ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ അടയാളം കൂടിയായിരിക്കും പാപ്പയുടെ ഇത്തവണത്തെ യാത്ര. ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക.
മംഗോളിയയുടെ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് അപ്പസ്തോലിക യാത്രയിലെ ഔദ്യോഗികചിഹ്നം. ഇതിൽ ജർ എന്ന് വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീല നിറത്തിൽത്തന്നെയുള്ള കുരിശുരൂപവും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യഭാഷയിൽ “ഒരുമിച്ച് പ്രത്യാശിക്കുക” എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിന് മുകളിലായി വത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിലുള്ള പുകപടലവും വരച്ചുചേർത്തിട്ടുണ്ട്.
1300 കത്തോലിക്കർ മാത്രമുള്ള മംഗോളിയ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും. രാജ്യത്തെ ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 33 വൈദികരും 44 കന്യാസ്ത്രീകളുമുണ്ട്. ആറ് കത്തോലിക്ക ദേവാലയങ്ങളില്‍ മൂന്നെണ്ണം തലസ്ഥാന നഗരത്തിലാണ്.