01 . ദൈവത്തിന്റെ വിശുദ്ധ ജനമേ ഇരുള് നിറഞ്ഞ ലോകത്തില്‍ പ്രകാശ ഗോപുരങ്ങള്‍ നിങ്ങളാണ്.ലോകം അതി ഘോരാന്ധകാര വിനാഴികകളിലേക്ക് പ്രവേശിക്കുകയാണ് .ലോകത്തില്‍ നിന്ന് വിശുദ്ധി ,സ്നേഹം,കാരുണ്യം നന്മകളൊന്നും പ്രതീക്ഷിക്കരുത്.എന്നാല്‍ നാം ദൈവത്തിന്റെ മക്കള്‍ എല്ലാ ദൈവിക നന്മകളുടേയും നികേതനമായി തീരണം. തിന്മയേ നന്മകൊണ്ട് കീഴടക്കുവാന്‍ ദൈവാത്മാവ് നമ്മെ ശക്തരാക്കും. ചിന്തക്ക് നാല് ശാഖകളുണ്ട്; നന്മ ,തിന്മ ,ജീവന് ,മരണം. നന്മയായത് മാത്രം ചിന്തിച്ച് ജീവനിലേക്ക് പ്രവേശിക്കം. തിന്മയായ ഇരുള് നിറഞ്ഞ ലോകത്തെ കുറിച്ച് എത്ര അധികം ചിന്തിക്കുന്നുവോ അത്ര അതികം ആന്തരികോര്‍ജ്ജം നഷ്ടപ്പെടുകയാണ് അങ്ങനെ ഉള്ളവയിലേക്ക് നിങ്ങള്‍ ആരുടെ ഒക്കെ ശ്രദ്ധ ആകര്‍ഷിക്കുന്നുവോ അവരുടേയും. ആകയാല്‍ ഉന്നതങ്ങളിലുള്ളവയെ കുറിച്ച് ചിന്തിക്കാം. 02.നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരെ ആശ്രയിച്ചാണ് ഇരിക്കുന്നതെങ്കില്‍ അഥവാ ചുറ്റുപാടുകളെ , സാഹചര്യങ്ങളെ ആശ്രയിച്ചാണ് ഉള്ളതെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. നാം എപ്പോഴും സന്തോഷവും സമാധാനവും ഉള്ളവരായിരിക്കണം എന്നാണ് ദൈവ പിതാവ് നമ്മേ കുറിച്ച് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതല്‍ നമ്മുടെ മനസിനെ വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ സന്തോഷിക്കുവാനും ദുഃഖിക്കുവാനും നാം പഠിപ്പിച്ച് വെച്ചിട്ടുണ്ട് . എന്നാല്‍ ക്രിസ്തുവില്മാത്രം നമ്മുടെ ഹൃദയാനന്ദം വയ്ക്കുവാന്‍ നാം പരിശീലിപ്പിക്കുകയാണ് എങ്കില്‍ അത് ഒരിക്കലും നഷ്ടപ്പെടുകയില്ല. ക്രിസ്തു മാത്രമാണ് എന്റെ സമാധാന കാരണമെങ്കില്‍ അത് ഒരിക്കലും നഷ്ടപ്പെടുകയില്ല. വാസ്തവത്തില്‍ എന്റെ തന്നെ ചിന്തകളുടേയും മനോഭാവത്തിന്റെയും ആകെ തുകയാണ് എന്റെ സന്തോഷവും സമാധാനവും. എന്നാല്‍ എന്താണ് പറയുക? ആത്മീകരെന്ന് അഭിമാനിക്കുന്ന നാം എല്ലാം വീണ്ടും പുനരാരംഭിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ശരിയാക്കി ,സാഹചര്യങ്ങളെ മാറ്റി നമുക്ക് ഒരിക്കലും സന്തോഷവും സമാധാനവും അനുഭവിക്കാനോ ഒരു നല്ല മനുഷ്യനായി തീരാനോ കഴിയുകയില്ല. എല്ലാ നല്ല മാറ്റങ്ങളും എന്റെ ഉള്ളില്‍ മാത്രമാണ് സംഭവിക്കേണ്ടത്. 03.പങ്കുവയ്ക്കാന്‍ കഴിയാത്ത സമ്പന്നര്‍ യാചകരേക്കാള്‍ ദരിദ്രരാണ്. പങ്കുവയ്ക്കുന്ന യാചകര്‍ പങ്ക് വയ്ക്കാത്ത സമ്പന്നരേക്കാള്‍ ശ്രേഷ്ഠര്‍. ഉള്ളതില്‍ നിന്ന് പങ്കുവയ്ക്കാനുള്ള ഹൃദയ വിശാലത നമുക്കേവര്‍ക്കും ഉണ്ടാവണം. 04.മറ്റുളളവരുടെ സന്തോഷത്തിന് വേണ്ടി ഒന്നും ത്യജിക്കരുത് ഒരു നന്മയും ചെയ്യരുത്! എല്ലാം നമ്മുടെ സന്തോഷത്തിനും ആത്മ നിര്‍വൃതിക്കും വേണ്ടിയാകണം അല്ലാത്തതെല്ലാം ആത്മാര്‍ത്ഥത ഇല്ലായ്മയുടെയും സ്നേഹരാഹിത്യത്തിന്റെയും പ്രവൃത്തികളാണ്. നമുക്ക് വേണ്ടി തന്നെയാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആരോടും പരാതിയില്ലാതെ ചെയ്യുവാന്‍ നമുക്ക് കഴിയും പ്രതിഫലേച്ഛയില്ലാതെ തന്നെ! നന്മ ചെയ്യുന്നതില്‍ മടിപ്പില്ലാത്ത ഒരു ഹൃദയം നമുക്ക് വേണം നന്മയില് വ്യാപരിക്കുന്നത് നമ്മുടെ സ്വഭാവ ഗുണമായി മാറണം. മതമോ സമുദായമോ യോഗ്യതയോ നോക്കാതെ എപ്പോഴും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നുവെങ്കില്‍ ക്രിസ്തുവില്‍ വീണ്ടും ജനിച്ചതിന്റെ അടയാളമാണ്. ക്രിസ്തു നന്മയുടെ പൂര്‍ണതയാണ്. പാര്ഷ്യാലിറ്റിയോടെ പ്രതിഫലേച്ഛയോടെ ചെയ്യുന്ന നന്മ പ്രവര്‍ത്തികളൊക്കെയും അനാത്മീകമാണ്. 05.പീഢിപ്പിക്കപ്പെടുമ്പോള്‍ ഹൃദയാനന്ദം കൊണ്ട് മുഖം പ്രകാശിക്കുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യുന്നത് ക്രിസ്തു ശിഷ്യന്റെ അടയാളമാണ്. നാം എന്ത് മാത്രം അസഹിഷ്ണുതയുള്ളവര്‍ ആണോ അത്രയതികം നാം ദൈവരാജ്യത്തില്‍ നിന്ന് അകലെയാണ്. സര്‍വ്വ ക്രൈസ്തവരും പീഢിപ്പിക്കപ്പെടുകയും രക്ത സാക്ഷികളാവുകയും ചെയ്താലും ദൈവരാജ്യം ഭൂമിയില്‍ ഇല്ലാതാവുകയോ സഭ അപ്രത്യക്ഷമാവുകയോ ഇല്ല മറിച്ച് ഭൂമിയില്‍ വിശാലമായ ദൈവരാജ്യം സ്ഥാപിക്കപ്പെടും. ആകയാല്‍ ദൈവരാജ്യ നിര്‍മ്മിതിക്ക് വേണ്ടിയോ സഭയുടെ നിലനില്‍പ്പിന് വേണ്ടിയോ ആരും കായികമായി ചെറുത്ത് നില്‍ക്കേണ്ടതില്ല നമ്മുടെ ചെറുത്ത് നില്‍പ്പ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറഞ്ഞൊഴുകല് മാത്രമാണ്. നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ നമ്മേ വേദനിപ്പിക്കുന്ന സര്‍വ്വരിലേക്കും ആ സ്നേഹ പ്രവാഹം ഉളവാകട്ടെ! 06. ദൈവ ഭയം ആഗ്രഹങ്ങളില്‍ നിന്ന് ആത്മാവിന് മുക്തി നല്കുന്ന ദിവ്യ ഔഷധമാണ്. ആഗ്രഹ മുക്തി ദൈവിക ആലോചനകള്‍ക്ക് അനുസൃതമായി ജീവിതത്തെ ക്രമീകരിക്കുവാനും ശ്രേഷ്ഠ ജീവിതം നയിക്കുവാനും ആന്തരിക ശക്തി പ്രദാനം ചെയ്യുന്നു. എല്ലാ ചപലതകളിലേക്കും ആത്മാവിനെ വ്യതിചലിപ്പിക്കുന്ന ആഗ്രഹങ്ങള്‍ നൂറ് നൂറ് ബന്ധനങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആഗ്രഹ മുക്തി നാം തന്നെ സൃഷ്ടിക്കുന്ന ബന്ധനങ്ങളില്‍ നിന്നുള്ള മോചനമാണ്. പരിശുദ്ധനായ ദൈവത്തിന്റെ തിരു സാന്നിധ്യാനുഭവമാണ് ദൈവ ഭയം. 07.ഏത് ഹീനമായ പ്രവര്‍ത്തിയേ പ്രതിയും ആരെയെങ്കിലും അവഹേളിക്കുകയോ അവരെ നോക്കി പരിഹസിക്കുകയോ ചെയ്യുന്നതിലൂടെ നമ്മുടെ ആന്തരികോര്‍ജ്ജം നഷ്ടപ്പെടുകയല്ലാതെ നമുക്കോ അവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പ്രയോജനവും ഇല്ല.ആരിലെങ്കിലും ഏതെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം നമ്മില്‍ അത്തരം തെറ്റുകള്‍ ഉണ്ടോ എന്ന് ആഴമായി വിശകലനം ചെയ്യുകയും തിരുത്തുവാന്‍ തയ്യാറാവുകയും ചെയ്യുക. തിന്മയായ ഓരോ വാര്‍ത്തകളും സൃഷ്ടിക്കുന്ന ചിന്താ തരംഗങ്ങള്‍ സമൂഹത്തിലും സമൂഹ മാദ്ധ്യമങ്ങളിലും നിരന്തരമായി പ്രസാദാത്മക ഫലമല്ല നിഷേധാത്മക ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. നാമും ആ നിഷേധാത്മക തരംഗ സൃഷ്ടാക്കളായിരിക്കാം . നമ്മുടെ ചിന്തകളും സംസാരവും പ്രവര്‍ത്തിയും സമൂഹത്തില്‍ എന്ത് ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് നാം ഗ്രഹിക്കണം. 08. വിമര്‍ശനങ്ങള്‍ വികാര വിക്ഷോപ പ്രകടന ഉപാധിയായിരിക്കരുത് ,തിരുത്തലിനും ഉപരി നന്മയ്ക്കും വേണ്ടിയുള്ള ചൂണ്ടിക്കാട്ടലുകളായിരിക്കണം. ഇരുള് നിറഞ്ഞ ജീവിതങ്ങളിലേക്ക് പ്രകാശം പ്രസ്ഫുരിപ്പിക്കുന്ന സുന്ദര ജീവിതം നയിക്കുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. വിമര്ശനങ്ങളേക്കാള് , മറ്റുള്ളവരെ തിരുത്താന്‍ സമയം പാഴാക്കുന്നതിനേക്കാള്‍ നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നതും , മറ്റുള്ളവര്‍ക്ക് പ്രചോദന കരമായി പെരുമാറാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നതില്‍ ശ്രദ്ധ വയ്ക്കുന്നതും ആണ് കൂടുതല്‍ അഭികാമ്യം. ഓരോരുത്തരും മനസ് വച്ചാല്‍ മാത്രമേ ജീവിതത്തില്‍ പരിവര്‍ത്തനം സാദ്ധ്യമാകൂ. നമ്മുടെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും വികാര വിക്ഷോഭങ്ങളും ഒന്നും മറ്റുള്ളവരില്‍ പ്രസാദാത്മക ഫലം ചെയ്യണമെന്നില്ല.ഇരുള് നിറഞ്ഞ ലോകത്തില്‍ ഒരു ചെറുതിരി വെളിച്ചമെങ്കിലുമാകട്ടെ ഞാന്‍! 09. ദൈവ ഭക്തന് ലഭിക്കുന്ന അനുഗ്രഹമാണ് ; സദാ ആനന്ദമുള്ള ഹൃദയം , ദൈവാശ്രയബോധം , കൃതജ്ഞതയുള്ള മനസ്. ലൗകികന് വഹിക്കുന്ന ശാപങ്ങളാണ് ; സുഖലോലുപത ,ആസക്തി,ജീവിത വ്യഗ്രത എന്നിവ. 10.ക്ഷുദ്രാഹന്ത തങ്ങള്‍ ആയിരിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥരായി മറ്റെന്തൊക്കെയോ ആണെന്ന തെറ്റായ ബോധം ജനിപ്പിക്കുന്നു. പുര്ണാഹന്ത ആകട്ടെ നാം ദൈവമക്കളാണെന്ന യാഥാര്‍ത്ഥ്യ ബോധം ആണ്.പുര്ണാഹന്തയില് നിന്ന് ഉളവാകുന്ന കുലീനത ഏറ്റവും മാന്യമായി എല്ലാവരോടും ഇടപെടുവാന്‍ നമ്മേ പ്രാപ്തരാക്കി തീര്‍ക്കുന്നു. പൂര്ണാഹന്തയില് നിന്നുളവാകുന്ന അഭിമാനബോധം എല്ലാ വിധ അപകര്‍ഷത നിറഞ്ഞതും ചപലവുമായ കാഴ്ചപ്പാടുകളില്‍ നിന്ന് ആത്മാവിന് മുക്തി നല്കുന്നു.പൂര്ണാഹന്ത അംഗീകാര തൃഷ്ണയേയും സ്ഥാനമാന ആസക്തിയേയും പൂര്‍ണമായി ഇല്ലാതെയാക്കും.ദൈവ പൈതലാണ് താന്‍ എന്ന യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെടുമ്പോള്‍ .എത്രത്തോളം സ്നേഹവും പരിഗണനയും അംഗീകാരവും ലഭിച്ചാലും ആത്മാവ് അസംതൃപ്തവും ശൂന്യവുമായിരിക്കും അപ്പോള്‍ ക്ഷുദ്രാഹന്ത ശക്തി പ്രാപിക്കുകയും താന്‍ എന്തൊക്കെയോ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനുള്ള പരിശ്രമം ആരംഭിക്കുകയും ചെയ്യും. 11.പരിശുദ്ധനായ ദൈവം നല്കിയ പത്ത് കല്പ്പനകളില് ഒന്ന് പോലും മാറ്റം വരുത്തേണ്ടതായി വന്നിട്ടില്ല സഹസ്രാബ്ദങ്ങള്‍ നിരവധി കഴിഞ്ഞിട്ടും. മാനുഷികമായ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണ് തിരുത്തേണ്ടി വന്നിട്ടുള്ളത്. ദൈവിക നിയമങ്ങളിലെ മാനുഷിക കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളേയും അസാധുവാക്കി പരിശുദ്ധനായ ദൈവത്തിന്റെ കാരുണ്യം പൂര്‍ണതയില്‍ വെളിപ്പെടുത്തുവാനും നിയമങ്ങളെ വ്യാഖ്യാനിക്കുവാനും പൂര്‍ത്തീകരിക്കുവാനും ദൈവ പുത്രന് തന്നെ ഭൂമിയില്‍ ഇറങ്ങിവന്നു.ദൈവത്തിന്റെ കല്‍പ്പനകളിലെ സൗന്ദര്യം കണ്ടെത്തുകയും ഹൃദയ ഫലകങ്ങളില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യുകയും ചെയ്യുമ്പോള്‍ ദൈവജനം ജീവനില്‍ വാഴും.ദൈവത്തിന്റെ കല്പ്പനകളില് ഭേതഗതികൊണ്ട് വരുന്ന വ്യക്തികളും സഭകളും പൈശാചിക തമോഗര്‍ത്ത സ്വാധീനത്തിലാണ്.അറിഞ്ഞോ അറിയാതെയോ പത്ത് കല്പ്പനകളില് ഏതെങ്കിലും ഒന്നിനേ പിന്‍ഗമിക്കുന്നവര്‍ പോലും അവര്‍ ഏത് മതസ്ഥരാണെങ്കിലും അതിന്റേതായ വെളിച്ചം അവരുടെ ജീവിതത്തില്‍ കാണാന്‍ കഴിയും .ദൈവത്തിന്റെ പരിശുദ്ധാത്മാവില്‍ നയിക്കപ്പെടുന്നവര് നിയമത്തിന് കീഴിലല്ല കൃപയ്ക്ക് കീഴിലാണ്, കൃപയില്‍ ജീവിക്കുന്ന ദൈവ മക്കളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കുന്ന അമിത ബലം വിപരീത സാഹചര്യങ്ങളിലും ദൈവ കല്പ്പനകളില് സുന്ദര ജീവിതം നയിക്കുവന്‍ പ്രാപ്തരാക്കുന്നു. പഴയ നിയമ കാലഘട്ടത്തില്‍ എഴുതപ്പെട്ട നിയമങ്ങളായിരുന്നു ദൈവ ജനത്തെ നയിച്ചിരുന്നതെങ്കില്‍ കൃപായുഗത്തില്‍ നിയമം നല്കിയ ദൈവം തന്നെ ദൈവ ജനത്തിന്റെ ഉള്ളില്‍ വസിക്കുകയാണ്. അങ്ങനെയെങ്കില്‍ പഴയ നിയമ കാലഘട്ടത്തേക്കാള്‍ എത്ര ശക്തവും സുന്ദരവുമായി നാം കല്പ്പനകളില് വാഴും ! അവിടുത്തെ കല്‍പ്പനകള്‍ ജീവന്റെ നീര്‍ച്ചാലുകളാണ്. കണ്ണുകള്‍ക്ക് ശുദ്ധമായ നീലിമ കലര്‍ന്ന പ്രവാഹം. Shinto Pj Post navigation ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath