“യേശുക്രിസ്തു നമുക്കിന്ന് ആരാണ്?” ഈ ചോദ്യം ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട ചോദ്യമാണെമെന്ന് പരിശുദ്ധ പിതാവ് ലിയോ 14-ാമൻ പാപ്പാ. നിഖ്യാ കൗൺസിലിൻ്റെ 1700-ാം വാർഷികത്തിൻ്റെ ഭാഗമായി കൗൺസിൽ നടന്ന നിഖ്യായിലെ (ഇസ്നിക് – തുർക്കി) വിശുദ്ധ നിയോഫൈറ്റസ് (Saint Neophytos of Nicaea) ബസിലിക്കയുടെ പൗരാണിക അവശിഷ്ടങ്ങൾക്കടുത്തുവെച്ചു നടന്ന എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിൻ്റെ ദൈവികത നിഷേധിച്ച ആരിയുസ്, അവിടുത്തെ ദൈവത്തിനും മനുഷ്യനുമിടയിലെ ഒരു മദ്ധ്യസ്ഥനായി മാത്രം ചുരുക്കി. ക്രിസ്തുവിനെ വലിയ ശക്തിവിശേഷങ്ങളുള്ള ഒരു നേതാവായി മാത്രം ചിത്രീകരിക്കുന്ന അപകടസാധ്യത ഇന്നും നിലനിൽക്കുന്നു. നിഖ്യായിൽ പ്രശ്നത്തിലിരുന്നതും ഇന്നും പ്രശ്നത്തിലായിരിക്കുന്നതും യേശുക്രിസ്തുവിൽ മനുഷ്യനായിത്തീർന്ന ദൈവത്തിലുള്ള നമ്മുടെ വിശ്വാസമാണ്. നമ്മെ ‘ദൈവിക സ്വഭാവത്തിൽ പങ്കാളികൾ’ ആക്കാനാണ് അവിടുന്ന് മനുഷ്യാവതാരം ചെയ്തത്,” പാപ്പാ വ്യക്തമാക്കി.
“പിതാവിനോടൊപ്പം ഏകസത്തയായവൻ” എന്ന ക്രിസ്തുവിജ്ഞാനീയപരമായ വിശ്വാസപ്രഖ്യാപനം അടിസ്ഥാനപരമായ പ്രാധാന്യം അർഹിക്കുന്നു. നിഖ്യ-കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്രമാണം ലോകമെമ്പാടുമുള്ള സഭകളെ ബന്ധിപ്പിക്കുന്ന അഗാധമായ കണ്ണിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ഏകനായ ക്രിസ്തുവിൽ നമ്മൾ ഒന്നാണ്” എന്ന വിശുദ്ധ അഗസ്റ്റിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഇന്നും നിലനിൽക്കുന്ന ഭിന്നതയും അസ്വസ്ഥതയും മറികടക്കാനും കർത്താവ് പ്രാർത്ഥിച്ച ഐക്യത്തിനായി തീവ്രമായി ആഗ്രഹിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിസ്ത്യാനികൾ തമ്മിലുള്ള അനുരഞ്ജനത്തിലൂടെ സുവിശേഷത്തിന് കൂടുതൽ വിശ്വസനീയമായ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.
ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരെ സഹോദരീ സഹോദരങ്ങളായി അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദൈവത്തെ പിതാവായി വിളിക്കാൻ നമുക്ക് സാധ്യമല്ല – പരിശുദ്ധ പിതാവ് ക്രൈസ്തവ സമൂഹത്തെ ഓർമ്മിപ്പിച്ചു. അനുരഞ്ജനത്തിനായി ലോകം നിലവിളിക്കുകയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കിടയിലെ ഐക്യം മനുഷ്യർക്കുമിടയിലെ സാഹോദര്യം തേടുന്നതുപോലെ ഉണ്ടാകണമെന്നും ലിയോ പതിനാലാമൻ പറഞ്ഞു.
യുദ്ധം, അക്രമം, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മൗലികവാദമോ മതഭ്രാന്തോ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്നതിനെ തള്ളിക്കളയണം. പകരം സാഹോദര്യത്തിൻ്റെയും സംവാദത്തിൻ്റെയും സഹകരണത്തിൻ്റെയും വഴികളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം നിഖ്യാ കൗൺസിൽ നടന്ന സ്ഥലത്തുവെച്ചുതന്നെ 1700-ാം വാർഷികം ആഘോഷിക്കാൻ തീരുമാനമെടുത്ത കോൺസ്റ്റാൻ്റിനോപ്പിൾ പാത്രിയാർക്കിസ് പരിശുദ്ധ ബർത്തലോമിയോ ബാവായോടു ലിയോ പാപ്പാ അഗാധമായ നന്ദി രേഖപ്പെടുത്തി. ഈ ചടങ്ങിൽ പങ്കെടുത്ത വിവിധ സഭാതലവന്മാർക്കും വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികൾക്കും അദ്ദേഹം നന്ദിയറിയിച്ചു.
“ഈ സുപ്രധാന വാർഷികം അനുരഞ്ജനത്തിൻ്റെയും, ഐക്യത്തിൻ്റെയും, സമാധാനത്തിൻ്റെയും സമൃദ്ധമായ ഫലങ്ങൾ നൽകുവാൻ ദൈവം അനുഗ്രഹിക്കട്ടെ,” എന്ന പ്രാർത്ഥനയോടെയാണ് പരിശുദ്ധ പിതാവ് തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചത്. പാപ്പായുടെ പ്രസംഗത്തിനു ശേഷം നിഖ്യാ വിശ്വാസപ്രമാണം എല്ലാവരും ചേർന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ശുശ്രൂഷകൾ അവസാനിപ്പിച്ചത്.
മാത്യൂ ചെമ്പുകണ്ടത്തിൽ
