ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും (യോഹന്നാന്‍ 14 : 26). പരിശുദ്ധാത്മാവ് ആത്മീയ ജീവിതത്തിൽ എന്തു വേണം എന്ത് വേണ്ട എന്ന് വ്യക്തമാക്കി തരുന്ന സഹായകനാണ്.

പ്രവാചകൻമാരായ സകലപൂര്‍വ്വികരോടുമുള്ള ദൈവത്തിന്‍റെ വാഗ്ദാനം നിറവേറ്റിയത് പരിശുദ്ധാത്മാവാണ്. പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ ദൈവികസന്ദേശം ദൈവജനത്തിനു നല്‍കിയതും പരിശുദ്ധാത്മാവാണ്. ചുരുക്കത്തില്‍ പന്തക്കുസ്താദിനത്തില്‍ മാത്രം രംഗപ്രവേശം ചെയ്ത ദൈവമല്ല പരിശുദ്ധാത്മാവ്. രക്ഷാകര ചരിത്രത്തിലുടനീളം അവിടുത്തെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്

പരിശുദ്ധാത്മാവിന്റെ കൂടുതൽ നിറവ് ലഭിക്കുമ്പോൾ ദൈവഭക്തി, ദൈവഭയം തുടങ്ങിയവയിലും നാം വളരും. പാപബോധവും പശ്ചാത്താപവും കിട്ടും. അനുതപിച്ച് നാം പാപമോചനം നേടും. അതുവഴി ആത്മീയവും മാനസികവും ചിലപ്പോൾ ശാരീരികവുമായ ഒരുപാട് കെട്ടുപാടുകളിൽനിന്ന് നമ്മൾ സ്വതന്ത്രരാകും. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, ആത്മസംയമനം തുടങ്ങിയവ നമ്മിൽ നിറയുമ്പോൾ ഒരുപാട് ആന്തരികമുറിവുകൾക്ക് സൗഖ്യം ഉണ്ടാകും. അങ്ങനെ ചിന്തിക്കുമ്പോൾ മനസിലാക്കാം, പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മിൽ കുറവായതുകൊണ്ട് നമ്മിൽ നിരവധി ബന്ധനങ്ങൾ ഉണ്ട്. പരിശുദ്ധാത്മാവിന്റെ കൂടുതൽ നിറവ് ലഭിക്കുമ്പോൾ പലതരം ബന്ധനങ്ങൾ നമ്മിൽ തകരും. നമ്മൾ കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സൗഖ്യത്തിലേക്കും കടന്നുവരും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്