1. “നിങ്ങൾ സഹോദരങ്ങളാണ്…”പാപ്പാ ഫ്രാൻസിസിന്റെ 33-ാമത് അപ്പസ്തോലിക യാത്രയാണിത്. യുദ്ധവും കലാപങ്ങളും കൂട്ടക്കുരുതികളും കിറിമുറിച്ച് നാമാവശേഷമായ ഒരു നാട്ടിൽ വേദനിച്ചുകഴിയുന്നു ഒരു ജനസഞ്ചയത്തിന് സാന്ത്വനവുമായിട്ടാണ് പാപ്പാ ഫ്രാൻസിസിന്റെ ഈ യാത്ര. ഒരു സന്ദർശനത്തിന് ആരും മടിച്ചുനില്കുന്ന കാലഘട്ടത്തിലാണ് സാഹോദര്യത്തിന്റെ സന്ദേശവുമായി പാപ്പാ ഫ്രാൻസിസ് ഇറങ്ങി പുറപ്പെട്ടത്. “നിങ്ങൾ സഹോദരങ്ങളാണ്…”, എന്നുള്ള വിശുദ്ധ മത്തായിയുടെ സുവിശേഷസൂക്തം ആപ്തവാക്യമാക്കിയാണ് ഈ യാത്രയെന്നതും ശ്രദ്ധേയമാണ് (മത്തായി 23, 8).
2. ഒരു യാത്രയുടെ തുടക്കംമാർച്ച് 5, വെള്ളിയാഴ്ച പാപ്പാ ഫ്രാൻസിസ് പ്രാദേശിക സമയം രാവിലെ 7 മണിക്ക് വത്തിക്കാനിലെ പേപ്പൽ വസതി, സാന്താ മാർത്തായിൽനിന്നും പുറപ്പെട്ടു. പാപ്പായെ വത്തിക്കാനിൽനിന്നും യാത്രയയ്ക്കുവാൻ റോമാ നഗരത്തിൽ അഭയാർത്ഥികാളായി ജീവിക്കുന്ന ഏതാനും ഇറാഖി കുടുംബങ്ങൾ പേപ്പൽ വസതിയുടെ മുന്നിൽ എത്തിയിരുന്നു. ഉപവിപ്രവർത്തനങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്ക്കിയുടെ കൂടെ എത്തിയവർ പേപ്പൽ വസതിൽനിന്നും ഇറങ്ങിവന്ന പാപ്പായെ അഭിവാദ്യംചെയ്തു. മറുപടിയായി സ്നേഹപൂർവ്വം കുശലം പറഞ്ഞ പാപ്പാ, അവരുടെ സാന്നിദ്ധ്യത്തിന് നന്ദിപറയുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നിട്ട് കാറിൽ റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് യാത്രയാവുകയും ചെയ്തു.
3. ഗൾഫു തീരങ്ങളിലേയ്ക്ക്…പ്രാദേശിക സമയം 7.30-ന് വിമാനത്താവളത്തിൽ എത്തിയ പാപ്പാ, വൈകാതെ അൽ-ഇത്താലിയ A330 AZ പ്രത്യേക വിമനത്തിലേയ്ക്ക് നടന്നുനീങ്ങി. പതിവുപോലെ തന്റെ കറുത്ത തുകൽ-സഞ്ചിയുമായി വിമാനപ്പടവുകൾ കയറി. എന്നിട്ട് കവാടത്തിൽ തിരിഞ്ഞുനിന്ന് യാത്രയാക്കാൻ എത്തിയവരെ കരങ്ങൾ ഉയർത്തി അഭിവാദ്യംചെയ്തുകൊണ്ട് ക്യാബിനിലേയ്ക്കു നീങ്ങി. ശൈത്യകാലത്തെ തെളിവുള്ള ദിവസത്തിന്റെ നീലാകാശത്തിലേയ്ക്ക് പ്രാദേശിക സമയം രാവിലെ 7.45-ന് പാപ്പായുടെ വിമാനം ഗൾഫുനാടുകളുടെ തീരങ്ങൾ ലക്ഷ്യവച്ച് പറന്നുയർന്നതോടെ ദീർഘകാലമായി ഇറാഖിലെ ജനതയും പാപ്പാ ഫ്രാൻസിസും ആഗ്രഹിച്ച സാഹോദര്യ സന്ദർശനത്തിന് തുടക്കമായി.
4. ബാഗ്ദാദ് – ആയിരത്തൊന്നു രാവുകളുടെപുരാതന നഗരത്തെക്കുറിച്ച്മാര്ച്ച് 5 മുതല്‍ 8-വരെ – നാലുദിവസം നീളുന്ന ഇറാഖ് പര്യടനത്തില്‍ ബാഗ്ദാദ്, നജാഫ്, ഊര്, മൊസൂള്‍, അര്‍ബീല്‍, കാരക്കോഷ് എന്നീ ആറു ചരിത്രനഗരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരമായ ബാഗ്ദാദിൽ കരാദാ എന്ന സ്ഥലത്തുള്ള വത്തിക്കാൻ സ്ഥാനപതിയുടെ വസതിൽ താമസിച്ചുകൊണ്ടാണ് പാപ്പായുടെ സന്ദർനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസം വെള്ളിയാഴ്ച പാപ്പാ തലസ്ഥാന നഗരിയിൽ പൂർണ്ണമായും ചിലവഴിക്കും.ക്രിസ്ത്വബ്ദം 762-ല്‍ അബ്ബാസിദ്-ഖലീഫയായിരുന്ന അല്‍മന്‍സൂര്‍ പടുത്തുയര്‍ത്തിയ ബാഗ്ദാദ് നഗരം ഇന്ന് ഇറാഖിന്റെ തലസ്ഥാനമാണ്. ആയിരത്തൊന്നു രാവുകളുടെ സ്വപ്നനഗരം, ലോകത്തിന്റെ വിജ്ഞാന തലസ്ഥാനം, സമാധാന നഗരം എന്നിങ്ങനെ പ്രസിദ്ധമായിരുന്ന ബാഗ്ദാദ് ഹാറുണ്‍ അല്‍-റഷീദ് ഖലീഫയുടെ കാലത്ത് പ്രശസ്തിയുടെ ഉച്ചകോടിയിലെത്തി.
13-ാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാന്റേയും പൗത്രനായ ഹുലേഗുവിന്റെയും ആക്രമണങ്ങളില്‍ നഗരവും അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയമായിരുന്ന ‘വിജ്ഞാന ഭവന’വും (ബെയ്ത്-അല്‍-ഹിക്മ) അഗ്നിക്കിരയായി. ഇസ്ലാമിക സുവര്‍ണ യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് തിമൂറിന്റെ ആക്രമണത്തോടെ പതിനാലാം നൂറ്റാണ്ടില്‍ ബാഗ്ദാദ് നാമാവശേഷമാക്കപ്പെടുകയും ഖലീഫാ ഭരണം ഇല്ലാതാവുകയും ചെയ്തു. പിന്നീടുള്ള ചരിത്രം ബാഗ്ദാദിന്റെ ദുശകുനമായിരുന്നു. 16-ാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായ നഗരം 1921-ല്‍ ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ അധീനത്തിലുമായി.1932-ല്‍ സ്വാതന്ത്ര്യം ലഭിച്ച ഇറാഖ് എണ്ണസമ്പത്തിന്റെ ധാരാളിത്തത്തില്‍ 1970-കളോടെ പ്രതാപം വീണ്ടെടുക്കുകയും ബാഗ്ദാദ് അറബ് ലോകത്തെ പ്രധാന നഗരമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ബാബിലോണിയന്‍, മെസോപൊട്ടേമിയന്‍ ചരിത്രാവശിഷ്ടങ്ങള്ക്കു സമീപം ടൈഗ്രീസ് നദിക്കരയില്‍ പടുത്തുയര്‍ത്തപ്പെട്ട ഈ മനോഹര നഗരം ഉദ്യാനങ്ങളും പൊതുസ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളുംകൊണ്ട് ശ്രദ്ധേയമായി.
5. പാപ്പാ ഫ്രാൻസിസ് ബാഗ്ദാദിൽവെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പാപ്പായുടെ വിമാനം ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. പ്രോട്ടോകൾ പ്രകാരം വത്തിക്കാന്റെ സ്ഥാനപതി, ആർച്ചുബിഷപ്പ് മിസ്കാ ലസ്കോവർ വിമാനപ്പടവുകൾ കയറിച്ചെന്ന് പാപ്പായെ സ്വീകരിച്ച് ആനയിച്ചു. വിമാനകവാടത്തിൽ പ്രത്യക്ഷനായ പാപ്പാ ഫ്രാൻസിസ് തന്നെ സ്വീകരിക്കാൻ എത്തിയ എല്ലാവരെയും മന്ദസ്മിതത്തോടെ കരങ്ങളുയർത്തി അഭിവാദ്യംചെയ്ത ശേഷം വിമാപ്പടവുകൾ ഇറങ്ങി. പാപ്പായെ ആദ്യം സ്വീകരിച്ചത് ഇറാഖിന്റെ പ്രധാനമന്ത്രി, മുസ്തഫ അബ്ദുൾലതീഫ് മഷ്താത്ത് ആയിരുന്നു. ഒപ്പം രണ്ട് ഇറാക്കി കുട്ടികൾ പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചും രാഷ്ട്രത്തിന്റെ പേരിൽ വരവേറ്റു. തുടർന്ന് വത്തിക്കാന്റേയും ഇറാഖിന്റേയും ദേശീയ ഗാനങ്ങൾ മിലിട്ടറി ബാന്റ് വായിച്ചുകൊണ്ടാണ് ഇറാഖു ദേശത്തേയ്ക്ക് പാപ്പായെ വരവേറ്റത്.
ജനങ്ങൾ ആനന്ദത്താൽ ആർത്തിരമ്പി. അവിടെ വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ സന്നിഹിതരായിരുന്ന രാഷ്ട്രപ്രതിനിധികളെ പ്രധാനമന്ത്രി പാപ്പായ്ക്ക് പരിചയപ്പെടുത്തി. അതുപോലെ സ്ഥലത്തെ മെത്രാന്മാരും പ്രമുഖരും പാപ്പായെ അഭിവാദ്യംചെയ്തു. തുർന്ന് പ്രധാനമന്ത്രി മുസ്തഫ പാപ്പായെ വിമാനത്താവളത്തിലെ വിശിഷ്ടാതിഥികൾക്കുള്ള ഹാളിലേയ്ക്ക് ആനയിക്കുകയും, ഏതാനും നിമിഷങ്ങൾ അവർ ഇരുവരും സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. പാപ്പായെ സ്വീകരിക്കാനെത്തിയവർ പാട്ടുപാടിയും വാദ്യഘോഷം മുഴക്കിയും ആർപ്പുവിളിച്ചും അവരുടെ ആനന്ദം പ്രകടമാക്കി. തുടർന്ന് 21-കി.മീ. അകലെയുള്ള പ്രസിഡൻഷ്യൽ കൊട്ടാരത്തിലേയ്ക്കാണ് പാപ്പാ ആനീതനായത്.
6. പ്രസിഡന്റിന്റെ കൊട്ടാരംഇറാഖിന്റെ പുരാതന രാജകൊട്ടാരമായിരുന്നു ഇസ്ലാമിക വാസ്തുഭംഗിയുള്ള വിസ്തൃതവും വലിയ ഭൂപ്രകൃതിചുറ്റുമുള്ള ഈ കൊട്ടാരം. 1958-ൽ അവസാനത്തെ ഇറാഖി രാജാവ് അവിടെ കൊല്ലപ്പെടുകയും, കൊട്ടാരം ജനായത്ത ഭരണത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്തു. രാഷ്ട്രത്തലവന്മാരുടെ സന്ദർശനങ്ങൾക്ക് സദ്ദാം ഹുസ്സൈൻ ഇഷ്ടപ്പെട്ട ഒരിടമായിരുന്നു ഈ കൊട്ടാരം. 2003-ൽ ഗൾഫ് യുദ്ധകാലത്ത് ഇത് വ്യോമാക്രമണങ്ങളിൽനിന്നും സംരക്ഷിക്കപ്പെട്ട Green Zone, രഹിതമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. കാലക്രമത്തിൽ അത് സദ്ദാമിന്റെ ഭവനമായും, അമേരിക്കൻ മിലിട്ടറി ഭരണകേന്ദ്രവുമായി മാറി. 2009-ൽ വീണ്ടും ഇറാഖി ഭരണകൂടം അത് സ്വന്തമാക്കി.
7. പ്രസിഡന്റുമായി കൂടിക്കാഴ്ചഇറാഖിലെ സമയം കൃത്യം 3-മണിക്ക് പാപ്പാ പ്രസിഡൻഷ്യൽ കൊട്ടാര വളപ്പിൽ എത്തിച്ചേർന്നു. പ്രസിഡന്റ്, ബർഹാം അഹമ്മദ് സലി കാസിം പാപ്പായെ വരവേറ്റു. തുടർന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങായിരുന്നു. മിലിട്ടറി ചിട്ടകോളോടെ നടന്ന വരവേല്പിനെ തുടർന്ന് പ്രസിഡന്റ്, കാസീമിനാൽ ആനീതനായി പാപ്പാ കൊട്ടാരത്തിലേയ്ക്ക് നീങ്ങി. അവിടെ സ്വീകരണമുറയിൽ പ്രസിഡന്റു കാസിമും പാപ്പാ ഫ്രാൻസിസും സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയും, സമ്മാനങ്ങൾ കൈമാറുകയുംചെയ്തു.
8. ഇറാഖി ജനതയോട്… പാപ്പായുടെ ആദ്യപ്രഭാഷണംതുടർന്ന് രാഷ്ട്രപ്രതിനിധികളും നയന്ത്രപ്രതിനിധികളും രാജ്യത്തെ പ്രമുഖരും വിശിഷ്ടാതിഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കൊട്ടാരത്തിലെ പ്രധാന ഹാളിലേയ്ക്ക് ആനീതനായി. ഏകദേശം 200-പേരുണ്ടായിരുന്ന വിശിഷ്ഠമായ സദസ് എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ വരവേറ്റു. തുടർന്ന് പ്രസിഡൻറ്, പാപ്പായ്ക്ക് ഇറാഖിന്റെ മണ്ണിലേയ്ക്ക് ഹൃദ്യമായി സ്വാഗതം ആശംസിച്ചു.തുടർന്ന് ഇറാഖിലെ ജനങ്ങളെയും ഭരണകർത്താക്കളെയും പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തു
.പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാഷ്ട്രനേതാക്കളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം 4 കി. മീ. അകലെ ബാഗ്ദാദിൽതന്നെയുള്ള വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് വിശ്രമത്തിനായി പുറപ്പെട്ടതോടെ ഇറാഖിലെ ആദ്യദിനം ആദ്യപകുതി പരിപാടികൾ സമാപിച്ചു.