതൃത്വത്തെ എതിർത്തവരും അംഗീകരിക്കാത്തവരും എന്നും ഉണ്ടായിരുന്നു. ഇത്തരുണത്തിൽ സംഖ്യയുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവം പ്രസക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: ലേവിയുടെ മകനായ കൊഹാത്തിൻ്റെ മകൻ ഇസ്ഹാറിൻ്റെ മകനായ കോറഹും, റൂബൻ ഗോത്രത്തിലെ ഏലിയാബിൻ്റെ പുത്രന്മാരായ ദാത്താൻ, അബീറാം എന്നിവരും പെലെത്തിൻ്റെ മകൻ ഓനും, ഇസ്രായേൽ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുന്നൂറ്റമ്പത് പേരും മോശയെ എതിർത്തു. അവർ മോശക്കും അഹറോനും എതിരെ ഒരുമിച്ച് കൂടി പറഞ്ഞു. “നിങ്ങൾ അതിരു വിട്ടു പോകുന്നു. സമൂഹംഒന്നൊഴിയാതെ എല്ലാവരും വിശുദ്ധരാണ്. കർത്താവ് അവരുടെ മദ്ധ്യേ ഉണ്ട്. പിന്നെന്തിന് നിങ്ങൾ കർത്താവിനു മീതെ നേതാക്കന്മാരായി ചമയുന്നു?” (സംഖ്യ 16: 1-3)…
അനന്തരം ഏലിയാബിൻ്റെ മക്കളായ ദാത്താനെയും അബീറാമിനെയും വിളിക്കാൻ മോശ ആളയച്ചു. എന്നാൽ വരില്ലെന്ന് അവർ പറഞ്ഞു. മരുഭൂമിയിൽ വച്ച് കൊല്ലേണ്ടതിന് തേനും പാലും ഒഴുകുന്ന നാട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടു വന്നത് നിനക്ക് മതിയായില്ലെ? ഞങ്ങളുടെ അധിപതി ആകാൻ ശ്രമിക്കുക കൂടി ചെയ്യുന്നോ? മാത്രമല്ല നീ ഞങ്ങളെ തേനും പാലും ഒഴുകുന്ന ദേശത്ത് എത്തിച്ചില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശപ്പെടുത്തി തന്നതുമില്ല. ഇവരെ അന്ധരാക്കാമെന്നാണോ ഭാവം? ഞങ്ങൾ വരുകയില്ല. (16: 12-14). … കോറഹ് സമൂഹത്തെ മുഴുവൻ സമാഗമ കൂടാരവാതില്ക്കൽ മോശക്കും അഹറോനുംഎതിരെ ഒരുമിച്ച് കൂട്ടി (19). അവരുടെ അന്ത്യം എന്തായിരുന്നു എന്ന് തുടർന്നുള്ള ഭാഗം പറയുന്നുണ്ട്. … മോശ ഇത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവർക്ക് താഴെ നിലം പിളർന്നു. ഭൂമി വാ പിളർന്ന് കോറഹിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടും കൂടെ വിഴുങ്ങിക്കളഞ്ഞു (16:31). കർത്താവിനെതിരെ സംഘടിച്ച ആരെയും കാനാൻ ദേശത്ത് കടക്കാൻ അവിടുന്ന് അനുവദിച്ചില്ല. കാനാൻ ദേശത്തിൻ്റെ അതിർത്തിയിൽ എത്തിയെങ്കിലും അവരെല്ലാം മരിച്ച് തീരുന്നതു വരെ 40 വർഷക്കാലം അവർക്ക് മരുഭൂമിയിലൂടെ അലയേണ്ടി വന്നു. ഇതെല്ലാം ദൈവം തൻ്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കൊടുക്കുന്ന പാഠങ്ങളാണ്.
- ലക്ഷ്യമറിയാത്ത ശിഷ്യന്മാർ
കർത്താവിൻ്റെ ശിഷ്യഗണത്തിൽ ലക്ഷ്യമറിയാതെ വഴി തെറ്റിയവരുണ്ടായിരുന്നു. ചിലർ ശരിയായ വിഴിയിലേക്ക് തിരിച്ചു വന്നു; മറ്റ് ചിലരാകട്ടെ തെറ്റായ വഴികളിലൂടെ തന്നെ നടത്തം തുടർന്നു. പത്രോസ് കർത്താവിനെ വഴി തിരിച്ച് വിടാൻ ശ്രമിച്ചു. യാക്കോബും യോഹന്നാനും കർത്താവ് രാജാവാകുമ്പോൾ ഇടത്തും വലത്തും ഇരിക്കാനുള്ള വരം ചോദിച്ചു. അവിടുത്തെ ഉത്ഥാനത്തിന് ശേഷവും ഇങ്ങനെ തന്നെ അവർ ചിന്തിച്ചിരുന്നു (നട. 1:6). കർത്താവ് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് അവരിൽ ആവസിച്ചപ്പോൾ മാത്രമാണ് അവർക്ക് അവിടുത്തെ ലക്ഷ്യം ശരിയായി മനസ്സിലായതും തിരിച്ച് നടന്നതും. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്ക് അവിടുത്തെയും അവിടുത്തെ ലക്ഷ്യത്തെയും മനസ്സിലാക്കാൻ കഴിഞ്ഞത് അവിടുത്തോടൊപ്പം വചനവും അപ്പവും മുറിച്ചപ്പോൾ മാത്രമാണ് എന്ന് മുകളിൽ പറഞ്ഞല്ലൊ. അപ്പം മുറിക്കൽ
അവിടുന്ന് കുരിശിൽ സ്വയം ദാനം ചെയ്തതിന്റെയും ലോകത്തെ പാപത്തിൽ നിന്ന് മോചിച്ച് നഷ്ടപ്പെട്ട പറുദീസാനുഭവം തിരികെ കൊടുക്കാനുള്ള ദൗത്യനിർവഹണത്തിന്റെയും മുന്നവതരണമായിരുന്നു. ഇന്ന് വി. കുർബാനയർപ്പണത്തിൽ പുനരവതരിപ്പിക്കപ്പെടുന്നതും അത് തന്നെയാണ്. അത് കേവലമൊരു ഭക്ഷണമോ വിരുന്നോ അല്ല എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അത് സ്വർഗ്ഗരാജ്യത്തിൽ കർത്താവിനോടൊപ്പം ഭക്ഷണത്തിരിക്കാനുള്ള അവശ്യ വ്യവസ്ഥയാണ്.
- വഴി തെറ്റി നാശത്തിലേക്ക് പതിച്ചവൻ
മറ്റ് ശിഷ്യന്മാരിൽ നിന്നെല്ലാം വ്യത്യസ്തനായി യൂദാസാകട്ടെ കർത്താവിനെ തൻ്റെ സ്വന്തം ലക്ഷ്യത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ടു, നാശത്തിലേക്ക് നീങ്ങിയവരുടെ പ്രതിനിധിയായി അവൻ നിലകൊള്ളുന്നു. അവൻ ഈശോയുടെ തിരുശരീരരക്തങ്ങൾ അവിടുത്തെ കരങ്ങളിൽ നിന്ന് തന്നെ സ്വീകരിച്ചെങ്കിലും അവന്റെ ഉള്ളിൽ പിശാച് കയറുകയാണ് ചെയ്തത്. മാത്രമല്ല അവൻ പ്രകാശത്തിലേക്ക് പോകാതെ ഇരുട്ടിൻ്റെ മറവിലേക്കാണ് പോയത്. കാരണം തൻ്റെ ലക്ഷ്യത്തിലേക്ക് ഈശോയെ വലിച്ചിഴക്കാനായിരുന്നു അവൻ്റെ ശ്രമം. അത് നടക്കാതെ വന്നപ്പോൾ ഗുരുവിനെ മുപ്പത് വെള്ളിക്കാശിന് വില്ക്കാനും അവൻ മടിച്ചില്ല. ഈശോ തെറ്റൊന്നും ചെയ്തില്ല എന്നും അവനറിയാമായിരുന്നു. തൻ്റെ കൂടെ നിന്നവർ എന്ന് അവൻ വിശ്വസിച്ച പ്രധാനപുരോഹിതനും ഫരിസേയന്മാരും അവനോട് സ്നേഹം കാണിച്ച് അവന് പണം കൊടുത്തത് അവരുടെ ശത്രുവായ ഈശോയെ നശിപ്പിക്കാനായിരുന്നു. നിർഭാഗ്യവശാൽ അവനത് നസ്സിലായത് അതിന് ഞങ്ങൾക്കെന്ത്? അത് നിൻ്റെ കാര്യമാണ് (മത്തായി 27: 5) എന്ന അവരുടെ പ്രതികരണം കേട്ടപ്പോഴാണ്. പക്ഷേ അപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ട് പോയിക്കഴിഞ്ഞിരുന്നു. വെള്ളി നാണയങ്ങൾ ദൈവാലയത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അവൻ പോയി കെട്ടി ഞാന്നു ചത്തു (മത്താ. 27:5) ആരാധനക്രമവിവാദത്തിലും ഇതുപോലെയുള്ള ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അവക്കെതിരെ നമ്മൾ ജാഗരൂകരാകണം. കർത്താവിന്റെ മൗതികശരീരമായ സഭയെ നശിപ്പിക്കാൻ വ്രതമെടുത്ത് ഇറങ്ങിയവരുടെ കുതന്ത്രങ്ങളെ നാം കരുതിയിരിക്കണം. നമ്മുടെ ഉൾവഴക്കുകളെ അവർ സമർത്ഥമായി ഉപയോഗപ്പെടുത്തും.
- പരിശുദ്ധ അമ്മയുടെ മാതൃക
ശിഷ്യരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തയായി പരിശുദ്ധ അമ്മ തുടക്കം മുതൽ തന്നെ ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (ലൂക്കാ 1:38) എന്ന് പറഞ്ഞ് സ്വയം ദൈവേഷ്ടത്തിന് വിട്ടു കൊടുത്തു. ലക്ഷ്യം മനസ്സിലാകാത്ത വേളയിൽ എല്ലാം മനസ്സിൽ സംഗ്രഹിച്ചു വച്ചു (ലൂക്കാ 2:51). അവസാനം കുരിശിൻ ചുവട് വരെ അമ്മ എത്തി. തന്റെ പുത്രന്റെ ദാരുണ മരണശേഷവും അവിടുത്തെ ശിഷ്യന്മാരോടോത്ത് പരിശുദ്ധാത്മാവിന്റെ വരവിനായി സെഹിയോൻ മാളികയിലും കാത്തിരുന്നു. അവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു (നടപടി 1:14). രക്ഷാകര പ്രക്രിയയുടെ ഭാഗമായ കത്തോലിക്കാ സഭയും സഭാപാരമ്പര്യങ്ങളും ദൈവികമായ ഇടപെടലിൻ്റെ ഭാഗമായി പരിഗണിക്കാൻ വിശ്വാസവെളിച്ചത്തിൽ ചരിക്കുന്നവർക്കേ കഴിയുകയുള്ളു.
- ലക്ഷ്യത്തിൽ വ്യക്തത കൈവരിക്കുക
ലക്ഷ്യം സംബന്ധിച്ചുള്ള വ്യക്തതക്കുറവാണ് നമ്മുടെ സഭയിലെ പ്രധാന പ്രശ്നം എന്ന് ഒരർത്ഥത്തിൽ പറയാവുന്നതാണ്. ഈശോ ആരെയും തൻ്റെ കൂടെ നടക്കാൻ നിർബന്ധിക്കുന്നില്ല. പക്ഷെ നടക്കുന്നവർ അവിടുത്തെ ലക്ഷ്യം കൃത്യമായി മനസ്സിലാക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. അവിടുത്തെ വചനങ്ങൾ ഗ്രഹിക്കാൻ പ്രയാസമാണ് എന്ന് പറഞ്ഞ് പിരിഞ്ഞ് പോയ ശിഷ്യന്മാരെ അവിടുന്ന് തിരിച്ച് വിളിക്കുകയല്ല ചെയ്തത്. പ്രത്യുത, പത്രോസിനോടും മറ്റ് ശ്ലീഹന്മാരോടും “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ” എന്നാണ് അവിടുന്ന് ചോദിക്കുകയാണ് ചെയ്തത്. അവിടുത്തെയും അവിടുത്തെ ലക്ഷ്യത്തെയും മനസ്സിലാക്കാൻ കഴിയുന്നത് അവിടുത്തോടൊപ്പം അതായത് അവിടുത്തെ മൗതികശരീരമായ സഭയോടൊപ്പം വചനവും അപ്പവും മുറിക്കുമ്പോൾ മാത്രമാണ്. അപ്പോഴേ തങ്ങളുടെ തനതായ ലക്ഷ്യങ്ങളിൽ നിന്ന് മാറി ദൈവജനത്തോടൊപ്പം സഭാത്മക നടത്തത്തിൽ പങ്ക് ചേരാൻ കഴിയുകയുള്ളൂ.
- എന്തുകൊണ്ട് ഏകീകൃത രീതി നടപ്പാക്കണം?
എന്തിനാണ് സിനഡിൻ്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്. മാത്രമല്ല ഇതിലൂടെ നമ്മുടെ സഭയിൽ പരസ്പര യോജിപ്പും സാഹോദര്യവും ഐക്യവും പരിശുദ്ധാത്മാവ് വളർത്തും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു. അതിനായി നാമോരുത്തരും നമ്മുടെ ഹൃദയവാതിലുകൾ പരിശുദ്ധാത്മാവിനായി തുറന്നിടണം. ഐക്യം ഐകരൂപ്യത്തിലൂടെ ഐക്യം ഉണ്ടാകുകയില്ല എന്നും മറ്റും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പരിശുദ്ധ പിതാവിൻ്റെ ഈ പ്രസ്താവന ഗൗരവപൂർവം നമ്മൾ കാണേണ്ടതുണ്ട്.
- വി. കുർബാനയർപ്പണത്തിൽ ഐകരൂപ്യം ഇല്ലെങ്കിൽ എന്താണ് പ്രശ്നം?
a. ഔദ്യോഗിക പ്രബോധനങ്ങളെ അറിയുക
രണ്ടാം വത്തിക്കാൻ സൂനഹദോസ് പൗരസ്ത്യ സഭകളെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ഓരോ വ്യക്തി സഭയുടെയും അഥവാ റീത്തിൻ്റെയും പാരമ്പ്ര്യങ്ങൾ ഭദ്രമായും അഭംഗുരമായും നിലനില്ക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം (പൗരസ്ത്യ സഭകൾ നമ്പർ 2). എല്ലാ വൈദികരും തിരുപ്പട്ട സ്ഥാനാർത്ഥികളുംറീത്തുകളെപ്പറ്റി – റീത്തൂകൾ തമ്മിലുള്ള ബന്ധങ്ങളുടെ പ്രായോഗിക നിയമങ്ങളെപ്പറ്റി പ്രത്യേകിച്ചും – ശരിയായി പരിശീലിപ്പിക്കപ്പെടണം. മാത്രമല്ല, അല്മായരും മതപാഠപരിശീലനത്തിൽ റീത്തൂകളെപ്പറ്റിയും അവയുടെ നിയമങ്ങളെപ്പറ്റിയും പഠിപ്പിക്കപ്പെടണം. എല്ലാ കത്തോലിക്കരും, ഓരോ കത്തോലിക്കാ വ്യക്തിയും, അകത്തോലിക്കാ സഭയിലോ സമൂഹത്തിലോ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ കൂട്ടായ്മയുടെ പൂർണ്ണതയിലേക്ക് വരുന്നവരും, ലോകത്തിലെവിടെയായാലും സ്വന്തം റീത്ത് നിലനിർത്തുകയും അത് സംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം (നമ്പർ 4). എല്ലാ പൗരസ്ത്യരും സ്വന്തം നിയമാനുസൃതമായ അരാധനക്രമരീതികളും ശിക്ഷണക്രമവും പാലിക്കാൻ കഴിയുമെന്നും അതിന് കടപ്പെട്ടിരിക്കുന്നു എന്നും നൈസർഗ്ഗികവും ജീവാത്മകവുമായ പുരോഗതിക്ക് വേണ്ടിയല്ലാതെ ഒരു വ്യതിയാനവും അവയിൽ വരുത്താൻ പാടില്ലെന്നും അറിയുകയും സുനിശ്ചിതമായി ബോദ്ധ്യപ്പെടുകയും ചെയ്യട്ടെ. അതുകൊണ്ട് ഇവയെല്ലാം പരമാവധി വിശ്വസ്തതയോടെ പൗരസ്ത്യരാൽ തന്നെ പാലിക്കപ്പെടണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് അനുദിനം കൂടുതൽ അറിവ് നേടുകയും പൂർണ്ണമായി ആചരിക്കുകയും വേണം. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനുചിതമായി വ്യതിചലിച്ചിട്ടുണ്ടെങ്കിൽ പൂർവിക പാരമ്പര്യങ്ങളിലേക്ക് തിരികെപ്പോകാൻ അവർ തീവ്രയത്നം ചെയ്യട്ടെ (നമ്പർ 6).
b. ഈ പ്രബോധനങ്ങൾ പൗരസ്ത്യ സഭകളുടെ കാനൻ നിയമ സംഹിതയിൽ താഴെപ്പറയും പ്രകാരം നിയമമാക്കിയിരിക്കുന്നു:
ഓരോ സ്വയാധികാരസഭയിലും പെട്ട വിശ്വാസികൾക്ക് “തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധനകൾക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനും സഭയുടെ പ്രബോധനങ്ങൾക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മിക ജീവിതരീതി പിൻചെല്ലുന്നതിനും ക്രൈസ്തവവിശ്വാസികൾക്ക് അവകാശമുണ്ട്” (കാനൻ 17). സ്വയാധികാരസഭകളുടെ തലവന്മാരായ മേലദ്ധ്യക്ഷന്മാരും മറ്റ് മേലദ്ധ്യക്ഷന്മാരും തങ്ങളുടെ റീത്തിൻ്റെ വിശ്വസതതാപൂർവമായ സംരക്ഷണവും കൃത്യമായ പാലനവും ഏറ്റവും ശ്രദ്ധാപുർവം ഉറപ്പ് വരുത്തേണ്ടതാണ്. ജീവാത്മക വളർച്ചക്കല്ലാതെ അവർ അതിൽ മാറ്റങ്ങൾ അനുവദിക്കരുത് മറ്റ് പുരോഹിത ശുശ്രൂഷികളും സമർപ്പിതജീവിത സമൂഹങ്ങളിലെ അംഗങ്ങളും തങ്ങളുടെ റീത്ത് വിശ്വസ്തതാപൂർവം അനുഷ്ഠിക്കാനും അതിനെപ്പറ്റി കൂടുതലായി അറിവും അതിൻ്റെ കൂടുതൽ പൂർണ്ണമായ പാലനവും ദിവസേന നേടിയെടുക്കാനും കടപ്പെട്ടിരിക്കുന്നു. മറ്റ് വിശ്വാസികളും തങ്ങളുടെ റീത്തിനെപ്പറ്റിയുള്ള അറിവും മതിപ്പും വളർത്തിയെടുക്കേണ്ടതാണ്. നിയമം ഒഴിവ് അനുവദിക്കുന്നില്ലാത്ത പക്ഷം അത് എല്ലായിടത്തും പാലിക്കാനും അവർ കടപ്പെട്ടിരിക്കുന്നു (കാനൻ 40: ##1-3).
c. വി. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം
കുർബാന, നാം വിശ്വസിക്കുന്ന, നമ്മുടെ കർത്താവ് തൻ്റെ ജീവൻ കൊടുത്ത് പൂർത്തിയാക്കിയ രക്ഷാകരദൗത്യ നിർവഹണത്തിന്റെ പുനരവതരണവും പരമമായ ദൈവാരാധനയുമാണ്. പ്രതീകങ്ങളിലൂടെയാണ് അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം നമുക്ക് ദൃഷ്ടിഗോചരമാകുന്നത്. ആ പ്രതീകങ്ങൾ ഓരോന്നിനും വ്യത്യസ്ഥമായ അർത്ഥങ്ങളാണ് ഓരോ സ്വയാധികാര സഭയിലുമുള്ളത്. ഒരു സ്വയാധികാര സഭയിൽ ലോകത്ത് എല്ലായിടത്തും ഒരേ പ്രതീകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ഉണ്ടാകണം എന്നത് വ്യക്തമാണല്ലൊ. അവയുടെ അർത്ഥം നന്നായി മനസ്സിലാക്കിയിട്ടുള്ള വിശ്വാസികളുടെ മനസ്സിലേക്ക് വി. കുർബാനയുടെ സമയത്ത് ആ രക്ഷാകര സംഭവങ്ങൾ ഓടിയെത്തുകയും അവയിൽ കൂടുതൽ സജീവമായി ഭാഗഭാക്കാകാൻ സഹായിക്കുകയും ചെയ്യുന്നു. പല ആവശ്യങ്ങൾ പ്രമാണിച്ച് ലോകമെമ്പാടും സഞ്ചരിക്കുകയും താസസ്ഥലങ്ങൾ മാറുകയും ചെയ്യുന്ന സീറോ മലബാർ വിശ്വാസികൾക്ക് എവിടെ ചെന്നാലും അപരിചിതത്വമില്ലാതെ വി. കുർബാനയിൽ പങ്കെടുക്കണമെങ്കിൽ ഐകരൂപ്യം അത്യന്താപേക്ഷിതമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.
d. വി. കുർബാനയെപ്പറ്റിയുള്ള സീറോ മലബാർ ദൈവശാസ്ത്രം
നമ്മുടെ സഭയുടെ ആരധനക്രമ പാരമ്പര്യം പൗരസ്ത്യ സുറിയാനി പാരമ്പര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുത പലരും ചോദ്യം ചെയ്യുമെങ്കിലും അതിനപ്പുറമുള്ള ഒന്നിനെപ്പറ്റി നമുക്ക് അറിവില്ല. അതുകൊണ്ടാണ് അതിനനുസരിച്ച് വേണം നമ്മുടെ ആരാധനക്രമം ക്രമീകരിക്കാൻ എന്ന് പരിശുദ്ധ സിംഹാസനം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുത്. സ്വർഗ്ഗത്തിലേക്കുള്ള ഒരു യാത്രയായാണ് നമ്മുടെ വിശുദ്ധ കുർബാനയെ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ആരാധനക്രമ വർഷവും ഇതുപോലെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. കർത്താവിൻ്റെ ജനനത്തെ അനുസ്മരിക്കുന്ന മംഗളവാർത്താക്കാലത്ത് ആരംഭിച്ച് സ്വർഗ്ഗപ്രവേശനത്തിന്റെ ഓർമ്മയായ പള്ളിക്കുദാശക്കാലത്താണ് അവസാനിക്കുന്നത്. വിശുദ്ധ കുർബാനയിലും ഇങ്ങനെ തന്നെയാണ് രക്ഷാകരപദ്ധതിയിലെ സംഭവങ്ങൾ അനുസ്മരിക്കപ്പെടുന്നത്. നമ്മുടെ പ്രദിക്ഷണങ്ങൾ പോലും ഈ രീതിയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
e. വി. കുർബാന കേവലം വിരുന്നല്ല
വി. കുർബാന കേവലം ഒരു വിരുന്നാണ് എന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ട്. നമ്മുടെ കർത്താവ് തന്റെ പീഢാനുഭവത്തിത്തിനും കുരിശുമരണത്തിത്തിനും മുമ്പ് അക്കാര്യങ്ങൾ മുൻകൂട്ടി തന്റെ ശിഷ്യർക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുന്ന വേദിയാണ് ആ ഭക്ഷണമേശ. അത് യഹൂദന്മാരുടെ പെസഹാ ഭക്ഷണമായിരുന്നു. ആ ഭക്ഷണമല്ല, പ്രത്യുത ആ സമയത്ത് ഈശോ നിർവഹിച്ച രക്ഷണീയ കർമ്മമാണ് പുനരവതരിപ്പിക്കപ്പെടുന്നത്. താൻ ഏറ്റെടുത്ത രക്ഷണീയദൗത്യത്തിന്റെ പൂർത്തീകരണമായ പീഢാനുഭവം, കുരിശു മരണം, ഉത്ഥാനം, പരിശുദ്ധാത്മാവിനെ അയച്ചുകൊണ്ട് ശിഷ്യന്മാർക്ക് കൊടുക്കുന്ന പ്രേഷിതദൗത്യം, തൻ്റെ ശരീരവും രക്തവും ഭക്ഷണ പാനീയങ്ങളാക്കി മാറ്റി ശിഷ്യർക്ക് കൊടുത്തുകൊണ്ട് അവരെ തന്റെ മൗതികശരീരത്തിൻ്റെ ഭാഗമാക്കി മാറ്റുന്നത്, ഒരു അടിമയേപ്പോലെ അവകാശവാദങ്ങൾ ഇല്ലാതെ മറ്റുവരുടെ പാപമോചനത്തിനായി തൻ്റെ അനുയായികൾ സ്വയം മുറിക്കപ്പെടുന്നതിൻ്റെ പ്രതീകമായ കാലുകഴുകൽ തുടങ്ങിയവയുടെ മുന്നവതരണമാണ് അവിടെ നടന്നത്. അതായത് ഭക്ഷണ മേശ ഈ സംഭവങ്ങളുടെ പശ്ചാത്തലമായി എന്ന് മാത്രം. ചുരുക്കത്തിൽ പെസഹാ ഭക്ഷണസമയത്ത് സമയത്ത് മുന്നവതരിപ്പിക്കപ്പെട്ട രക്ഷാകര സംഭവങ്ങളുടെ മുഴുവൻ പുനരവതരണമാണ് വിശുദ്ധ കുർബ്ബാന. അതുകൊണ്ടാണ് കേവലമൊരു ഭക്ഷണത്തിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് മാത്രം വി. കുർബാനയെ കാണരുത് എന്ന് പറയുന്നത്.
- ഐകരൂപ്യമില്ലായ്മ സൃഷ്ടിക്കുന്ന പ്രായോഗിക വിഷമതകൾ
a. പൊതു വിശ്വാസപരിശീലനം അസാദ്ധ്യമാകും
ഐകരൂപ്യമില്ലാത്തിടത്ത് ഒരേ പ്രതീകങ്ങൾ ആയിരിക്കുകയില്ല ഉപയോഗിക്കുന്നത്. അവയുടെ വ്യാഖ്യാനങ്ങളിലും വ്യത്യാസമുണ്ടാകും. തങ്ങളുടെ വിശ്വാസത്തെപ്പറ്റി ശരിയായ കാഴ്ചപ്പാട് നേടുന്നതിൽ നിന്ന് അത് വിശ്വാസികളെ തടയും. ഇളംതലമുറയിലേക്ക് വിശ്വാസം പകർന്നുകൊടുക്കുന്ന പ്രക്രിയയും ദുഷ്ക്കരമായി മാറും. കാരണം പൊതുവായൊരു വിശ്വാസപരിശീലനഗ്രന്ഥം തയ്യാറാക്കാൻ കഴിയില്ലല്ലൊ. പല രൂപതകളിൽ നിന്ന് വന്ന പ്രവാസികളുള്ള ഭാരതത്തിന് അകത്തും പുറത്തും ഉള്ള പ്രവാസി രൂപതകളിൽ സ്ഥിതി പിന്നെയും വഷളാകും. കാരണം ഇടവകക്കാർ അവരവരുടെ മാതൃരൂപതകളിലെ രീതി വേണമെന്ന് വാശി പിടിക്കും.
പഠനത്തിനായും ജോലിക്കായും അല്ലെങ്കിൽ വിവാഹം മൂലവും മറ്റും നിരന്തരം മാറി മാറി താമസസ്ഥലങ്ങൾ തെരഞ്ഞെടുക്കുന്ന സഭാംഗങ്ങൾ അവർ ചെല്ലുന്ന ഇടവകകളിൽ എല്ലാം വി. കുർബാനയർപ്പണത്തിൽ വ്യത്യസ്ത പ്രതീകങ്ങളും അവയുടെ വിശദീകരണങ്ങളും ആണെങ്കിൽ എങ്ങനെ അവർക്ക് അവ മറക്കാതിരിക്കാനും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും പിന്നീട് വരുന്ന തലമുറകൾക്കും എല്ലാം പറഞ്ഞു കൊടുക്കാനും കഴിയും എന്നതൊരു വലിയ ചോദ്യഛിഹ്നമാണ്. മാതാപിതാക്കൾ വ്യത്യസ്ഥരീതികൾ പിൻതുടരുന്ന പല രൂപതകളിലാണെങ്കിൽ അവർ അവരുടെ കുട്ടികൾക്ക് എങ്ങനെ വി. കുർബാനയിലെ പ്രതീകങ്ങളുടെ അർത്ഥം പഠിപ്പിച്ച് കൊടുക്കും? പല രീതികൾ പിൻതുടരുന്ന പല രൂപതകളിൽ മാറി മാറി താമസിക്കേണ്ടി വരുന്ന കുടുംബങ്ങളിലെ കുട്ടികൾ വിശ്വാസപരിശീലന ക്ലാസ്സുകളിൽ പോകുമ്പോൾ വ്യത്യസ്ത വിശദീകരണങ്ങളല്ലെ അവരുടെ അദ്ധ്യാപകരിൽ നിന്ന് കേൾക്കുക? അപ്പോൾ അവരെങ്ങനെ അവരുടെ വിശ്വാസത്തിൽ വേരുറക്കും?
b. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധി
സീറോ മലബാർ രൂപതകൾ ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് സീറോ മലബാർ വിശ്വാസികളുണ്ട്. അവർ പല രൂപതകളിൽ നിന്നുള്ളവരുമാണ്. വി. കുർബാനയർപ്പണത്തിൽ ഐകരൂപ്യം ഇല്ലാത്തതിനാൽ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ വിശ്വാസജീവിതം വളരെ നിയന്ത്രിതമോ അല്ലെങ്കിൽ ഒട്ടും തന്നെ അനുവദിച്ചിട്ടില്ല്ലാത്തതോ ആണ് പല രാജ്യങ്ങളും. നിർഭാഗ്യവശാൽ വി. കുർബാനയർപ്പണത്തിലെ ഐകരൂപ്യമില്ലായ്മ അവിടങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അടുത്ത കാലത്ത് സീറോ മലബാർ ഒഴികെ മറ്റെല്ലാ പൗരസ്ത്യസഭകൾക്കും ഗൾഫ് രാജ്യങ്ങളിൽ അവരുടെ സ്വന്തമായ സഭാസംവിധാനങ്ങൾ രൂപീകരിക്കാൻ പരിശുദ്ധ സിംഹാസനം അനുമതി നല്കി. എന്നാൽ സീറോ മലബാറൂകാർക്ക് മാത്രം കൊടുത്തില്ല. അതിന് കാരണമായി റോമിൽ നിന്ന് അറിയിച്ചത് നമ്മൾ വി. കുർബാനയർപ്പണത്തിൽ എന്ന് ഐകരൂപ്യം വരുത്തുന്നുവോ അന്ന് മാത്രമേ അത് തരുകയുള്ളു എന്നാണ്. പതിറ്റാണ്ടുകളായി സ്വന്തമായ സംഭാസംവിധാനങ്ങൾക്കായി മുറവിളി കൂട്ടുന്ന ആ സഭാംഗങ്ങൾക്ക് വലിയ ആസ്വാസമായിരിക്കും ഇപ്പോഴത്തെ തീരുമാനം. അതുപോലെ തന്നെ യൂറോപ്പ്, ഐർലണ്ട് എന്നിവിടങ്ങളിലെ സീറോ മലബാർ സഭാസമൂഹങ്ങൾക്കും ഇപ്പറഞ്ഞത് പ്രസക്തമാണ്.
c. വൈദിക-സമർപ്പിത പരിശീലനം അസാദ്ധ്യമാകും
ഐകരൂപ്യത്തിന്റെ അഭാവത്തിൽ സെമിനാരികളിലെയും സമർപ്പിത രൂപീകരണ ഭവനങ്ങളിലെയും പരിശീലനം അസാദ്ധ്യമായി മാറും. മേജർ സെമിനാരികളിൽ പല രൂപതകളിൽ നിന്നും സമർപ്പിതസമൂഹങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും അല്മായരും അദ്ധ്യാപകരായി ഉണ്ടാകുമല്ലൊ. അപ്പോൾ അവരുടെ മുമ്പിലുള്ള വൈദിക വിദ്യാർത്ഥികൾക്ക് വി. കുർബാനയിലെ പ്രതീകങ്ങളെപ്പറ്റി പഠിപ്പിക്കുമ്പോൾ ഏത് രൂപതയിൽ പിഞ്ചെല്ലുന്നവയാണ് പഠിപ്പിക്കേണ്ടത്? ഓരോ രൂപതാംഗവും അവരവരുടെ രൂപതയിലെ വിശദീകരണമല്ലെ കൊടുക്കുകയുള്ളൂ? മാത്രമല്ല കുട്ടികൾ അവരുടെ സ്വന്തം രൂപതയിൽ ചെല്ലുമ്പോൾ അവർ കാണുന്നത് അതായിരിക്കണമെന്നില്ലല്ലൊ. അവർ മൈനർ സെമിനാരികളിൽ പഠിച്ചതും വ്യത്യസ്തമായിരിക്കാം. അവർ വൈദികരായി തിരികെ രൂപതയിലെത്തുമ്പോൾ ഏത് വിശദീകരണമാണ് കൊടുക്കുക? സമർപ്പിതരുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. പല സമർപ്പിതസമൂഹങ്ങൾക്കും വിവിധ രൂപതകളിൽ പരിശീലന ഭവനങ്ങൾ ഉണ്ടാകും. അപ്പോൾ ഏത് രൂപതയിലെ രീതിയാണ് അവർ കുട്ടികളെ പരിശീലിപ്പിക്കേണ്ടത്?
d. കേരളത്തിനുള്ളിലെ രൂപതകളിലും വിഭാഗീയത വർദ്ധിക്കും
ഒരേ രൂപതയിൽ തന്നെ ഏകീകൃതരീതിക്ക് അനുകൂലമായും പ്രതികൂലമായും ഗ്രൂപ്പുകൾ ഊണ്ടാകും എന്ന് ഇപ്പോൾ തന്നെ വ്യക്തമാണ്. അതിനിയും വർദ്ധിക്കുകയേയുള്ളു എന്ന് മനസ്സിലാക്കാനും പ്രയാസമില്ല. വൈദികർ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞാൽ ഇടവകകളിൽ കാര്യങ്ങൾ എങ്ങനെയിരിക്കും എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണം ആവശ്യമില്ല. ആ സാഹചര്യത്തിൽ രൂപതാ മെത്രാൻ ത്രിശങ്കുവിലാകും എന്നതും വ്യക്തമാണ്. കാരണം ചെയ്യാനായി പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ചെയ്യരുത് എന്ന് ആരോടെങ്കിലും ആവശ്യപ്പെടാൻ അദ്ദേഹത്തിന് അധികാരമില്ലല്ലൊ.
e. പൊതുശത്രുവിനെ നേരിടാനുള്ള ശക്തി കുറയും
കത്തോലിക്കാ സഭയും ക്രൈസ്തവ വിശ്വ്വാസവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കണമെങ്കിൽ കൂട്ടായ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണം. വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന് അതൊരിക്കലും സാധിക്കുകയില്ല. ഇത് നല്ലവണ്ണം അറിയാവുന്ന ശത്രുക്കൾ നമ്മുടെ ഇടയിലുള്ള വിഭാഗീയത ഏതു വിലകൊടുത്തും നിലനിർത്താൻ മാത്രമല്ല ആളിക്കത്തിക്കാനും പരിശ്രമിക്കും എന്നത് വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ട് എത്ര വേഗം നമ്മുടെ ഇടയിലെ വിഭാഗീയത അവസാനിപ്പുക്കുന്നുവോ അത്ര വേഗം നമ്മുടെ ശത്രുക്കളെ ഫലപ്രദമായി നേരിടാനും നാം പ്രാപ്തരാകും.
ഉപസംഹാരം
1993 മെയ് മാസത്തിൽ എറണാകുളത്ത് വച്ച് സീറോ മലബാർ സഭയുടെ ആദ്യത്തെ മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണവും പ്രഥമ സിനഡ് സമ്മേളനത്തിന്റെ ഉദ്ഘാടനവും നടന്ന സമയത്ത് നടത്തപ്പെട്ട ചില പ്രസംഗങ്ങളിൽ നിന്നുള്ള ഉദ്ധരിണികളോടെ ഈ പഠനം അവസാനിപ്പിക്കാം. പുനരുദ്ധാരണത്തിനും നവീകരണത്തിനും സാംസ്കാരികാനുരൂപണത്തിനുമൊപ്പം പ്രാധാന്യം നല്കുന്ന സമന്വയത്തിന്റെയും ഐക്യത്തിൻ്റെയും പാതയായിരിക്കട്ടെ നമ്മുടേത്. ശരിയായ പാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്തുന്നതും ലളിതസുന്ദരവും സുഗ്രാഹ്യവും പ്രസക്തവുമായിരിക്കട്ടെ നമ്മുടെ ആരാധനാക്രമം. ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും ഏറ്റുപറയുന്ന ഐക്യത്തിൻ്റെ ആഘോഷമാകട്ടെ നമ്മുടെ ആരാധനാക്രമം (ബിഷപ്പ് ജോസഫ് കൂണ്ടുകുളം: cfr Synodal News, No. 1, August 1993 p.19). മറ്റ് കിഴക്കൻ സഭകളിലെ പോലെ, സീറോ മലബാർ സഭയിലെ വിശ്വാസികളും അവരുടെ പരമോന്നതനായ ഇടയന് ചുറ്റും, മാർത്തോമ്മാ ശ്ലീഹായുടെ വഴിയിൽ വിശ്വസ്തതയോടെയും ഉത്സാഹത്തോടെയും ഒരുമിക്കട്ടെ. ശ്ലീഹായുടെ വഴി മിശിഹായുടെ വഴി തന്നെയാണ്. സീറോ-മലബാർ സഭ, ബാബിലോണിയയിൽ നിന്ന് വന്ന അവരുടെ വലിയ ആത്മീയ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ആരാധനാരീതിയിൽ അവനോടൊപ്പം ഐക്യപ്പെടട്ടെ…. സീറോ മലബാർ സഭയിലെ ബഹുമാനപ്പെട്ട മെത്രാന്മാർ മേജർ ആർച്ച്ബിഷപ്പിനൊപ്പം എപ്പോഴും ഒന്നായിരിക്കട്ടെ. സീറോ മലബാർ സഭ മുഴുവനും, അതായത്, ബഹുമാനപ്പെട്ട മെത്രാന്മാരും, വലിയ മാതൃകകയായ വൈദികരും, പ്രിയപ്പെട്ട സമർപ്പിതരും, ദൈവജനം മുഴുവനും ഇന്ന് ഒരു പുതിയ തുടക്കം കുറിക്കട്ടെ (സ്ഥാനാരോഹണച്ചടങ്ങിൽ ഇൻഡ്യയിലെ അന്നത്തെ അപ്പസ്തോലിക്ക് ന്യുൻഷ്യോ ആർച്ച്ബിഷപ്പ് ജോർജ്ജ് സൂർ cfr. Synodal News, No. 1, August 1993, pp.21).
ദൈവത്തിന് നന്ദി, സീറോ മലബാർ സഭ, തീക്ഷ്ണമായ ഭക്തിയും നിസ്വാർത്ഥ സേവനവും വിശുദ്ധിയുടെ ഉദാഹരണങ്ങളും നിറഞ്ഞതാണ്. എന്നാൽ അതിൻ്റെ ക്രിസ്തീയ തീക്ഷ്ണത ചിലപ്പോഴൊക്കെ അതിൻ്റെ സ്വത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ മൂലം
കളങ്കിതമാക്കപ്പെട്ടു. അവസാനം നമുക്കിപ്പോൾ വലിയ ഒരുമയിലേക്കും ഐക്യത്തിലേക്കും ദൃഷ്ടി പതിപ്പിക്കാം എന്ന് ഞാൻ കരുതുന്നു. ശുഷ്കമായ ചർച്ചകളിൽ ഇനിയും സമയം ചെലവഴിക്കേണ്ടതില്ല. അതിനെയെല്ലാം നമുക്ക് അതിജീവിക്കാം. അതിനുള്ള മാർഗ്ഗങ്ങൾ നമുക്ക് നല്കപ്പെട്ടിരിക്കുന്നു. പൗരസ്ത്യ സഭകളുടെ കാനോനാസംഹിതയും അടുത്ത കാലത്ത് പരിശുദ്ധ പിതാവ് നിങ്ങൾക്കായി തന്നിട്ടുള്ള മറ്റ് ഉപാധികളും അനുസരിച്ച് നിങ്ങൾ മുന്നേറുകയാണെങ്കിൽ പരിശുദ്ധവും സമാധാനപൂർണ്ണവുമായ ഒരുമയും കൂട്ടായ്മയും നിങ്ങൾക്ക് പ്രതീക്ഷിക്കാം. (ഉദ്ഘാടനച്ചടങ്ങിൽ ആർച്ച്ബിഷപ്പ് ജോർജ്ജ് സൂർ : cfr. Synodal News, No. 1, August 1993, p.30).
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മേല്പറഞ്ഞ കാര്യങ്ങൾ നമ്മോട് പറഞ്ഞ ആ രണ്ട് പേരും അവരുടെ ഇഹലോകവാസം അവസാനിപ്പിച്ചിട്ട് കാലമേറെയായി. എന്നാൽ അവർ ആശംസിച്ചതും ആഗ്രഹിച്ചതുമായ ഒരുമയിലേക്കും കൂട്ടായ്മയിലേക്കും
സാഹോദര്യത്തിലേക്കും എത്താൻ ഇനിയും നമ്മൾ ഏറെ ദൂരം തണ്ടേണ്ടിയിരിക്കുന്നു. അതിനുള്ള ധൈര്യമാണ് തന്റെ ഉപദേശത്തിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ നമുക്ക് നല്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഉപദേശം അവഗണിക്കപ്പെടാതിരിക്കട്ടെ.