ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
മണിപ്പൂർ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതിമൂലം ഞങ്ങൾ അതീവ ദുഃഖിതരാണ്. മുമ്പൊരിക്കലും ഉണ്ടാവാത്ത രീതിയിൽ അക്രമങ്ങളും അസ്ഥിരതയും 2023 മെയ്മാസം മൂന്നാംതിയ്യതി മുതൽ നടമാടുകയാണ്.
ഇംഫാൽ മെത്രാപ്പോലീത്ത നൽകിയ വിവരമനുസരിച്ച് അക്രമവും തീവയ്പ്പും ഒരു കുറവുമില്ലാതെ, കലാപം ആരംഭിച്ചതുമുതൽ തുടരുകയാണ്. കലാപം ഏറെയും നടക്കുന്നത് ഇംഫാൽ താഴ്‌വരയിൽനിന്നും അകലെയുള്ള പ്രദേശങ്ങളിലത്രേ. ഭവനങ്ങളും ഗ്രാമങ്ങളും അഗ്നിക്കിരയാവുകയും അല്ലെങ്കിൽ പൂർണ്ണമായി തകർക്കപ്പെടുകയും ചെയ്തു. വിലപ്പെട്ട വസ്തുവകകൾ കൊള്ളയടിക്കപ്പെട്ടു. ആരാധനാലയങ്ങൾ അഗ്നിക്കിരയാവുകയും അശുദ്ധമാക്കപ്പെടുകയും ചെയ്തു. അരലക്ഷത്തോളം ആളുകൾ നിർബ്ബന്ധിതമായി കുടിയിറക്കപ്പെടുകയും പിഴുതെറിയപ്പെടുകയും ഭവനരഹിതരാവുകയും ചെയ്തു. അവരിൽ ഏറിയ പങ്കും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഏറെ സഹനങ്ങളിൽ കഴിയുകയാണ്. ഇതര കുടുംബങ്ങളിൽ അഭയം തേടിവരും, മിസോറാം ഉൾപ്പെടെയുള്ള മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും പട്ടണങ്ങളിലേയ്ക്കും പലായനം ചെയ്തവരും അനേകരുണ്ട്. ഇതിനകം നൂറുപേരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ഈ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ട്, മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ദിനമായി 2023 ജൂലൈ രണ്ടാം തിയ്യതി ഞായറാഴ്ച ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി തീരുമാനിച്ചിരിക്കുന്നു. ഈ വിവരം ജൂൺ 25 ഞായറാഴ്ച എല്ലാവരെയും അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
അർത്ഥവത്തായി രാജ്യത്തുടനീളം ആ ദിനം ആചരിക്കുന്നതിന് ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത സമൂഹങ്ങളും സന്നദ്ധരാകണം. ആ ദിനങ്ങൾ കൂടുതൽ അർത്ഥസാന്ദ്രമാകുന്നതിന് ഉതകുന്ന ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
- ഞായറാഴ്ചകളിലെ കാറോസൂസാ പ്രാർത്ഥനകളിൽ സവിശേഷ നിയോഗമായി മണിപ്പൂരിലെ സമാധാനവും സുസ്വരതയും ഉൾപ്പെടുത്തണം. സാധിക്കുമെങ്കിൽ, മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി ഇടവകാ ദേവാലയങ്ങളിൽ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കണം.
- മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യത്തിന്റെ സൂചകമായി മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ടുള്ള പ്രദക്ഷിണമോ സമാധാന റാലിയോ നടത്തി നമ്മുടെ സഹാനുഭൂതിയും ആത്മാവിലുള്ള കൂട്ടായ്മയും പ്രകടമാകണം. അപ്രകാരം, ആ സംസ്ഥാനത്ത് സംജാതമായിരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവവും തീവ്രതയും ആഴത്തിൽ മനസിലാക്കാൻ അത് ഉപകരിക്കും.
- സമാധാനത്തെക്കുറിച്ചുള്ള നമ്മുടെ ദർശനം പങ്കുവയ്ക്കുന്ന സമാനമനസ്കരായ വ്യക്തികളോടും സ്ഥാപനങ്ങളോടും സഹകരിച്ചുകൊണ്ട് നീങ്ങുന്നതുവഴി സമാധാനവും സുസ്വരതയും പരസ്പരധാരണയും സൃഷ്ടിക്കാനുള്ള നമ്മുടെ പൊതുവായ ഉദ്യമങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകും.
- വിവിധ സംഘടനകൾ, പ്രസ്ഥാനങ്ങൾ എൻജിഒ കൾ തുടങ്ങിയവയെ, ഈ പ്രശ്നത്തിലുള്ള തങ്ങളുടെ കടുത്ത ആശങ്കകൾ അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് കത്തുകൾ എഴുതാൻ പ്രേരിപ്പിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അവിടെ പാലിക്കപ്പെടുന്നില്ല എന്ന കാര്യം അവയിൽ സവിശേഷമാം വിധം പ്രതിപാദിക്കണം.
- എല്ലാ സംസ്ഥാനങ്ങളിലും ശാന്തി പുലരുന്നതിനായി നമ്മെത്തന്നെ പുനരർപ്പണം ചെയ്യുന്നതിന്റെ പ്രതീകമായി നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കാനുള്ള അവസരമൊരുക്കണം.
- കുടിയേറ്റക്കാരും അഭ്യർത്ഥികളുമായി വരുന്നവരെ, പ്രത്യേകിച്ച് മണിപ്പൂരിൽനിന്നുള്ളവരെ ഹൃദ്യമായ കരുതലോടും സന്മനസോടുംകൂടി സ്വീകരിക്കാൻ തയ്യാറാകണം. അവിടെനിന്നുള്ള വിദ്യാർത്ഥികളെയും മറ്റു മനുഷ്യരെയും ഉദാരമനസ്ഥിതിയോടെ നമ്മുടെ ഹോസ്റ്റലുകളിലും സ്ഥാപനങ്ങളിലും പാർപ്പിക്കാൻ കഴിവതും അവസരമൊരുക്കണം.
മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ ഉദാത്തവും സർഗാത്മകവുമായി മണിപ്പൂർ പ്രതിസന്ധിയോട് പ്രതികരിക്കുകയുണ്ടായി. 2023 ജൂൺ 20 വരെയുള്ള കണക്കുകൾ അനുസരിച്ച് കുടിയിറക്കപ്പെട്ടവരും മണിപ്പൂർ, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായ 14000 ൽപ്പരം ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം സമുദായനന്തര സൗഹൃദവും സമാധാനവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ദീർഘകാല പദ്ധതികളുമായാണ് കാരിത്താസ് ഇന്ത്യ മുന്നോട്ടുവന്നിട്ടുള്ളത്. സമാധാനപരമായ സഹവർത്തിത്വവും പരസ്പര വിശ്വാസവും ഉറപ്പാക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.
കാരിത്താസ് ഇന്ത്യയുടെ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറും മണിപ്പൂർ സന്ദർശിക്കുകയും, അവിടത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഈ ഐക്യദാർഢ്യത്തിലുള്ള നമ്മുടെ പങ്കാളിത്തം പ്രകടമാക്കുന്നതിന്റെ ഭാഗമായി നമ്മുടെ രൂപതകളും ഇടവകകളും സന്യാസ സമൂഹങ്ങളും സ്ഥാപനങ്ങളും സഭാസമൂഹം ഒന്നാകെയും കാരിത്താസ് ഇന്ത്യയുമായി കൈകോർക്കുന്നതിന് തയ്യാറാകണം. കാരിത്താസ് ഇന്ത്യയുടെ നല്ല ഉദ്യമങ്ങൾക്ക് നമ്മുടെ സഹകരണം വലിയ കരുത്ത് നൽകുന്നതാണ്. കാരിത്താസ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ നൽകുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ ഈ അക്കൗണ്ടിലൂടെ നൽകാനാവും.
Account name: Caritas India; Account Number: 0153053000007238;
Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi -110 001;
Bank’s IFSC Code: SIBL0000153
പ്രിയ സഹോദരീ സഹോദരന്മാരേ, ഒരേ ഹൃദയത്തോടും മനസോടുംകൂടി നമുക്ക് നമ്മുടെ പ്രാർത്ഥനകളും എളിയ ത്യാഗങ്ങളും സമർപ്പിക്കാം. സംഘർഷങ്ങളിലകപ്പെട്ട സമുദായങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും പൊരുത്തപ്പെടലും സാധ്യമാകുന്നതിന് അവ ഉപകരിക്കട്ടെ. ഇതിനുവേണ്ട ധൈര്യവും കരുത്തും ലഭിക്കുന്നതിനായി സർവ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം വഴി, ഇന്ത്യയിൽ, പ്രാത്യേകിച്ച് മണിപ്പൂരിൽ സമാധാനവും സുസ്വരതയും പുനഃസ്ഥാപിക്കപ്പെടുന്നതിനായി നമ്മുടെ രക്ഷകനായ ഈശോനാഥന്റെ അനുഗ്രഹം അപേക്ഷിച്ചുകൊണ്ട്,
ആത്മാർത്ഥതയോടെ,
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് (ഒപ്പ്)
പ്രസിഡന്റ്, ഭാരത കത്തോലിക്കാ മെത്രാൻ സമിതി (CBCI)