രണ്ടു മണിക്കൂർ നേരത്തേക്ക്
നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്. അവരുടെ മുഖഭാവം കണ്ടപ്പോൾ
പ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽ
ചാപ്പൽ തുറന്നുകൊടുത്തു.
അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്.
പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.
അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.
“നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ തിരുപ്പട്ടങ്ങൾ നടക്കുന്നത്
ഡിസംബർ – ജനുവരി മാസങ്ങളിലാണല്ലോ?
ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന
എല്ലാ ശെമ്മാച്ചന്മാർക്കുവേണ്ടിയാണ്
ഞങ്ങളീ ആരാധന നടത്തിയത്.
മാത്രമല്ല ഞങ്ങൾ പലരും ചേർന്ന്
500 ജപമാല ചൊല്ലി ഈശോയ്ക്ക് സമർപ്പിക്കുന്നുമുണ്ട്.
ചിലരെല്ലാം നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നു.
ഞങ്ങളുടെ പ്രാർത്ഥനക്കുറവുമൂലം”
ഒരു അഭിഷിക്തനും വീണുപോകരുതെന്നാണ്ഞങ്ങളുടെ ആഗ്രഹം.”
അവരുടെ വാക്കുകൾ കേട്ടപ്പോൾ
എൻ്റെ ഹൃദയം
എന്തെന്നില്ലാത്ത സന്തോഷത്താൽ തുടികൊട്ടുന്നുണ്ടായിരുന്നു.
തികഞ്ഞ സഭാ സ്നേഹത്താൽ ജ്വലിക്കുന്ന
അവർക്കു മുമ്പിൽ
എൻ്റെ ശിരസ് അറിയാതെ താണുപോയി.
സഭാനേതൃത്വത്തിലും മറ്റും പുഴുക്കുത്തുകളുണ്ടാകുമ്പോൾ
അവർക്കു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്ന ഇങ്ങനെയുള്ള അത്മായരെ നാം എന്തുകൊണ്ട് കാണാതെ പോകുന്നു എന്നതായിരുന്നു അപ്പോഴെൻ്റെ ചിന്ത. വിലപിടിച്ച സമയവും സൗകര്യങ്ങളുമെല്ലാം പരിത്യജിച്ച് പ്രാർത്ഥനക്കായ് വന്ന
അവരുടെ മുമ്പിൽ നിൽക്കുമ്പോൾ
ഞാനെത്ര ചെറുതാണെന്ന ചിന്ത
എന്നെയാകെ പിടിച്ചുലച്ചു.
അതു കൊണ്ടാണ്ടാണ് ഒട്ടും ശങ്കിക്കാതെ അവരുടെ മുമ്പിൽ മുട്ടുകുത്താൻ
ദൈവാത്മാവ് എന്നെ പ്രേരിപ്പിച്ചത്.
ഞങ്ങളൊരുമിച്ച് അല്പസമയം പ്രാർത്ഥിച്ചതിന് ശേഷമാണ് അവർ മടങ്ങിയത്.
ഈ നാളുകളിൽ ബലിവേദികളിൽ അണയുന്ന നവവൈദികരെ പ്രത്യേകമായ് ഓർക്കാം. ആധുനിക മാധ്യമങ്ങളുടെ നടുവിൽ
ഒരുപാട് പ്രതികൂലങ്ങൾക്കിടയിലാണ്
എരിഞ്ഞു തീരേണ്ട തിരികളായ് അവർ മാറുന്നത്. അതിനാൽ അടുത്ത കാലത്ത് പൗരോഹിത്യം സ്വീകരിച്ചവർക്കും
അതിനായ് ഒരുങ്ങുന്നവർക്കും വേണ്ടി മേൽപറഞ്ഞ ദമ്പതികളെപ്പോലെ
ഉള്ളുരുകി പ്രാർത്ഥിക്കുന്നവർ ഇനിയും നമുക്കിടയിൽ ധാരാളമുണ്ടാകട്ടെ.
“കര്‍ത്താവിന്റെ ആത്മാവ്
എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ
അഭിഷേകം ചെയ്തിരിക്കുന്നു.
ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്
എന്നെ അയച്ചിരിക്കുന്നു”
(ലൂക്കാ 4 :18- 19)
ഏശയ്യാ പ്രവാചകൻ്റെ ഈ വാക്കുകൾ ക്രിസ്തുവിൽ നിറവേറിയ പോലെ
എല്ലാ പുരോഹിതരിലും നിറവേറട്ടെ!

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 03-2020.