കാക്കനാട്/മിസ്സിസ്സാഗ: ഉപരിപഠനത്തിനായി കാനഡയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവും ഭാവിയും സുരക്ഷിതമാക്കാന്‍ കാനഡയിലെ മിസ്സിസ്സാഗ സീറോമലബാര്‍ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, വിഷന്‍-2021 എന്ന പേരില്‍ ഓണ്‍ലൈന്‍ സംഗമം നടത്തുന്നു. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും, അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ ആത്മീയവും ഭൗതികവുമായ സഹായങ്ങള്‍ നല്‍കി, അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി എസ്.എം.വൈ.എം കാനഡയുടെ നേതൃത്വത്തില്‍ എസ്. എം.വൈ.എം. ഗ്ലോബല്‍ സമിതിയുടെയും കേരള റീജിയണല്‍ സമിതിയുടെയും സഹകരണത്തോടെ 2021 ഫെബ്രുവരി 27 വൈകുന്നേരം 7.30 ന് സൂം പ്ലാറ്റ്ഫോമിലൂടെ വിഷന്‍ 2021 സംഗമം നടത്തുന്നു.
സീറോമലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്യും. മിസ്സിസ്സാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കും. എസ്.എം.വൈ.എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡന്‍റ് അരുണ്‍ ഡേവിഡ്, എസ്.എം.വൈ.എം കേരള റീജിയണ്‍ പ്രസിഡന്‍റ് ജൂബിന്‍ കൊടിയങ്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. മിസ്സിസ്സാഗ രൂപത വികാരി ജനറാള്‍ ഫാ. പത്രോസ്, രൂപത ഡയറക്ടര്‍ ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, രൂപത കോര്‍ഡിനേറ്റര്‍ ജെറിന്‍രാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍
(പബ്ലിക് റിലേഷസ് ഓഫീസര്‍)
ഫാ. അലക്സ് ഓണംപള്ളി
(മീഡിയാ കമ്മീഷന്‍ സെക്രട്ടറി)
26 ഫെബ്രുവരി 2021