മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328).

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ.

1) മുഖ്യദൂതൻ

ഗ്രീക്കു ഭാഷയിൽ Αρχάγγελος archangelos എന്നു പറഞ്ഞാൽ ഉയർന്ന ശ്രേണിയിലുള്ള ഭൂതൻ അഥവാ പ്രധാന ദൂതൻ എന്നാണ് അർത്ഥം. മെത്രാൻ മെത്രാപ്പോലീത്താ എന്നിങ്ങനെ പറയുന്നതുപോലെ. വിശുദ്ധ ഗ്രന്ഥത്തിൽ മിഖായൽ മാലാഖയെ മാത്രമേ മുഖ്യദൂതനായി പ്രതിപാദിക്കുന്നുള്ളു .

യൂദാസിൻ്റെ ലേഖനം ഒൻപതാം വാക്യത്തിൽ. “പ്രധാനദൂതനായ മിഖായേല്‍ 1 (യുദാസ്‌ 1 : 9) എങ്കിലും ഗബ്രിയേലിനെയും റഫായേലിനെയും മുഖ്യദൂതന്മാരായി സഭ വണങ്ങുന്നു.

മുഖ്യദൂത്മാരെ വിശുദ്ധർ എന്നു വിളിക്കുന്നത് എന്തിന്?

വിശുദ്ധർക്കുള്ള ഗ്രീക്കു വാക്ക് ഹാഗിയോസ് ( χαγιος hagios) എന്നാണ്. അതിന് മനുഷ്യരായ വിശുദ്ധ വ്യക്തികൾ എന്നു മാത്രം അർത്ഥമില്ല. അതിനാൽ മനുഷ്യരല്ലാത്ത വിശുദ്ധ ജന്മങ്ങളെയും വിശുദ്ധർ എന്നു വിളിക്കാം. മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവർ തിന്മയുടെ പക്ഷം ചേരാതേ ദൈവത്തോടൊപ്പം നിലകൊണ്ടവരാണ്. സാത്താൻ്റെ കുടില തന്ത്രങ്ങൾക്കു വശംവദരാകാതെ ദൈവത്തോടൊപ്പം നിന്ന എല്ലാ മാലാഖമാരും വിശുദ്ധരാണ്.

വി. മിഖായേൽ മാലാഖയുടെ തിരുനാൾ ദിനം അല്ലങ്കിൽ മിഖായേൽ മാലാഖയെ അനുസ്മരിച്ചു കൊണ്ട് നടത്തുന്ന വിശുദ്ധ കുർബാനയ്ക്കു ഇംഗ്ലീഷിൽ “Michaelmas” എന്നാണ് പറയുക.

2) മിഖായേൽ മാലാഖ

മിഖായേൽ എന്ന പേരിൻ്റെ അർത്ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്. “Who is like God?” എന്താണ് ഇത് അർത്ഥമാക്കുക ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. വിശുദ്ധ ഗ്രന്ഥത്തിലെ മൂന്നു പുസ്തകങ്ങളിൽ മിഖായേൽ എന്ന പേരിനെപ്പറ്റി പരാമർശമുണ്ട്.

ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽ “പ്രധാന ദൂതന്‍മാരില്‍ ഒരാളായ മിഖായേല്‍ എന്‍െറ സഹായത്തിനെത്തി.” (ദാനിയേല്‍ 10 : 13 ) എന്നു കാണാം .ദാനിയലിൻ്റെ പന്ത്രണ്ടാം അധ്യായത്തിൽ മിഖായേൽ

“നിന്‍െറ ജനത്തിന്‍െറ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ ” (ദാനിയേല്‍ 12 : 1) എന്നാണ് മിഖായലിനെപ്പറ്റി പറയുക. അതു വഴി ഇസ്രായേൽ ജനത്തിൻ്റെ കാവൽ മാലാഖയായി മിഖായേലിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ വചനഭാഗങ്ങളെല്ലാം ഇസ്രായേലിലെ ആത്മീയ ശക്തിക്കെതിരെ പടവെട്ടുന്നവരെ എതിർക്കുന്ന യോദ്ധാവായി മിഖായേലിനെ കാണുന്നു.

വെളിപാടിൻ്റെ പുസ്തകത്തിൽ മിഖായലും മാലാഖമാരും പിശാചിനെതിരെ പടവെട്ടുകയും അവരെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കുന്നതും കാണാൻ കഴിയും

( വെളി. 12:7-8). മിഖായലിൻ്റെ പേര് പരാമർശിക്കുന്നില്ലങ്കിലും വെളിപാടിൻ്റെ ഇരുപതാം അധ്യായത്തിൽ സാത്താനെ ബന്ധിച്ച് പാതാളത്തിലേക്ക് വലിച്ചെറിഞ്ഞു ആയിരം വർഷത്തേക്കു മുദ്ര ചെയ്യുന്ന മാലാഖയായി ചിത്രീകരിച്ചിരിക്കുന്നു. ( വെളി. 20:1-3).

സഭാ പാരമ്പര്യമനുസരിച്ച് മിഖായേൽ മാലാഖ മരണസമയത്തു നമ്മുടെ ആത്മാക്കളെ സംരക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തു നിന്നു ആത്മാക്കളെ രക്ഷിക്കുകയും ചെയ്യുന്നു.

3) ഗബ്രിയേൽ മാലാഖ

ഗബ്രിയേൽ എന്ന പേരിൻ്റെ അർത്ഥം ദൈവം എൻ്റെ യോദ്ധാവ് എന്നാണ് അതായത് അടിസ്ഥാനപരമായി ദൈവം എൻ്റെ സംരക്ഷകൻ എന്നർത്ഥം.

ബൈബളിലെ രണ്ടു ഗ്രന്ഥത്തിൽ ഗബ്രിയേലിനെപ്പറ്റി പരാമർശമുണ്ട്. ഒന്നാമതായി ദാനിയേൽ കണ്ട ദർശനത്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കാനായി ദൈവം നിയോഗിച്ച വ്യക്തിയാണ് ഗബ്രിയേൽ (ദാനിയേൽ. 8:16). പിന്നിട് ദാനിയേൽ സായ്ഹാന ബലി അർപ്പിക്കുമ്പോൾ ഗബ്രിയേൽ പറന്നു വരുകയും (ദാനി. 9:21) ഇസ്രായിലെ ഭാവിയെ സംബന്ധിച്ച് വർഷത്തിലേ എഴുപതു ആഴ്ചകളെക്കുറിച്ചുള്ള പ്രവചനം നടത്തുകയും ചെയ്യുന്നു. (ദാനി. 9:24-27).

ലൂക്കാ സുവിശേഷത്തിൽ സ്നാപക യോഹന്നാൻ്റ ജനനത്തെപ്പറ്റി അറിയിക്കാൻ പുരോഹിതനായ സഖറിയായ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതും (ലൂക്കാ 1:13-19) പരിശുദ്ധ കന്യകാ മറിയത്തെ രക്ഷകൻ്റെ ജനനത്തെക്കുറിച്ചു മംഗള വാർത്ത അറിയിക്കുന്നതും (ലൂക്കാ 1:26-33) ഗബ്രിയേൽ ദൂതനാണ്.

രക്ഷാകര ചരിത്രത്തിലെ സുപ്രധാനമായ രണ്ടു ജനനങ്ങളെപ്പറ്റി അറിയിക്കാൻ ഭാഗ്യം ലഭിച്ച ദൂതനാണ് പുതിയ നിയമത്തിൽ ആദ്യം പേര് പരാമർശിക്കുന്ന ഗബ്രിയേൽ ദൂതൻ.

4) റഫായേൽ മാലാഖ

ദൈവം സുഖപ്പെടുത്തുന്നു എന്നാണ് റഫായേൽ എന്ന പേരിൻ്റെ അർത്ഥം.

വിശുദ്ധ ഗ്രന്ഥത്തിലെ ഒരു പുസ്തകത്തിലേ റഫായലിനെക്കുറിച്ചുള്ള പരാമർശം ഉള്ളു. തോബിത്തിൻ്റെ പുസ്തകത്തിൽ അന്ധനായ തോബിത്തും അസ്‌മോദേവൂസ്‌ എന്ന ദുഷ്‌ടപിശാചിനാല്‍ ഏഴു ഭർത്താക്കന്മാർ വധിക്കപ്പെട്ടവളുമായ സാറയും ദൈവത്തോടു പ്രാർത്ഥിക്കുന്നു.

ഇരുവരുടെയും പ്രാർത്ഥന അത്യുന്നതനായ ദൈവത്തിൻ്റെ സന്നിധിയിൽ എത്തുന്നു. രണ്ടു പേർക്കും സൗഖ്യം നൽകാൻ ദൈവം റഫായേൽ ദൂതനെ അയക്കുന്നു.

“ഇരുവരുടെയും പ്രാര്‍ഥന ദൈവത്തിന്‍െറ മഹനീയ സന്നിധിയില്‍ എത്തി. അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ – തോബിത്തിന്‍െറ കണ്ണുകളിലെ വെളുത്ത പടലം നീക്കംചെയ്യാനും, റഗുവേലിന്‍െറ പുത്രി സാറായെ തോബിത്തിന്‍െറ പുത്രന്‍ തോബിയാസിനു വധുവായി നല്‍കാനും, അസ്‌മോദേവൂസ്‌ എന്ന ദുഷ്‌ടഭൂതത്തെ ബന്‌ധിക്കാനും- റഫായേല്‍ നിയുക്‌തനായി. (തോബിത്‌ 3 :16- 17).

റഫായേൽ അനനിയാസിന്‍െറ പുത്രന്‍ അസറിയാസ്‌ എന്ന ധാരണയിൽ തോബിയാസിൻ്റെ സഹയാത്രികനായി (തോബിത്‌ 5 : 12). ക്രമേണ റഫായേൽ പിശാചിനെ ബന്ധിക്കുകയും തോബിയാസിനു സാറായെ സുരക്ഷിതമായി വിവാഹം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. തോബിത്തിൻ്റെ അന്ധത മാറ്റാനുള്ള മാർഗ്ഗവും ദൈവദൂതൻ പറഞ്ഞു കൊടുക്കുന്നു .അവസാനം താൻ ആരാണന്നു റഫായേൽ തന്നെത്തന്നെ അവർക്കു വെളിപ്പെടുത്തി കൊടുക്കുന്നു.

“ഞാന്‍ റഫായേലാണ്‌; വിശുദ്‌ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്‌ധനായവന്‍െറ മഹത്വത്തിന്‍െറ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍.”

(തോബിത്‌ 12 : 15). സഭാപാരമ്പര്യമനുസരിച്ച് യോഹന്നാൻ്റെ സുവിശേഷം അഞ്ചാമധ്യായത്തിൽ ബേത്‌സഥാ കുളത്തിലെ വെള്ളം ഇളക്കുന്ന പേരു പരാമർശിക്കാത്ത വ്യക്തി റഫായേൽ ദൈവദൂതനാണന്നു പറയപ്പെടുന്നു ഏറ്റവും എളുപ്പത്തിൽ സമീപിക്കാൻ കഴിവുള്ള മുഖ്യദൂതനാണ് റഫായേൽ മാലാഖ .

മുഖ്യ ദൂതന്മാരുടെ തിരുനാൾ ദിനത്തിൽ ദൈവത്തെപ്പോലെ ആരുണ്ട് എന്ന ചോദ്യത്തോടെ ദൈവമഹത്വം പ്രഘോഷിക്കുന്നവരും, ദൈവത്തിൻ്റെ ശക്തിയായ ഗബ്രിയേലിനെപ്പോലെ സത്യവിശ്വാസം സംരക്ഷിക്കുന്നവരും ദൈവത്തിൻ്റെ ഔഷധമായ റഫായേലിനെപ്പോലെ ലോകത്തിനു സൗഖ്യം പകരുന്നവരുമാകാം.

Fr. ജയ്‌സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്